Advertisment

നിസ്സഹായതകൾ പഠിപ്പിക്കുന്നത്……

author-image
admin
Aug 18, 2021 12:46 IST

-ഹസ്സൻ തിക്കോടി

Advertisment

publive-image

ഏഴര വയസ്സുള്ള എന്റെ കൊച്ചുമകളുടെ ചോദ്യം എന്നോടുമാത്രമല്ല ഈ ലോകത്തുള്ള മൊത്തം മനുഷ്യരോടാണ്. കസൃതി കലർന്ന പക്ഷെ നിരാശയും നിസ്സഹായതയും നിഴലിക്കുന്ന ആ വാക്കുകളിൽ അന്തർലീനമായ കുട്ടിയുടെ മനസ്സ് വായിച്ചെടുക്കനാവാത്ത നിസ്സഹായതയിലാണ് ഞാൻ.

“ബാപ്പാ…….ഓണപ്പരീക്ഷയും കഴിഞ്ഞു...ഇനി അപ്പോഴാ ഒന്ന് പുറത്തിറങ്ങുക...ഈ കൊറോണ എപ്പോഴാ തീരാ…..കഴിഞ്ഞകൊല്ലോം സ്കൂളിൽ പോയില്ല, ഇക്കൊല്ലോം സ്കൂൾ തുറന്നില്ല….എല്ലാം ഓൺലൈൻ...ഉമ്മ സാധനങ്ങൾ വാങ്ങിക്കുന്നതും, ഉപ്പ കച്ചോടം ചെയ്യുന്നതും, പെരുന്നാളിന് ഡ്രസ്സ് വാങ്ങിയതുപോലും ഓൺലൈനിൽ. ഇഷ്ടമുള്ളത് തെരെഞ്ഞടുക്കാനുള്ള അവസരം പോലും ഇല്ലാതാക്കിയ ഓൺലൈൻ….”

publive-image

മനുഷ്യൻ നിസ്സഹായനായികൊണ്ടിരിക്കയാണ്, അഥവാ ഭരണകൂടവും നമുക്ക് ചുറ്റുമുള്ള ലോകവും നമ്മെ നിസ്സഹായത പഠിപ്പിക്കുകയാണ്. മനശ്ശാസ്ത്രപരമായി പറഞ്ഞാൽ ഒരു തരം Learned helplessnessനു വിധേയരാവുകയാണ് നാമെല്ലാവരും. മനുഷ്യനിൽ നിസ്സഹായത എത്രത്തോളം എത്തിക്കാമെന്ന് ലോകത്തെ ആദ്യമായി അറിയിച്ചത് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ മാർട്ടിൻ ഇ.പി.സലീഗ്മൻ എന്ന മനഃശാസ്ത്രജ്ഞനാണ്.

publive-image

“ലേൻണ്ട് ഹെൽപ്ലെസ്സ്നെസ്സ്” എന്ന തത്വം ജീവിതത്തിന്റെ പല മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ സ്വഭാവത്തിലും അവനിലുണ്ടാവുന്ന നിരാശ, പ്രായാധിഖ്യം, ഗാർഹിക പ്രശനങ്ങൾ, ഭാര്യ-ഭർത്താ ബന്ധങ്ങൾ, അകൽച്ച, ഒളിച്ചോട്ടം, ദാരിദ്ര്യം, വിവേചനം, പേരന്റിംഗ്, തൊഴിൽ, വിദ്യാഭ്യാസത്തിലെ ഏറ്റക്കുറച്ചിലുകൾ, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗം, മതത്തിലെ അന്ധമായ ഇടപെടലുകൾ എന്നീ വ്യത്യസ്തകൾ മനുഷ്യനിൽ നിസ്സഹായത സൃഷ്ടിക്കുകയാണ്.

ഇപ്പോഴിതാ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയിൽ മനുഷ്യരെയെല്ലാം നിസ്സഹായതയുടെ നെല്ലിപ്പടിയിൽ എത്തിച്ചിരിക്കുന്നു. നഷ്ടങ്ങളുടെ നീണ്ട പട്ടികയാണ് പലർക്കും പറയാനുള്ള നിസ്സഹായതകൾ. തൊഴിൽ, വേതനം, കച്ചവടങ്ങൾ, സമയം, കൂടിച്ചേരലുകൾ, കൂട്ടപ്രാർത്ഥനകൾ, യാത്രകൾ അങ്ങനെ ജീവിതത്തിന്റെ സർവ മേഖലകളിലും നിസ്സഹായത്തമാത്രം.

