/sathyam/media/post_attachments/Qt5dQSlCHFVN6tGHNRhz.jpg)
-ഹസ്സൻ തിക്കോടി
ഓപ്പറേഷൻ ഡിസേർട് എന്നപേരിൽ അറിയപ്പെട്ട രണ്ടാം ഗൾഫ് യുദ്ധത്തിന് ശേഷമാണ് തൃക്കോട്ടൂർ പെരുമയുടെ കഥാകാരൻ എന്റെ അഥിതിയായി കുവൈറ്റിൽ എത്തുന്നത്. ഞങ്ങളോടപ്പം താമസിച്ച ആ പത്തുദിവസങ്ങളിൽ പറഞ്ഞതിലധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ അനുഭവങ്ങളായിരുന്നു.
ഏഴുവയസ്സുകാരനെ തോളിലേറ്റി ഐരാവതി നദീതീരത്തുനിന്നും കാൽനടയായി കൊയിലാണ്ടിയിലേക്കു പാലായനംചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങൾ.
ഈ പാലായനത്തിന്റെ കഥകൾ അയവിറക്കാൻ കാരണമായത് ഇറാഖികൾ കുവൈറ്റിലേക്ക് അധിനിവേശം നടത്തിയതിനെ തുടർന്നുണ്ടായ യുദ്ധവും പിന്നീട് നില്‍ക്കക്കള്ളിയില്ലാതെ സ്വദേശീയരും വിദേശീയരും കുവൈറ്റിൽനിന്നും പലായനംചെയ്ത ആധുനിക രീതിയെക്കുറിച്ചുമായിരുന്നു. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
പതിനാലുദിവസം ഇറാഖികൾ എന്നെ ബന്ദിയാക്കിയശേഷം ആദ്യം അമ്മാൻവഴിയും, പിന്നീട് ബസറ, തക്രീത്, ബാഗ്ദാദ് വഴി തുർക്കിയുടെ മണ്ണിലൂടെ നാട്ടിലെത്തിയ എന്റെ പാലായനത്തിന്റെ അനുഭവങ്ങൾ പങ്കിട്ടുകയായിരുന്നു ഞങ്ങൾ കുവൈറ്റിലെ രാവുകളിലധികവും.
ഖാദർക്കയെ ആദ്യമായി കാണുന്നത് തിക്കോടിയിൽ വെച്ചായിരുന്നു. എന്റെ കല്യാണത്തിനുശേഷം ഒരുനാൾ തിക്കോടി ബസാറിലെ നാണുവൈദ്യരുടെ വൈദ്യശാലക്കുമുമ്പിൽ ബസ്സുകാത്തുനിൽക്കുകയായിരുന്നു ഞങ്ങൾ.
അവിടേക്കു പതിയെ നടന്നുവരുന്ന ഒരസാധാരണ മനുഷ്യനെ ഞാൻ ഏറെനേരം നോക്കിനിന്നു. പതിഞ്ഞമൂക്കും, ഇറുകിയകണ്ണുകളുമുള്ള ഒരു വെളുത്തമനുഷ്യൻ, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. തുണിയുടുത്ത ഒരു ബർമക്കാരനെ ആദ്യമായാണ് ഞാൻ കാണുന്നത്.
അന്ന് ഞങ്ങൾ ഒരേ ബസ്സിലാണ് കയറിയത്. അദ്ദേഹം കൊയിലാണ്ടിയിൽ ഇറങ്ങുംമുമ്പ് കൗതുകം മാറാതെ ഞാൻ അപരിചിതനായ ആ മനുഷ്യനെ പരിചയപ്പെട്ടു. വിനയത്തോടെ അതിലേറെ ഭവ്യതയോടെ ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
വീട്ടിലേക്കുവരാൻ ക്ഷണിച്ചു. പിന്നീട് പലപ്പോഴും ഞങ്ങൾകണ്ടുമുട്ടി. അദ്ദേഹത്തിന്റെ ബാപ്പയുടെ ജന്മസ്ഥലമായ കൊയിലാണ്ടിയിലെ ഉസ്സങ്ങന്റകത്തും എന്റെ ബാപ്പയുടെ തറവാടായ അമ്പക്കാന്റവിടവും അടുത്തടുത്തായിരുന്നു. ഖാദർക്ക താമസിച്ച അമേത്തുവീട്ടിലും ചെറുപ്പത്തിൽ ചട്ടിപ്പത്തിരിതിന്നാൻ ഞാൻ പോകാറുണ്ടായിരുന്നു.
