രചന

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

Tuesday, June 15, 2021

-ഹസ്സൻ തിക്കോടി

-4- ആടുജീവിതം അന്യമായ “ബദുക്കൾ”

ഇന്നത്തെ മരുഭൂമികൾ അറബിയുടേത് മാത്രമല്ല; അത് പലരുടേതുമായി വീതം വെച്ചിരിക്കുന്നു. മരുഭൂമിയുടെ ഹൃദയത്തുടിപ്പുകൾ ആസ്വദിക്കാനും മർമ്മരങ്ങൾ കണ്ടെത്താനുമായി യാത്ര ചെയ്ത സഞ്ചാരികൾ അറബികളുടെ ജീവിതം ഒപ്പിയെടുക്കാൻ ശ്രമിച്ചിtട്ടുണ്ട്. മൈക്കൾ വൂൾഫ് എഴുതിയ “ദ തൗസ്സന്റ് റോഡ് ടു മക്ക”യും മുഹമ്മദ് അസദിന്റെ “എ റോഡ് ടു മക്കയും” അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന മരുഭൂമിയുടെ നേർക്കാഴ്ചകൾ രേഖപ്പെടുത്തിയ കൃതികളാണ്. അതിലൂടെ പൗരാണിക അറബിയുടെ ജീവിതം മാലോകർ അറിയപ്പെട്ടു തുടങ്ങി.

മരുഭൂമിയുടെ യഥാർത്ഥ അവകാശികൾ അവിടത്തെ ബദുക്കളാണ്. അവരുടെ ലാളിത്യവും സത്യസന്തമായ ജീവിതവും ഇന്നവിടെയില്ല. ഒട്ടകപ്പുറത്തു യാത്രചെയ്ത, ആട്ടിനെ മേച്ചും മുത്തുവാരിയും മീൻപിടിച്ചും കച്ചവടം ചെയ്തും ജീവിച്ച അറബികളുടെ ചിത്രം ഇന്ന് അവിടങ്ങളിലെ മ്യൂസിയത്തിൽപോലും ഒരുപക്ഷെ കാണാൻ കഴിയില്ല. ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധത്തിൽ പഴയകാല മണൽക്കാട്ടിലെ അറബിയുടെ ചിത്രം ഇല്ലാതായിരിക്കുന്നു. ഭൂമിക്കടിയിൽ ഒളിച്ചിരുന്ന എണ്ണയുടെ അനുസ്യൂത പ്രവാഹത്തിൽ അതൊക്കെ ഞെരിഞ്ഞമർന്നുപോയി.

മരുഭൂമിയിലെ വസന്തകാലത്തിനു ഉണർവുണ്ടാവുന്നതു വിശാലമായ മണൽപ്പുറത്ത് “ഖൈമകൾ” ഉയരുമ്പോഴാണ്. മറ്റുചിലർ പ്രാന്തപ്രദേശങ്ങളിൽ പണിതുണ്ടാക്കിയ ഫാമുകളിലെ കൃഷിയിടങ്ങളിൽ പോയി അവധി ദിവസങ്ങൾ ചെലവഴിക്കുന്നു. ചെറുതും വലുതുമായ കുടുംബങ്ങൾ ദിവസങ്ങളും ആഴ്ചകളും മരുഭൂമിയിലെ ഖൈമകളിൽ താമസിക്കുക പതിവാണ്. താങ്കളുടെ പൂർവികന്മാരുടെ ജീവിത രീതികയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് മണൽക്കാട്ടിലെ താൽക്കാലിക താമസം.