ലോകം അനുഭവിച്ച ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ, പ്ലെഗ്, വസൂരി എന്നീ മഹാമാരിയുടെ പ്രഹരങ്ങൾ, ഫ്രാൻസിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഉണ്ടായ പട്ടിണികളും തുടർന്നുവന്ന പട്ടിണിമരണങ്ങളും, കാലാവസ്ഥ വ്യതിയാനത്തിലൂടെ വന്നുകൊണ്ടിരിക്കുന്ന അത്യുഷ്ണവും, അതിശൈത്യവും, കാട്ടുതീ, ഭൂകമ്പങ്ങൾ ഒപ്പം മനുഷ്യനിർമ്മിത യുദ്ധങ്ങളും അധിനിവേശങ്ങളും മനുഷ്യനെ അനുദിനം നിസ്സഹായനാക്കികൊണ്ടിരിന്നു.

ഇത്തരം നിസ്സഹായതകളിൽ നിന്ന് കരകയറാനായി മനുഷ്യൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും നിസ്സഹായത അവനെ കീഴടക്കുന്നു. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി മനുഷ്യൻ അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ്. മഹാമാരി പടർന്നുകൊണ്ടിരിക്കെ ലോക്ക്ഡൗൺ അല്ലാതെ ഭരണകൂടത്തിന്റെ മുമ്പിൽ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ചെറിയ ചെറിയ ഇടവേളകളിൽ രാജ്യങ്ങൾ അടച്ചുപൂട്ടി മനുഷ്യരെയെല്ലാം വീട്ടിലിരിക്കാൻ ശീലിപ്പിച്ചു.

ആ സ്വസ്ഥമായ ശീലം മുതലെടുത്തുകൊണ്ടു ഭരണകൂടങ്ങൾ മനുഷ്യനെ ഭയപ്പെടുത്തിയും, ആശങ്കപ്പെടുത്തിയും അനന്തമായി വീട്ടിലിരിക്കാൻ നിർബന്ധിക്കുന്ന അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരുന്നു. പണ്ടുമുതലേ ഭരണകൂടം “ലേൻണ്ട് ഹെൽപ്ലെസ്സ്നെസ്സ്” നമ്മിൽ പരീക്ഷിച്ചു പഠിപ്പിച്ചിരുന്നു. ചരിത്രത്തിൽ നിസ്സഹായതയുടെ പ്രകൃയകൾ പലതാണ്.

അനുസരണയോടെ എങ്ങനെ ക്യൂ നിൽക്കണമെന്ന് നമ്മെ ആദ്യം പഠിപ്പിച്ചത് നാട്ടിലെ നോട്ട് നിരോധനകാലത്തായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം പിൻവലിക്കാൻ പരിധികൾ നിശ്ചയിക്കുകയും അതിന്നായി നമ്മെ “ക്യൂ” നിൽക്കുന്ന ശീലം പഠിപ്പിക്കുകയും ചെയ്തു. അനുസരണയുള്ള പൗരനെ വാർത്തെടുക്കുക ഭരണകൂടത്തിന്റെ ആവശ്യമാണ്. ആ ശീലത്തിലൂടെ പൗരനെ ഭയപ്പെടുത്തി ഭരിക്കാനുള്ള അറിവ് ഭരണകൂടത്തിന് ലഭിച്ചു. പിന്നീടങ്ങോട്ട് ഭയപ്പെടുത്തലിന്റെ ഘോഷയാത്രയാണുണ്ടായത്.

കോവിഡ് ടെസ്റ്റിംഗിനും, വാക്സിൻ എടുക്കലിനും നാം ക്യൂ നിൽക്കാൻ നിർബന്ധിതരായി. മാസ്ക് ധരിക്കൽ, സാനിറ്റേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ് മുതലായ ശീലങ്ങൾ ഒരു കൊച്ചുകുട്ടിയെപോലെ നാമെല്ലാവരും പരിശീലിച്ചു തുടങ്ങിയിട്ട് ഒന്നരവർഷമായി.

