വീരേന്ദർ സേവാഗിനോടുള്ള ആരാധന മൂത്താണ് ക്രിക്കറ്റ് താരമായതെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
ഒരിക്കൽ സേവാഗിനോട് സംസാരിക്കാനുള്ള ആഗ്രഹംകൊണ്ട് അദ്ദേഹത്തിന് മെസേജ് അയച്ചു. 10 ദിവസം കഴിഞ്ഞാലും അദ്ദേഹം ആ സന്ദേശം കാണില്ലെന്നാണ് കരുതിയതെങ്കിലും വെറും രണ്ടു സെക്കൻഡിനകം അദ്ദേഹം തിരിച്ചുവിളിച്ച് ഞെട്ടിച്ചു.
‘സർ, താങ്കളോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. സമയമുണ്ടെങ്കിൽ തിരിച്ചുവിളിക്കാമോ?’ എന്ന് ചോദിച്ച് ഒരിക്കൽ ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു. പിന്നീട് നടന്നത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. വെറും രണ്ടു സെക്കൻഡിനകം അദ്ദേഹം തിരിച്ചുവിളിച്ചു. അദ്ദേഹം 10 ദിവസം കഴിഞ്ഞാലും ആ സന്ദേശം കാണില്ലെന്ന് കരുതിയാണ് ഞാൻ മെസേജ് അയച്ചത്. പക്ഷേ, ഉടനടി അദ്ദേഹം തിരിച്ചുവിളിച്ചു. വേഗം സംസാരിച്ച് അവസാനിപ്പിക്കാനുള്ള തിടുക്കമൊന്നും ഞാൻ അദ്ദേഹത്തിൽ കണ്ടില്ല.
അന്ന് സംസാരിക്കാൻ അദ്ദേഹം ഇഷ്ടംപോലെ സമയം തന്നു. എന്റെ ഓരോ ചോദ്യങ്ങളും ശ്രദ്ധിച്ച് കേട്ട് ഉത്തരം തന്നു. ആ സംഭവത്തിനുശേഷം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടി. നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണാനും കൂടെനിന്ന് സെൽഫിയെടുക്കാനുമൊക്കെ സ്വാഭാവികമായും ആഗ്രഹം കാണും.
പക്ഷേ, അദ്ദേഹത്തോട് ഫോണിൽ ദീർഘനേരം സംസാരിച്ചത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അതും എന്റെ മെസേജ് കണ്ട് തിരിച്ചുവിളിച്ചതാണെന്ന് ഓർക്കണം’ – ഹർമൻപ്രീത് പറഞ്ഞു.