ഫ്യുച്ചർ എഡ്യുക്കേഷൻ കേളിദിനം 2021’: കലയുടെ വെർച്വൽ വിസ്മയക്കാഴ്ചയൊരുക്കി കേളി 20-ആം വാർഷികാഘോഷം

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, January 13, 2021

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഇരുപതാം വാർഷികം ‘ഫ്യുച്ചർ എഡ്യുക്കേഷൻ കേളിദിനം 2021’ ഓൺലൈനിലും ഓൺസ്‌റ്റേജിലും ആഘോഷിച്ചു. കലാപരിപാടികളും സാംസ്കാരിക സമ്മേളനവുമാണ് ഓൺലൈനിൽ അരങ്ങേറിയത്. വാർഷികാഘോഷം മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. മതനിരപേക്ഷതയ്ക്കു വേണ്ടിയും വർഗ്ഗീയതക്കെതിരായും ശബ്ദിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ജനതയാണ് മലയാളികൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കേളിദിനം 2021ന്റെ ഉദ്‌ഘാടനം പ്രശസ്ത കവി മുരുകൻ കാട്ടാകട നിർവ്വഹിക്കുന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ കേളി ട്രഷറർ വർഗ്ഗീസ് ആമുഖ പ്രഭാഷണവും, കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും ആശംസിച്ചു. സംസ്ഥാന തൊഴിൽ-എക്സൈസ് വകുപ്പ്മന്ത്രി ടി.പി.രാമകൃഷ്‌ണൻ കേളിദിനം 2021ന് ആശംസകൾ നേർന്ന് സംസാരിച്ചു.

 

കോറിയോഗ്രാഫര്‍ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള പോള്‍സ്റ്റാര്‍ ഗ്രൂപ്പിന്‍റെ ചടുലമായ നൃത്തച്ചുവടുകളുള്ള സിനിമാറ്റിക് ഡാൻസോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സജീവ്, ജോളി ജോയ്, മാത്യു എന്നിവർ അവതരിപ്പിച്ച സിനിമാഗാനങ്ങൾ, മനോജിന്റെ മാപ്പിളപ്പാട്ട്, സജാദും സംഘവും, ഷബി അബ്ദുൾസലാം എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകൾ, കേളിയിലേയും കുടുംബവേദിയിലേയും പ്രവർത്തകരുടെ വിപ്ലവഗാനം, ശ്രേയ അവതരിപ്പിച്ച നൃത്തം, ദേവനന്ദയും സംഘവും, ഷിഹാന നസീറും സംഘവും അവതരിപ്പിച്ച സംഘനൃത്തങ്ങൾ, ഇസ, ധ്വനി, വേദ, അമ്റ , ഇനീസ എന്നീ കൊച്ചുകുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം, ഉബൈദ് അവതരിപ്പിച്ച മിമിക്രി എന്നീ പരിപാടികൾ രണ്ടുമണിക്കൂറോളം ഓണലൈൻ പ്രേക്ഷകർക്ക് വിസ്മയ കാഴ്ചയൊരുക്കി.

ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമാപന സമ്മേളനത്തിൽ കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്തിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ തന്റെ സ്വാഗത പ്രഭാഷണത്തിൽ കേളിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കേളിദിനം 2021കലാപരിപാടികളിൽ നിന്നും.

കേളി രക്ഷാധികാരി സമിതി കൺവീനർ കെ‌.പി‌.എം സാദിഖ്, കുടുംബവേദി സിക്രട്ടറി സീബ കൂവോട്, സ്പോണ്‍സര്‍മാര്‍, സംഘടനാ പ്രതിനിധികളായ രാജന്‍ നിലമ്പൂര്‍ – ന്യൂ ഏജ്, സജ്ജാദ് സഹീര്‍ – ഐ‌എം‌സി‌സി, നൌഷാദ് കോർമത്ത് – എന്‍‌ആര്‍‌കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ചടങ്ങിന്റെ ഓൺലൈൻ പ്രക്ഷേപണം സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. കേളിദിനം 2021 കോർഡിനേറ്റർ ടി.ആർ.സുബ്രഹ്മണ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.

 

×