06
Thursday October 2022
രചന

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

Monday, June 21, 2021

-ഹസ്സൻ തിക്കോടി

(5) – “വാസ്തയുടെ വാസ്തവങ്ങൾ

കുവൈറ്റിൽ എത്തിയിട്ട് മൂന്നര മാസം കഴിഞ്ഞു. മകന് ഒരു ജോലി തരപ്പെടുത്താൻ വൃദ്ധനായ ഉപ്പ പരിചയക്കാരെയെല്ലാം സമീപിച്ചു. എല്ലാവരും കൈമലർത്തി. ഓഫിസിലോ കമ്പനികളിലോ ജോലി കിട്ടാൻ അക്കാലത്തു വളരെ പ്രയാസമായിരുന്നു. ഉപ്പയുടെ സുഹൃത്തായ ട്രേഡിങ് കമ്പനി ഉടമ എലത്തൂർകാരൻ കാദർക്ക മുതൽ ടൊയോട്ട കാർ കമ്പനിയുടെ ജി.എം കുമ്പനാട്ടുകാരൻ സണ്ണിച്ചായൻ (ടൊയോട്ട സണ്ണി) വരെയുള്ള മലയാളി മുതലാളിമാരുടെ ഓഫീസ് കവാടങ്ങളിൽ കയറിയിറങ്ങി.

ആരും ഒന്നും ചെയ്തില്ല. ഗമയും പത്രാസുമുള്ള ഇവരുടെ നിസ്സഹായതയിൽ ഏറെ നിരാശനായതും ദു:ഖിച്ചതും ഉപ്പയായിരുന്നു. മകന് നല്ലൊരു ജോലി കിട്ടിയിട്ടുവേണം വൃദ്ധ പിതാവിന് നാട്ടിൽ വിശ്രമ ജീവിതത്തിനായി പോവാൻ.

എഴുപതുകളിലെ കുവൈറ്റിൽ സ്വകാര്യഖലയിലും പൊതുമേഖലയിലും ജോലിചെയ്തിരുന്നവരിലധികവും അഭ്യസ്തവിദ്യരായ ക്രിസ്താനികളും അഭയാർത്ഥികളായെത്തിയ ഫലസ്റ്റീനികളുമായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ മലയാളി മുസ്ലിംകൾ അക്കാലത്തു വളരെ കുറച്ചായിരുന്നു. അതുകൊണ്ടുതന്നെ എവിടെ ചെന്നാലും പരിഗണന കിട്ടിയില്ല, കൂടാതെ “വർക്ക് എക്സ്പീരിയൻസ്” ഇല്ലാത്തതിന്റെ കുറവും.

എന്നാലും വിരലിലെണ്ണാവുന്ന സസ്തികകളിൽ കയറിപ്പറ്റിയ ചിലരുണ്ടെകിലും അവരൊന്നും മനസ്സറിഞ്ഞു നവാഗതരെ സഹായിച്ചില്ല. പരസ്പര സഹായം തേടിപ്പോവാൻ മലയാളി കൂട്ടായ്മകളൊ സംഘടനകളോ അധികമായി അന്നുണ്ടായിരുന്നില്ല. ഇതിനൊരു മാറ്റം വന്നത് എൺപതുകളുടെ അവസാനത്തിലാണ്.

ഓയിൽ കമ്പനികൾ റിക്രൂട്ട് നടത്തി കൊണ്ടുവരുന്നവരിലും മലയാളി മുസ്ലിംകൾ കുറവായിരുന്നു. 1976-ൽ ഫഹാഹീലിൽ വെച്ച് പരിചയപ്പെട്ട തെക്കൻ കേരളത്തിലെ ഒരേഒരു കോയാക്ക മാത്രമാണ് അതിന്നൊരപവാദമായി ഞാൻ കണ്ടത്. പരസ്പര സഹകരണവും സാമൂഹ്യ ഇടപെടലുകളും അവർക്കിടയിൽ കുറവായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്. എത്തിപ്പെട്ടവർ അവരവരുടെ കംഫെർട് സോണിൽ ഒതുങ്ങി കഴിഞ്ഞു.

