മണൽക്കാടും മരുപ്പച്ചയും -(രണ്ടാം ഭാഗം)

Saturday, June 5, 2021

ഹസ്സൻ തിക്കോടി

(2) – സോമാലി സാലീക്ക:

കപ്പൽ രാവിലെ എട്ടുമണിയോടെ കുവൈറ്റ് പോർട്ടിൽ എത്തിയെങ്കിലും ഉച്ചയോടെ മാത്രമേ ഞങ്ങൾക്കിറങ്ങാൻ കഴിഞ്ഞുള്ളു. പാസ്പോർട്ട് കയ്യിൽ വെച്ച് നീണ്ട ക്യൂവിൽ നിൽകുമ്പോൾ വെളുത്ത നീളൻ കുപ്പായവും തലയിൽ വെളുത്ത ഖത്തറയും (ശിരോ വസ്ത്രം) അതിനു മുകളിൽ വട്ടത്തിൽ കറുത്ത ചരടും കെട്ടിയ സാമാന്യം കറുത്ത ഒരു മനുഷ്യൻ ഞങ്ങൾക്കരികിലൂടെ പലതവണ കടന്നു പോയി.

അയാളുടെ കൈയ്യിൽ കുറെ കടലാസും ചില ഫോട്ടോകളും ഉണ്ടായിരുന്നു. മൂന്നാം തവണയും അയാൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകുമ്പോൾ കൂടെയുള്ള അളിയൻ അയാളോട് “അസ്സലാമു അലൈക്കും” പറഞ്ഞുകൊണ്ട് അറബിയിൽ എന്തോ സംസാരിച്ചു. അറബി ഞങ്ങളുടെ കൈപിടിച്ചുകൊണ്ടു വേഗത്തിൽ നടന്നു നീങ്ങി. പാസ്സ്പോർട്ടും യെല്ലോഫീവർ വാക്സിൻ എടുത്ത മഞ്ഞകാർഡും അറബിയെ ഏല്പിച്ചു. ഞങ്ങളെ കൗണ്ടറിന്റെ പുറത്തു നിർത്തി അറബി എമിഗ്രേഷൻ ഓഫിസിന്റെ അകത്തു കയറി. ഞാൻ അളിയനോട് തിരക്കി “ഇയാൾ ആരാ”.

“നിന്റെ ഉപ്പ ഏല്പിച്ച ആരോ ആയിരിക്കും, എമിഗ്രേഷൻ ഓഫിസറാണെന്നാ തോന്നുന്നേ…”
“ഏതായാലും ക്യൂവിൽ നിൽക്കാതെ കാര്യം സാധിച്ചല്ലോ?” ഞാൻ പറഞ്ഞു.

അയാൾ ഞങ്ങളെ തിരക്കി വീണ്ടും പുറത്തു വന്നു കൊണ്ട് പറഞ്ഞു “യാ അള്ളാ ഏംശീ” (വരൂ പോവാം). അയാളുടെ പുറകിൽ നടന്നു. കപ്പലിന്റെ പുറത്തേക്കുള്ള കവാടത്തിൽ നിന്നും വലിയ കോവണിയിലൂടെ വേണം പുറത്തിറങ്ങാൻ. പോർട്ടിന്റെ കരയിൽ കാത്തുനിൽപ്പുഷെഡിന്റെ പുറത്തു പൊരിഞ്ഞ വെയിലത്ത് ഞങ്ങളോട് നിൽക്കാൻ പറഞ്ഞുകൊണ്ട് അറബി ഓഫീസിനകത്തു കടന്നു.

മരുഭൂമിയിലെ ചൂടിന്റെ ആദ്യ കിരണങ്ങൾ എന്റെ ശരീരത്തെ ആവാഹിക്കുകയായിരുന്നു. തലയിൽ, കണ്ണുകളിൽ, ശരീരത്തിൽ എല്ലാം ചൂട് അതിന്റെ ശക്തിയോടെ എന്നെ ആവരണം ചെയ്തിരിക്കുന്നു. അധികനേരം ഞാനിവിടെ നിന്നാൽ തളർന്നു വീഴും. സൂര്യന്റെ സമസ്ത പ്രഭാവങ്ങളും ഈ ഭൂമി ഏറ്റു വാങ്ങുകയാണ്.

