ഇന്ത്യയെ ബ്രീട്ടീഷ് സ്വേച്ഛാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനും പ്രവര്‍ത്തിച്ച വ്യക്തികളില്‍ മുന്‍പന്തിയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം.
അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് സാധിച്ചു. ഒക്ടോബര്‍ 2-ന് ഗാന്ധിയുടെ ജന്മദിനമാണ്. ഈ ദിനത്തെ ഗാന്ധിജയന്തിയായി ആഘോഷിക്കുന്നു.
ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജീവിതം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനും നാം ശ്രമിക്കുന്നു. ദേശസ്നേഹം എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ട ഒരു ദിനം കൂടിയാണ് ഗാന്ധിജയന്തി ദിനം.
ഈ ദിനം ഇന്നും അടയാളപ്പെടുത്തുന്നുവെങ്കില്‍ രാജ്യത്തിന്റെ ഐക്യത്തിന് ഗാന്ധിജി നല്‍കിയ സംഭാവന ഇന്നും നാം ഓര്‍ക്കപ്പെടുന്നത് കൊണ്ട് തന്നെയാണ്. ഗാന്ധിജയന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മഹാത്മാഗാന്ധിയെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാലും ചില കാര്യങ്ങള്‍ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നമ്മളെ സഹായിക്കുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന പേരില്‍ 1869 ഒക്ടോബര്‍ 2-നാണ് ഗാന്ധിജി ഗുജറാത്തിലേ പോര്‍ബന്ദറില്‍ ജനിച്ചത്.
ദേശസ്നേഹത്തെക്കുറിച്ച് കണ്ടും അറിഞ്ഞും വളര്‍ന്ന കുട്ടിക്കാലമായിരുന്നു ഗാന്ധിജിയുടേത്. സമാധാനത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇദ്ദേഹം നിലകൊണ്ടത് തന്നെ.
1930ലാണ് ഇദ്ദേഹം ദണ്ഡി യാത്രക്ക് നേതൃത്വം നല്‍കിയത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പ്രതിഷേധത്തില്‍ നിരവധി പേരാണ് ഗാന്ധിജിയോടൊപ്പം അണിചേര്‍ന്നത്. പിന്നീട് 1942-ല്‍ ബ്രിട്ടീഷുകാരെ ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്ന് തുരത്താനുള്ള ആഹ്വാനമായി അദ്ദേഹം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനും നേതൃത്വം നല്‍കി.
ഇത് കൂടാതെ ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരേയും അദ്ദേഹം പ്രതികരിച്ചു. അടിച്ചമര്‍ത്തപ്പെട്ട ജനതയോടൊപ്പമായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നത്. ഗ്രാമങ്ങളെ നശിപ്പിക്കാതിരിക്കുന്നതിനും ഗ്രാമങ്ങളിലേക്ക് പോവാനും അദ്ദേഹം തന്റെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ബ്രീട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ ഗാന്ധിജി വഹിച്ച പങ്ക് നിസ്സാരമല്ലെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ഈ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഗാന്ധിജയന്തി ആഘോഷിക്കുന്നു.
കൂടാതെ അനുസ്മരണ പരിപാടികളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുകയും ഈ ദിനത്തില്‍ ഗാന്ധിജിയെ ഓര്‍ക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാനം ഗാന്ധിജിയുടേയും മറ്റ് സ്വാതന്ത്ര്യസമരസേനാനികളുടേയും കഷ്ടപ്പാടിന്റെ ഫലം തന്നെയാണ്.
ഐക്യത്തിന്റേയും ദേശീയതയുടേയും സന്ദേശം പ്രചരിപ്പിക്കുന്ന ഒരു ദിനമാണ് ഗാന്ധിജയന്തി. നമ്മുടെ രാഷ്ട്രപിതാവിന്റെ സ്മരണയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും ഗാന്ധിജി അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും മറ്റും നടത്തുകയും ചെയ്യുന്നു.