ഗുരു: അറിവിൻ്റെ വെളിച്ചം

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്ന് കന്നി 5. മലയാളക്കരയാകെ ഗ്രസിച്ചിരുന്ന ജാതിവിവേചനത്തിനെതിരെ സന്ധിയില്ലാ സമര പോരാട്ടം നടത്തിയ ശ്രീ നാരായണ ഗുരു സ്വാമികൾ ശിവഗിരിക്കുന്നിൽ മഹാസമാധിയായിട്ട് 93 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ജാതിവിവേചനത്തിൻ്റെ അടിമത്വത്തിലാണ്ടുപോയ ഒരു വിഭാഗം ജനതയുടെ മാനസീകവും സാമൂഹികവുമായ ഘടനയെ മാറ്റിയെഴുതിയ ദാർശനീകനായിരുന്നു ശ്രീനാരായണ ഗുരുദേവൻ.

സാധുജന സംരക്ഷണം സാധിക്കാൻ അവതരിച്ച മഹാഗുരു ചെമ്പഴന്തിയിൽ തിരുപ്പിറവി കൊണ്ടത് രാജാധികാരത്തിൻ്റെ കാലത്തായിരുന്നു.

ചതുർവർണ്യ വ്യവസ്ഥിതി ദുഷിച്ച് നാറിയ കാലം, മൃഗ തുല്യമായി ജീവിതം നയിച്ചു പോന്നിരുന്ന പിന്നോക്ക ജനതയെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ഗുരുവിന് തൻ്റെ ആയുസ്സും ആത്മ തപസ്സുമർപ്പിക്കേണ്ടി വന്നു.

ജാതീയമയ അനാചാരങ്ങൾക്കും ഉച്ച നീചത്വങ്ങൾക്കുമെതിരെ ഉയർന്ന കലാതിവർത്തിയായ ശബ്ദമായിരുന്നു ശ്രീനാരായണ ഗുരുദേവൻ.

ഗുരുവിൻ്റെ വിശ്വദർശനങ്ങളായ മൊഴി മുത്തുകൾ മാനവരാശിക്ക് അറിവിൻ്റെ പുതിയ വെളിച്ചം പ്രധാനം ചെയ്യുന്നവയായിരുന്നു. ശ്രീബുദ്ധൻ്റ അഹിംസയും മുഹമ്മദ് നബി യുടെ സഹോദര്യവും ക്രിസ്തു ദേവൻ്റെ സ്നേഹവും സമന്വയിപ്പിച്ച് മനുഷ്യരാശിയുടെ സമഗ്ര പുരോഗതിക്കും നന്മയ്ക്കുമായി ഏകലോക സന്ദേശം വിഭാവനം ചെയ്തു ഗുരു.

കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് ശ്രീനാരായണ ഗുരുദേവൻ തന്നെയായിരുന്നു. വിദ്യാഭ്യാസമെന്ന അറിവിൻ്റെ വെളിച്ചമുണ്ടായാൽ ഒരുവനിൽ ശുചിത്വ ബോധമുണ്ടാവുമെന്നും അതിൽ നിന്ന് ഈശ്വരവിശ്വാസവും ഭക്തിയും താനേ വന്നു ചേരുമെന്ന് ഗുരു ദീർഘവീക്ഷണം ചെയ്തിരുന്നു.

ആ തിരിച്ചറിവിൻ്റെ വെളിച്ചമാണ് ഒരു പരിധിവരെ ജാതീയമായ അടിമത്വത്തിലാണ്ടുപോയ ജനമനസ്സിൽ തീ പടർത്തി തിൻമകൾക്കെതിരെ പ്രതികരിക്കുവാൻ വേണ്ടുന്ന ശേഷിയുണ്ടാക്കിയത്.

ഉഴവുചാലുകളിൽ നുകത്തിനു പൂട്ടിയ മൃഗതുല്യമായ ജീവിതം നയിച്ച് പോന്ന അധ:സ്ഥിത ജനവിഭാഗത്തിന് ഒരു പുതിയ ലോകം കാട്ടിക്കൊടുത്തു ഗുരുദേവൻ. ചാത്തനെയും മാടനെയും മറുതയെയും മറ്റും പൂജിച്ചും ജന്തുക്കളെ മൃഗബലി നടത്തിയും കാലം കഴിച്ച മനുഷ്യരാശിയെ തിരുത്തിക്കൊണ്ട് അവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി വിപ്ലവകരമായ പുതിയൊരു നാവോദ്ധാനത്തിന് തുടക്കം കുറിച്ചു.

അരുവിപ്പുറത്ത് ശങ്കരൻ കുഴിയിൽ നിന്ന് മുങ്ങിയെടുത്ത ശിലകൊണ്ട് "നമ്മുടെ ശിവനെ "പ്രതിഷ്ഠിച്ച് സവർണ്ണമേധാവിത്വത്തിൻ്റെ നാവടപ്പിച്ചു കൊണ്ട് മഹത്തായ ഒരു നവോദ്ധാന വിപ്ലവ ചരിത്രത്തിന് നാന്ദി കുറിച്ചു മഹാഗുരു.

