Advertisment

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

author-image
admin
New Update

ഹസ്സൻ തിക്കോടി

Advertisment

publive-image

സോഫ്റ്റ് ലാൻഡിംഗ് @ തിരുവനന്തപുരം -12-

കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് ഗൾഫിലെ മലയാളി സംഘടനകൾ. അവരനുഭവിക്കുന്ന നൂറായിരം പ്രശ്നങ്ങളും പ്രയാസങ്ങളും കഷ്ടതകളും അഡ്രസ് ചെയ്യാൻ അവർക്കൊരോയൊരു മാർഗ്ഗമേയുള്ളൂ. “നിവേദനം” സമർപ്പിക്കുക. നാട്ടിൽനിന്ന് രാക്ഷ്ട്രീയ ലേബലുള്ള ആരുവന്നാലും അവരുടെ കൈയ്യിൽ ഒരു നിവേദനം കൊടുക്കാൻ ഗൾഫ് സംഘടനകൾ മറക്കാറില്ല. കാരണം അവരുടെ പ്രയാസങ്ങൾ അധികൃതരെ അറിയിക്കാനുള്ള അവസാനത്തെ അത്താണിയാണ് ഇത്തരം “നിവേദനങ്ങൾ”. നാട്ടിലെപോലെ സമരം ചെയ്തു കാര്യങ്ങൾ നേടിയെടുക്കാൻ ഗൾഫിലെ നിയമം അവരെ അനുവദിക്കുന്നില്ല.

അതുകൊണ്ടുതന്നെ ഓരോ നിവേദനത്തിലും ഊഷരതയിൽ ഉരുകുന്ന ഒരു പറ്റം പ്രവാസികളുടെ ജീവിതത്തിന്റെ സ്പന്ദങ്ങളുണ്ടാവും. പക്ഷെ,

നാളിതുവരെ ഏതെങ്കിലും പ്രവാസി സംഘടനകൾ നൽകിയ നിവേദനത്തിന് പൂർണ്ണരൂപത്തിൽ എന്തെങ്കിലും തീരുമാനങ്ങളോ, പരിഹാരമോ കണ്ടെത്തിയതായി എന്റെ അരപ്പതിറ്റാണ്ടു കാലത്തേ സാമൂഹ്യ പ്രവർത്തനത്തിൽ ഞാൻ കണ്ടിട്ടില്ല. അവരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമായിരുന്ന “വിമാന നിരക്കിലെ ക്രമാതീതമായ വർദ്ധന” പോലും അരനൂറ്റാണ്ടായിട്ടും പരിഹാര്യമാവാതെ അത്യുന്യതങ്ങളിൽ കിടക്കുന്നു.

രണ്ടാമത്തെ ഏറ്റവും കാതലായ പ്രശ്നം തങ്ങൾക്കു “വോട്ടവകാശം” അനുവദിച്ചു തരണം എന്നതായിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ സർക്കാരിനെ തീരുമാനിക്കുന്നത് വോട്ടുകളാണല്ലോ. അത് രേഖപ്പെടുത്താനാവാത്തതിന്റെ അമർഷങ്ങൾ ഉള്ളിലൊതുക്കികഴിയുകയാണ് ഓരോ ഇന്ത്യക്കാരനും. വിദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നീറുന്ന പ്രശനങ്ങളെ സർക്കാർ ലാഘവത്തോടെ തള്ളിക്കളയുന്നത് വോട്ടവകാശം ഇല്ലാത്തതുകൊണ്ടാണെന്ന് ന്യായമായും അവർ വിശ്വസിക്കുന്നു.

വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം നേടിയെടുക്കാനായി 1984 ഒക്ടോബറിൽ കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ അവതരിപ്പിച്ചത് “കുവൈറ്റ് മലയാളായി സമാജമായിരുന്നു.” സമാജത്തിന്റെ അന്നത്തെ ജനറൽ സിക്രട്ടറി തോമസ് മാത്യു നേരിട്ട് ഹൈക്കോടതിയിൽ ഹാജരായികൊണ്ടായിരുന്നു റിട്ട് ഫയൽ ചെയ്തത്. അക്കാലത്തെ കണക്കനുസരിച്ചു 137 രാജ്യങ്ങളിലായി 120 ലക്ഷം ഇന്ത്യക്കാർ വോട്ടില്ലാത്തവരായുണ്ട്. ജസ്റ്റിസ് പി.സി. ബാലകൃഷണമേനോന്റെ ഡിവിഷൻ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. എന്നാൽ ഇന്ന് എൻ.ആർ.ഐ.യും പി.ഐ.ഒ യും ചേർന്ന് 32 ദശലക്ഷം ഇന്ത്യക്കാരുണ്ട് വിദേശങ്ങളിൽ , എന്നിട്ടും ഇതേവരെ ഒന്നും നടന്നില്ല.

മലയാളികളുടെ ഐക്യവേദി:

ചെറുതും വലുതുമായ പതിനാറു സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തിയ ഗൾഫിലെ ആദ്യ സംരംഭമായിരുന്നു കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ (യൂ.എം.ഓ). ഗൾഫ് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടിത രൂപത്തിൽ സർക്കാരിൽ എത്തിക്കാനും, ഇവിടങ്ങളിൽ വിരുന്നു വരുന്നവരെ ഒറ്റവേദിയിൽ സ്വീകരിക്കാനും ഒറ്റ നിവേദനത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുമായിരുന്നു യു.എം.ഓയുടെ ശ്രമം.

1983-നു ശേഷമുള്ള സംഘടനാ പ്രവർത്തനത്തിൽ അതുകൊണ്ടുതന്നെ ഐക്യം രൂപപ്പെട്ടുകയും ഏകീകൃതമായ തീരുമാനങ്ങൾ അധികൃതരിൽ എത്തിക്കാനും കഴിഞ്ഞു. 1986-ൽ ഞാൻ ജനറൽ സിക്രട്ടറിയും ജെ.ആൽബർട്ട് ചെയർമാനുമായിരിക്കെ കുവൈറ്റിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ.ബി.ആർ. ഭഗത്തിനെ നേരിൽകണ്ടു സമർപ്പിച്ച നിവേദനത്തിൽ ഒമ്പതു കാര്യങ്ങൾ അക്കമിട്ടു പറഞ്ഞിരുന്നു. ഭാഗ്യംകൊണ്ടു പകുതി കാര്യങ്ങൾക്ക് താമസംവിനാ തീർപ്പ് കൽപ്പിക്കാൻ അദ്ദേഹത്തിന്റെ സന്ദർശനം വഴിയൊരുക്കി.

അനന്തപുരിയിലേക്ക് നേരിട്ട് പറന്നപ്പോൾ:

1977-ൽ കുവൈറ്റ് മലയാളി സമാജം രൂപീകൃതമായതോടെ ഉരുത്തിരിഞ്ഞ ആദ്യ ആശയമായിരുന്നു കുവൈറ്റിൽ നിന്നും അനന്തപുരിയിലേക്കു നേരിട്ട് പറക്കാനുള്ള ആഗ്രഹം. ഞാനടക്കമുള്ള അന്നത്തെ ഭാരവാഹികൾ “നിവേദനങ്ങൾ” സമർപ്പിക്കുകയും അധികൃതരെ നിരന്തരം പിന്തുടരുകയും ചെയ്തതിനാൽ 1978 സെപ്റ്റംബർ 17-നു മലയാളികളുടെ ചിരകാലാഭിലാഷത്തിനു ചിറകുമുളച്ചു. കുവൈറ്റ്-ബഹ്റൈൻ-തിരുവനന്തപുരം വിമാന സർവീസിനു എയർ ഇന്ത്യ പച്ചക്കൊടിക്കാട്ടി. ആഴ്ചയിൽ ഒരു സർവീസിലായിരുന്നു തുടക്കം. അന്ന്, പക്ഷെ കുവൈറ്റിൽ ഏകദേശം മുപ്പതിനായിരം മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നാടിന്റെ സർവ്വതോമുഖ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന മലയാളിയുടെ ഗൾഫ് യാത്രകൾ അടിക്കടി വർധിച്ചുകൊണ്ടിരുന്നു. തിരുവന്തപുരത്തിനുപുറമെ കോഴിക്കോടും നേരിട്ട് വിമാനമിറക്കണമെന്ന ആഗ്രഹശബ്ദം ഉയരാൻ തുടങ്ങി. അതോടൊപ്പം പതാകവാഹിനിയായ എയർ ഇന്ത്യയുടെ മെല്ലേപ്പോക്കു നയം തിരുവനന്തപുരത്തേക്ക് വിദേശ വിമാനകമ്പനികൾക്കുകൂടി അനുമതിവേണമെന്ന നിവേദനങ്ങൾ ഇന്ത്യൻ സിവിൽ ഏവിയേഷനിൽ തുരുതുരാ പോയിക്കൊണ്ടിരുന്നു.

