ദമ്മാം: കേരളസർക്കാർ അഭ്യർത്ഥിച്ചിട്ടും, ഗൾഫ് നാടുകളിൽ ഉൾപ്പെടെ വിദേശങ്ങളിൽ കഴിയുന്ന പ്രവാസികളെ തിരികെ കൊണ്ട് വരില്ല എന്ന ജനവിരുദ്ധമായ കടുംപിടിത്തം നടത്തുന്ന കേന്ദ്രസർക്കാർ, ഗൾഫിൽ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ പോലും അനുമതി കൊടുക്കാതെ, വീണ്ടും വീണ്ടും പ്രവാസികളെ ദ്രോഹിയ്ക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.
/sathyam/media/post_attachments/1DydkNGDGYyMNc2BVkEn.jpg)
ഗൾഫ് രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങള് നാട്ടിലേക്ക് അയക്കുന്നതിന്, ബന്ധപ്പെട്ട ഇന്ത്യന് എംബസിയുടെ ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് വേണം. ഇത്തരം സര്ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ, കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് കേന്ദ്ര സര്ക്കാര് നേരത്തെ അനുവദിച്ചിരുന്നു. അന്താരാഷ്ട്ര വിമാനസര്വീസുകള് നിര്ത്തിയതിനാല് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള് എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യന് എംബസികള് ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തില് നിന്ന് നോ ഒബ്ജക്ഷന് പത്രം വേണമെന്ന് നിര്ബന്ധിക്കുകയാണ്. ഇതുമൂലം പല ഗൾഫ് രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രവാസികളുടെ മൃതദേഹത്തോട് കാണിയ്ക്കുന്ന അനാദരവാണിത്.
അത് പോലെത്തന്നെ ലോക്ക്ഡൌൺ കാലത്ത് വിമാനടിക്കറ്റ് എടുത്തവർക്ക് മാത്രമേ ക്യാൻസലേഷൻ ചാർജ്ജ് ഇല്ലാതെ മുഴുവൻ വിമാനടിക്കറ്റ് തുകയും തിരിച്ചു നൽകേണ്ടതുള്ളൂ എന്നാണ് കേന്ദ്രവ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് നിർദ്ദേശം നല്കിയിരിയ്ക്കുന്നത്. അതായത് ലോക്ക്ഡൗണിനു മുൻപ് വിമാനടിക്കറ്റ് എടുത്ത പ്രവാസികൾക്ക്, കൊറോണ കാരണമുള്ള യാത്രാവിലക്ക് കാരണം വിമാനയാത്ര നടത്താൻ കഴിയാതെ പോയാലും, ക്യാൻസലേഷൻ ഫീസായി വലിയൊരു തുക നൽകിയാൽ മാത്രമേ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയൂ. ഇത് പ്രത്യക്ഷത്തിൽ തന്നെ പ്രവാസികളെ കൊള്ളയടിയ്ക്കുന്നതിന് തുല്യമാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സര്ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള് അയയ്ക്കാനുള്ള അനുമതി ഉടനെത്തന്നെ കേന്ദ്രസർക്കാർ പുറപ്പെടുവിയ്ക്കണമെന്നും, ഗർഭിണികളും, മറ്റു രോഗങ്ങൾ മൂലം വലയുന്ന വൃദ്ധരെയും, വിസിറ്റ് വിസയിൽ വന്നു കുടുങ്ങിപ്പോയവരെയും അടക്കമുള്ള പ്രവാസികളെ ഉടനെത്തന്നെ നാട്ടിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്നും, യാത്രാവിലക്ക് കാരണം വിമാനയാത്ര നടത്താനാകാതെ പോയ എല്ലാവര്ക്കും ക്യാൻസലേഷൻ ഫീസ് ഇല്ലാതെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ പണവും തിരികെ നൽകാൻ വിമാനകമ്പനികളോട് നിർദ്ദേശം നൽകണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us