പാലത്തായി ബാലികാ പീഡന കേസ്:ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ കനത്ത പ്രഹരം- ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: കണ്ണൂർ പാലത്തായിൽ ബി.ജെ.പി നേതാവ് പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസില്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ കനത്ത പ്രഹരമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള കമ്മിറ്റി സെക്രട്ടറി അൻസാർ കോട്ടയം പറഞ്ഞു. സോഷ്യൽ ഫോറം നാബിയ-താറൂത്ത് സംയുക്ത ബ്രാഞ്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കൺവെൻഷൻ സോഷ്യൽ ഫോറം ദമ്മാം കേരള കമ്മിറ്റി സെക്രട്ടറി അൻസാർ കോട്ടയം ഉദ്ഘാടനം ചെയ്യുന്നു.

ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐയും വിമൻ ഇന്ത്യ മൂവ്മെന്റും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്ന കോടതി നിരീക്ഷണം വളരെ പ്രസക്തമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

പോക്‌സോ വകുപ്പുപോലും ഒഴിവാക്കി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് ക്രൈം ബ്രാഞ്ച് സംഘമാണു. മാത്രമല്ല പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി എന്നതും പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്. ആർ.എസ്.എസ് നേതാവിനെ  രക്ഷിക്കാന്‍ ഗുരുതരമായ ഒത്തുകളികൾ നടത്തി യും, അന്വേഷണ സംഘത്തെ മാറ്റില്ലെന്ന മര്‍ക്കട മുഷ്ടിയിലുമായിരുന്നു പിണറായി സര്‍ക്കാര്‍. ആർ.എസ്.സുകാരായ പീഡനക്കേസ് പ്രതികളെ രക്ഷിക്കുന്നതിന് ഈ അന്വേഷണസംഘം തന്നെ തുടരട്ടെയെന്ന ഇടതു സര്‍ക്കാരിന്റെ മർക്കടമുഷ്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടി ഉത്തരവെന്നും അൻസാർ കോട്ടയം പറഞ്ഞു.

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രൂപം കൊണ്ട പി.ഡി.എ മുന്നണി ശക്തിയാർജിച്ചാൽ അത് ഫാഷിസ്റ്റു ഭരണകൂടത്തിനും ദലിത് മുസ്ലിം ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കി വരുതിയിൽ വെച്ചിരിക്കുന്ന കപട രാഷ്ട്രീയക്കാർക്കും വൻ തിരിച്ചടിയാകുമെന്നും കൺ വെൻഷൻ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ സോഷ്യൽ ഫോറം  നാബിയ ബ്രാഞ്ച് പ്രസിഡന്റ കോയ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡണ്ട് ഷാഫി വെട്ടം, താറൂത്ത് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നസീം കടക്കൽ സംസാരിച്ചു. ഷക്കീർ പുത്തനത്താണി, ഷമീർ ആറ്റിങ്ങൽ ഹുസൈൻ കടക്കൽ നേതൃത്വം നൽകി.

Advertisment