കുവൈറ്റിന്റെ പതാകവാഹിനിയായ കുവൈറ്റ് എയർവേയ്സും കുവൈറ്റിൽ നിന്നും നേരിട്ടുള്ള യാത്രക്ക് ഒരുക്കങ്ങളാരംഭിച്ചു. പക്ഷെ, ഇന്ത്യൻ ബുറോക്രസിയിൽ നിന്നും അനുമതിപത്രം ലഭിക്കാൻ മൂന്നു വർഷങ്ങളെടുത്തു. അങ്ങനെ കുവൈറ്റ് എയർവെയ്സിന്റെ തിരുവനന്തപുരത്തേക്കുള്ള കന്നിയാത്രയുടെ പരിപാടികൾ തയ്യാറാക്കാൻ മാനേജ്മെന്റ് എന്നെ ചുമതലപ്പെടുത്തി.

മലയാളി ഇന്ത്യൻ അംബാസഡറോടൊപ്പം:

കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ മലയാളി അംബാസഡറായ ബി.എം.സി.നായരുടെ മനസ്സിൽ പറയാനായി ഒരുപാട് കഥകളുണ്ട്. മലയാളികളുടെ ഇഷ്ടകഥാപാത്രങ്ങളേ അവതരിപ്പിച്ച “കലികയും” “വേലൻ ചടയനും” എഴുതിയ ബി.എം.സി.യുടെ തട്ടകം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജായിരുന്നു. കൊച്ചിക്കാരനാണെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാനായി മത്സരിച്ചു ജയിച്ചതു അന്നത്തെ വലിയ സംഭവമായിരുന്നു. എതിർസ്ഥാനാർത്തി സി.വി. രാമൻപിള്ളയുടെ കൊച്ചുമകനെ തോൽപ്പിച്ചുകൊണ്ടായിരുന്നു ബി.എം.സി.നായരുടെ അരങ്ങേറ്റം.

അതിയായ സന്തോഷത്തോടും അതിലേറെ അഹങ്കാരത്തോടെയുമാണ് ബി.എം.സി.നായർ കുവൈറ്റ് എയർവെയ്സിന്റെ ക്ഷണം സ്വീകരിച്ചതും നാട്ടിലും കുവൈറ്റിലും കന്നിയാത്രയുടെ ഒരുക്കകങ്ങൾ ഏർപ്പാടുചെയ്യാൻ എന്നെ സഹായിച്ചതും. കുവൈറ്റിൽ നിന്നുള്ള ആദ്യയാത്രയിലെ വി.ഐ.പി യാത്രക്കാരുടെ ലിസ്റ്റ് ഞങ്ങൾ ഒരുമിച്ചാണ് തയ്യാറാക്കിയത്. അതേപോലെ വിമാനം തിരുവന്തപുരത്തു സ്വീകരിക്കുന്നതിന്റെയും.

