Travel

സ്വിറ്റ്സർലാൻഡിന്റെ തെക്കുഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലുള്ള വളരെ പ്രധാനപ്പെട്ട ഒരു ആൽപൈൻ ചുരമാണ് സെന്റ് ഗോത്താർഡ്. തുരങ്കങ്ങളുടെ നാടായ സ്വിറ്റ്സർലാൻഡിലെ ഏറ്റവും നീളം കൂടിയ തുരങ്കവും ലോകത്തിലെ നാലാമത്തെ വലിയ ഭൂഗർഭ പാതയുമാണിത്. പതിനേഴ് കിലോമീറ്റർ ദൂരമുള്ള സെന്റ് ഗോത്താർഡ് തുരങ്കത്തിലൂടെ ഒരു യാത്ര…

സത്യം ഡെസ്ക്
Thursday, July 29, 2021

-ടോം കുളങ്ങര

സൂം മീറ്റിംഗും ക്ലബ്ഹൗസും മാത്രമായി ഹൗസിൽ തന്നെ ചടഞ്ഞിരുന്ന് നേരംപോക്കില്ലാതെ മടുത്തിരുന്ന ചങ്ങാതിക്കൂട്ടത്തിലെ ചങ്ങാതിമാരെല്ലാം രണ്ട് ഡോസ് വാക്സിനും എടുത്ത് കഴിഞ്ഞപ്പോൾ ഒരു മോഹം. ഒരിടത്തൊരു രാത്രി ഒത്തുകൂടി ആടിപ്പാടിയാലോ എന്ന്.

രോഗികൾ ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്നായതുകൊണ്ട് കാര്യങ്ങൾക്ക് പെട്ടെന്ന് തീരുമാനമായി. ചങ്ങാതിക്കൂട്ടത്തിന്റെ ചങ്കായ ആന്റണി പനയ്ക്കലിന്റെ സ്വന്തം ടെസ്സിനിൽ ജൂൺ മാസത്തിന്റെ അവസാന വാരാന്ത്യത്തിൽ സമ്മേളിക്കാൻ ഐകകണ്ഠേന തീരുമാനമായി. ഏറെക്കാലത്തിനുശേഷമുള്ള ആ സംഗമത്തിന്റെ ആവേശത്തിമിർപ്പിലായി ചങ്ങാതിക്കൂട്ടം.

സ്വിറ്റ്സർലാൻഡിന്റെ തെക്കുഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലുള്ള വളരെ പ്രധാനപ്പെട്ട ഒരു ആൽപൈൻ ചുരമാണ് സെന്റ് ഗോത്താർഡ്. ചുരം കയറാതെ തുരങ്കത്തിൽ കയറിയാൽ യാത്ര സുഖവും സമയം ലാഭവും മാത്രമല്ല ഇന്ധനവും ലാഭിക്കാം. 58 കിലോമീറ്റർ ദൈർഘ്യമേറിയ ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ റെയിവേ പാതയും കടന്ന് പോകുന്നത് ഈ ചുരത്തിലൂടെയാണ്.

പണ്ടേ ദുർബല പിന്നെ ഗർഭിണി കൂടിയായാലോ? സാധാരണ ദിവസങ്ങളിൽ തന്നെ ഗതാഗതക്കുരുക്ക് ഏറെയുള്ള ഒരു ടണലാണിത്. ഞങ്ങളുടെ യാത്ര വാരാന്ത്യത്തിലും അതുംപോരാത്തതിന് കൂനിൻമേൽ കുരു എന്ന് പറഞ്ഞപോലെ സ്വിസ്സിലെ പല സംസ്ഥാനങ്ങളിലും വേനൽക്കാല അവധി ആരംഭിക്കുന്ന ദിനം കൂടിയാണ്.

