ഖത്തറിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. പല വേഷങ്ങളിലെത്തുന്ന ഇവർ മോഷണം നടത്തുന്നത് വിൽപനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം. നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

author-image
Gaana
New Update

publive-image

Advertisment

ദോഹ: ഖത്തറിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. ഹമദ് വിമാനത്താവളത്തിൽ വെച്ചാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ വിവിധ ജ്വല്ലറികളിലാണ് ഇവർ മോഷണം നടത്തിയത്. ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികൾ ആഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പല വേഷങ്ങളിലെത്തിയാണ് ഇവർ ജ്വല്ലറികളിൽ മോഷണം നടത്തിയിരുന്നത്. സ്വർണം വാങ്ങാനെന്ന പേരിൽ ജ്വല്ലറികളിൽ പ്രവേശിക്കുകയും വിൽപനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയുമാണ് ഇവരുടെ രീതി.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞത് മുതൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളുമായി രാജ്യം വിടാനായി താമസസ്ഥലത്ത് നിന്ന് വിമാനത്താവളത്തിൽ എത്തുന്നത് വരെ പ്രതികളുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരുണ്ടായിരുന്നു.

തുടർന്ന് വിമാനത്താവളത്തിൽ വെച്ച് തൊണ്ടിമുതൽ ഉൾപ്പെടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എന്നാൽ ഇവർ ഏതു രാജ്യക്കാരാണ് എന്നത് സംബന്ധിച്ച വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Advertisment