Advertisment

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

author-image
admin
Updated On
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

അറിഞ്ഞിരിക്കേണ്ട അറിയപ്പെടാത്തവർ (14)

ജന്മം കൊണ്ട് തനി മലയാളിയാണെങ്കിലും കർമ്മംകൊണ്ടും ജ്ഞാനം കൊണ്ടും ഒരു വിദേശിയായി സ്വീഡനിൽ ജീവിക്കുന്ന ഡോ: അബ്ദുല്ല എന്ന ശാത്രജ്ഞനെ ആരുമറന്നാലും മലയാളി മറക്കരുതായിരുന്നു. കാരണം നാഴികക്ക് നാൽപതുവട്ടം അനർഹർക്കുപോലും അവാർഡുകളും ആദരിക്കൽ ചടങ്ങും നടത്തുന്ന മലയാളിയുടെ കപട മനോഭാവം എന്തുകൊണ്ടോ ഒരു മലയാളി ശാസ്ത്രജ്ഞനെ പരിഗണിക്കാതിരുന്നത് മനഃപൂർവമായിരിക്കില്ല. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ വേദിയായ “യുനെസ്കോ” യിൽ വർഷങ്ങളൊളം അംബാസഡർ പദം അലങ്കരിച്ച ഇന്ത്യയടക്കം പത്തു രാജ്യങ്ങളിൽ Trace Element സംവിധാനം സ്ഥാപിച്ച വെളിയത്തുനാട്ടിലെ വേഴപ്പിള്ളി തറവാട്ടിലെ മലയാളിയെ മറന്നത് ഒരപരാധമല്ലെങ്കിൽ മറ്റെന്താണ്??

അറിയപ്പെടാനും അംഗീകരിക്കപ്പെടാനും അർഹതയുള്ളവർ നമ്മുടെ ഇടയിൽ ധാരാളമുണ്ടെങ്കിലും അവരൊന്നും അറിയപ്പെടാത്തവരായി നമുക്കിടയിൽ ജീവിക്കുന്നത് എന്തുകൊണ്ടാണ്? അംഗീകാരങ്ങളും ആദരവുകളും എന്തുകൊണ്ട് അവരെ തേടിയെത്തുന്നില്ല? അതോ അവാർഡുകൾക്കും അംഗീകാരങ്ങൾക്കും കൊടിയുടെ നിറവും മതത്തിന്റെ അതിർ വരമ്പുകളുമുണ്ടോ?.

ദൈവം അനുഗ്രഹിച്ചു നൽകിയ ഒട്ടേറെ കഴിവുകൾകൊണ്ടോ സ്വയം വളർത്തിയെടുത്ത പ്രവർത്തന മികവുകൾകൊണ്ടോ ജീവിതത്തിന്റെ അത്യുന്നതങ്ങളിൽ ചിലർ എത്തിപ്പെടുമെങ്കിലും സമൂഹം അവരെ വേണ്ടത്ര ആദരിക്കപ്പെടാതെപോവുന്നു. ദൈവം കനിഞ്ഞുനല്കിയ വിഞ്ജാനമെന്ന മാന്യതയിൽ ഒതുങ്ങിക്കഴിയാൻ ചിലർ നിർബന്ധിതരാവുന്നു. ആത്യന്തികമായി അവർ നേടിയ ശാസ്ത്ര വിജ്ഞാനം സമൂഹത്തിനു ഗുണകരമായി വർത്തിക്കാനാവാതെ എതോ ബന്ധനത്തിൽ പെട്ടുപോവുന്നു.

വിസിറ്റിംഗ് പ്രൊഫസർ:

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കുവൈറ്റിൽവെച്ചു പരിചയപ്പെട്ട സ്വീഡൻ സ്വദേശി, എന്നാൽ തനി മലയാളിയായ ഡോ: അബ്ദുള്ളയെകുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്. അദ്ദേത്തിന്റെ അനുജനും എന്റെ സഹപ്രവർത്തകനുമായ കുവൈറ്റ് എയർവെയ്സിലെ കാർഗോ മാർക്കറ്റിംഗ് ഏക്സ്പെർട് വി.എം.എ. സലാം യാദൃച്ഛികമായാണ് ഡോ: അബ്ദുള്ളയുടെ യാത്രാ ടിക്കറ്റിൽ ചില മാറ്റങ്ങൾ വേണമെന്ന് പറഞ്ഞുകൊണ്ട് എന്നെ ബന്ധപ്പെടുത്തുന്നത്.

കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസറായി സ്വീഡനിൽ നിന്നും കുവൈറ്റിലെത്തിയ അബ്ദുള്ളക്ക് ലോകാരോഗ്യ സംഘടനയുടെ മീറ്റിംഗിൽ പങ്കെടുക്കാനായി അമേരിക്കയിലേക്ക് ഉടനടി പോവണം. മിനിസ്ടറിയുടെ ജി.ആർ.കൊഡുള്ള ടിക്കറ്റുകൾ മാറ്റിയെഴുതുക സാധ്യമല്ലെങ്ങിലും ഒരു മഹത്വ്യക്തിയുടെ യാത്രാ മുടക്കരുതല്ലോ എന്നുകരുതി ഞാൻ ആ ടിക്കറ്റ് മാറ്റിയെഴുതികൊടുത്തു. എന്റെ അധികാര പരിധിക്കപ്പുറമായിരുന്നെങ്കിലും ഞാൻ ആ ഉത്തരവാദിത്വം ഏറ്റെടുത്തു.

publive-image

(സ്വീഡിഷ് പൗരനായ ഡോ: അബ്ദുല്ല)

അന്നുമുതൽ ഡോ: അബ്ദുള്ളയെ എന്റെ ഒരു കുടുംബ സുഹൃത്തായും സഹോദര തുല്യനായും സ്നേഹിച്ചു തുടങ്ങി. മറ്റൊരാളുമായി നമ്മൾ വൈകാരികമായി ബന്ധപ്പെടുമ്പോൾ നമുക്കിടയിൽ അദൃശ്യ ബന്ധങ്ങൾ ഉണ്ടാവുന്നു. വൈകാരിക ആശയ വിനിമയം സമയത്തിനും സ്ഥലത്തിനും അപ്പുറത്താണ്. കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസ്സറായി പലപ്പോഴും കുവൈറ്റിൽ വരാറുള്ള അബ്ദുള്ള താമസിച്ചിരുന്നത് യൂണിവേഴ്സിറ്റിയുടെ ഗസ്റ്റ് ഹൗസിലായിരുന്നെങ്കിലും അധിക ദിവസവും രാത്രി ഭക്ഷണം എന്റെ കുടുംബത്തോടൊപ്പമായിരുന്നു. തനി നടൻ ഭക്ഷണമായിരുന്നു അദ്ദേഹത്തിനിഷ്ടം. കപ്പയും മീൻകറിയും അരിപ്പത്തിരിയും കോഴിബിരിയാനിയും അദ്ദേഹത്തിനായി എന്റെ ഭാര്യ ഫാത്തിമ പ്രത്യേകം തയ്യാറാക്കികൊടുത്തു.

കുടുംബ പശ്ചാത്തലം :

ആലുവയ്ക്കടുത്ത പ്രകൃതിരമണീയമായ വെളിയത്ത്നാട്ടിലെ പ്രബലമായ വേഴപ്പിള്ളി തറവാട്ടിലാണ് അബ്ദുള്ളയുടെ കുടുംബ പരമ്പരകൾ. കൊല്ലവർഷം 1663-ൽ കൊച്ചിമഹാരാജാവിന്റെ അനന്തരാവകാശിയെ കിരീടംവെച്ചു വാഴിക്കുന്ന ചടങ്ങ് ദുരിതപൂർണ്ണമായ ആഭ്യന്തരയുദ്ധത്തിൽ കലാശിച്ചു. 1600-ൽ പോർച്ചുഗീസുകാർ കുഞ്ഞാലിമരക്കാരെ ചതിച്ചു കൊന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ കൊലോത്തരി രാജാവിന്റെ സദസ്സിലും പടയിലും അത്യുന്യസ്ഥാനങ്ങൾ വഹിച്ചുപോന്നു. കുഞ്ഞാലിമരക്കാരെ ചതിച്ചുകൊന്നതിന് പകരംവീട്ടാൻ തക്കം പാർത്തിരുന്ന അദ്ദേഹത്തിന്റെ പിൻതലമുറക്കാരായ നാല് സഹോദരന്മാർ കൊച്ചിരാജാവിനെ സഹായിക്കാനുള്ള അവസരം മുതലെടുക്കാൻ തീരുമാനിച്ചു.

