കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിന് സെഞ്ച്വറി; പിടിച്ചെടുത്തത് 97 ലക്ഷം രൂപയുടെ സ്വർണം

New Update

publive-image

കരിപ്പൂർ വിമാനത്താവളം  വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ  സ്വർണം പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി  കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച്  ഇന്ത്യയിലേക്ക്  കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.

Advertisment

സംഭവത്തില്‍ രണ്ട് യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും വന്ന കര്‍ണ്ണാടകയിലെ മടികേരി സ്വദേശി റസീഖ് (28), ദുബായില്‍ നിന്നും വന്ന വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ്  സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

എയര്‍പോര്‍ട്ടിന് പുറത്ത് കഴിഞ്ഞ പത്ത് മാസത്തിനിടെ പോലീസ് പിടികൂടുന്ന നൂറാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. ഫെബ്രുവരി 12ന് ജിദ്ദയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ (SG 036)  വൈകുന്നേരം 6.54 മണിക്ക് കരിപൂരിലെത്തിയ റസീഖില്‍ നിന്നും ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1191 ഗ്രാം തൂക്കം വരുന്ന നാല് കാപ്സ്യൂളുകളും, ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ (SG 54) വൈകുന്നേരം 7.35 മണിക്ക്  കരിപ്പൂരിലെത്തിയ ഇബ്രാഹിമില്‍ നിന്ന് 483 ഗ്രാം തൂക്കം വരുന്ന രണ്ടു കാപ്സ്യൂളുകളുമാണ് പോലീസ് കണ്ടെടുത്തത്.
എയര്‍ കസ്റ്റംസിൻ്റെ പത്തോളം വിവിധ പരിശോധനളെ അതിജീവിച്ച്, കസ്റ്റംസ് സന്നാഹത്തെ  നിഷ്പ്രയാസം മറികടന്നാണ് രണ്ട് കാരിയര്‍മാരും സ്വർണം എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യാത്രക്കാരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. റസീഖിനേയും ഇബ്രാഹിമിനേയും  വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കൂടാതെ നാല് സ്വര്‍ണ്ണക്കവര്‍ച്ചാ സംഘങ്ങളെ പിടികൂടുന്നതിനും, കള്ളക്കടത്ത് സ്വര്‍ണ്ണം പുറത്തെത്തിച്ച് നല്‍കിയ കസ്റ്റംസ് സൂപ്രണ്ടിനെ തൊണ്ടി സഹിതം പിടികൂടുന്നതിനും പോലീസിന് സാധിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് പിടികൂടുന്ന കരിപ്പൂരിലെ പോലീസ് സംവിധാനത്തിൻ്റെ മാതൃക സംസ്ഥാനത്തെ മറ്റ് വിമാനത്താവളപരിസരങ്ങളിൽ കൂടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് ഡിജിപി അനിൽ കാന്ത് അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറം പോലീസ് നടത്തുന്ന ഇടപെടലുകളേയും   ഡിജിപി അഭിനന്ദിച്ചിരുന്നു.

Advertisment