തിക്കോടിയിലെ വൈദ്യന്മാരുടെ ചരിത്രങ്ങൾ പരസ്പരം പങ്കുവെച്ചു. തിക്കോടിയിലെ ആവിക്കലിൽ പൊങ്ങുന്ന അജ്ഞാതമൃതദേഹങ്ങളുടെ കാണാപ്പുറകഥകൾ വിവരിച്ചുതന്നു. ആദ്യമൊന്നും ഖാദർക്കയുടെ കഥളുടെയും കഥാപാത്രങ്ങളുടെയും പൊരുൾ എനിക്ക് മനസ്സിലായിരുന്നില്ല.
കാരണം മലയാളഭാഷയിൽ ഒരു വടക്കൻകഥാഖ്യാനരീതിയോട് പൊരുത്തപ്പെടാൻ ഇത്തിരി പ്രയാസമായിരുന്നു. മലബാറിന്റെ കഥകളാണേറെയും. മലബാറിലെ പ്രത്യേകിച്ച് വടക്കൻമലബാറിലെ വാക്കുകളും വചനങ്ങളും പ്രതിഭാശാലിയായ ഖറദാറിന് പക്ഷെ മറ്റാർക്കും അവകാശപ്പെടാനാവാത്ത സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാൻ അദ്ദേഹത്തിന്ക കഴിഞ്ഞു.
“കളിപ്പലകയുംകരുക്കളുംപണ്ടുള്ളവർഇട്ടേച്ചുപോയകോപ്പുകൾ. മെനിക്കണ്ടപ്പനായലഞ്ഞതോ, പൂർവികർചുവടുറപ്പിചങ്കംവെട്ടിയും, ചുരികചുഴറ്റിചവിട്ടിയുംചുവപ്പിച്ചകരളിമുറ്റങ്ങളിൽ, ദൈവക്കരുത്തുടയവീരന്മാരുടെ അഞ്ചടിപ്പാട്ടുകൾ മുഴങ്ങും ഗ്രാമപ്പച്ചപ്പുകളിലെ കാവുംകണ്ടങ്ങളിൽ തീണ്ടിനടന്നാളവാനും ആശിച്ചു.
ഉണ്മയുടെ ഊറ്റംകൂടി വാണുറയും തട്ടകം ഇവനെയണച്ചുപൂട്ടി. അതിനാലിവൻ എഴുതുന്നതെല്ലാം പണ്ടുപാണനാർ കൊട്ടിപ്പാടി പറഞ്ഞുപൊലിപ്പിച്ച പഴങ്കഥപ്പെരുമകൾ. ഇവന്റെ നിയോഗം ജന്മകർമ്മ സംയോഗം. ശിവോഹം.” യൂ.എ. ഖാദർ ഒരു നോവൽ സംഹാരത്തിന്റെ തുടക്കത്തിൽ കുറിച്ച വാക്കുകൾ.
“ ഇതാണ് ഖാദർക്കയുടെ ആഖ്യാനശൈലി. മലയാള സാഹിത്യത്തിൽ മറ്റാർക്കും അനുകരിക്കാനാവാത്ത സ്വയം തീർത്ത വടക്കൻമലബാറിലെ “ഖാദർശൈലി”.
വൈക്കം മുഹമ്മദ് ബഷീറിന് മാത്രമേ മലയാളഭാഷയിൽ “ബഷീറിയൻ” ശൈലി ഉണ്ടായിട്ടുള്ളൂ. എം.ടി.യും തകഴിയും, എം. മുകുന്ദനും വേറിട്ട മറ്റൊരു ശൈലിയുടെ ഉടമകളാണ്. പക്ഷെബഷീറും, ഖാദറും മറ്റാർക്കും അനുകരിക്കാനാവാത്തവിധം മലയാളസാഹിത്യത്തിൽ പടർന്നു പന്തലിച്ച ഉപമയില്ലാത്ത ശൈലിയുടെ വ്യക്തിത്വങ്ങളാണ്.
കുവൈറ്റിൽ ചെലവഴിച്ച പത്തുദിവസങ്ങളിൽ അദ്ദേഹം ഒരുപാട് സാഹിത്യ സദസ്സുകളിൽ പങ്കെടുത്തിരുന്നു. കുവൈറ്റിലെ “കല” യുടെ ആദരം ഏറ്റുവാങ്ങി. അധിനിവേശവും യുദ്ധവും മുറിവേൽപ്പിക്കപ്പെട്ട കുവൈറ്റിലൂടെ, മരുഭൂമിയുടെ പെരുമകൾ വിവരിച്ചുകൊണ്ട് ഞങ്ങൾ എന്നും ചുറ്റിക്കറങ്ങി.
