നിയമസഹായം തുണയായി; വർക്കല സ്വദേശി നാടണഞ്ഞു

New Update

ഷാർജ: സുഹൃത്തിന്റെ ചതിയിൽപെട്ട് യുഎഇയിൽ കുടുങ്ങിപ്പോയ മലയാളി യുവാവ് നാടണഞ്ഞു. വര്‍ക്കല സ്വദേശിയായ അജീഷ് പുഷ്‌കരൻ (44) ആണ് ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിയത്.

Advertisment

publive-image

ശനിയാഴ്ച രാത്രി 8 മണിക്ക് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ
വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചതെന്ന് യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനുമായ സലാം പാപ്പിനിശ്ശേരി വിശദമാക്കി.

2019 ഒക്ടോബർ 5 ന് യു.എ.ഇ.യിൽ ജോലി തേടി സന്ദർശക വിസയിലെത്തിയതാണ് അജീഷ്. ദുബായിലെത്തിയ അജീഷിനെ ഇയാളുടെ സുഹൃത്ത് ചതിയിൽ പെടുത്തുകയായിരുന്നു. കൃത്യമായ ശമ്പളം കൊടുക്കാത്ത കമ്പനിയിൽ നിന്ന് രക്ഷപെടുന്നതിനായി മറ്റൊരാളെ പകരം നൽകണമെന്ന കമ്പനിയുടെ ആവശ്യത്തെ തുടർന്ന് ഇയാൾ അജീഷിനെ ജോലി വാഗ്ദാനം നൽകി നാട്ടിൽ നിന്നും വിളിച്ചു വരുത്തുകയായിരുന്നു.

എന്നാൽ അജീഷ് യുഎഇയിൽ എത്തിയ ഉടൻ ഇയാൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സുഹൃത്തിന്റെ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച അജീഷ് കൃത്യസമയത്ത് ശമ്പളം ആവശ്യപ്പെട്ടപ്പോൾ കമ്പനി അധികൃതർ ജോലിയിൽനിന്ന്‌ ഇയാളെ ഒഴിവാക്കി. ഇതോടെ ക്യാമ്പിൽ നിന്നും പുറത്തായി. ശേഷം പെരുവഴിയിൽ ജീവിതം തള്ളിനീക്കിയ അജീഷിന്റെ പാസ്പോർട്ട്, മൊബൈൽ ഫോൺ, പേഴ്‌സ്, വിരലിലണിഞ്ഞിരുന്ന രണ്ടരപ്പവന്റെ വിവാഹമോതിരം, ബാഗ് എന്നിവയെല്ലാം കളവുപോവുകയും ചെയ്തു.

തെരുവിൽ അലഞ്ഞു തിരിഞ്ഞ അജീഷ് നാട്ടിലെത്തുന്നതിനായി പലപ്പോഴായി പോലീസിൽ പിടികൊടുക്കുകയും 5 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാൽ നാട്ടിലേക്ക് പോകാൻ മാത്രം ഇയാൾക്ക് സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ദുബായിൽ വെച്ച് വീണ് കാര്യമായ പരിക്കേറ്റ ഇയാൾ റാഷിദിയ ഹോസ്പിറ്റലിൽ എത്തുന്നത്.

അജീഷിന്റെ അവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതർ ഇയാളുടെ ചികിത്സകൾ എല്ലാം തന്നെ സൗജന്യമായി നൽകിയിരുന്നു. ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന ചോദ്യമുയർത്തി പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അജീഷിന് സഹായവുമായി ഗ്ലോബൽ പ്രവാസി അസോസിയേഷൻ രംഗത്തെത്തുന്നത്.

അജീഷിന്റെ നിസഹായാവസ്ഥയറിഞ്ഞ സലാം പാപ്പിനിശ്ശേരിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ കെ.ടി.പി ഇബ്രാഹിം, അഡ്വ.ശങ്കർ നാരായണൻ, ഫർസാന ജബ്ബാർ, മൻസൂർ ഇ.എം അഴീക്കോട്, മുൻന്തിർ കൽപകഞ്ചേരി, യഹിയ കണ്ണൂർ തുടങ്ങിയവർ ഉടൻ തന്നെ ദുബായ് റാഷിദിയ ഹോസ്പിറ്റൽ സന്ദർശിച്ച് ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.

ശേഷം ഹോസ്പിറ്റലിൽ നിന്ന് സലാം പാപ്പിനിശ്ശേരി അജീഷിനെ ഡിസ്ചാർജ് ചെയ്യിപ്പിക്കുകയും സ്വന്തം ചിലവിൽ ഷാർജയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുകയും ഭക്ഷണം വസ്ത്രം തുടങ്ങി ഇദ്ദേഹത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കുകയും ചെയ്തു.

തുടർന്ന് ഇദ്ദേഹം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുന്നതിനായി ഔട്ട് പാസ് ലഭ്യമാകാൻ വേണ്ട താൽകാലിക പാസ്പോർട്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് തരപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റും അജീഷിന് സലാം പാപ്പിനിശ്ശേരി നൽകി.

globel pravasi help
Advertisment