ഓര്‍ക്കുക, പ്രവാസി തളര്‍ന്നാല്‍ തകരുന്നത് ഈ നാടും കൂടിയാണ്; ഈ നാട് കെട്ടിപ്പടുക്കുന്നതില്‍ ഒരു പാട് വിയര്‍പ്പ് ഒഴുക്കിയവരാണവര്‍

New Update

ജയദേവന്‍ അമ്പാട്ട്‌

publive-image

കൊവിഡ് ബാധിച്ച് ഇതിനോടം വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചത് 230ന് അടുത്ത് മലയാളികളാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്രയും കുടുംബങ്ങളുടെ ആശ്രയമാണ് അസ്തമിച്ചത്.

Advertisment

സാധാരണക്കാരായ തൊഴിലാളികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അവരില്‍ ചിലരാകട്ടെ ഗുരുതരാവസ്ഥയിലും.

ജോലി നഷ്ടപ്പെട്ട് വാടക പോലും നല്‍കാനാകാതെ ഗള്‍ഫ് നാടുകളില്‍ കഴിയുന്നവര്‍ ഏറെ. കുവൈറ്റിലെ ജലീബ് അല്‍ ഷുയൂഖും മഹബൂലയും തന്നെ ഉദാഹരണം. ഏറെ നാളായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഈ പ്രദേശങ്ങളില്‍ പ്രതിസന്ധിഘട്ടത്തിലൂടെയാണ് പ്രവാസികള്‍ കടന്നുപോകുന്നത്. വാടക നല്‍കാന്‍ പോലും നിവൃത്തിയില്ല. വാടക ലഭിക്കാത്തതിനാല്‍ ചില ഭൂവുടമകളാകട്ടെ കുടിവെള്ള-വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയും ചെയ്തു. അതെ, കടുത്ത പരീക്ഷണഘട്ടത്തെയാണ് പ്രവാസി അഭിമുഖീകരിക്കുന്നത്.

publive-image

ജോലിയില്ല, വേതനവും; വിഷാദരോഗത്തിലേക്ക് വഴുതിവീണ് പ്രവാസികള്‍ ?

ജോലി നഷ്ടപ്പെട്ടവര്‍ ഏറെ, നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുന്നവരും ഒരുപാട്...! കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് പെട്രോളിയം കോ-ഓപ്പറേഷന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ പ്രവാസികളെ പിരിച്ചുവിടുമെന്നും ഇനി നിയമിക്കില്ലെന്നും കുവൈറ്റ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒമാനില്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത് സെപ്തംബര്‍ വരെയാണ്. കൊവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ നഷ്ടമാകുമെന്ന ഭീഷണിയിലാണ് ഒമാനിലെ പ്രവാസികള്‍. പല ഗള്‍ഫ് നാടുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ.

തൊഴില്‍ ഭീഷണി നേരിട്ടതോടെ, പ്രതീക്ഷകള്‍ അസ്തമിച്ചതോടെ പലരും കടുത്ത കടുത്ത വിഷാദരോഗത്തിലേക്ക് വഴുതിവീഴുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് അരുതാത്ത ചിന്തകളിലേക്കും പ്രവാസിയെ നയിക്കുന്നു. കുവൈറ്റില്‍ മാത്രം ഒരു മാസത്തിനിടെ പതിനഞ്ചോളം ആത്മഹത്യാശ്രമങ്ങളാണ് നടന്നത്.

publive-image

നാട്ടിലെത്തുക ഏക സ്വപ്‌നം !

തൊഴില്‍ നഷ്ടപ്പെട്ട വേദനയിലും നാട്ടിലെത്തുക എന്നതു മാത്രമാണ് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏക ആശ്വാസം. പലരും നാടണഞ്ഞതാകട്ടെ, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലും. സ്വരൂക്കൂട്ടിയതെല്ലാം നുള്ളിപ്പെറുക്കിയാണ് പലരും വന്ദേഭാരത് മിഷന്‍ മുഖേനയും പല സംഘടനകളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വഴി ജന്മനാട്ടിലെത്തിയത്. അതിനിടെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് കൊവിഡ് മുക്തരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ചാട്ടുളി പോലെ വന്നുപതിച്ചത്. പലരുടെയും കൈയ്യിലുള്ള സമ്പാദ്യമാകട്ടെ വട്ടപ്പൂജ്യവും !