അന്നത്തെ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒരു ദിവസം മുമ്പേ കുവൈറ്റിൽ എത്തിച്ചു കന്നിയാത്രയിൽ ഒപ്പം കൊണ്ടുപോവാനായിരുന്നു ആദ്യത്തെ പ്ലാൻ, പക്ഷെ അവസാന നിമിഷം പി.കെ.കെ. സാങ്കേതിക കാരണങ്ങളാൽ പിന്മാറി. പക്ഷെ വിമാനത്താവളത്തിൽ ആദ്യവിമാനത്തെ സ്വീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉണ്ടാവുമെന്ന് അംബാസഡർ എനിക്കുറപ്പുതന്നു. കൂടാതെ ഇന്ത്യയിലെ കുവൈറ്റ് അംബാസഡറും. കുവൈറ്റ് എയർവെയ്സിനെ പ്രതിനിതീകരിച്ചു് ഞാനും കൊമേഴ്സ്യൽ ഡയറക്റ്റർ ബറാക് അൽ-സബീഹും വി.ഐ.പി യായി അംബാസഡർ ബി.എം.സിയും ആദ്യ വിമാനത്തിലുണ്ടായിരുന്നു.

publive-image

(ഇടത്തുനിന്നു:ബറാക്ക് അൽ-സബീഹ്,അബ്ദുൽ റസാഖ് -അൽ-റസൂഖി,പി.കെ.കുഞ്ഞാലിക്കുട്ടി,ബി.എം.സി.നായർ, ഹസ്സൻ തിക്കോടി)

publive-image

(കുവൈറ്റ്-തിരുവനന്തപുരം ആദ്യ വിമാനം മുൻമുഖ്യമന്ത്രി എ.കെ.ആന്റണി സ്വീകരിക്കുന്നു. 1995 നവംബർ)

publive-image

(അംബാസഡർ ബി.എം.സി.നായർ തിരുവന്തപുരം എയർപോർട്ട് വേദിയിൽ പ്രസംഗിക്കുന്നു.1995 നവംബർ)

publive-image

(വലത്തുനിന്നു, കൊമേഴ്സ്യൽ ഡയറക്റ്റർ ബറാക് അൽ-സബീഹ്, ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ അബ്ദുൾറസാഖ് -അൽ-റസൂഖി പ്രസ്സ് ക്ലബ് മെമ്പർ,ലേഖകൻ ഹസ്സൻ തിക്കോടി)

publive-image

ആഴ്ചയിൽ മൂന്നു തവണയായി ആരംഭിച്ച (-ഞായർ,ചൊവ്വ, വെള്ളി-) സർവീസ് പിന്നീട് അഭൂതപൂർവമായ തിരക്കുകാരണം ഏഴ് ദിവസവും പറന്നു തുടങ്ങി. കന്നി സർവീസ് ആരംഭിക്കുന്നതിന്റെ തലേ ദിവസം ഫഹാഹീലിലെ കെ.എ.സി. ക്ലബ്ബിൽ സംഘടിപ്പിച്ച ഉൽഘാടന പരിപാടിയിൽ കുവൈറ്റിലെ എല്ലാ മലയാളി സംഘടനാ പ്രതിനിധികളും മലയാളി പൗരപ്രമുഖരും പത്രക്കാരും സംബന്ധിച്ചു. അംബാസഡർ ബി.എം.സി.നായർ കന്നിസർവീസിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടു പറഞ്ഞു:

“ഇൻഡോ-കേരളാ സൗഹൃദത്തിന്റെയും, ഗോഡ്സ് ഓൺ കൺട്രിയുടെ ടൂറിസ വികസനത്തിനും കുവൈറ്റ് എയർവെയ്സിന്റെ നേരിട്ടുള്ള വിമാന സർവീസ് ഒരു മുതൽക്കൂട്ടായിരിക്കും ...കുവൈറ്റ് വഴി വിദേശ വിനോദസഞ്ചാരികൾക്ക് ഇനിമുതൽ കേരളത്തിലേക്ക് നേരിട്ടെത്താൻ കഴിയുമെന്നതാണ് അതിലേറെ പ്രത്യകത…..”