പോർച്ചുഗീസുകാരെ തറപറ്റിക്കാൻ സഹായിച്ച ഈ നാൽവരെ തന്റെ സേനാനായകരായി കൊച്ചിമഹാരാജാവ് നിയമിക്കുകയും “നായനാർ” എന്ന പദവി നൽകുകയും ചെയ്തു. പിന്നീട് നായനാർ ലോപിച്ചു “നായ്ന” യായിത്തീർന്നു. ഈ നാൽവരിലൊരാളുടെ പൗത്രനായ കൊച്ചിയിൽ വലിയവേലിക്കകത്തു കുഞ്ഞാലിനൈന കൊച്ചിരാജാവിന്റെ സേനാനായകരിൽ ഒരാളായിരുന്നു. പിന്നീടദ്ദേഹം “അഞ്ചാംപരുത്തി” എന്നസ്ഥലത്തു താമസിച്ചു. കുഞ്ഞാലിനൈനയുടെ പൗത്രൻ കുഞ്ഞാലിനൈനയാണ് വെളിയത്തുനാട്ടിൽ വേഴപ്പിള്ളിപ്പറമ്പിൽ വലിയവീട്ടിൽ താമസമാക്കിയത്.

ചിലരാവട്ടെ പാനയിക്കുളത്തും താമസിച്ചു. വെളിയത്തുനാട്ടിന്റെ സർവ്വതോമുഖമായ പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകിയ ഒരു മഹത്തായ കുടുംബത്തിലെ കണ്ണിയാണ് ഡോ: അബ്ദുള്ളയും സഹോദരീ സഹോദരന്മാരായ പരേതൻ വി.എം.കാസ്സിം, പരേത ആയിഷ ബീവി, പരേതൻ അബ്ദുൽ ജബ്ബാർ, വി.എം.എ. സലാം, വി.എം.സഫിയ ബീവി, മറ്റൊരു സ്വീഡിഷുകാരനായ വി.എം. അബ്ദുൽ ലത്തീഫ് എന്നിവർ.

ഇവരുടെ പിതാവ് പരേതനായ വി.എം. മൗലവി മുസ്ലിം സമുദായത്തിന്റെ നോവോത്വാനത്തിനായി പ്രവർത്തിക്കുകയും സ്വന്തം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുത്തുകൊണ്ട് സമുദായത്തിന് മാതൃക കാണിച്ചുകൊടുത്ത മഹത് വ്യക്തിയായിരുന്നു. വലിയത്തുനാട്ടിൽ സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് വി.എം.മൗലവിയുടെ നേത്ര്യത്വത്തിലായിരുന്നു.

പിന്നീട് ആ മദ്രസ്സത്തുൽ “ഇമ്ദാദിയ” എം.ഐ എൽ.പി സ്കൂൾ ആയി നാമകരണം ചെയ്തുകൊണ്ട് സർക്കാരിനെ ഏൽപ്പിച്ചു. വലിയത്തുനാട്ടിലെ മുസ്ലിം സമൂഹത്തിനു ആദ്ധ്യാൽമികവും ഭൗതികവുമായ വിദ്യാഭ്യാസം നൽകുന്നതിൽ മഹത്തായ പങ്കു വഹിച്ച വി.എം.മൗലവി തന്റെ മക്കളിൽ ഒരാളായ അബ്ദുല്ലയെ ആയിരുന്നു ഫജ്ർ നമസ്കാരത്തിന്റെ “സുബഹ് ബാങ്ക്” വിളിക്കാനായി നിയോഗിച്ചത്. കാലത്തിന്റെ അവ്യക്തമായ ഒഴുക്കിൽ ആ അദ്ബുള്ള ഒരു ശാസ്ത്രഞ്ജനാവുകയും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തതോടെ പാശ്ചാത്യ ജീവിതവുമായി ഇണങ്ങിച്ചേരാൻ നിർബന്ധിതനായി.