പണ്ടൊക്കെ പ്രവാസിയും അവന്‍ കൊണ്ടുവരുന്ന സ്യൂട്ട് കേസുകളും കാത്തിരുന്ന നാടിന്റെ മനോഭാവം ഇന്നാകെ മാറി. പലരും ഇന്ന് പ്രവാസിയെ കാണുന്നത് രോഗവാഹകരായാണ്. അതുകൊണ്ടാണല്ലോ, കൊടുങ്ങല്ലൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസി യുവാവിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത്. ഇത് ഒരുദാഹരണം മാത്രം. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍...അക്രമിച്ചില്ലെങ്കിലും ആക്ഷേപിക്കുന്നവര്‍ എത്രയോ പേര്‍ !

publive-image

തെറ്റു ചെയ്തത് ആരാണ്, പ്രവാസിയോ ?

നാട്ടിലെത്തുന്ന എല്ലാ പ്രവാസികളും രോഗബാധിതരല്ലെന്നത് ആരും പറഞ്ഞു മനസില്ലാക്കാതെ തന്നെ നാം സ്വയം അറിയേണ്ട യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ക്വാറന്റൈന്‍ ചട്ടങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടെന്നിരിക്കെ എന്തിനു അവര്‍ക്കു നേരെ മുഖംതിരിക്കണം ? ഒരു നാട് ഒപ്പമുണ്ടെന്ന തോന്നലല്ലേ അവര്‍ക്ക് പകരേണ്ടത് ?

നാടണയുന്ന പ്രവാസികളില്‍ രോഗബാധിതരുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥലങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത് എന്നതിനാല്‍ അത് സ്വഭാവികവുമാണ്.

എന്നാല്‍, രോഗവ്യാപനം അതിരൂക്ഷമാകുന്നതിന് മുമ്പേ തങ്ങളെ നാട്ടിലെത്തിക്കണമെന്ന് പ്രവാസിസമൂഹം ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിച്ചതിന്റെ പരിണിതഫലമാണ് ഇതൊക്കെ. രോഗബാധിതരാണെങ്കിലും അല്ലെങ്കിലും അന്യരാജ്യങ്ങളില്‍ തുടരാന്‍ കഴിയില്ലെന്നിരിക്കെ സ്വന്തം നാട്ടിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് അവര്‍ പോകേണ്ടത് ?

ഭരണകൂടം അറിയാന്‍, പ്രവാസികള്‍ക്ക് പറയാനുണ്ട്...

പ്രവാസി നാടിന്റെ നട്ടെല്ലാണെന്ന് പറയാത്ത ഒരു ഭരണാധികാരിയും ഈ നാട്ടിലുണ്ടാകില്ല. അത് തന്നെയാണ് യാഥാര്‍ത്ഥ്യവും. നാട് നേരിട്ട ദുരിതസമയങ്ങളില്‍ ഒപ്പം നിന്നവരാണ് പ്രവാസികള്‍. മലയാളനാടിനെ പ്രളയം പലകുറി മുക്കിയപ്പോള്‍ കൈയയച്ച് സഹായിച്ചവരാണ് അവര്‍. അങ്ങനെയുള്ള അവര്‍ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞാല്‍ അതിനപ്പുറം ഒരു വിരോധാഭാസം വേറൊന്നില്ല.

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്നത്ര സഹായം സര്‍ക്കാര്‍ ഉറപ്പാക്കണം. അവരുടെ മക്കളുടെ വിദ്യാഭ്യാസം, കുടുംബത്തിന് സൗജന്യ റേഷന്‍...അങ്ങനെ ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുണ്ട്. അതാകണം അന്യനാട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രവാസിക്ക് നാം അര്‍പ്പിക്കുന്ന ശ്രദ്ധാഞ്ജലി. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സാധ്യമാക്കണം.

ഓര്‍ക്കുക, പ്രവാസി തളര്‍ന്നാല്‍ തകരുന്നത് അവന്റെ കുടുംബം മാത്രമല്ല, ഈ നാടും കൂടിയാണ്. കാരണം, ഈ നാട് ഇന്ന് കാണുന്ന രീതിയില്‍ കെട്ടിപ്പടുക്കുന്നതില്‍ ഒരുപാട് വിയര്‍പ്പ് പ്രവാസി ഒഴുക്കിയിട്ടുണ്ട്.

Advertisment