ഹിന്ദുക്കൾ ഇന്ന് സംഘടിതരാണ്. എന്നിട്ടുമെന്തെ വീണ്ടും വീണ്ടും ഹൈന്ദവീയത ഇവിടെ വെല്ലു വിളിക്കപ്പെടുന്നു? ഹൈന്ദവ വിശ്വാസങ്ങൾ അവഹേളിക്കപ്പെടുന്നു?

സത്യം ഡെസ്ക്
Wednesday, September 30, 2020

ഒരേ പോലെ സുപ്രസിദ്ധനും, അതെയവസരത്തിൽ കുപ്രസിദ്ധനുമായ ചിത്രകാരനായിരുന്നു മക്ക്ബൂൽ ഫിദ ഹുസൈൻ എന്ന എം. എഫ്. ഹുസൈൻ. ‘ഇന്ത്യൻ പിക്കാസോ’ എന്ന് വരെ അദ്ദേഹത്തെ ഒരു കാലത്ത് വാഴ്ത്തിയിരുന്നു. ക്യൂബസത്തിന്റെയും ഇന്ത്യൻ ക്ലാസ്സിക്കൽ ചിത്രകലയുടെയും സുന്ദര സമ്മിശ്രമായിരുന്നു ചുവപ്പ് നിറത്തിന്റെ ആധിക്യം എല്ലായ്പ്പോഴും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ.

സുപ്രസിദ്ധനായത് ഹുസൈന്റെ വരയുടെ മേന്മ കൊണ്ടാണ് എങ്കിൽ, അദ്ദേഹം കുപ്രസിദ്ധനായത് വരയുടെ വിഷയങ്ങളുടെ വൈകൃതം കൊണ്ടാണ്. എന്നും വിവാദങ്ങളുടെ തോഴൻ ആയിരുന്നു അദ്ദേഹം. കൊൽക്കത്തയിലെ ഒരു ഉപരിവർഗത്തിന്റെ ക്ലബ്ബിൽ പാദരക്ഷ അണിയാതെ കയറി ചെല്ലുകയും പുറത്താക്കപ്പെടുകയും ചെയ്തതിലൂടെയാണ് എം. എഫ്. ഹുസൈൻ ആദ്യമായി വിവാദം സൃഷ്ടിക്കുന്നത്. പിന്നീടങ്ങോട്ട് വിവാദങ്ങളുടെ ജൈത്ര യാത്ര നടത്തുകയായിരുന്നു ഈ ‘നഗ്നപാദനായ ചിത്രകാരൻ’.

നഗ്നത ഹുസൈനെ ഒട്ടേറെ ആകർഷിച്ചു. നഗ്നതയിൽ അദ്ദേഹം സൗന്ദര്യം കണ്ടിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ മുഖമുദ്രയും മുഖ്യവിഷയവും ആയിരുന്നു നഗ്നത.

ബോളിവുഡ് താരം മാധുരി ദീക്ഷിത് എം. എഫ് ഹുസൈന് ഹരമായിരുന്നു. അവർ അഭിനയിച്ച എല്ലാ സിനിമകളും ആദ്യം തന്നെ കാണുക അദ്ദേഹത്തിന്റെ പതിവായിരുന്നത്രെ. മാധുരി അഭിനയിച്ച ‘ഹം ആപ് ഹൈ കോൻ’ എന്ന സിനിമ ഹുസൈൻ അറുപത്തേഴ്‌ പ്രാവശ്യമാണ് കണ്ടത്. മറ്റൊരു മാധുരി ചിത്രം, ‘ആജ നാച്ചലെ‘ ഒറ്റയ്ക്കിരുന്ന്‌ കാണുന്നതിന് വേണ്ടി ഒരു തീയേറ്ററിന്റെ ഒരു ‘ഷോ’ മൊത്തം അദ്ദേഹം ബുക്ക്‌ ചെയ്തു.

മാധുരിയെ നായികയാക്കി ഒരു സിനിമ തന്നെ അദ്ദേഹം നിർമ്മിച്ചു, ‘ഗജ ഗാമിനി’ എന്ന പേരിൽ. മറ്റൊരു നടി തബൂവും ഹുസൈന്റെ ദൗർബല്യമായി പിൽക്കാലത്ത്. അവരെ നായികയാക്കി അദ്ദേഹം നിർമിച്ച ചലച്ചിത്രമാണ് ‘Meenakshi, a tale of three cities’.