(മരുഭൂമിയിൽ ഉയരുന്ന താൽക്കാലിക ഖൈമകൾ-ടെന്റ്-)

ബുധനാഴ്ച വൈകുന്നേരം ഒരിക്കൽക്കൂടി ഉപ്പ എന്നെ അൽ-ബദറിന്റെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ അന്ന് ദിവാനിയ ഉണ്ടായിരുന്നില്ല. അൽ-ബദറിന്റെ കുടുംബം ഏതോ യാത്രക്ക് തയ്യാറായിരുക്കുകയാണ്. ആണും പെണ്ണുംകൂടി പത്തിരുപതുപേർക്കാണും. വലിയ സഞ്ചികളിൽ ധാരാളം സാധനങ്ങൾ സുഡാനി വേലക്കാർ കാറിന്റെ ഡിക്കിൽ കുത്തിനിറച്ചു. മഗരിബ് നിസ്കാരം കഴിഞ്ഞതോടെ കാറുകൾ ഓരോന്നായി പുറപ്പെട്ടു. സീറ്റു ഒഴിവുനോക്കി ഒരുകാറിൽ ഉപ്പയും ഞാനും കയറാൻ അറബി ഉപ്പയോടായി പറഞ്ഞു. എന്തിനെന്നോ എവിടേക്കെന്നോ ഉപ്പ പറഞ്ഞില്ല. മറ്റാരോടെങ്കിലും ചോദിക്കാനുള്ള ഭാഷയോ ധൈര്യമോ പരിചയമോ എനിക്കില്ലായിരുന്നു. ഉപ്പയെ അനുസരിക്കുക മാത്രമാണ് വഴി.

അതിവേഗം പായുന്ന കാറുകൾ നഗരം വിട്ടതോടെ സ്ട്രീറ്റ് ലൈറ്റുകളും കറുത്ത റോഡും ഇല്ലാതായി. ഇരുവശവും പരന്നുകിടക്കുന്ന വിശാലമായ മരുഭൂമിയുടെ നടുവിൽ വെളുത്തപാതകൾ. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഉടയാടയില്ലാത്ത സുന്ദരിയുടെ അരക്കെട്ടുപോലെ മടക്കുകളായി തോന്നിയ പാതയുടെ നിംനോന്നതങ്ങളിൽ കാർ കയറിയിറങ്ങിയപ്പോൾ അസാധാരണമായ ഒച്ചപ്പാടുകളും കുലുക്കവും ഉള്ളതുപോലെ തോന്നി. കാറിലുള്ള അറബികൾ സന്തോഷത്തിന്റെ ആരവങ്ങളോടെ പാട്ടും വർത്തമാനവുമായി ആർത്തട്ടഹസിച്ചു. ഏകദേശം രണ്ടു മണിക്കൂർ ഓടിയശേഷമാണ് കാർ മരുഭൂമിയിലെവിടെയോ നിർത്തിയത്.

സുഡാനി വേലക്കാർ അതിവേഗം കാറിന്റെ ഡിക്കി തുറന്നു സാധനങ്ങൾ പുറത്തെടുത്തു. നിലാവിന്റെ കുളിർമയുള്ള രാത്രിയുടെ നിശബ്ദതയിൽ മരുഭൂമി വിജനമായിരുന്നു. മണൽപ്പരപ്പിൽ ചവിട്ടിയപ്പോൾ എന്റെ കാലുകൾ ആഴ്ന്നിറങ്ങുംപോലെ തോന്നി. അവിടെയുമിവിടെയും കുറ്റിച്ചെടികൾ. അറബികളോടൊപ്പം ഉപ്പയും സഹായിക്കാനെത്തി.

കൂടെയുള്ള പെണ്ണുങ്ങൾ എന്നെ അവരുടെ അരികിലേക്ക് വിളിച്ചു. അവർ എന്തൊക്കൊയോ കഴിക്കുന്നുണ്ടായിരുന്നു. കൊക്കോകോലയുടെ വലിയകുപ്പി പൊട്ടിച്ചു ഒരു ഗ്ലാസിൽ എനിക്ക് തന്നു. മധുര പലഹാരങ്ങൾ, കുബൂസ്, മറ്റു ജ്യൂസുകൾ എല്ലാം നിലത്തെ വിരിപ്പിൽ വെച്ചിരിക്കുന്നു. കാറിന്റെ ഹെഡ്ലൈറ്റ് അണച്ചിരുന്നില്ല. പൊടുന്നനെ സുഡാനി ജോലിക്കാർ മരുഭൂമിയിൽ രണ്ടുമൂന്നു “ഖൈമകൾ” കെട്ടി. ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി. വെളിച്ചമെത്തി. ഒരു വശത്തു അടുപ്പുകൾ കൂട്ടി. കൂടെ വന്ന പാചകക്കാരൻ ഭക്ഷണം പാകം ചെയ്തുതുടങ്ങി. സ്ത്രീകൾ മാത്രം ഒരു “ഖൈമയിൽ”, മറ്റുരണ്ടെണ്ണം ആണുങ്ങളുടേതും.