യുദ്ധകാലത്തിന്റെ അവശിഷ്ടങ്ങൾ അതേപടിസൂക്ഷിച്ച, 600-ലധികം എണ്ണകിണറുകൾ കത്തിച്ച ചിത്രങ്ങൾ പതിപ്പിച്ച കുവൈറ്റ് ഓയിൽകമ്പനിയിലെ മ്യൂസിയത്തിൽ ഖാദർക്കയെ കൊണ്ടുപോയിരുന്നു.
കെ.ജി. ഓസിയുടെ അന്നത്തെ ചെയർമാനായ ഹാഷിം അൽ-രിഫായി അദ്ദേഹത്തിന് അവിടെ കുവൈറ്റിന്റെ പരമ്പരാഗത വിരുന്നൊരുക്കി സൽക്കരിച്ചു. കുഞ്ഞുമനസ്സിൽ പതിഞ്ഞ രണ്ടാംലോകമഹായുദ്ധത്തിന്റെ ഓർമ്മകൾ അദ്ദേഹം കണ്ട ചിത്രങ്ങളിൽ പതിഞ്ഞതായി പിന്നീട് എന്നോടു പറഞ്ഞു.
എല്ലായുദ്ധവും വേദനകളാണ്, കഷ്ടങ്ങളും വേർപാടുകളും യാതനകളുമാണ് മനുഷ്യരാശിക്ക് സമ്മാനിക്കുന്നത്. ഏഴാംവയസ്സിൽ ഒരു വലിയ യുദ്ധത്തെ നേരിൽ കണ്ട ഒരു കുട്ടിയുടെ ദീനരോദനങ്ങൾ എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖാദറിനെ പ്രസവിച്ച മൂന്നാംനാൾ അമ്മയായ മാമൈഥി മരിക്കുന്നു,
മുലപ്പാൽപോലും കടമായിരുന്നു, ഉമ്മയുടെ അനിയത്തിയുടെ തണലിലാണ് ഏഴുവയസ്സുവരെ ജീവിച്ചത്. ബർമ്മയിൽ ഘോരയുദ്ധം തുടങ്ങിയപ്പോൾ സ്വന്തം കുഞ്ഞിനെ തോളിലേറ്റി ഉടുതുണിക്ക് മറുതുണിയില്ലാതെ റംഗൂണിൽനിന്നും ഉസ്സങ്ങാന്റകത്തെ മൊയ്ദീൻകുട്ടി നടത്തംആരംഭിച്ചു. ലക്ഷ്യം മകനെ നാട്ടിൽ എത്തിക്കുകയായിരുന്നു.
കുവൈറ്റിൽ എന്നോടൊപ്പം ചെലവഴിച്ച നാളുകൾഹൃദ്യമായിരുന്നു. നാടോടിക്കഥകൾ പറയുന്ന ചാരുതിയോടെ അദ്ദേഹം ഒരുപാട് അനുഭവങ്ങൾ ഞാനുമായിപങ്കിട്ടു. കൊയിലാണ്ടിയിലെ എന്റെ കുട്ടിക്കാലവും, തിക്കോടിയിലെ ബാല്യകൗമാരവും, തൃക്കോട്ടൂർ തട്ടകവും, പറശ്ശിനിക്കടവുമുതൽ കോരപ്പുഴവരെയുള്ള നാട്ടുകാരുടെ സങ്കൽപ്പചരിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു.
കോവിഡ് കാലത്തു അമേരിക്കയിൽ അകപ്പെട്ടുപോയ എന്നെ അദ്ദേഹം ഓർത്തിരുന്നു. വാട്സാപ്പിലൂടെ അമേരിക്കയിലെ കോവിഡ് വിശേഷങ്ങളും എന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. “കോവിഡ് കാലത്തേ അമേരിക്കൻജീവിതം” എഴുതാനുള്ള പ്രേരകശക്തി ഖാദർക്കയായിരുന്നു.
എഴുത്തിലൂടെ അവിടത്തെ നിത്യസംഭവങ്ങൾ മലയാളികളെ അറിയിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചിരുന്നു. ഈ നവംബറിൽ ലിപി പ്രസിദ്ധീകരിച്ച “കോവിഡ് കാലത്തേ അമേരിക്കൻ ഓർമ്മകൾ” എന്ന പുസ്തകം അദ്ദേഹത്തിന്നൽകി അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു.
ഞാനും ഭാര്യ ഫാത്തിമയും “അക്ഷരം” വീട്ടിൽപോവാനും തീരുമാനിച്ചിരുന്നു. കൊറോണ കാലമായതുകൊണ്ടു അതും നീണ്ടുപോയി. തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ വൈകുന്നേരം മരണവാർത്ത കേൾക്കുന്നത്. ഒരു ജേഷ്ട്ട സഹോദരന്റെ വിയോഗംപോലെ മനസ്സ്അ സ്വസ്ഥമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us