Advertisment

കൊറോണക്കാലത്തെ ഓണസ്മൃതി

author-image
admin
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

“ഗുരുപുണ്യമലയുടെ നെറുകയിൽ സായിപ്പിന്റെ വെളുത്തുനീണ്ട വിളക്കുകാൽ ആകാശത്തിന്റെ മോന്തായത്തിലേക്കു നീണ്ടു നിവർന്നു നിൽക്കുന്നു.” കടൽയാത്രക്കാർക്കു അപകട സൂചന നൽകുന്ന ഈ വിളക്കുകാൽ പണ്ടുമുതലേ അറിയപ്പെട്ടിരുന്നത് “തിക്കോടി ലൈറ്ഹൗസ്” എന്നാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തു അദ്ധ്യാപകർ കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുവന്നിരുന്നത് സായിപ്പിന്റെ ദീപസ്തംഭം കാണിക്കാനായിരുന്നു.

publive-image

(തിക്കോടി ലൈറ്റ്ഹൌസ്)

പൊയ്പ്പോയ കാലത്തിന്റെ സമത്വസുന്ദരമായ മധുരസ്മരണകൾ അയവിറക്കികൊണ്ടുള്ള അന്നത്തെ ഓണാഘോഷയാത്രകളിൽ കുട്ടികൾക്ക് ഹരംപിടിപ്പിക്കാനായി സായ്പ്പ് പണിത അത്ഭുത വിളക്കിന്റെ കഥയും പറഞ്ഞുകൊടുത്തിരുന്നു. ഏതോ യുഗസന്ധ്യയിൽ മനുഷ്യ മനസ്സിൽ രൂപം പ്രാപിച്ച ഒരു സങ്കൽപ്പ കഥയെക്കാൾ കുട്ടികൾക്ക് ഇഷ്ട്ടം മനുഷ്യ നിർമ്മിത വിളക്കുകാലിന്റെയും സായ്പ്പിന്റെയും ചരിത്രസത്യങ്ങൾ കേൾക്കാനായിരുന്നു.

ഓണവും ഓണസദ്യയും പോയകാലത്തിന്റെ ഓർമ്മക്കുറിപ്പായി മാറുകയാണോ? കഴിഞ്ഞ രണ്ടു വർഷമായി നാം ജീവിക്കുന്നത് കൊറോണയോടൊപ്പമായതിനാൽ പതിവുപോലെ ഓണസദ്യക്ക് ആരും ക്ഷണിക്കാറില്ല. ഒരിടവഴികൊണ്ടു വേർതിരിക്കുന്ന നാരായണി അമ്മയുടെ വീട്ടിലായിരുന്നു ചെറുപ്പത്തിൽ ഓണമുണ്ടിരുന്നത്. മിലിട്ടറിക്കാരനായ അച്യുതൻ നായരുടെ വരവ് പലപ്പോഴും ഓണനാളിലായതിനാൽ ഓണസദ്യ കെങ്കേമമായിരുന്നു. അവരുടെ കാലശേഷം മക്കളായ രുഗ്മനും പങ്കജാക്ഷിയും ഓണസദ്യ ഒരുക്കാറുണ്ടായിരുന്നു.

പിന്നീട് പ്രവാസജീവിതത്തിന്റെ ഇടവേളകളിൽ നാലോഅഞ്ചോ തവണ ഓണസദ്യ ഒരുക്കിയത് കൂടെ പഠിച്ച ദേവന്റെ വീട്ടിലായിരുന്നു. അവന്റെ സഹോദരി പ്രേമയും ഭർത്താവ് ഗംഗനും വടകരയിൽ നിന്നും തറവാട്ട് വീടായ തിക്കോടിയിൽ എത്തുക പതിവാണ്.

മരുഭൂമിയിലെ ഓണം:

മരുഭൂമിയിലായിരുന്ന കാലത്ത് ഓണം ഓർമ്മകളിൽ ഒതുക്കിയിരുന്നില്ല. ഫ്ളാറ്റിലെ അയൽവാസി വാസു-സുധർമ്മയും, രമയും-നായരും മാറി മാറി വിളിക്കും. രണ്ടാം ഓണത്തിന് തിരുവനന്തപുരത്തുകാരായ ഹരീഷ്-ഷീലയും ഹൃദ്യമായ ഓണസദ്യകൾ ഒരുക്കിയിരുന്നു. ഗൾഫിലെ ഓണവും ഓണസദ്യയും കേവലം രണ്ടുനാളിൽ ഒതുങ്ങാറില്ല, കാരണം ഓണത്തിന് അവിടെ അവധിയില്ലാത്തതിനാൽ ഒന്നൊന്നര മാസങ്ങളിലെ എല്ലാ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും മലയാളികൾ ഓണം കൊണ്ടാടുക പതിവാണ്.

publive-image

മാവേലിയുടെ പുരാവൃത്ത പുരാണങ്ങൾ ഐതിഹ്യഭരിതമായിരുന്നത് കൂടുതലും മരുഭൂമി ജീവിതത്തിലായിരുന്നു. ഓണനാളുകളിൽ ശുഭാപ്തി വിശ്വാസത്തിന്റെ ഐന്ദ്രജാലക സാന്നിധ്യമായി ഒരു പുരാവൃത്ത ചക്രവർത്തി ഇവിടത്തെ ഇന്ത്യൻ സ്കൂളുകളിൽ കയറിനടക്കുന്നത് ഗൾഫിൽ വളരുന്ന മലയാളി കുട്ടികൾക്ക് ഒരു വിസ്മയമായിരുന്നു.