ആധുനീക യുവത്വത്തിന്ന് പുത്തൻ ദിശാബോധം പ്രധാനം ചെയ്ത സ്വാമി വിവേകാനന്ദനും സതി സമ്പ്രദായം നിർത്തലാക്കിയ രാജാറാം മോഹൻറോയിയുമെല്ലാം തങ്ങൾ ജനിച്ച സമുദായത്തിലെ മതപരമായ ആചാര നിയമങ്ങളുടെ ചട്ടക്കൂടുകൾക്കകത്തു നിന്നു കൊണ്ടു മാത്രമായിരുന്നു അക്കാലത്തെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നതെങ്കിൽ ഗുരുദേവനാകട്ടെ തൻ്റെ മതത്തിൻ്റെ അതിർവരമ്പുകളും വേലിക്കെട്ടുകളും ഭേദിച്ച് സ്വമതത്തിന് അതീതമായ ദർശനീകതയിലൂന്നിയ നവനീത പ്രവർത്തന ശൈലി രൂപപ്പെടുത്തിക്കൊണ്ടായിരുന്നു ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയിരുന്നത്.

വടക്കേ ഇന്ത്യയിൽ ഇന്ന് നടമാടുന്ന വർഗ്ഗീയ കലാപങ്ങൾ കേരളത്തിൽ നടക്കാത്തത് ഗുരുവിൻ്റെ വിശ്വദർശനങ്ങളെ കേരള ജനത നെഞ്ചോട് ചേർത്തുവെച്ചത് കൊണ്ടാണെന്ന് നിസംശയം പറയാം. ഇല്ലെങ്കിൽ നമ്മുടെ കൊച്ചു കേരളവും ഇന്ന് ബീഹാറും ഒറീസയും രാജസ്ഥാനും പോലെ ജാതീയമായ രക്തരൂക്ഷിത കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.

സാമൂഹ്യ പരിഷ്കർത്താവായ ഗുരു തൻ്റെ മഹത്തായ ദർശനങ്ങളെ ലോകനൻമ്മയ്ക്കായി വളരെ ലളിതമായി ഉപദേശിച്ചിരുന്നു . മാനവരാശിയുടെ നൻമയ്ക്കായി തീർത്ത മതാതീത ആത്മീയ ദർശന മൊഴിമുത്തുകൾ പിന്നോക്ക ജനവിഭാഗം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പല മത സാരവുമേകമെന്ന പൊരുൾ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മഹത് വചനങ്ങൾ മാനവരാശിയുടെ സമഗ്ര നന്മയ്ക്കും പുരോഗതിക്കുമായി ഉയർന്നു കേട്ടു.

"അവനവനാത്മസുഖത്തിന് ചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണം, ഒരു പീഢയെറുമ്പിനും വരുത്തരുത്, മദ്യം വിഷമാണ് ആത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്നിങ്ങനെയുള്ള സാരോപദേശ മൊഴിമുത്തുകൾ വളരെ ദീർഘ വീക്ഷണത്തോടു കൂടി ഗുരു അരുൾ ചെയ്തിരുന്നു.

ദിശാബോധം നഷ്ടപ്പെട്ടുഴലുന്ന വലിയ ഒരു ജന സമൂഹത്തെ സംഘടന കൊണ്ട് ശക്തരാകുവാനും അവരുടെ മാനസികവും ഭൗതീകവുമായ ജീവിത ഔന്നിത്യത്തിനുമായി 1903-ൽ ഗുരു എസ്സ്.എൻ.ഡി.പി.യോഗമെന്ന മഹത്തായ പ്രസ്ഥാനത്തിന് രൂപം കൊടുത്തു.

വിദ്യകൊണ്ട് പ്രബുദ്ധരാകുവാനായി വിദ്യാലയങ്ങളും ആത്മീയമായ ഔന്നിത്യത്തിനായി നിരവധി ക്ഷേത്ര പ്രതിഷ്ഠകളും നടത്തി. ഒരു ഘട്ടം കഴിഞ്ഞ് പ്രതിഷ്ഠകൾക്ക് രൂപഭേദം വരുത്തി 'കണ്ണാടി' പ്രതിഷ്ഠിച്ചു കൊണ്ട് ഈശ്വരൻ നമ്മിൽ തന്നെ കുടികൊള്ളുന്നുവെന്ന യാഥാർധ്യബോധം നമ്മെ മനസ്സിലാക്കിത്തരുന്നു.

മറ്റൊരു ക്ഷേത്രത്തിൽ 'ദീപവും' ഗുരു പ്രതിഷ്ഠിച്ചു. എല്ലാ ക്ഷേത്രങ്ങളിലും 'അറിവ്' പകരുവാനുള്ള അന്തരീക്ഷവും സംജാതമാക്കിയിരുന്നു. സഹജീവികളോടുള്ള 'അനുകമ്പയും മനുഷ്യത്വവുമാണ് ' ഒരു മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നതെന്ന തിരിച്ചറിവ് നമ്മിൽ പകർന്നു തന്നു.