ജീവിതയാത്രയിലെ വഴിതരണികൾ:

പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ആലുവയിലെ യു.സി. കോളേജിൽ നിന്നും പ്രീ-ഡിഗ്രി ഡിസ്റ്റിങ്ഷനോടെ പാസ്സായശേഷം ആരുമറിയാതെ അബ്ദുള്ള നാട്ടിൽനിന്നും അപ്രത്യ്ക്ഷനാവുകയായിരുന്നു. അക്കാലത്ത് കോളേജിലെ ഏറ്റവും മികച്ച ഹോക്കി കളിക്കാരൻ കൂടിയായിരുന്നു അബ്ദുള്ള. പരിഭാന്തരായ വീട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും ആർക്കും അബ്ദുള്ളയെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

അബ്ദുള്ള നേരെ വണ്ടികയറിയതു മദിരാശിയിലേക്കായിരുന്നു. കുറച്ചുനാൾ അവിടെ കഴിഞ്ഞശേഷം ബോംബയിലേക്ക് യാത്രയായ അബ്ദുള്ള ഒടുവിൽ കറാച്ചിയിൽ എത്തിയെങ്കിലും അവിടെ അധികനാൾ തങ്ങാനായില്ല. ഒടുവിൽ പാകിസ്താനിലെ ലാഹോറിൽ എത്തിയതോടെ യാത്രക്കൊരു അർദ്ധവിരാമമിടാൻ തീരുമാനിച്ചു.

ജീവിക്കാനായി കൊച്ചു കൊച്ചു ജോലികൾ ചെയ്ത അബ്ദുള്ളക്ക് മോഹങ്ങളും സ്വപ്നങ്ങളും ഏറെയായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഔന്യത്വത്തിലേക്കുള്ള പടവുകൾ കയറാൻ തന്നെ അബ്ദുള്ള തീരുമാനിച്ചുറപ്പിച്ച. പരസഹായത്തിനോ സാമ്പത്തിക കൈത്താങ്ങിനോ ആരുമുണ്ടായിരുന്നില്ല. തികച്ചും നിഗൂഢമായിരുന്നു അബ്ദുള്ളയുടെ യാത്രകളിലെ ഓരോ നാളുകളും. നാട്ടിലാവട്ടെ അബ്ദുള്ളയുടെ തിരോധാനം കുടുബത്തിലും ബന്ധുക്കളിലും ദു:ഖവും വിഷമവും ഉണ്ടാക്കിയിരുന്നു.

ലാഹോറിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി കോളജിൽ (പഴയ ക്രിസ്ത്യൻ കോളേജ്) ചേർന്ന് കെമിസ്റ്റട്രി മെയിൻ സബ്ജക്ട്ടിൽ ഒന്നാമനായത് അബ്ദുള്ളയുടെ മിടുക്കിന്റെയും ബുദ്ധിയുകൂർമ്മതയുടെയും മികച്ച ഉദാഹരണമായി. സ്ഥിരോത്സാഹവും ആത്മവിശ്വാസവും കൈവിടാതെ തന്റെ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമായത് ലാഹോറിൽ വെച്ചായിരുന്നു.

മിടുക്കനായ അബ്ദുള്ള ലാഹോറിലെ “ദ പാക്ക് എയിജ് ലിമിറ്റഡ്” എന്ന കമ്പനിയിൽ മാനേജരായി ജോലി ആരംഭച്ചെങ്കിലും മറ്റൊരു ഉയരത്തിലേക്കുള്ള പ്രയാണത്തിന്റെ ചവിട്ടുപടി മാത്രമായിരുന്നു ആ ജോലി. അതുകൊണ്ടു തന്നെ അധികനാൾ അവിടെ തുടർന്നില്ല.

അവിടെനിന്നും ജീവിതസഖിയെ കണ്ടെത്തിയെങ്കിലും ഉയരങ്ങളിൽ എത്തിച്ചേരാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തെ എത്തിച്ചത് കാനഡയിലെ ടോറോണ്ടോവിൽ “മേക് മാസ്റ്റർ” യൂണിവേഴ്സിറ്റിയിലായിരുന്നു.

“മേക്ക് മാസ്റ്ററിൽ” നിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത്. പിന്നീട് കുറച്ചുനാൾ റിസേർച് അസിസ്റ്റന്റായി (1969-ൽ) ജോലി ചെയ്തെങ്കിലും തന്റെ ജീവിതാഭിലാഷമായ “വൈദ്യം” പഠിക്കുക എന്ന ചിന്തയുമായി യു.കെ. യിലേക്ക് യാത്ര തിരിച്ചു. ലണ്ടനിൽ മെഡിക്കൽ പ്രവേശം കിട്ടിയ അബ്ദുള്ള ഒരു ഡോക്ടർ ആയ ശേഷം വീണ്ടും ഉയരങ്ങളിലേക്കുള്ള യാത്ര തുടർന്നു. അങ്ങനെ തുടർപഠനത്തിനായി 1974-ൽ സ്വീഡനിലെ “ലൗഡ്” യൂണിവേഴ്സിറ്റിയിൽ എത്തിയശേഷം അവിടുന്ന് ആദ്യം എം.ബി.എ.യും പിന്നീട് 1978-ൽ എം.ഡി.യും കരസ്ഥമാക്കി. പിന്നീട് അതെ യൂണിവേഴ്സറിയിൽത്തന്നെ 1985-ൽ പി.എച്ഡി യും എഴുതിയെടുത്തു.

