കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണം”: കോട്ടക്കൽ മണ്ഡലം കെഎംസിസി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, January 18, 2021

ജിദ്ദ: കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ ഭൂരിഭാഗവും മലപ്പുറം ജില്ല ഉൾപ്പെടെ മലബാറിൽ നിന്നായതിനാൽ കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണ മെന്നു കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹജ്ജ് ക്യാമ്പ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ നഷ്ടപ്പെടാൻ ഇടയായത് കേരള സർക്കാരിന്റെ അനാസ്ഥ കൊണ്ടാണെന്നും ഇക്കാര്യത്തിൽ ഹജ്ജ് വകുപ്പ് മന്ത്രി കെ. ടി ജലീലിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ട്രെഷറർ ഇബ്രാഹീം ഹാജി വളാഞ്ചേരി ഉത്ഘാടനം ചെയ്യുന്നു

സൗദി അറേബ്യ കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ നിറുത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസ് മാർച്ച് അവസാനം മുതൽ ആരംഭിക്കുമെന്നതിനാൽ സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്കു കരിപ്പൂരിൽ സർവീസ് നടത്താൻ ഉടനെ അനുമതി നൽകണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും കോവിഡ് കാലത്ത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മണ്ഡലം കെഎംസിസി ട്രെഷറർ ഇബ്റാഹീം ഹാജി വളാഞ്ചേരി ഉദ്‌ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി നടത്തുന്ന പ്രതിമാസ എയർ കണ്ടിഷൻ കുറിയുടെ നറുക്കെടുപ്പ് ഉത്ഘാടനം ചെയർമാൻ അബ്ദുലത്തീഫ് ചാപ്പനങ്ങാടി നിർവഹിച്ചു.

പി. പി മൊയ്‌ദീൻ എടയൂർ, അബ്ദുറസാഖ് വെണ്ടല്ലൂർ, ഹംദാൻ ബാബു കോട്ടക്കൽ, മുഹമ്മദലി ഇരണിയൻ, ജാഫർ നീറ്റുകാട്ടിൽ, അഹ്മദ് കുട്ടി വടക്കേതിൽ, അഷ്‌റഫ് മുട്ടപ്പറമ്പൻ, മുബശ്ശിർ നാലകത്ത്, അബ്ദുൽ ഹമീദ് കാരാപ്പുലാക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അൻവറുദ്ധീൻ പൂവ്വല്ലൂർ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ടി ടി ഷാജഹാൻ പൊന്മള നന്ദിയും പറഞ്ഞു

 

×