തെക്കൻ സംസ്ഥാനമായ ടെസ്സിനിലേയ്ക്കും തൊട്ടടുത്ത രാജ്യമായ ഇറ്റലിയിലേയ്ക്കും മറ്റും അവധി ആഘോഷിക്കാൻ പോകുന്നവരുടെ ഗതാഗതക്കുരുക്കിൽ ഞങ്ങളും പെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

ട്രാഫിക്ക് ജാമിൽ അധികം നേരം കാത്ത് കിടക്കാതിരിക്കുവാൻ ഏക വഴി അതിരാവിലെ തന്നെ യാത്ര തിരിക്കുക എന്നതാണ്. അങ്ങനെ നേരം പരപരാ വെളുത്തപ്പോഴേ ഞാനും സുഹൃത്തും ബാസലിൽ നിന്നും യാത്ര ആരംഭിച്ചു.

പ്രഭാതക്കുളിരിൽ കുളിച്ച് നിൽക്കുന്ന ഹൈവേയിലൂടെ ഞങ്ങൾ സാമാന്യം വേഗത്തിൽ തന്നെ വണ്ടി ഓടിച്ചു. ബാസലിൽ നിന്നും ഗോത്താർഡ് തുരങ്കത്തിലേയ്ക്ക് 170 കിലോമീറ്റർ ദൂരമുണ്ട്. ഗതാഗതക്കുരുക്ക് ഇല്ലെങ്കിൽ ഏകദേശം രണ്ടരമണിക്കൂർ കൊണ്ട് അവിടെയെത്താം. പതിനഞ്ച് കിലോമീറ്റർ കഴിഞ്ഞപ്പോഴേ നാവിപ്പെണ്ണ് മുന്നറിയിപ്പ് തന്നു.

തോമസ്സുകുട്ടി വേറെ വഴിക്ക് വിട്ടോടാ തുരങ്കത്തിൽ ഇപ്പഴേ ഗതാഗത തടസ്സം തുടങ്ങിയിരിക്കുന്നു. ആ മുന്നറിയിപ്പ് കാര്യമാക്കാതെ ഞങ്ങൾ മുന്നോട്ട് പോക പോകേ നാവിപ്പെണ്ണ് വേറെ വഴി വേണോ… വഴി എന്ന ചോദ്യം ആവർത്തിച്ചുകൊണ്ടോയിരുന്നു. അത് അലോസരമായപ്പോൾ നാവിഗേഷൻ ഓഫ് ചെയ്ത് പ്രയാണം തുടർന്നു. പാവം നാവിപ്പെണ്ണിനറിയില്ലല്ലോ ഞങ്ങൾ തുരങ്കം ഷൂട്ട് ചെയ്യാനും കൂടിയാണ് അതിലെ പോകുന്നതെന്ന്.

ടണൽ കഴിഞ്ഞിട്ടാവാം പ്രാതലെന്ന് യാത്രാരംഭത്തിലേ തീരുമാനിച്ചിരുന്നു. എന്നാൽ മൂത്രശങ്കയെ അതുവരെ പിടിച്ച് നിറുത്താനാവില്ലല്ലോ. വലിയ ഗതാഗതക്കുരുക്കിൽ പെടുന്നതിനു മുൻപേ കാര്യം സാധിച്ചില്ലെങ്കിൽ പണി പാളും. അതുകൊണ്ട് അടുത്ത് കണ്ട പാർക്കിംഗിൽ കയറി കാര്യം സാധിച്ചു.

ചുറ്റും മലകൾ അവിടെ നിന്നാൽ ശാന്തസുന്ദരമായ പ്രകൃതിയുടെ നല്ല കാഴ്ചകൾ അതും വേഗം ക്യാമറയിലാക്കി യാത്ര തുടർന്നു. കുറച്ച് കഴിഞ്ഞതേ കുരുക്ക് മുറുകി തുടങ്ങിയിരിക്കുന്നു. ഇനി ഈ കുരുക്ക് അഴിയാൻ ആറ് കിലോമീറ്റർ കൂടി കഴിയണം. ഒച്ചിന് വരെ തോൽപിക്കാവുന്ന വേഗതയിൽ ഞങ്ങളുടെ കാറ് നിരങ്ങി നീങ്ങി. മുന്നിലും പിന്നിലും നീണ്ട നിര.

