യുകെ: അന്താരാഷ്ട്ര ഖ്യാതിനേടിയ ഇന്ത്യയിലെ മുൻനിര വക്കീലും മുൻ സോളിസിറ്റർ ജനറലും ഇപ്പോൾ ബ്രിട്ടനിലെ ക്വീൻസ് കൗൺസിലുമായ 65 കാരൻ ഹരീഷ് സാൽവേ, ബ്രിട്ടനിലെ ആർട്ടിസ്റ്റും 18 വയസ്സുള്ള ഒരു മകളുടെ മാതാവുമായ 56 കാരിയായ കരോലിൻ ബ്രോസാർഡിനെ ഈ വരുന്ന ഒക്ടോബർ 28 ന് ലണ്ടനിലെ ചർച്ചിൽ ക്രിസ്തീയ മതാചാരപ്രകാരം വിവാഹം കഴിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരു ഭാഗത്തുനിന്നുമുള്ള 15 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. വിവാഹത്തിനായി ഹരീഷ് സാൽവേ ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സാൽവേ ഇപ്പോൾ സ്ഥിരമായി ലണ്ടനിലാണ് താമസം.
ഹരീഷ് സാൽവെയാണ് 2017 ൽ ലാവ്ലിൻ കേസിൽ കേരളഹൈക്കോടതിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുവേണ്ടി കേസ് വാദിക്കാൻ ഹാജരായതും അതുവഴി അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടതും.
പ്രമാദമായ പല കേസുകളും അദ്ദേഹം വാദിച്ചു ജയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന ഇന്ത്യാക്കാരൻ കുൽഭൂഷൺ യാദവിനുവേണ്ടി അന്നത്തെ കേന്ദ്ര വിദേശകാര്യാമന്ത്രി ശ്രീമതി സുഷമാ സ്വരാജിൻ്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹം അന്താരാഷ്ട്ര കോടതിയിൽ വാദിക്കുകയും പാക്കിസ്ഥാന്റെ വാദമുനകൾ ഒന്നൊന്നായി തകർക്കുകയും ചെയ്തു.
ഒരു സിറ്റിംഗിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അദ്ദേഹം അന്ന് വാങ്ങിയ പ്രതിഫലം കേവലം ഒരു രൂപയായിരുന്നു.
ലണ്ടനിലിരുന്നുകൊണ്ടാണ് അദ്ദേഹമിപ്പോൾ ഓൺലൈൻ വഴി പല കേസുകളും വാദിക്കുന്നത്. അതിൽ ഫേസ് ബുക്ക്, ലോൺ മോറിറ്റോറിയം, അർണാബ് ഗോസ്വാമി കേസ്, അംബാനി, ടാറ്റ മുതലായവരുടെ പല കേസുകളും ഉൾപ്പെടുന്നു.
ഹരീഷ് സാൽവേയുടെ ആദ്യഭാര്യ മീനാക്ഷി സാൽവേയുമായുള്ള ബന്ധം പരസ്പ്പരസമ്മതപ്രകാരം അവർ അവസാനിപ്പിക്കുകയായിരുന്നു.
അതിൽ രണ്ടു പെണ്മക്കളാണുള്ളത്. 37 കാരിയായ സാക്ഷിയും 33 കാരിയായ സാനിയയും ഡൽഹിയിലാണ് താമസം.