ഖൈമയിലെ അരണ്ട വെളിച്ചത്തിൽ പെണ്ണുങ്ങളും കുട്ടികളും പാട്ടും നൃത്തവും തുടങ്ങി. ആണുങ്ങളിൽ ചിലർ മരുഭൂമിയുടെ ഹൃദയത്തിൽ മലർന്നു കിടന്നു. ചിലർ പന്തുകളിയും മറ്റുള്ളവർ ശീട്ടുകളിയും തുടങ്ങി.

ഇതുപോലുള്ള ഖൈമകളും ഇത്തിരി വെട്ടങ്ങളും ദൂരെങ്ങളിൽ കാണാമായിരുന്നു. മരുഭൂമിയിൽ എവിടെവേണമെങ്കിലും ഇങ്ങനെ ഖൈമകൾ കെട്ടി പാർക്കാം. നഗരത്തിന്റെ ആധുനിക സൗകര്യങ്ങളിൽ നിന്നുള്ള മോചനം കൊതിക്കാത്ത അറബികളുണ്ടാവില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അയവിറക്കി രാവുംപകലും അവർ ഉൽസവ ലഹരിയിൽ മതിമറന്നാനന്ദിക്കുന്നു.

വേലക്കാരും പാചകക്കാരും അവരുടെ ജോലിയിൽ വ്യാപൃതരായി. ടെന്റുകളിലെ ആണും പെണ്ണും കുട്ടികളും മരുഭൂമിയിലൂടെ നടന്നകലുന്നത് കണ്ടു. കുട്ടികൾ ഓടിവന്നു അവരോടൊപ്പം പോവാൻ നിർബന്ധുച്ചു. ഉപ്പ അവിടെതന്നെ ഇരുന്നു. ഏറെ ദൂരം പോയതോടെ ശാന്തമായ കടൽ. തീരത്തെ ഉമ്മവെച്ചു മതിവരാതെ മടങ്ങുന്ന നേരിയ തിരമാലകൾ. ആർത്തിയോടെ ഉമ്മവെക്കാനായി തിരമാലകൾ വീണ്ടും വീണ്ടും വന്നും പോയുമിരുന്നു.

ആണും പെണ്ണും വെവ്വേറെയായി കടലിൽ കുളിക്കാനിറങ്ങി. എല്ലാവരും സ്വിമ്മിങ് ഡ്രസ്സ് കരുതിയിരുന്നു. ബിക്കിനിയിട്ട അറബി പെണ്ണുങ്ങളെ ഞാനാദ്യമായാണ് കാണുന്നത്. കറുത്ത പർദ്ദക്കുള്ളിൽ ഒളിപ്പിച്ച വെളുത്ത സൗന്ദര്യം പക്ഷെ മതിവരോളം കാണാനായില്ല. ഇരുട്ടിന്റെ നേർത്ത മറയിൽ കടലിന്റെ ആഴത്തിൽ മുങ്ങിത്താഴുന്ന ചെറിയ ഇടവേളകളിൽ പ്രത്യക്ഷമാവുന്ന ചെറിയൊരു മിന്നലാട്ടം. അറബിക്കുട്ടികൾ എന്നെ നിർബന്ധിച്ചു കടലിൽ ഇറക്കി. എനിക്ക് നീന്തലറിയാത്തതിനാൽ ഞാൻ ഓടിക്കയറി ഖൈമയിലേക്കു മടങ്ങി.