publive-image

മുത്തശ്ശിക്കഥകൾ കേട്ട് ശീലമില്ലാത്ത അവരിൽ ഈ പ്രജാപതിയുടെ വരവേൽപ്പിന് ഏറെ പ്രത്യേകതകളുണ്ട്. ചില മലയാളി സംഘടനകൾ പൂക്കളമത്സരവും നടത്തിയിരുന്നു. വട്ടക്കളിയും തുമ്പിതുള്ളലും, കുമ്മിയടിസ പുലിതുള്ളലും , കൈകൊട്ടിക്കളിയും, തിരുവാതിരകളിയും അവധിദിവസമായ വെള്ളിയാഴ്ചകളിൽ ആഘോഷിക്കുമായിരുന്നു. ചിലപ്പോൾ ക്ഷണിതാക്കളായി അറബികളും ഓണപ്പരിപാടിയിൽ പങ്കെടുത്തു.

publive-image

ഇരുപതിലേറെ വിഭവങ്ങളുമായി ഇലയിൽ ചോറുവിളമ്പി രണ്ടും മൂന്നും പായസത്തോടെയുള്ള സദ്യകഴിക്കാനും അറബികൾ ഞങ്ങളോടൊപ്പം ഇരുന്നു. ഇലയിൽ വിളമ്പുന്നതിന്റെ മാഹാത്മ്യവും മാവേലിത്തമ്പുരാന്റെ ഐതിഹ്യവും അറബികൾക്ക് വിവരിച്ചുകൊടുത്തതൊക്കെ ഒരു പഴംകഥപോലെ ഇന്നും ഓർക്കുന്നു. സ്നേഹമസൃണമായ ആ നല്ലകാലത്തിന്റെ ഓർമ്മകൾ കൊറോണയെന്ന അതി സൂക്ഷ്മ ജീവി ഇല്ലാതാക്കിയതിന്റെ നൊമ്പരം പേറിയുള്ള ഈ കാലത്തിനു ഇനി എന്നാണൊരവസാനം ഉണ്ടാവുക?

തുടരുന്ന പ്രാർത്ഥനകൾ:

ഒരു പ്രവചനംപോലെ അല്ലെങ്കിൽ ഒരു നിമിത്തംപോലെ ഓരോ നൂറ്റാണ്ടിലും വന്നുചേരുന്ന മഹാമാരികൾ മനുഷ്യരെ അസ്വസ്ഥരാക്കാറുണ്ട്, പരശ്ശതം മനുഷ്യർ ഇയ്യാംപാറ്റകളെപോലെ അതിവേഗം മരിച്ചുവീഴാറുണ്ട്. അതൊക്കെ പ്രകൃതിയുടെ അലംഘനീയ പ്രതിഭാസമായി നാം നിസ്സാരവൽകരിച്ച് തള്ളിവിടാറുണ്ട്.

വായ്മൂടിക്കെട്ടിയും, അകലം പാലിച്ചും, കുടുംബ വീടുകളിൽപോലും പോവാനാവാത്ത ഒരു കാലത്തെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചിട്ടുണ്ടോ? ആരധനാലയങ്ങൾ അടച്ചിടുന്ന നാളുകളെ നാമാരെങ്കിലും വിഭാവനം ചെയ്തിരുന്നോ? ഓണവും പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാത്ത നാളുകൾ നമ്മളിൽ ഉണ്ടായിട്ടുണ്ടോ? വലുപ്പച്ചെറുപ്പമില്ലാതെ പണക്കാരനിലും പാമരനിലും ഒരുപോലെ പടർന്നുപിടിക്കുന്ന ഒരു വൈറസ് ലോകത്തെ കീഴടക്കി ഭരിക്കുമെന്ന് ഈ നൂറ്റാണ്ടിലെ മനുഷ്യർ ഓർത്തിട്ടുപോലുമുണ്ടാവില്ല. എന്നിട്ടും നാം അഹങ്കാരികളായി ജീവിക്കുന്നതെന്തുകൊണ്ട്???

ആധുനിക സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അഹങ്കരിച്ച മനുഷ്യനുമേൽ പ്രകൃതി അടിച്ചെൽപ്പിച്ച ഈ മഹാമാരിയിൽനിന്നുള്ള മോചനത്തിനായി ലോകം മുഴുവൻ പ്രാർത്ഥനയിലാണ്. അതിന്നിടയിൽ വെറുപ്പും വിദ്വേഷവും കൊലയും ചതിയും അസൂയയും അഹന്തയും കുതികാൽവെട്ടും രാക്ഷ്ട്രീയ വൈര്യവും വിട്ടുവീഴ്ചയില്ലായ്മയും മുമ്പെങ്ങുമില്ലാത്തത്ര അളവിൽ നിർബാധം നടന്നുകൊണ്ടിരിക്കുന്നു. “ഞങ്ങൾക്കൊന്നും മരണമില്ല, ഞങ്ങൾ ചിരംജീവികളാണെന്നു” ഉറക്കെ പറയുന്നവരാണ് നമ്മുടെ മുമ്പിൽ സ്വൈര്യജീവിതം നയിക്കുന്നവർ. ഭയം അവരെ ഭരിക്കുന്നില്ല, അവർ ഭയത്തെ ഭരിക്കുകയാണ്.

ഹസ്സൻ തിക്കോടി, 9747883300 email:hassanbatha@gmail.com

Advertisment