/sathyam/media/post_attachments/wN6Gry9STtyrElZpCtgP.jpg)
ദുബായ്: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി യുഎഇ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഫെബ്രുവരി 6-ന് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 2 ആരംഭിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് 260 ഫ്ലൈറ്റുകളിലൂടെ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ സാധനങ്ങൾ, ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിന് ഒരു എയർ ബ്രിഡ്ജും സ്ഥാപിച്ചു.
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1,00,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്ത ബാധിതർക്ക് സഹായം വാ​ഗ്ദാനം ചെയ്ത് ആദ്യമെത്തിയ രാജ്യമായിരുന്നു യുഎഇ.
ഗാലന്റ് നൈറ്റ് ഓപ്പറേഷനിൽ യുഎഇ സായുധ സേന, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) എന്നിവ പങ്കാളിത്തം വഹിച്ചിരുന്നു.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ അതിജീവിച്ചവരെ തിരയാൻ യുഎഇയും രക്ഷാസംഘത്തെ അയച്ചിരുന്നു. 42 പേർ ഉൾപ്പെട്ട രക്ഷാപ്രവർത്തനത്തിൽ സംഘം 240 മണിക്കൂറോളം ചെലവഴിച്ചു. ആകെ 13,463 മെഡിക്കൽ കേസുകൾ യുഎഇയുടെ നേതൃത്വത്തിൽ ചികിത്സിച്ചു.
ഇതുവരെ 15,164 ടൺ സഹായമാണ് സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതർക്കായി യുഎഇ എത്തിച്ചു നൽകിയത്. ഇതിൽ ടെന്റുകൾ, അടിസ്ഥാന ഭക്ഷണം, മരുന്ന് എന്നിവ ഉൾപ്പെടെ 6,912 ടൺ അടിയന്തര സഹായ സാമഗ്രികളും നാല് ചരക്ക് കപ്പലുകളിലൂടെ 8,252 ടൺ മാനുഷിക സഹായങ്ങളും രാജ്യം നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us