അനുസ്യൂതമായ യാത്രക്കിടയിലും തുടർച്ചയായ ഉപരിപഠനത്തിനിടയിലും അബ്ദുള്ള തന്റെ പ്രാണസഖിയെ മറന്നില്ല. രണ്ടുപേരുടെയും ഉപബോധമനസ്സിൽ അവർ കല്യാണം കഴിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഉറച്ചു വിശ്വസിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാധ്യാപികയായ നസീമയെ സ്വീഡനിൽ വെച്ച് കല്യാണം കഴിച്ചു അവിടെ സ്ഥിരതാമസമാക്കി. അവർക്കു രണ്ട് കുട്ടികൾ പിറന്നു. നാദിയയും സബീനയും. കുട്ടികൾ രണ്ടുപേരും സ്വീഡിഷ് പൗരന്മാരെ കല്യാണം കഴിച്ചു. പക്ഷെ നസീമയുടെ അപ്രതീക്ഷിത മരണം അബ്ദുല്ലയെ ഇപ്പോൾ ഏകാന്തതയിലേക്കു തള്ളിവിട്ടു.

യു.കെ.യിലെത്തിയ ശേഷമാണ് അബ്ദുള്ള നാടുമായി ബന്ധം പുനഃസ്ഥാപിച്ചുതുടങ്ങിയത്. ഒരിക്കലും തിരിച്ചുവരില്ലെന്നു കരുതിയ മകനെ/സഹോദരനെ/നാട്ടുകാരനെ വീണ്ടുകിട്ടിയതോടെ വെളിയത്തുനാടും കുടുംബവും സന്തോഷിച്ചു. അപ്പോഴേക്കും മൂത്ത സഹോദരൻ വി.എം. കാസ്സിം ജർമനിയിലെ ഉപരിപഠനം കഴിഞ്ഞു സ്വന്തമായി ഫാർമസിക്യൂട്ടിക്കൽ കമ്പനിയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. മരുന്ന് ഉല്പാദന ഗവേഷണത്തിൽ മാത്രമായിരുന്നില്ല കാസിമിന്റെ ശ്രദ്ധ, അതിനപ്പുറം ഹൃദയാഘാതത്തിൽ മരിച്ചുവീഴുന്ന മനുഷ്യരെ രക്ഷിക്കുന്ന നൂതന സാങ്കേതിക സംവിധാനമായ “സ്റ്റണ്ട്” ഉൽപാദിപ്പിക്കുന്നതോടൊപ്പം ആഞ്ജിയോ പ്ലാസ്റ്റി ഇന്ത്യയിൽ സർവ്വസാധാരണമാക്കിയതിൽ മലയാളിയായ വി.എം.കാസ്സിമിനുള്ള പങ്ക് അവിതർക്കിതമാണ്.

publive-image

(ഡോ: അബ്ദുള്ള മൂത്ത സഹോദരൻ കാസിമിനോടൊപ്പം)

അബ്ദുള്ളയുടെ സ്വീഡനിലെ തിരക്കിട്ട ജീവിതത്തിലും പഠനം ഉപേക്ഷിച്ചില്ല. മനശാസ്ത്രത്തിൽ ബിരുദവും, “ജനറൽ മെഡിസിൻ ആൻഡ് പ്രൈമറി കെയറിൽ” ജോലി ചെയ്തു ഒപ്പം ക്ലിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷകനായി പ്രവർത്തിച്ചു. പിന്നീടുള്ള ആറുവർഷം ക്ലിനിക്കൽ ബയോകെമിസ്ട്രയിൽ അധ്യാപകനായി. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഗവേഷകരോടൊപ്പം യാത്ര ചെയ്ത ഡോ: അബ്ദുള്ള പാക്കിസ്ഥാനിലെ “ബാക്കി” യൂണിവേസിറ്റിയുടെ പ്രൊഫസറും അസോസിയേറ്റ് ഡീനുമായിരുന്നു.

