/sathyam/media/post_attachments/JPv8AeICYFO07AxLoEAW.jpg)
മണ്ണാർക്കാട്: മഹാമാരി കാലത്ത് പുലാപ്പറ്റ പ്രദേശത്ത് കഷ്ടപ്പെടുന്ന രോഗികൾക്കും, സാധാരണ കുടുംബങ്ങൾക്കും സഹായമായി കോൺഗ്രസ് പുലാപ്പറ്റ മണ്ഡലം കമ്മിറ്റി വാങ്ങുന്ന ആംബുലൻസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ചങ്ങലീരി ഹയ ഹൈപ്പർമാർക്കറ്റ് ഉടമ മനച്ചിതൊടി മൊയ്തു അര ലക്ഷം രൂപ സഹായമായി നൽകി.
വി.കെ ശ്രീകണ്ഠൻ എം.പി മൊയ്തുവിന്റെ ഉമ്മ കുഞ്ഞാത്തുട്ടിയിൽ നിന്നും സഹായധനം ഏറ്റുവാങ്ങി. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും സാധുക്കളെ സഹായിക്കുന്നതിന് ചെലവഴിക്കുന്ന വ്യക്തിയാണ് ഹയ ഹൈപ്പർ മാർക്കറ്റ് ഉടമ മൊയ്തു.
ഈ കോവിഡ് കാലത്ത് രോഗികളെ സഹായിക്കുന്നതിന് ഹയ ഹൈപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ള വാഹനം സൗജന്യമായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. രോഗ പരീക്ഷണത്താൽ വീർപ്പുമുട്ടുന്ന ഇക്കാലത്ത് കരുണ വറ്റാത്ത അമ്മമാർ പ്രാർത്ഥനയും പിന്തുണയുമായി കൂടെയുണ്ട് എന്നത് അഭിമാനകരമായ കാര്യമാണെന്നും ഇത്തരം പ്രവൃത്തികൾ മാതൃകാപരമാണെന്നും എം പി പറഞ്ഞു.
പുലാപ്പറ്റ പ്രദേശത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കേണ്ട അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഏകദേശം പത്തുലക്ഷത്തോളം രൂപ വില വരുന്ന വാഹനം കടമ്പഴിപ്പുറം പഞ്ചായത്ത് പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാങ്ങാൻ പരിശ്രമിക്കുന്നത്.
പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ.കമറുദ്ദീൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ചെറൂട്ടി, ഹബീബ്,ചിത്രൻ പുത്തൻകളം,നിഹാൽ തുടങ്ങിയവർ പങ്കെടുത്തു.