ഗുരുദർശനത്തിൻ്റെ ആത്മീയ ചതന്യമൂറുന്ന മഹിത സന്ദേശങ്ങൾ ജനഹൃദയങ്ങളിലേയ്ക്ക് പകരുവാനായി ഗുരു ശിവഗിരി മഠം സന്യാസ സംഘത്തിനായി സ്ഥാപിച്ചു. ഗുരുദർശനത്തിൻ്റെ പ്രാധാന്യം വർത്തമാന കാല സാഹചര്യത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.

ഗുരു "ശുചിത്വ "മെന്ന ബോധത്തെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യ രാശിയോട് വളരെ വർഷങ്ങൾക്കു മുമ്പു തന്നെ ഉപദേശിച്ചിരുന്നു. ഗുരുവിഭാവനം ചെയ്ത മഹത്തായ ശിവഗിരി തീർത്ഥാടനത്തിൻ്റെ ലക്ഷ്യങ്ങളായി മാനവരാശിയുടെ സമഗ്ര പുരോഗതിക്കുവേണ്ടി അരുളിച്ചെയ്ത എട്ട് പ്രധാന കാര്യങ്ങളിൽ രണ്ടാമത്തെ വിഷയമാണ് 'ശുചിത്വം'.

ഇതിൻ്റെ പ്രാധാന്യം തിരിച്ചറിയുവാൻ ഒരു വൈറസ്സ് കാലം തന്നെ നമുക്കിന്ന് വേണ്ടി വന്നു. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും, സാമൂഹിക അകലവും കൃത്യമായി പാലിച്ച് ഇന്ന് നാം ജീവിത വ്യത്തി നേടുന്നു.

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് സ്മസ്താഭിവൃദ്ധി നേടാനുതകുന്ന ദർശനങ്ങളാണ് ഗുരു വിഭാവനം ചെയ്തിരുന്നത്. ശിവഗിരി തീർത്ഥാടനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളായ "വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശിലനങ്ങൾ " എന്നി എട്ട് വിഷയങ്ങളെക്കുറിച്ച് വൈദഗ്ദ്ധ്യമുള്ളവരെ ക്ഷണിച്ച് ഓരോ തീർത്ഥാടന കാലത്തും പ്രഭാഷണങ്ങൾ നടത്തുവാൻ ഗുരു ഉപദേശിച്ചിരുന്നു.

തീർത്ഥാടന കാലത്ത് ആർജിക്കുന്ന അറിവുകൾ സ്വജീവിതത്തിൽ പ്രവർത്തികമാക്കാൻ ശ്രമിക്കണമെന്നും. അതിൽ വിജയിക്കുമ്പോൾ മാത്രമാണ് ഗുരു വിഭാവനം ചെയ്ത ശിവഗിരി തീർത്ഥാടനമെന്ന ലക്ഷ്യത്തിലേക്ക് നാം എത്തിപ്പെടുകയുള്ളൂ.

മാനവ സമൂഹനൻമയ്ക്കായി നിലകൊള്ളുന്ന ഗുരുദേവ ദർശനങ്ങൾ ഭാവി തലമുറയ്ക്കു വേണ്ടി കാത്തു സൂക്ഷിക്കുകയും പകർന്നു കൊടുക്കുകയും ചെയ്യേണ്ടത് ഇന്ന് ഏറെ അനിവാര്യമാണ്, എങ്കിൽ മാത്രമേ ഒരു പരിധി വരെ ദിശാബോധം നഷ്ടപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം കൈവിട്ട് പോകുന്ന യുവജനതയെ നേർവഴിക്ക് നയിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

ലോക വ്യാപകമായി ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ആവശ്യകത ഈ സമാധി കാലത്ത് നാം ചിന്തിക്കുക തന്നെ വേണം. അടിയുറച്ച ഈശ്വരഭക്ത്യാധി സാധനയിൽ നിന്ന് ഉയിർ കൊണ്ട വിശ്വദർശനമാകുന്ന ജ്ഞാനരത്ന മാലകൾ ആഗോളതലത്തിൽ ഇന്ന് നടമാടി കൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ പരിഹാരം തന്നെയാണ്.

മാനവരാശിക്ക് ആശ്രയമായും ശാന്തിയേകിയും മനുഷ്യമനസ്സിൽ അറിവിൻ്റെ വെളിച്ചമായി വിരാജിക്കുന്ന വിശ്വഗുരു വിൻ്റെ മഹാസമാധി ദിനത്തിൽ ഏറെ പ്രാർത്ഥനാപൂർവ്വം ശ്രീ നാരായണ ഗുരുദേവ ദർശനങ്ങളെ ജിവിത വിജയത്തിനായി നാം സോദരത്വേന സ്വാംശീകരിക്കേണ്ട തിരിച്ചറിവിൻ്റെ പുണ്യ ദിനമാവട്ടെ...

-രാജേഷ് സഹദേവൻ
സംസ്ഥാന ജന:സെക്രട്ടറി
KPCC - OBC വിഭാഗം

sreenarayana guru