സ്വീഡനിൽ ഉപരിപഠനത്തിനു പോയ കുവൈറ്റികളിൽ പലരും അബ്ദുല്ലയുടെ ശിഷ്യത്വം സ്വീകരിച്ചവരാണ്. അവരൊക്കെ എന്നും അദ്ദേഹത്തെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കണ്ടിരുന്നത്. ഡോ: അബ്ദുൽ ലത്തീഫ്-അൽബദർ, ഡോ:അബ്ദുല്ല അൽ-ബെഹ്ബഹാനി, ഡോ: ഹുസൈൻ അൽ-ദശ്തി, ഡോ: അബ്ദുല്ല അൽ-ഗരബല്ലി അവരിൽ ചിലർമാത്രം. ഇവരിൽ പലരും പി.എച്.ഡി എടുത്തതും അബ്ദുല്ലയുടെ കീഴിലായിരുന്നു.

സ്വീഡനിലെത്തിയപ്പോൾ ഡോ: അബ്ദുള്ളയോടൊപ്പം അവിടത്തെ വൃത്തിയും വെടിപ്പുമുള്ള തെരുവിലൂടെ സായാഹ്നകാഴ്ചകൾ കണ്ടു നടക്കവേ തൊട്ടടുത്ത ഒരു കോഫീഷോപ്പിൽ ഞങ്ങൾ കയറി. സ്വീഡൻകാർ കോഫീ പ്രിയരാണ്. അധികം തിരക്കില്ലാത്ത ആ മനോഹരമായ തെരുവുഷോപ്പിൽ ഞങ്ങൾക്കഭിമുഖമായി രണ്ടുമൂന്നു പേർ വന്നിരുന്നു കോഫീ ഓർഡർ ചെയ്തു. ഒരാണും രണ്ടു പെണ്ണുങ്ങളും.

publive-image

അവിടെ ഇരിക്കുന്നവർക്കോ വൈയ്റ്റർക്കോ യാതൊരു അസാധാരണത്വവും തോന്നിയില്ല. ആരും ആ വന്നിരുന്നവരെ ശ്രദ്ധിച്ചില്ല. അവർ കോഫിയും സ്നാക്സും ഓർഡർ ചെയ്തു. ഞങ്ങൾ കാപ്പികുടിച്ചിറങ്ങുമ്പോൾ ഡോ: അബ്ദുള്ള രഹസ്യമായി പറഞ്ഞു:

“നമുക്കഭിമുഖമായി ഇരുന്നവരെ ശ്രദ്ധിച്ചിരുന്നോ? അവരെ അറിയുമോ? ……..അതാണ് ഞങ്ങളുടെ പ്രധാനമന്ത്രി. കൂടെയുള്ളത് അദ്ദേഹത്തിന്റെ ഭാര്യയും മകളും……”

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി യാതൊരു ആരവങ്ങളും സുരക്ഷാപടകളും ഒന്നുമില്ലാതെ ഒരു സാധാരണക്കാരനെപോലെ കാറോടിച്ചുവന്ന് കോഫീഷോപ്പിൽ ഇരുന്ന് കോഫി കുടിക്കുന്നു. പണം കൊടുത്തശേഷം ഒരു മന്ദസ്മിത ഭാവത്തോടെ കൂളായി ഇറങ്ങിപ്പോവുന്നു. ഇത് ലോകത്തിലൊരിടത്തും സംഭവിക്കാത്തതാണ്. അതാണ് സ്വീഡൻ എന്ന അതിമനോഹരവും അതീവ സുരക്ഷയുള്ള രാജ്യം. അതാണ് അച്ചടക്കമുള്ള ഒരു ജനതയെ വാർത്തെടുത്താലുണ്ടാവുന്ന മേന്മകൾ. അതുകൊണ്ടല്ലേ സ്വീഡൻ എന്നും ലോകരാജ്യങ്ങളുടെ മുൻനിരയിൽ നിൽക്കുന്നത്. നൊബേൽ സമ്മാന വേദിയായും, ശാത്രീയ-സാംസ്കാരിക മഹിമകളുടെ നാടായും അറിയപ്പെടുന്നത്.