എം. എഫ്. ഹുസൈൻ മരിച്ചിട്ട് ഒൻപത് വർഷം പിന്നിടുന്ന ഈ വേളയിൽ എന്തിന് അദ്ദേഹത്തെ ഒരു ചർച്ചയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന് ചിന്തിക്കുക സ്വാഭാവികം. ഹുസൈന്റെ വിവാദ ചിത്രങ്ങൾ ഇപ്പോൾ പുനർജനിപ്പിച്ച് വീണ്ടും വിവാദത്തിന് തിരി കൊളുത്തുകയാണ് മഹാരാജാസ് കോളേജ് മാഗസിനിലൂടെ. ഈ വർഷത്തെ കോളേജ് മാഗസിൻ ഇന്നലെ പുറത്തിറങ്ങിയത് ഹിന്ദു ദേവീ ദേവന്മാരെ നഗ്നരായി അവതരിപ്പിക്കുന്ന എം. എഫ്. ഹുസൈൻ ചിത്രങ്ങളുമായാണ്.

സരസ്വതി ദേവിയെയും സീതാ ദേവിയെയും ഹനുമാനേയും ദ്രൗപദിയെയും മാത്രമല്ല, ഭാരത മാതാവിനെ വരെ വിവസ്ത്രരായി, വികൃതമായി വരച്ച ചിത്രങ്ങളാണ് മഹാരാജാസ് കോളേജ് മാഗസിന്റെ താളുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ഹുസൈൻ ചിത്രങ്ങൾ ഹൈന്ദവ വികാരങ്ങൾ വൃണപ്പെടുത്തുന്നവയാണ് എന്നറിയാതെ അല്ല, ഒരു സർക്കാർ കലാലയം, സർവകലാശാലയുടെ പണമുപയോഗിച്ച് പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തുന്നത്.

ഈ ചിത്രങ്ങൾ ഇടക്കാലത്ത് ഇന്ത്യക്കകത്തും പുറത്തും സൃഷ്‌ടിച്ച വ്യാപക പ്രതിഷേധം കോളേജ് മാഗസിന്റെ സംവിധാധായകർ മറന്ന് പോയിരിക്കാനും ഇടയില്ല. ഈ വികല സൃഷ്ടികളാണ് എം. എഫ്. ഹുസൈനെ തന്റെ ജീവിത സായാഹ്നത്തിൽ സ്വയം ഇന്ത്യ വിടാൻ നിർബന്ധിതനാക്കിയത്. ഖത്തർ പൗരത്വം സ്വീകരിച്ച് അഞ്ചു വർഷക്കാലം ലണ്ടനിൽ കഴിഞ്ഞ ശേഷമാണ് എം എഫ്. ഹുസൈൻ അന്തരിച്ചത്.

ഇതൊന്നും നമ്മുടെ വിദ്യാർഥി സുഹൃത്തുക്കൾക്കും അവരുടെ അധ്യാപകർക്കും അറിയില്ലെങ്കിൽ തന്നെ, വിശ്വാസികളുടെ വികാരങ്ങളെ ഇത്തരം ചിത്രങ്ങൾ വൃണപ്പെടുത്തും എന്ന് അവർക്ക് തോന്നാത്തിരിക്കില്ല. അപ്പോൾ പിന്നെ ആ ചിത്രങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത് മനപ്പൂർവം ആണെന്ന് പറയാതെ വയ്യ. അതിന് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ട്.

അത് കണ്ടില്ലെന്ന് നടിക്കാൻ ഇവിടെയുള്ള ഹൈന്ദവ സംഘടനകൾക്കും നേതാക്കൾക്കും ആവുമോ? സർവ്വകലാശാലയുടെ ധനം ഒരു ജനതയുടെയാകെ വികാരങ്ങൾ വൃണപ്പെടുത്താൻ വിനിയോഗിക്കപ്പെടാമോ? നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത് കണ്ടില്ലെന്നുണ്ടോ? ഇനിയുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഹിന്ദുക്കൾ ഇന്ന് സംഘടിതരാണ്. ഇപ്പോൾ കേരളത്തിലും. എന്നിട്ടുമെന്തെ വീണ്ടും വീണ്ടും ഹൈന്ദവീയത ഇവിടെ വെല്ലു വിളിക്കപ്പെടുന്നു, ഹൈന്ദവ വിശ്വാസങ്ങൾ അവഹേളിക്കപ്പെടുന്നു?

-ഹരി എസ്. കർത്താ

 

×