നേരം പാതിരാവ് കഴിഞ്ഞിരുന്നു അവരൊക്കെ ഖൈമയിലെത്താൻ. അപ്പോഴേക്കും വലിയ തളികയിൽ ചോറും വലിയ കഷ്ണങ്ങളുള്ള ആട്ടിറച്ചിയും തയ്യാറായിരുന്നു. ഓരോ ഖൈമയിലും വെവ്വേറെ തളികകൾ എത്തിച്ചു. എല്ലാവരും വട്ടമിട്ടിരുന്നു ഭക്ഷണം കഴിച്ചു. പിന്നെ മരുഭൂമിയിലെ മണ്ണിൽ വിരിപ്പുകൾ വിരിച്ചു കിടന്നുറങ്ങും. സൂര്യൻ ആകാശത്തിന്റെ ഉച്ചിയിലെത്തിയാലേ മറ്റൊരു ദിവസം ആരംഭിക്കുകയുള്ളൂ.

അറബികൾ വന്നവഴികൾ:

മധ്യഅറേബ്യായിലെ അനൈസാ ഗോത്രത്തിലെ ഒരുകൂട്ടം അറബികൾ മേച്ചിൽ സ്ഥലവും ശുദ്ധജലവും തേടി കടൽത്തീരത്തുകൂടെ സഞ്ചരിക്കവേ ഇന്നത്തെ കുവൈറ്റ് യൂണിവേസിറ്റി സ്ഥിതിചെയ്യുന്ന സ്ഥലത്തു ഖൈമകൾ അടിച്ചു താമസമാക്കി. ഇവർ അൽ-സബാ, അൽ-ഖലീഫാ,അൽ-സഊദ്, അൽ-ബദർ കുടുംബങ്ങളായിരുന്നു. ഏകദേശം 1710-ൽ അൽ-സഊദ് സൗദി അറേബ്യായിലേക്കും, അൽ-ഖലീഫ ബഹ്റൈനിലേക്കും പ്രയാണം ചെയ്തു. പിന്നീട് ഇവർ അവിടങ്ങളിലെ ഭരണാധികാരികളായിമാറി. അൽ-സബാഹ് കുവൈറ്റിൽ (അന്നത്തെ കൂത്ത്) സ്ഥിരതാമസമാക്കി. കുറെ കഴിഞ്ഞപ്പോൾ അൽ-ഗാനിം, അൽ-ഷെൽമാൻ, അൽ-സാലിഹ് എന്നീ കുടുംബങ്ങളും മധ്യഅറേബ്യായിൽ നിന്നും വന്നുചേർന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാതിയിൽ തുർക്കി ഗവർമെന്റിൽ നിന്നും ചെറിയ തോതിൽ ആക്രമങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നു. തങ്ങളെ സമാധാനത്തോടെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്നും വഴക്കിനും വക്കാണത്തിനും താങ്കൾ ഇല്ലെന്നും ബസറയിലുള്ള തുർക്കി സർക്കാരിന്റെ കാര്യാലയത്തിൽ നേരിൽ ചെന്നറിയിക്കുന്നതിനായി സാബഹ് കുടുംബത്തലവനെ സന്ദേശവാഹകനായി പറഞ്ഞയച്ചു. തികഞ്ഞ സംതൃപ്തിയോടെ ദൗത്യം നിർവഹിച്ചു തിരിച്ചെത്തിയ “അൽ-സബാഹ്” കുടുംബത്തലവനെ ആ ചെറു ജനതയുടെ അമീറായി നിശ്ചയിച്ചു. 1756-ലായിരുന്നു ഭരണാധികാരിയായുള്ള സ്ഥാനാരോഹണം. അന്നുതൊട്ടിന്നുവരെ കുവൈറ്റിന്റെ രാജ്യനിയന്ത്രണം അൽ-സബാഹ് വംശത്തിന്നായി.