മരുഭൂമിയിലെ ഈ കഠിന ചൂടിലാണ് മനുഷ്യർ ജീവിതായോധനത്തിനായി പണിയെടുക്കുന്നത്. വെന്തുരുകുന്ന ഇവരുടെ വിയർപ്പിന് കുവൈറ്റിലെ ദിനാറിന്റെ മണമുണ്ടാകും. മൂന്നാം ലോക രാജ്യങ്ങളിലെ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് ഞാനടക്കമുള്ളവരെ ഈ തീച്ചൂളയിലേക്കെത്തിച്ചത്. പ്രിയങ്കരങ്ങളായ എല്ലാറ്റിനെയും ഇട്ടെറിഞ്ഞു മണലാരണ്യത്തിൽ അഭയം തേടിയെത്തിയാൽ ഈ ഭൂമിക്കടിയിലെ കറുത്തപൊന്നിന്റെ മാസ്മരികതയിൽ അവർ അലിഞ്ഞുചേരുന്നു.

അറബി തിടുക്കപ്പെട്ടു ഞങ്ങളുടെ അരികിൽ തിരിച്ചെത്തി. “ഹസ്സൻ വരൂ…ഉപ്പ അവിടെ കാത്തുനിൽക്കുന്നുണ്ട്”. കേട്ടപാതി കേൾക്കാത്തപാതി ഞങ്ങൾ അയാളോടൊപ്പം നടന്നു. ഒരു നിമിഷം ഞാൻ അയാളെയും അളിയനെയും മാറിമാറി നോക്കി. ഈ അറബി മലയാളം സംസാരിക്കുന്നു. എനിക്കത്ഭുതം തോന്നി. പുറത്തെത്തിയതോടെ അറബി ഉപ്പയോട് “മഅസ്സലാമ” (ഗുഡ് ബൈ) പറഞ്ഞുകൊണ്ട് തിരക്കിട്ടു നടന്നു നീങ്ങി.

മലയാളം സംസാരിച്ച അറബി ആരായിരുന്നു? ഏറെ നാളുകൾക്കു ശേഷമാണു എനിക്കയാളെ മനസ്സിലായത്. കുവൈറ്റി പൗരത്വമുള്ള സാലീക്ക. ജനിച്ചതും വളർന്നതും പഠിച്ചതും കോഴിക്കോട്. സൊമാലിക്കാരനായ സാലീക്കന്റെ ബാപ്പ പഴയകാലത്തു കച്ചവടത്തിനായി പത്തേമാരികളിൽ കോഴിക്കോട്ടെ അങ്ങാടിയിൽ എത്തിയിരുന്നു.

ആദ്യ നാളുകളിൽ യമനികളും, സൊമാലിക്കാരുമായിരുന്നു അധികവും വന്നിരുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർ കുറവായിരുന്നു. മാസങ്ങൾ നീണ്ട സാഹസിക കടൽ യാത്രകളായിരുന്നു അക്കാലത്തേത്. കോഴിക്കോട്ടെ കടപ്പുറത്തെ വലിയ പാണ്ടികശാലകളിൽ അക്കാലത്തു അറബികളുടെ സാന്നിധ്യം സജീവമായിരുന്നു.

അറബി നാട്ടിൽ നിന്നും ഈത്തപ്പഴങ്ങളും പവിഴങ്ങളും കച്ചവടത്തിനായി അവർ കൊണ്ടുവന്നു. കച്ചവടം ചെയ്തു തിരിച്ചു പോകുമ്പോൾ സുഗന്ധ ദ്രവ്യങ്ങളും, പലജന്യങ്ങളും, കറുത്ത പൊന്നും (കുരുമുളക്) ചിലപ്പോൾ കോഴിക്കോട്ടെ സുന്ദരികളെ കല്യാണം കഴിച്ചു് ഭാര്യമാരാക്കിയ ശേഷം അവരെയും അറബികൾ കൊണ്ടുപോയി. ചിലർ കല്യാണം കഴിച്ചു ഇവിടെ തന്നെ താൽക്കാലിക താമസക്കാരായി, ചില അറബികൾ കോഴിക്കോട്ടുകാരുമായി കച്ചവടത്തിൽ പങ്കാളികളായി.