ദേശീയപാതയിലെ രണ്ടുവരി പാതകൾ തുരങ്കത്തിനുള്ളിലേക്ക് കയറുന്ന മുമ്പായി രണ്ടു ദിശകളിലും ഒറ്റവരിപ്പാതയാകുന്നു. തുരങ്കത്തിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററും, ദേശീയപാതയിലെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററുമാണ്.

വീക്കെൻഡിലും അവധി ദിനങ്ങളിലുമുള്ള വാഹനങ്ങളുടെ എണ്ണകൂടുതൽ, അധികം വാഹനങ്ങൾ തുരങ്കത്തിലൂടെ ഒന്നിച്ച് കടത്തിവിട്ട് ടണലിനുള്ളിൽ ഗതാഗത തടസം സംഭവിക്കാതിക്കാൻ തുരങ്കത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ഇതൊക്കെയാണ് ഈ തുരങ്കത്തിലെ ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ.

തുരങ്കങ്ങളുടെ നാടായ സ്വിറ്റ്സർലാൻഡിലെ ഏറ്റവും നീളം കൂടിയ തുരങ്കവും ലോകത്തിലെ നാലാമത്തെ വലിയ ഭൂഗർഭ പാതയാണ് പതിനേഴ് കിലോമീറ്റർ ദൂരമുള്ള ഈ തുരങ്കം. 1970 മെയ് 5 ന് പണി തുടങ്ങിയ തുരങ്കം പത്തു വർഷങ്ങൾകൊണ്ട് പണി പൂർത്തിയാക്കി 1980 സെപ്റ്റംബർ 5 ന് ഫെഡറൽ കൗൺസിലറായ Hans Hürlimann യാത്രക്കായ് തുറന്ന് കൊടുത്തു.

750 മീറ്റർ ഇടവേളകളിൽ മൂന്ന് മീറ്റർ വീതിയിലും, 41 മീറ്റർ നീളത്തിലും ബ്രേക്ക്ഡൗൺ ബേകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരോ 125 മീറ്ററിലും അഗ്നിശമന ഉപകരണങ്ങളും, അടിയന്തര ടെലിഫോണുകളും, കൂടാതെ ഓരോ 250 മീറ്ററിലും 60 പേർക്ക് താമസിക്കുവാൻ കഴിയുന്ന ഓവർ പ്രഷർ വെന്റിലേഷനോടു കൂടിയ ഷെൽട്ടറുകളുമുണ്ട്. ഇവയാകട്ടെ റെസ്ക്യൂ ടണലുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

2001 ഒക്ടോബർ 24ന് രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായപ്പോൾ പതിനൊന്ന് പേർ മരിക്കുകയും, നിരവധിപേർക്ക് പരിക്കേറ്റതുമാണ് ഈ തുരങ്കത്തിലെ ഏറ്റവും വലിയ അപകടം. തീപിടുത്തത്തിനു ശേഷം സുരക്ഷ മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായി മണിക്കൂറിൽ 150-ൽ കൂടുതൽ ട്രക്കുകൾ തുരങ്കത്തിലേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

കൂടാതെ തുരങ്കത്തിനകത്തൂടെ ട്രക്കുകൾ 150 മീറ്റർ സുരക്ഷാ അകലം പാലിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ടണലിനകത്തെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായും പരിമിതിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തുരങ്കം എന്ന കടമ്പ ഞങ്ങൾ അനായാസേന മറികടന്നു. ഇരുട്ടിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണു കിട്ടിയ വെളിച്ചം ഞങ്ങൾ ആവോളം ആസ്വദിച്ചു. ഇനി അടുത്ത പരിപാടി പാർക്കിംഗിൽ കേറണം പ്രാതൽ കഴിക്കണം.

×