ആടുജീവിതമില്ലാത്ത അറബികൾ:

ബദുക്കളുടെ പഴയകാല ജീവിതം ഇന്ന് പലർക്കും അന്യമാണ്. നാഗരികത നഗ്നതാണ്ഡവമാടുന്ന എണ്ണമയമുള്ള ദിനാറുകളുടെ നാട്ടിൽ ഇന്ന് ബദുക്കളില്ലന്നു തന്നെ പറയാം. പഴകി ദ്രവിച്ച മരത്തമ്പുകളിൽ കുടിലുകെട്ടി ജീവിച്ചിരുന്ന ആ അറബിയെ കാണാൻ ഞാൻ പലതവണ ശ്രമിച്ചിരുന്നു. ഉപ്പയോടൊപ്പവും, മറ്റു സൂഹൃത്തുക്കളോടൊപ്പവും ജഹറയിലും, അദാനിലും, മഗ്വായിലും പോയിരുന്നു.

ബെന്യാമിൻ ആടുജീവിതത്തിൽ അവതരിപ്പിച്ച കാട്ടറബികൾ ഇല്ലാതായിട്ട് നൂറ്റാണ്ടുകൾ കടന്നുപോയി. ആടുമേയ്ക്കാനുള്ള വിസകൾ ഒരുകാലത്തും അവിടങ്ങളിൽ നിന്നും കൊടുത്തിരുന്നില്ല. ഖാദിം, ഖദ്ദാമ, സായിഖ് എന്നീ വിസകളാണ് ഗാർഹിക ജോലിക്കായി അവിടങ്ങളിലെ പാസ്പോർട്ട് ഓഫീസ് നൽകിവരുന്നത്. ആടുമേയ്ക്കാൻ വിധിക്കപ്പെട്ട നജീബ് ഒരു അയഥാർത്യ കഥാപാത്രമായേ എനിക്ക് തോന്നിയിട്ടുള്ളൂ.

പഴയകാലത്തെ അറബികളുടെ ജീവിതം ലളിതവും സത്യസന്തത നിറഞ്ഞതുമായിരുന്നു. ഇസ്ലാമിന്റെ ആവിർഭാവം മുതൽ അറബികളിൽ “കാട്ടറബികൾ” എന്ന ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നില്ല. അന്നുതൊട്ടേ അടിമക്കച്ചവടവും ഇല്ലാതാക്കിയിരുന്നു. പിന്നെയെങ്ങനെ മസറയിലേക്ക് കൂട്ടത്തോടെ ആട്ടിത്തെളിക്കുന്ന നജീബിന്റെ ചിത്രം കാട്ടറബി ചെയ്തതായി കണക്കാക്കപ്പെടും.

അറബിയുടെ ക്രൂര ചിത്രം വരച്ചുകാട്ടുമ്പോൾ ബെന്യാമിൻ ഒന്നുകൂടി ഓർക്കണമായിരുന്നു ഗൾഫ് രാജ്യങ്ങളിലെ മലയാളി കുടുംബങ്ങളിൽ “ഹൌസ്മേഡ്” ആയി ജോലിചെയ്യുന്നവരിൽ നിന്നും കുട്ടികൾ അനുഭവിക്കുന്ന പീഡനം ഈ ആധുനികകാലത്തും നമുക്കപരിചിതമല്ലെന്ന കാര്യം. അതൊക്കെ ഒറ്റപ്പെട്ട സംഭവമായെടുത്തു നാം സമാധാനിക്കുന്നു. അറബികളിൽ നിന്നും പീഡനം അനുഭവിച്ച നജീബുമാർ ഒറ്റപ്പെട്ടവരായി മാത്രം കാണാനേ എനിക്ക് കഴിയൂ, കാരണം നജീബുമാരെ സൃഷ്ടിച്ചവരടക്കമുള്ള ഒരു വലിയ സമൂഹം അറബിയുടെ കാരുണ്യത്തിൽ വളർന്നു വലുതായവരാണെന്ന സത്യം മറക്കരുത്.