കൂട്ടായ്മകളുടെ പ്രസകതി:

കേരളത്തിലെ മത/രാക്ഷ്ട്രീയ സംഘടനകളുടെ പോഷക ഘടകങ്ങൾ രൂപീകരിക്കപ്പെട്ടു തുടങ്ങിയത് 1970-മുതൽക്കാണ്. കേരള മുസ്ലിം അസോസിയേഷനും, കേരള ഇസ്ലാമിക് ഗ്രൂപ്പും (കെ.ഐ.ജി), കേരള മുസ്ലിം കൾച്ചർ സെന്ററും (കെ.എം.സി.സി), “കല” എന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷനും, കെ.കെ.എം.എയും, ഓ.ഐ.സി.സി.യും, കെ.പിസി.സി, ഫ്രയ്ഡെ ഫോറവും, ഒപ്പം മലയാളി സമാജവും വന്നു. കൂടാതെ മൊത്തം ഇന്ത്യക്കാരുടേതായി “ഇന്ത്യൻ ആർട്സ് സർക്കിളും” ഉണ്ടായി. ക്രിസ്ത്യൻ ചർച്ചുകൾ കേന്ദ്രീകരിച്ചും മലയാളി കൂട്ടായ്മളുണ്ടാക്കിയിരുന്നു. പതിനൊന്നു മലയാളായി സംഘടനകളുടെ അംബ്രല്ലാ ഓർഗനൈസേഷനായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷനും (യൂ.എം.ഒ) കൂടാതെ പരശ്ശതം പ്രാദേശിക വേദികളുമടക്കം നൂറിൽപ്പരം സംഘടനകളുടെ ബാഹ്യല്യം കുവൈറ്റിലെ മലയാളി സമൂഹത്തെ വീർപ്പുമുട്ടിച്ചു.

മലയാളി സംഘടനകളുടെ പ്രവർത്തനം നവാഗതർക്ക് ഒരു കൈത്താങ്ങായി. ജോലി നേടിക്കൊടുക്കുന്നതിൽ മാത്രമല്ല ഇത്തരം കൂട്ടായ്മകൾ പ്രവർത്തിച്ചത്, ഇന്ത്യൻ സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങൾ ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുകയും അവക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ഈ ശാദ്വലഭൂമി ഇടതടവില്ലാതെ മലയാളികളുടെ സമൂഹ്യ-സാംസകാരിക-കലാ സംഗമങ്ങൾക്ക്കൂടി സാക്ഷ്യം വഹിച്ചു.

ജോലിതേടി അലയുന്നവർ:

എഴുപതുകളിൽ എളുപ്പത്തിൽ കിട്ടാവുന്ന ജോലികൾ മലയാളികൾ നടത്തുന്ന റെസ്റ്റോറന്റുകളിലെ വെയിറ്ററായോ, അല്ലെങ്കിൽ എരിയുന്ന ചൂടിൽ കൺസ്ട്രക്ഷൻ സൈറ്റുകളിലെ ലേബറായോ ആയിരുന്നു. മുസ്ലിംകളല്ലാത്തവർ ഇത്തരം ജോലിക്കു പോവാൻ വൈമനസ്യം കാണിച്ചു. അവർ കമ്പനികളിലും ട്രെഡിങ് രംഗത്തും കാലുറപ്പിച്ചു. സഫാത്തിലെ റൌണ്ട് എബൗട്ട് വൈകുന്നേരങ്ങളിൽ ജോലിതേടി എത്തുന്നവരുടെ സംഗമ സ്ഥലമായിരുന്നു. അക്കാലത്തു “സഫാത്തിലെ സായാഹ്നം” എന്ന എന്റെ ഒരു ചെറുകഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നത് ഏറെ വിവാദങ്ങൾക്കിടയാക്കി.

ഒടുവിൽ നിവൃത്തികേടുകൊണ്ട് മനമില്ലാ മനസ്സോടെ ഞാൻ ഹോട്ടൽ ജോലിക്കു തയ്യാറായപ്പോൾ എന്നെ തടഞ്ഞു നിർത്തിയത് ആയിടെ പരിചയപ്പെട്ട പയ്യന്നൂർകാരൻ മഹമൂദ് എന്ന ചെറുപ്പക്കാരനായിരുന്നു. ആയാളും എന്നെപോലെ ആറുമാസമായി ജോലിതേടി അലയുന്ന മറ്റൊരു അഭ്യസ്തവിദ്യനായിരുന്നു.

പാക്കിസ്ഥാനിയുടെ “ആസാദ്” ഹോട്ടലിനു മുകളിലത്തെ ഏണികൂട്ടിൽ തകര ഷീറ്റുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ റൂമിലായിരുന്നു മഹമൂദും സുഹൃത്തും താമസിച്ചിരുന്നത്. കുടുസ്സായ മുറിയുടെ ഒരുമൂലയിൽ പഴയ ഇലക്ട്രിക് അടുപ്പിലായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. നല്ല ഭക്ഷണപ്രിയനായ മഹമൂദ് ആട്ടിറച്ചി ധാരാളം കഴിക്കും. കൂടെ ചൂടുള്ള ഇറാനി ഖുബൂസും. രണ്ടു നേരത്തെ ആഹാരം കൊണ്ട് തൃപ്തിയടഞ്ഞു. അരിഷ്ടിച്ചുള്ള ജീവിതം.

