മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു…മുത്തോനെ കുറിച്ച് വെളിപ്പെടുത്തലുമായി  ഗീതുമോഹന്‍ദാസ്

ഫിലിം ഡസ്ക്
Monday, November 18, 2019

മൂത്തോന്‍ സിനിമയുടെ പിറവിയെക്കുറിച്ച്‌ പൊതുവേദിയില്‍ വെളിപ്പെടുത്തി ഗീതു മോഹന്‍ദാസ്. 20 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗാനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോന്‍ ഒരുക്കിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗീതു.

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സംസ്‌കാര പരിപാടിയിലാണ് ഹൃദയസ്പര്‍ശിയായ കഥ ഗീതു വെളിപ്പെടുത്തിയത്. ‘മൂത്തോനില്‍ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമാണിത്. മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു.

അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോന്‍. നിങ്ങളോരോരുത്തര്‍ക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളത് കാണണം.’- ശബ്ദമിടറി ഗീതു പറഞ്ഞു. ഗീതുവിന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

നിവിന്‍ പോളി നായകനായെത്തിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വവര്‍ഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്.

×