“ബദു” എന്ന പദപ്രയോഗം ഉണ്ടായതു മരുഭൂമി (Desert) എന്നർത്ഥം വരുന്ന “ബദിയ” എന്ന അറബി പദത്തിൽനിന്നാണ്. “ബദവി” എന്നുപറഞ്ഞാൽ മരുഭൂമി നിവാസികൾ എന്ന അർത്ഥത്തിൽ ഇവരെ “അഹലുൽ ബാദിയ’ എന്നും വിളിച്ചു. അപരിഷ്കൃത അറബി എന്ന അർത്ഥത്തിൽ ബദുവിൻ (Beduwin) അഥവാ (Nomads) എന്നും വിളിച്ചു പൊന്നു. നോമേഡ്സ് ഒരിക്കലും എവിടെയും സ്ഥിരമായി താമസിക്കാറില്ല, മരുഭൂമിയിൽ പലേടത്തും തമ്പുകൾ മാറിമാറി അടിച്ചു അലഞ്ഞുതിരിയുകയാണ് പതിവ്. കൂടെ ചെമ്മരിയാടുകളും ഒട്ടകങ്ങളും ഉണ്ടാവും.

മരുഭൂമിയിൽ ഇങ്ങനെ താമസിക്കുന്ന ഇവരുടെ ജീവിതം തികച്ചും അപരിക്ഷ്കൃതമാണ്. അവരുടെ ദിവസം ആരംഭക്കുന്നതു സുബഹ് ബാങ്ക് വിളിയോടെയാണ്. നിത്യേന കുളിക്കുകയൊന്നും ഇല്ല. പല്ലുതേക്കൽ പോലും മിസ്വാക്ക് ചെയ്യലാണ്. സൂര്യനുദിക്കുന്നതോടെ ഒരു പറ്റം ആടുമായി മരുപ്രാന്തങ്ങളിലേക്കു നീങ്ങുന്ന ഇവർ തിരിച്ചെത്തുന്നത് പല രാവുകൾക്കുശേഷമാണ്. ആടിനെ മേയ്ക്കലും ആട് കച്ചവടം ചെയ്യലുമാണ് ഇവരുടെ പ്രധാന തൊഴിൽ. ആടുകളെ മേയ്ക്കാൻ ആണും പെണ്ണും ഒരുമിച്ചു പോവാറുണ്ട്. കൂടെ രണ്ടോ മൂന്നോ കഴുതകളുമുണ്ടാവും. അത്യാവശ്യ ഭക്ഷണ സാധനങ്ങളും വെള്ളവും കഴുതപ്പുറത്തു കയറ്റിയാണ് ഇവരുടെ യാത്ര.

വീട്ടിലിരിക്കുന്ന സ്ത്രീകളാവട്ടെ കുടിൽ വ്യവസായ തല്പരരാണ്. ചെമ്മരി ആടിന്റെ രോമങ്ങൾ വെട്ടി പരുക്കൻ കമ്പിളികൾ ഉണ്ടാക്കും. തുണിത്തരങ്ങളും പർദ്ധകളും തുന്നൽ ഇവരുടെ കുലത്തൊഴിലാണ്. “സായാദാ” എന്ന് ബദുഭാഷയിൽ വിളിക്കുന്ന കൈത്തറിയന്ത്രം മിക്ക വീടുകളിലും ഉണ്ടാവും. കലാപരമായ രീതിയിൽ നെയ്തെടുക്കുന്ന ഇത്തരം വസ്ത്രങ്ങൾ ആകർഷങ്ങളായ ചായം മുക്കി “ബദു തെരുവിൽ” വിൽക്കുന്നു. വസ്ത്രങ്ങളിൽ കസവുനൂൽ കൊണ്ട് ചിത്രപ്പണികൾ ചെയ്യുക ഇവരുടെ മറ്റൊരു കലാപരമായ തൊഴിലാണ്.