യുദ്ധകാലത്തും മറ്റും കണ്ടുവരുന്ന ഒരു തരം ടൈനിംഗ്. ഗ്യാസ് ചെയ്മ്പറിലേക്കു ലക്ഷക്കണക്കിന് ജൂതന്മാരെ വരിവരിയായി നിർത്തിയ ഒരു ഭരണാധികാരിയെ നാമാരും മറന്നിട്ടില്ല. അവരെയൊക്കെ മരണത്തിന്റെ തീചൂളയിലേക്കാനയിക്കുകയാണെന്ന പൂർണ്ണബോധ്യം ഭരണാധികാരിക്കും അനുസരിക്കാത്ത പ്രജകൾക്കുമുണ്ടായിരുന്നു.

ഇന്നലെയുടെ വർത്തമാന കാലത്തു അഫ്ഗാനിസ്ഥാനിൽ നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ ക്യൂ പോലും നിൽക്കാതെ അതീവ സുരക്ഷയുള്ള എയർപോർട്ടിൽ മനുഷ്യർ രക്ഷപ്പെടാനായി കൂട്ടംകൂടിയതു മറ്റൊരു അനുസരണത്തിന്റെ ഭാഗമാണ്. ഇരുപതു വർഷമായി ഒരു രാജ്യം അവിടത്തെ മനുഷ്യരെ ഭയപ്പെടുത്തി പരിശീലിപ്പിക്കുകയായിരുന്നു. സ്വന്തം പൗരന്മാരെ ഭയപ്പെടുത്തി ശീലിപ്പിച്ചു ഒടുവിൽ ഭരണകൂടം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു കുട്ടിയായി അല്ലെങ്കിൽ ഒരു റോബോട്ടായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.

ലോകാരോഗ്യ സംഘടന കോവിഡ് കാലത്ത് നടത്തിയ പഠനത്തിൽ മനുഷ്യനിൽ വന്നുചേർന്ന “നിസ്സഹായതയെ” പ്രതിപാദിക്കുന്നുണ്ട്. Motivated helplessness in the context of the Covid-19 pandemic എന്ന ലേഖനത്തിൽ വളരെ വിശദമായിത്തന്നെ മനുഷ്യബന്ധങ്ങളിൽ വന്നുചേർന്ന വ്യതിയാനങ്ങളെ സമഗ്രമായി പറയുന്നു. ഇന്ത്യയിലുണ്ടായ ലോക്ക്ഡൗണും അതുണ്ടാക്കിയ സാമൂഹ്യവും സാമ്പത്തികവുമായ പിരിമുറുക്കങ്ങളും ഈ പഠനത്തിന്റെ ഭാഗമായത് സ്വാഭാവികം മാത്രം.

publive-image

കോവിഡ് കാലത്തുണ്ടായ ഈ “നിർമ്മിത നിസ്സഹായതാവസ്ഥ” നമ്മുടെ ജീവിത്തിന്റെ ഭാഗമായി മാറുകയാണ്. ഇസ്രായേലി എഴുത്തുകാരനും ഗ്രന്ഥ രചയിതാവുമായ “യുവാൽ നോഹ ഹരീരി” ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇരുപത്തൊന്നു പാഠങ്ങൾ എന്ന പുസ്തകത്തിൽ ഭരണകൂടത്തിന്റെ ഭാവിയിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും വളരെ ഭാഗിയായി വിവരിക്കുന്നുണ്ട്. അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു കാര്യം “ഭരണകൂടം അവരുടെ പൗരന്മാരെ നിരീക്ഷിക്കുകയാണെന്നതാണ്”. നാം എവിടെ പോകുന്നെന്നോ, നമ്മുടെ രാക്ഷ്ട്രീയം എന്താണെന്നോ, നാം എന്തുകാണുന്നു ആരോട് സംസാരിക്കുന്നു എന്നിത്യാദി കാര്യങ്ങൾ ഭരണകൂടം സാധാ നിരീക്ഷിക്കുന്ന പ്രക്രിയിലേക്കു കടന്നു കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് “പെഗാസസ്” ചാരവലയങ്ങൾ. ഇവിടെയും പൗരന്മാർ നിസ്സഹായരാണ്.

ഹസ്സൻ തിക്കോടി : 9747883300 email: hassanbatha@gmail.com

Advertisment