publive-image

(ഇന്ത്യൻ വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിം കുവൈറ്റ് സന്ദർശിച്ചപ്പോൾ കുവൈറ്റ് എയർവെയ്സ് ചെയർമാൻ അഹമ്മദ് അൽ-മിഷാരിയോടൊപ്പം, കൂടെ ലേഖകൻ ഹസ്സൻ തിക്കോടി)

കൊച്ചിയിലേക്കും നേരിട്ട്‌ സർവീസ്:

ഇന്ത്യയിലെ ആദ്യ സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളം കൊച്ചിയിൽ പിറന്നതോടെ കുവൈറ്റ് എയർവെയ്സും പറക്കാനുള്ള താല്പര്യം അറിയിച്ചിരുന്നു. പക്ഷെ തുടക്കത്തിൽ രണ്ടു തടസ്സങ്ങൾ കാണിച്ചു അപേക്ഷ താമസിപ്പിക്കുകയായിരുന്നു ഇന്ത്യൻ അധികൃതർ. ഉഭയകക്ഷി കരാർ പ്രകാരം സീറ്റുകളുടെ ലഭ്യതക്കുറവായിരുന്നതാണ് ആദ്യകരണം, മറ്റൊന്ന് ബുറോക്രസിയുടെ പതിവ് ചട്ടങ്ങളിലുള്ള കടുംപിടുത്തവും.

എം.എ.യൂസഫലിയുടെ കുവൈറ്റ് സന്ദർശനം:

ആയ്യിടക്കാണ് കൊച്ചിൻ വിമാനത്താവളത്തിന്റെ മുഖ്യ ഓഹരി ഉടമയും ഡയറക്ടർ ബോഡ് അംഗവുമായ എം.എ. യൂസഫലി അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനമായ “ലുലു” ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ ആരംഭിക്കാനുള്ള പ്രാഥമിക ചർച്ചകൾക്കായി കുവൈറ്റിൽ വരുന്നത്. കൂടെ കുവൈറ്റിലേക്ക് നിയമിതനായ തിരൂർകാരൻ ഇസുദ്ദിനും ഉണ്ടായിരുന്നു. യുസഫ്അലി സാഹിബിനെ നേരിൽ കാണാനായി ഞാൻ അദ്ദേഹം താമസിച്ചിരുന്ന ഷെറാട്ടൺ ഹോട്ടലിൽപോയി. കേട്ടുമാത്രം പരിചയമുള്ള ഒരു വലിയ ബിസിനസ് ടൈകൂണിനെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. അദ്ദേഹം പങ്കാളിയായ കൊച്ചി എയർപ്പോർട്ടിൽ കുവൈറ്റ് എയർവെയ്സിന് “ലാൻഡിംഗ് റൈറ്റ്” കിട്ടാനുള്ള മാർഗ്ഗം ആരായുക മാത്രമായിരുന്നു ലക്ഷ്യം.

എന്നെ ഇസുദ്ദിൻ പരിചയപ്പെടുത്താൻ ശ്രമിച്ചതോടെ ഇടക്കുകയറി അദ്ദേഹം പറഞ്ഞു: “ഹസ്സൻ തിക്കോടിയെ എനിക്കറിയാം, ഞാൻ ഒരുപാടു വായിച്ചിട്ടുണ്ട്….” വളരെ സൗഹൃദമായിരുന്നു ആദ്യകൂടിക്കാഴ്ച. ഞാൻ പറഞ്ഞു: “അങ്ങ് അനുവദിക്കുകയാണെങ്കിൽ ഞാൻ നാളെ രാവിലെ എന്റെ കമേഴ്സ്യൽ ഡയറക്ടറുമായി വരാം, കൂടുതൽ കാര്യങ്ങൾ നമുക്ക് ചർച്ചചെയ്യാം….”