ബദുക്കളായ അറബികളെല്ലാം കുവൈറ്റികളല്ല. ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. ഇവരുടെ ജീവിത രീതികൾ വ്യത്യസ്തമാണ്. ബദുക്കളെല്ലാം മുസ്ലിംകളാണെങ്കിലും അവരുടെ ആരാധനാരീതിയും വ്യത്യസ്തമാണ്. ഷിയാ സുന്നി മതവിഭാഗക്കാരുമുണ്ട്. പലരും നിരക്ഷരരാണ്. അറബി പാടുഭാഷയിണിവർ സംസാരിക്കുക.

“മഗ്വാ”യിലുള്ള ഒരു ബദുവിന്റെ വീട്ടിൽ ഒരിക്കൽ ഞാൻ പോയിരുന്നു. “അഹ്ലം വസഹ്ലൻ” (welcome) എന്ന ഉപചാരങ്ങളോടെയാണ് സ്വീകരിച്ചാനയിച്ചതു. മരംകൊണ്ടുണ്ടാക്കിയ ചെറിയ മുറി കടും ചുമപ്പിലുള്ള കാർപെറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്ത്രീകൾ അകത്തെ മുറിയിൽ പ്രത്യേക ഇരിപ്പാടത്തിലാണിരിക്കുക. ഈ ചെറിയ കുടിലിനെ “ബൈത്തുൽ ഷാർ” എന്നാണ് വിളിക്കുക. ഈ മുറി അവരുടെ ദിവാനിയ ആയും ഉപയോഗിക്കും. “ഹുക്ക”വലിക്കുന്ന അറബികൾ അന്നും ഇന്നും ധാരാളമായുണ്ട്. സിഗരറ്റും ബീഡിയും വലിക്കുന്ന ലാഘവത്തോടെയാണ് ഹുക്കവലികൾ.

(ഹുക്ക വലിക്കുന്ന അറബി)

ചായയും, ഗഹ്വായും തീക്കനലിൽ ചൂടാക്കാനായി വെച്ചിരിക്കുന്ന. നമ്മൾ സ്വയം ചായ പകർന്നു കുടിക്കണം. വേലക്കാരില്ലന്നതാണ് ബദുക്കളുടെ പ്രത്യകത. വെളിച്ചം കടന്നു വരാനായി ജനലുകൾ ഒട്ടും ഇല്ലാത്ത ഈ കുടിലിൽ മരത്തിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കാറ്റും വെളിച്ചവും മടിച്ചു മടിച്ചാണ് അക്കത്തെത്തുക. പൊടിക്കാറ്റിൽ നിന്നും കൊടും തണുപ്പിൽനിന്നും രക്ഷ നേടാനാണ് ജനലുകൾ വെക്കാതിരിക്കുന്നതു.

മിക്ക കുടിലുകൾക്കു പുറത്തും ചുകന്ന അമേരിക്കൻ നിർമിത കാർ നിർത്തിയിരിക്കുന്നതു കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി. മരംകൊണ്ടുണ്ടാക്കിയ കൊച്ചു കുടിലിനു പുറത്തു വലിയ ഫോർഡ്/ഇമ്പലാ കാറുകൾ. ഇതൊരു വിരോധാഭാസമല്ല. ബദുക്കൾ ഓടിക്കുന്ന ടാക്സിയാണത്. ഉപജീവനത്തിനായി മറ്റൊന്നും ചെയ്യാനറിയാത്തവർക്കു സർക്കാർ നൽകുന്ന ആനുകൂല്യം.

വിവാഹ സമ്പ്രദായത്തിലും വ്യത്യാസമുണ്ട്. കൂട്ടുകുടുംബ വിവാഹസംബ്രദായമാണ് അഭികാമ്യം. വധൂവരന്മാരുടെ രക്ഷിതാക്കളാണ് വിവാഹം നിശ്ചയിക്കുക. കുട്ടികളെ തമ്മിൽ കാണാൻ അനുവദിക്കും. രണ്ടുപേർക്കും ഇഷ്ട്ടപ്പെട്ടാൽ നിശ്ചയിക്കുന്ന ദിവസം മരുഭൂമിയിൽ ടെന്റുകൾ ഉയരും. പുരുഷനാണ് സ്ത്രീക്ക് വിവാഹ മൂല്യം കൊടുക്കേണ്ടത്. ഖൈമക്കു പുറത്തു ഒന്നോരണ്ടോ ഒട്ടകകങ്ങളെ അറക്കും, വലിയ തളികയിൽ ചോറും. ക്ഷണിക്കപ്പെട്ട കൂട്ടുകുടുംബങ്ങൾ, സ്നേഹിതന്മാർ മാത്രം ചടങ്ങിൽ പങ്കുചേരും. മതവിധി പ്രകാരം വരനും വധുവിന്റെ പിതാവും ചേർന്നാണ് ചടങ്ങ്. സ്ത്രീകൾ ദൂരെ കാഴ്ചക്കാരായിരിക്കും.