അക്കാലത്തു കോഴിക്കോട്ടെ വലിയങ്ങാടി അറബികളുടേതു കൂടിയായിരുന്നു. വലിയങ്ങാടിയിലെ നീണ്ട മരബെഞ്ചിൽ വെളുത്ത ളോഹയിട്ട അറബികൾ ഗമയോടെ ഇരുന്നു കച്ചവടം ചെയ്യുന്നത് അക്കാലത്തെ വേറിട്ട കാഴ്ചയായിരുന്നു. അറബികളോടൊപ്പം വഴികാട്ടിയായി കോഴിക്കോട്ടെ ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറയിലെ “മിശ്കാൽ” പള്ളിയിൽ ഉപ്പയും പോകുമായിരുന്നു.

നാലുനിലകളിലായി പണിത ഈ പള്ളി ഏകദേശം 650 കൊല്ലങ്ങൾക്കുമുമ്പു കോഴിക്കോട്ടെത്തിയ “നിക്ഹുദാ മിശ്കാൽ” എന്ന അറബി കച്ചവടക്കാരൻ വിഭാവനം ചെയ്തതായിരുന്നു. അതുകൊണ്ടാണ് ചരിത്രത്തിൽ മിശ്കാൽ പള്ളി എന്ന് പേര് നൽകിയത്. പൂർണമായും മരവും കല്ലുംകൊണ്ടു പണിത പള്ളി ആദ്യം അഞ്ചു നിലകളായിരുന്നെങ്കിലും 1510-ലുണ്ടായ പോർച്ചുഗീസ് ആക്രമണത്തിൽ മേൽക്കൂരകൾ നശിപ്പിക്കപ്പെട്ടു. പിന്നീട് ഹിന്ദു രാജാവായ സോമേറിയനാണു പുതുക്കിപ്പണിതതു. മതസൗഹൃദത്തിന്റെ നിത്യസ്മാരകമായി മിശ്കാൽ പള്ളി ഇന്നും തലയെടുപ്പോടെ കുറ്റിച്ചിറയിൽ നിലനിൽക്കുന്നു.

സോമാലി സലീക്കയെ മലയാളികൾ “കുവെത്തി സലീക്ക” എന്നും വിളിക്കാറുണ്ട്. എമിഗ്രേഷനിലെ ഉയർന്ന ഉദ്യോഗസ്ഥാനായ സലീക്ക മലയാളികൾക്ക് പ്രിയപ്പെട്ടതായിമാറിയത് അദ്ദേഹത്തിന്റെ ലാളിത്യവും സൗമ്യമായ പെരുമാറ്റവും കൊണ്ടാണ്. എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചു. കുവൈറ്റിലെത്തുന്ന മലയാളികൾക്ക് സലീക്ക താങ്ങും തണലുമായി. അദ്ദേഹത്തിന് നാലു മക്കളായിരുന്നു, മൂന്നു പെണ്ണും ഒരാണും. അവരെ കല്യാണം കഴിച്ചതും മലയാളികളാണ്. അവർ ഇന്നും കുവൈറ്റിൽ ജീവിക്കുന്നു.