സ്കാന്റിനേവിയൻ മലമടക്കുകളുടെ താഴത്ത് പതിനാല് ഹിമപത ദ്വീപുകളിലായി ചിതറിക്കിടക്കുന്ന ഈ പ്രകൃതിരമണീയ താഴ്വരകൾ യൂറോപ്പിന്റെ സ്വർഗ്ഗം കൂടിയാണ്. തിങ്ങിനിറഞ്ഞ പച്ചക്കാടുകൾക്കിടയിലൂടെ 97,500 അരുവികൾ മന്ദം മന്ദം ഒഴുകികൊണ്ടിരിക്കുന്ന കാഴ്ചകൾ ഏതൊരാളിന്റെയും മനസ്സിൽ കുളിർമയുടെ ഓളങ്ങൾ ഇളക്കുമെന്ന കാര്യത്തിൽ സംശയമില്ല. മഞ്ഞപെയ്യുന്ന മാമലയിൽ നിന്നെത്തുന്ന പൂമഴകളാവട്ടെ ഏതോ മാന്ത്രികന്റെ മന്ത്രധ്വനിപോലെ ആ താഴ് വരകളെ ആനന്ദ നിർവൃതിയിലെത്തിക്കുന്നു.

സന്ദർശകരെ ആശ്ച്ചര്യപ്പെടുത്തുന്നതാണ് അവിടത്തെ “ഐസ്ഹോട്ടൽ”. മൈനസ് നാലു ഡിഗ്രി തണുപ്പിൽ കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഐസിൽ തീർത്ത ഫർണീച്ചറുകളും ഇതര കലാരൂപങ്ങളും അതിശയത്തിന്റെ മറ്റൊരുലോകമാണ്. അവിടെ കിടന്നുറങ്ങുന്നതാവട്ടെ തെർമൽബാഗിനുള്ളിലായിരിക്കും, അതിനുമീതെ കുറെയേറെ കമ്പിളികൾ പുതച്ചുവേണം തണുപ്പിനെ അകറ്റാൻ.

publive-image

(ഉയരം കുറഞ്ഞ കൊച്ചു വീടുകളാണ് സ്വീഡന്റെ പ്രത്യേകത)

തണുപ്പുള്ള വേനൽക്കാലമാവട്ടെ ഇരുപത്തിനാലു മണിക്കൂറും പകൽ വെളിച്ചത്തിലുമായിരിക്കും. “പാതിരാസൂര്യനെ” കാണുക മറ്റൊരു പ്രത്യേകതയാണ്.

“ആൽഫ്രഡ് ബർണാഡ് നൊബേലിന്റെ” സ്മരണാർത്ഥം നൽകുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും പുരസ്കാരത്തിന്റെ ആദ്യവേദി തലസ്ഥാനമായ സ്റ്റോക്ഹോം ആയിരുന്നു. പിന്നീടത് ഭൗതികശാസ്ത്രത്തിനും, രസതന്ത്രത്തിനും വൈദ്യശാത്രത്തിനും, സാഹിത്യത്തിനും സമാധാനത്തിനുമായി ഉയർത്തപ്പെട്ടു. ലോകത്തെവിടെയെങ്കിലും ഇത്തിരി സമാധാനവും സ്വൈര്യവും ശാന്തതയും അവശേഷിക്കുന്നെങ്കിൽ അതിന്ന് സ്വീഡനിൽ മാത്രമായിരിക്കും.

publive-image

(ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം നൽകുന്ന നൊബേൽ സമ്മാനം)

publive-image

അബ്ദുള്ളയുടെ ജീവിതപാതകൾ :

1990-93-വരെ ഡൽഹിയിലെ “ഹംദർദ്” യൂണിവേഴ്സിറ്റിയുടെ ചെയർമാനും പ്രൊഫസ്സറുമായി പ്രവർത്തിച്ചു. അതോടൊപ്പം ലോകാരോഗ്യ സംഘടനയിലും, FAO, UNESCO, IAEA എന്നിടങ്ങളിലെ സീനിയർ കൗൺസൾട്ടന്റു കൂടിയായിരുന്നു. UNESCO യുടെ കീഴിൽ Institute of trace Elements സ്ഥാപിച്ചത് ഡോ: അബ്ദുള്ള എന്ന മലയാളിയാണെന്നത് ഇന്ത്യക്കാർക്കും അതിലുപരി കേരളീയർക്കും അഭിമാനമായിരുന്നു. കൂടാതെ അത്തരമൊരു ലോകോത്തര പ്രസ്ഥാനത്തിന്റെ ആദ്യകാല സിക്രട്ടറി കൂടിയായിരുന്നു അദ്ബുള്ള. (Founding member and the first secretary of International Society of Trace Elements research (ISTERH).