അന്നുരാത്രി വധൂവരന്മാർ ഒരുമിച്ചു താമസിക്കണം. പിറ്റേന്ന് കാലത്തു കട്ടിലിൽ വിരിച്ച വെളുത്ത വിരിപ്പ് പുറത്തു തൂക്കിയിടണം. അതിൽ രക്തതുള്ളികളുടെ അടയാളം ഉണ്ടാവുക വിവാഹം സാധൂകരണത്തിന്റെ സാക്ഷ്യമായിമാറുന്നു. ആ പുടവ ജീവിതകാലം മുഴുവൻ സൂക്ഷിക്കുക അവരുടെ പതിവാണ്. ഇതൊക്കെ പഴയ ആചാരങ്ങൾ. ഇന്നതൊക്കെ കലഹരണപ്പെട്ടുപോയി.

ബദുക്കളെ നാഗരിക ജീവിതത്തിന്റെ ഭാഗമാക്കാൻ ഗവർമെന്റ് മെഷിനറീസ് ധാരാളം പ്രവർത്തിച്ചു. അവരുടെ കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകി. വയോജങ്ങൾക്കു സായാന്ഹ സ്കൂളിൽ പോയി പഠിക്കാനും പ്രായമായ സ്ത്രീകൾക്ക് പ്രത്യക പഠന സൗകര്യവും നൽകി അവരെ അക്ഷരലോകത്തിലേക്കെത്തിക്കുക സർക്കാരിന്റെ ബാധ്യതയായി ഏറ്റെടുത്തു. എണ്ണയുഗപിറവിയോടെ അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ഭരണീയരുടെ ആവശ്യവും പൗരന്റെ അവകാശവുമായി കരുതി. മരുഭൂമിയുടെയും എണ്ണയുടെയും യഥാർത്ഥ അവകാശികളെ ഭരണകൂടം മറന്നില്ല.

കുടിലുകൾക്കു പകരം പുതിയ ഇരുനില വീടുകൾ സർക്കാർ വെച്ച് കൊടുത്തു. സർക്കാരാപ്പീസുകളിൽ, ഓയിൽ കമ്പനികളിൽ യോഗ്യതക്കനുസരിച്ചു ജോലികൊടുത്തു. ഒന്നുമറിയാത്തവരെ ഡ്രൈവറായും പ്യൂൺ ആയും സംരക്ഷിച്ചു. മരുഭൂമിയുടെ മക്കൾ എണ്ണയുടെ സമ്പത്തിന്റെ അരികു പറ്റി സുഖജീവിതം നയിച്ചുതുടങ്ങി. അങ്ങനെ ഒരു ഗോത്ര വർഗത്തെ ആധുനികവൽക്കരിക്കുന്നതിലൂടെ “ബദൂയിസം” മ്യൂസിയത്തിലെ കാഴ്ചവസ്തുവായി മാറ്റാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ഇന്നത്തെ സർക്കാർ. മുക്കാൽ നൂറ്റാണ്ടായ ഈ ആധുനികവൽക്കരണം ഇന്നും തുടരുന്നു. എല്ലാവരെയും ഒപ്പം നിർത്തിക്കൊണ്ട്. (തുടരും)

————————-ഹസ്സൻ തിക്കോടി———————————
9747883300-email:hassanbatha@gmail.com 15/06/2021

×