publive-image

(കുവൈറ്റ് ഭരണാധികാരി/അമീർ ഷെയ്ഖ് സാബാഹിനോടൊപ്പം എം.എ.യൂസഫ്അലി, ലുലു ഗ്രൂപ്പ് ചെയർമാൻ)

സഊദ് അൽ-മുഖൈസീമും ഞാനും രാവിലെ എട്ടുമണിക്കുതന്നെ ഷെറാട്ടണിൽ എത്തി. പ്രഭാത ഭക്ഷണം ഞങ്ങൾ ഒരുമിച്ചു കഴിക്കവേ യൂസഫലി പറഞ്ഞു:

“ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ ലാൻഡിംഗ് റൈറ്റ് ശെരിയാക്കാം, ഹസ്സൻ അടുത്തയാഴ്ച ഡൽഹിയിൽ എല്ലാ പേപ്പറുമായി വരണം, ഞാനവിടെ കാണും….ആർക്കും ഒന്നും കൊടുക്കണ്ട…ഇറ്റ് ഈസ് അവർ എയർപോർട്ട്….ഐ വിൽ മേനാജ് ടു ഗെറ്റ് യുവർ ട്രാഫിക് റൈറ്റ്സ് ...കൊച്ചി നീഡ്സ് മോർ ഫ്ലൈറ്റ്സ്……..”

ഇന്ത്യൻ ബുറോക്രസിയെ നന്നായി അറിയുന്ന യൂസഫലി സാഹിബ് അസന്ദിഗ്ദ്ധമായി കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഉറപ്പും വിമാനം കൊച്ചിയിലിറക്കുമെന്ന ആത്മവിശ്വാസവും ഞങ്ങളെ അത്ഭുതപ്പെടുത്തി. നേരെചൊവ്വേ കാര്യങ്ങൾ ചെയ്തു പരിചയമുള്ള ഞങ്ങളുടെ കൊമേർഷ്യൽ ഡയറക്റ്റർ വളരെ സന്തോഷവാനായിരുന്നു. തുടർനടപടിക്കായി എന്നെ അദ്ദേഹം അധികാരപ്പെടുത്തി.

കാര്യങ്ങൾ അതിവേഗത്തിൽ നടന്നു. 2002 മാർച്ചിൽ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. വ്യവസായ പ്രമുഖൻ യൂസഫലിയുടെ നിർണ്ണായക ഇടപെടലുകൾ മലയാളിക്ക് എന്നും അനുഗ്രഹമായിരുന്നു. ലോക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും, അറബികളുമായുള്ള ബന്ധങ്ങളും ഇന്ത്യൻ സമൂഹത്തിന് അറബികൾക്കിടയിലുണ്ടാക്കിയ മതിപ്പ് സീമകൾക്കതീതമാണ്.

പ്രവാസികളുടെ രക്ഷകനായും, സഹായിയായും ഈ നാട്ടികക്കാരൻ ഇന്ത്യക്കാരോടൊപ്പം, പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമായി എന്നും ഉണ്ടായിരുന്നു. മനുഷ്യനന്മയെ എന്നും ഉയർത്തിപ്പിടിക്കുന്ന, സഹജീവികൾക്ക് സഹായം ചെയ്യുന്ന മലയാളത്തിന്റെ വിശ്വപൗരനായി ഇന്ത്യക്കാർക്ക് താങ്ങും തണലുമായി എം.എ.യൂസഫലി എന്ന മഹത് വ്യക്തിത്വം ഇന്ത്യൻ സമൂഹത്തിനു വഴികാട്ടിയായി എന്നും ഉണ്ടാവട്ടെ. ചില ഇടപെടലുകൾ അനിവാര്യമാകുമ്പോൾ അത് വന്നുചേരുന്ന വഴികളും വ്യത്യസ്ഥമായിരിക്കും.