publive-image

(ട്രൈസ് എലമെന്റ് പരീക്ഷണത്തിൽ)

UNESCO-യുടെ കീഴിൽ ഇന്ത്യ അടക്കം ലോകത്തിലെ പത്തു രാജ്യങ്ങളിൽ “ട്രേസ് എലമെന്റ്” സ്ഥാപിച്ചതും ഈ മലയാളിയാണ്. ഇന്ത്യ, ബ്രസീൽ, കെനിയ, പോർട്ടുഗൽ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇതിന്റെ സാന്നിധ്യമുണ്ട്. 300-ലധികം ശാത്രലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അവയിൽ പകുതിയിലധിവും വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനത്തിനായി ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്നു. ശാസ്ത്രഗവേഷണ ഗ്രന്ഥങ്ങൾ വേറെയും. കൂടാതെ നൂറിലധികം അന്താരാഷട്ര ശാസ്ത്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വിവിധ മേഖലകളിൽ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും സ്വീഡനിൽ ഗവേഷണത്തിലാണ്, മനുഷ്യനിലെ പ്രായാധിക്യം, കാൻസർ, മനുഷ്യനിലെ ഭക്ഷണ ശീലം (Human aging, Cancer, Human Nutrition ) എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുകളയും മരുന്നുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. WHO, UNESCO എന്നീ സ്ഥാപനങ്ങളുടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

publive-image

(WHO ആസ്ഥാനമന്ദിരം)

ജന്മംകൊണ്ട് തനി മലയാളിയാണെങ്കിലും കർമ്മം കൊണ്ടും ജ്ഞാനം കൊണ്ടും ഒരു വിദേശിയനായി സ്വീഡനിൽ ജീവിക്കുന്ന ഡോ: അബ്ദുള്ളയെന്ന ശാസ്ത്രജ്ഞനെ, വൈദ്യനെ, ഗവേഷകനെ ആര് മറന്നാലും മലയാളികൾ മറക്കരുതായിരുന്നു. കാരണം നാഴികക്ക് നാല്പതുവട്ടം അനർഹർക്കുപോലും അവാർഡുകയും ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിക്കുന്ന മലയാളിയുടെ കപട മനോഭാവം എന്തുകൊണ്ടോ വൈദ്യ ശാസ്ത്രത്തിന് മഹാസംഭാവനകൾ നേടിക്കൊടുത്ത ഒരു മലയാളിയെ തേടിയെത്തിയില്ല എന്നത് ഒരു അപരാധമായിരിക്കില്ല.

പക്ഷെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ വേദിയായ “യുനെസ്കോ” എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അംബാസഡറായി ആറു വർഷം ഒരു മലയാളി ഉണ്ടായിട്ടും ഇന്ത്യ അടക്കം പത്തുരാജ്യങ്ങളിൽ “ട്രേസ് എലമെന്റ്” സ്ഥാപിച്ച വെളിയത്തുനാട്ടിൽ വേഴപ്പിള്ളിപറമ്പിലെ അബ്ദുള്ളയെ മറന്നെങ്കിൽ അത് അക്ഷന്ത്യവ്യമായ അപരാധമല്ലേ?

അബ്ദള്ളയുടെ വേരുകൾ ഇന്നും വെളിയത്തുനാട്ടിൽ അവശേഷിക്കുന്നുണ്ട്. സഹോദരീ-സഹോദരന്മാരും ഇന്നും ഇന്ത്യക്കാരായി മലയാളിയായി ഇവിടെ ജീവിക്കുന്നു. തിരക്കിനിടയിൽ വന്നു ചേരുന്ന ചെറിയ ഇടവേളകളിൽ ജന്മം നൽകിയ നാട്ടിൽ അബ്ദുള്ള എത്താറുണ്ട്. പക്ഷെ അറിഞ്ഞിരിക്കേണ്ട അറിയപ്പെടാത്തവനായി അബ്ദുള്ളയുടെ സാന്നിധ്യം ഇന്നും മലയാളികൾക്കൊപ്പമുണ്ട്. (തുടരും)

ഹസ്സൻ തിക്കോടി P-9747883300 email: hassanbatha@gmail.com 24/08/2021.

Advertisment