സലീക്കയുടെ ബാപ്പ കോഴിക്കോട് വന്ന കാലത്താണ് യൂസുഫ് സാഗർ എന്ന കുവൈറ്റിയും കച്ചവടത്തിനായി കോഴിക്കോട്ടെത്തുന്നത്. കുവൈറ്റിന്റെ അന്നത്തേയും ഇന്നത്തെയും ഭരണാധികാരികളായ സബാഹ് കുടുംബവുമായി അടുത്ത ബന്ധമുള്ള സാഗർ ഫാമിലി കുവൈറ്റിന്റെ ഭരണ സാരഥികളാവേണ്ടതായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പഴയകാലത്തെ രാജകീയ കുടുംബ തർക്കത്തിൽ വഴിമാറേണ്ടിവന്ന സാഗർ കുടുംബം ഇന്നും അവിടെ മഹിമയോടെയും പെരുമയോടെയും കഴിയുന്നു.

അധികാരകേന്ദ്രങ്ങളിൽ അവരുടെ സാന്നിധ്യം അവകാശത്തിന്റെകൂടി ഭാഗമായിരുന്നു. എനിക്കറിയുന്ന മറ്റൊരു ആഢ്യകുടുംബമാണ് അൽ-മർസൂഖ്. അവരും കോഴിക്കോടിന്റെ പൈതൃകത്തിൽ പങ്കാളികളാണ്. പിതാവിന്റെ ഓർമക്കായി ഇന്നും കോഴിക്കോടുള്ള മർസൂക് കോളേജ് കുവൈറ്റി കച്ചവടക്കാരുടെ ഓർമ്മകളിൽ കോർത്തിണനാക്കാനുള്ള ബന്ധങ്ങളാണ്. ഇവരിൽ പലരും പഠിച്ചത് മലബാർ ക്രിസ്ത്യൻ കോളേജിലാണ്. മർസൂക്കിന്റെ ഒരു പേരക്കുട്ടി എന്നോടൊപ്പം കുവൈറ്റ് എയർവൈസിൽ ജോലി ചെയ്തിരുന്നു. മറ്റൊരാൾ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.

ആധുനിക കുവൈറ്റിന്റെ ആട്ടുതൊട്ടിലിൽ സുഖശീതളിമയോടെ ജീവിക്കുമ്പോഴും കോഴിക്കോടൻ മണ്ണിന്റെ മണവും നിറവും അവരുടെ ജീവിത ശൈലിയിൽ പ്രകടമാണ്. മറ്റൊരു ആഢ്യ കുടുംബമാണ് അൽ-ബദർ, ഉപ്പയുടെ ആദ്യകാല ചങ്ങാതിമാരായിരുന്നു ആ കുടുംബം. ഞാനാദ്യം കയറിച്ചെന്നതും അൽ-ബദറിന്റെ കൊട്ടാര സമമായ വീട്ടിലാണ്.

കുവൈറ്റും കോഴിക്കോടുമായി നൂറ്റാണ്ടുകൾക്കുമുമ്പേ കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. കുവൈറ്റിന്റെ പഴയപേര് “കൂത്ത്” എന്നും കാലിക്കറ്റിനെ അറബികൾ “കാലിക്കോത്ത്” എന്നുമായിരുന്നു വിളിച്ചിരുന്നത്. “കൂത്ത്” എന്ന അറബിവാക്കിനർത്ഥം ഹട്ട് (കുടില്) എന്നാണ്. മുത്തുവാരലും മീൻപിടുത്തവും ജീവിതോപാധിയായ ഒരു ജനതയിൽ ഭാഗ്യ നക്ഷത്രമുദിക്കുന്നതു 1938-മുതലാണ്. അവരറിയാതെ അവരുടെ ഭൂമിക്കടിയിലൂടെ ഒഴുകിയിരുന്നത് ലോകത്തോട് മുഴുവൻ വിലപേശാൻ കെൽപുള്ള കറുത്ത എണ്ണയാണെന്ന് അവർ മനസ്സിലാക്കി. അതോടെ പഴയ മോസപ്പൊട്ടോമിയൻ സംസ്കാരത്തിന് അന്ത്യം കുറിച്ചു.