അങ്ങനെ കേരളത്തിൽ രണ്ടിടത്തായി സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കുവൈറ്റ് എയർവെയ്സിന് സാധിച്ചത് കുവൈറ്റ് മലയാളികളുടെ അഭിമാന നിമിഷങ്ങളായിമാറി. കൊച്ചിയുടെ മനോഹാരിതയും പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ “ഗോഡ്സ് ഓൺ കൺട്രി” കാണാനായി കുവൈറ്റികളുടെ ഒരു സംഘത്തെ പിന്നീട് കുവൈറ്റ് എയർവെയ്സ് അയച്ചിരുന്നു. കുവൈറ്റിലെ പ്രമുഖ അറബിക്ക് പത്രങ്ങളുടെ പത്രാധിപന്മാരും കുവൈറ്റ് ന്യൂസ് ഏജൻസിയുടെ തലവനും പ്രമുഖ കുവൈറ്റി വ്യവസായികളും അടങ്ങിയ സംഘത്തെ നയിച്ചത് കുവൈറ്റ് അമീറിന്റെ സഹോദരിയും മിനിസ്ട്രി ഓഫ് ഹയർ എഡ്യൂക്കേഷന്റെ അണ്ടർ സിക്രറട്ടറിയുമായ ഷെയ്ഖാ റഷാ അൽ-സബാഹായിരുന്നു. ഇൻഡോ-കുവൈറ്റ് സംഘടനയുടെ ചെയർമാൻ എസ്.എ. ലബ്ബയും കൂടെയുണ്ടായിരുന്നു.

publive-image

(ഷെയ്ഖാ റഷാ അൽ-സബാഹ്)

വൈവിധ്യമേറിയ പ്രകൃതിയാൽ സമ്പന്നമായ കേരളം കണ്ടുമടങ്ങിയവർ അവരുടെ പത്രങ്ങളിൽ കേരളത്തിന്റെ ചിത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അവരുടെ മനസ്സിനെ ആകർഷിച്ച കഥകളും അനുഭവങ്ങളും പൊടിപ്പും തൊങ്ങലും ചേർക്കാതെ എഴുതിയപ്പോൾ അത് കുവൈറ്റ്-കേരള ടൂറിസത്തിന്റെ സാദ്ധ്യതകൾ വർധിപ്പിച്ചു.

“ടൂറിസം ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോമഷൻ” എന്ന പുത്തൻ ആശയത്തിന് ഇവരുടെ ഒരാഴ്ച നീണ്ടുനിന്ന സന്ദർശനം വഴിയൊരുക്കി. ഡിജിറ്റൽ സംങ്കേതിക സഹായവും ആർട്ടിഫിഷ്യൽ ഇന്റെലിജന്സും കൈകോർത്തുകൊണ്ടു ടൂറിസം വികസനം എങ്ങനെ സാധ്യമാക്കാം എന്ന ആലോചനകൾ ഇനിയുള്ള നാളുകളിൽ കേരളത്തിനുണ്ടാവണം. രാജ്യാന്തര വിമാന സർവീസുകൾ വർധിക്കുന്നതോടെ ടൂറിസത്തിന്റെ അനന്ത സാധ്യതകളും വർധിക്കും. കേരളത്തെ ഒരു ടൂറിസം സൗഹൃദ നാടായി മാറ്റാൻ അതിർത്തികൾക്കപ്പുറത്തുനിന്നും ധാരാളം വിമാനങ്ങൾ പറന്നെത്താൻ കേരളം സർക്കാരും ടൂറിസം വിഭാഗവും പ്രവർത്തിച്ചാൽ മാത്രമേ ഇനിയുള്ള നാളുകളിൽ കേരളം വളരുകയുള്ളൂ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായമായ ടൂറിസത്തിന്റെ വാതായനങ്ങൾ കൊട്ടിയടക്കാൻ ആരെയും അനുവദിക്കരുത്.…….(തുടരും)

ഹസ്സൻ തിക്കോടി :phone:9747883300,email:hassanbatha@gmail.com

Advertisment