1946-ൽ ആദ്യത്തെ ക്രൂഡോയിൽ കപ്പൽ കുവൈറ്റ് തീരം വിട്ടതോടെ ലോക ഭൂപടത്തിൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റും ഉൾപ്പെട്ടു. എണ്ണകച്ചവടം ലോകത്തിലെ ഏറ്റവും ശക്തിയുള്ള വ്യവ്യസായമായി മാറിയതോടെ മിഡിൽ ഈസ്റ്റ് മേഖല സമ്പന്നതയിൽ ആനന്ദ നിർത്തമാടി, അതോടൊപ്പം അശാന്തിയും അവരോടൊപ്പം കിടന്നുറങ്ങി. സമാധാനത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞു കൂടിയവരായിരുന്നു കുവൈറ്റികൾ.

ഭൂമിക്കടിയിലൂടെ ഒഴുകുന്ന എണ്ണയുടെ ഉറവയിൽ അതിർത്തിരാജ്യമായ ഇറാഖിനുകൂടി പങ്കുണ്ടെന്ന നിരർത്ഥക വാദവുമായി ഇറാഖ് കുവൈറ്റിൽ അധിനിവേശം നടത്തിയത് ആധുനിക യുദ്ധ ചരിത്രത്തിലെ മറക്കാനാവാത്ത ഒരദ്ധ്യായമായി മാറി. ഒറ്റ രാത്രികൊണ്ട് ഒരു സമ്പന്ന രാജ്യം ദരിദ്രമാക്കുകയും ഭരണാധികാരികൾ അയൽരാജ്യത്തേക്കു ചേക്കേറേണ്ടിവന്നതും ഇന്നലെയുടെ ഭീകരകഥയായി മനുഷ്യരാശി എന്നും ഓർക്കും.

സലീക്കയുടെ സൽക്കാരത്തിൽ എം.ഇ.എസ് കുവൈറ്റ് ചാപ്റ്റർ:

എം.ഇ.എസ് പ്രസ്ഥാനത്തിന് കുവൈറ്റിലും ഗൾഫിലും തുടക്കം കുറിക്കാനായി അതിന്റെ അമരക്കാരായ ഡൊ: അബ്ദുൽ ഗഫൂറും ഡൊ: മുഹമ്മദ്കുട്ടിയും കുവൈറ്റിൽ എത്തിയപ്പോൾ അവർക്കു ആതിഥ്യമേകിയതും മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രഥമ രൂപീകരണ യോഗം ചർച്ച ചെയ്തതും സോമാലി സലിക്കയുടെ സാന്നിധ്യത്തിലായിരുന്നു. അനൗപചാരികമായി ഒരു യോഗം വിളിക്കാൻ മുൻകൈയെടുത്തത് അക്കാലത്തു കുവൈറ്റ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥാനായ കോഴിക്കോട്ടെ കുറ്റിച്ചിറക്കാരൻ സൈദ് ഹുസൈൻ ഐദീദായിരുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരായ കുറച്ചുപേർ മാത്രം ആ യോഗത്തിൽ സംബന്ധിച്ചു.

സോമാലി സാലീക്ക എന്ന ഏക മലയാളി കുവൈറ്റിയുടെ മധുരതരമായ സ്നേഹബന്ധം പിന്നീടുള്ള പ്രവർത്തനത്തിന് താങ്ങും തണലുമായിരുന്നു. മെമ്പർഷിപ് ക്യാമ്പയിനും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കാൻ വർഷങ്ങളെടുത്തെങ്കിലും തുടക്കകാരനിൽ ഒരാളാകാൻ സാലീക്ക എന്ന കുവൈറ്റി മലയാളി ഞങ്ങളോടൊപ്പമുണ്ടായിരുന്നു. കുവൈറ്റും കോഴിക്കോടും തമ്മിലുള്ള ബന്ധങ്ങൾ വേരറ്റു പോവാതിരിക്കാനും, രണ്ടു സംസകാരങ്ങളെ സമന്വയിപ്പിക്കാനും സ്നേഹസ്പർശിയായ സലീക്ക മരണം വരെ ശ്രമിച്ചിരുന്നു. (തുടരും).

ഹസ്സൻ തിക്കോടി 9747883300 mail: hassanbatha@gmail.com

×