കുവൈറ്റിൽ ജോലികിട്ടണമെങ്കിൽ രണ്ടുകാര്യം നിർബന്ധമായിരുന്നു. ഒന്ന്, “വാസ്ത” (ശുപാർശ) രണ്ട് അറബിഭാഷാ പരിജ്ഞാനം. “വാസ്ത” എന്ന അറബി പദം വളരെ വിപുലമായി ദുരുപയോഗം ചെയ്തു. ജോലി കിട്ടാൻ മാത്രമല്ല, ഉന്നതരുടെ ശുപാർശ ഉണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാമെന്ന ഒരവസ്ഥ അക്കാലത്തു എല്ലാവരുടെയും മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു. വാസ്തയോ അറബി ഭാഷാജ്ഞാനമോ ഉണ്ടെങ്കിൽ ജോലി ഒരു പ്രശ്നമായിരുന്നില്ല. ഞങ്ങൾക്കില്ലാത്തതും ഇതുരണ്ടുമായിരുന്നു.

അറബി ഭാഷാ പഠനം:

ഒന്നാമത്തേതിൽ പരാജയം സമ്മതിച്ച ഞങ്ങൾ അറബി സംസാര ഭാഷ പഠിക്കാൻ തീരുമാനിച്ചു. കുവൈറ്റിലെ ഇസ്ലാമിക പ്രവർത്തകനായ റിയാലുവും അദ്ദേഹത്തിന്റെ ജേഷ്ടൻ അബ്ദുൾറാഹീമും (കെ.ഐ.ജി യുടെ സാരഥികളായിരുന്നു ഇരുവരും) ഞങ്ങളെ അറബി സംസാരഭാഷ പഠിക്കാൻ സഹായിച്ചു. റെക്കോർഡ് ചെയ്ത കാസറ്റും ചില കൊച്ചു ഭാഷാ പഠന പുസ്തകവും തന്നു. ഇടതടവില്ലാതെ അത് കേട്ടുകൊണ്ട് ഒരുവിധം മോശമില്ലാത്ത രീതിയിൽ ഞങ്ങൾ അറബി സംസാരിക്കാനും മനസ്സിലാക്കാനും തുടങ്ങി. അറബികളുടെ കൊളോക്യൽ ഭാഷാപ്രയോഗം ഏറെ രസമുള്ളതാണെന്നു മനസ്സിലായി. എഴുത്തും സാഹിത്യ ഭാഷാരീതിയും മറ്റൊന്നായിരുന്നു.

മഹമൂദ് തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇറാനി അറബികളുടെ കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു തുടങ്ങി. വിവിധതരം തൂണികളുടെ സാമ്പിളുമായി ടെക്സ്റ്റൈൽ ഷോപ്പുകൾ കയറി ഇറങ്ങണം. ഇറാനികളാണ് കസ്റ്റമേഴ്സിൽ അധികവും. അങ്ങനെ ഇത്തിരി ഇറാനി ഭാഷയും പഠിച്ചു. ഞാനും മഹമൂദും തുണികളുടെ സാമ്പിൾ കെട്ടുമായി ദിവസവും ഒരുപാട് കടകൾ കയറി ഇറങ്ങും. മഹമൂദ് അതിവിദഗ്ധമായി അറബികളിൽനിന്നും ഓർഡർ ശേഖരിച്ചു. അവൻ അതിൽ തന്നെ പിടിച്ചുനിന്നു.

സംഗീതലോകത്തിൽ:

എനിക്ക് എന്തുകൊണ്ടോ തുടരാനായില്ല. ഞാൻ ഒരു ഫലസ്റ്റീനിയുടെ സംഗീതക്കടയിൽ ചെറിയ ശമ്പളത്തിൽ ജോലിക്കു ചേർന്നു. അറബി-ഇംഗ്ലീഷ് കാസറ്റുകളും ഗ്രാമഫോൺ റിക്കോർഡ്സും വില്പന നടത്തുന്ന കച്ചവടം എനിക്കപരിചിതമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഇംഗ്ലീഷ് പാട്ടോ അറബി സംഗീതമോ കേൾക്കാത്ത ഞാൻ വളരെപെട്ടെന്നാണ് പ്രസിദ്ധ അറബ് ഗായകി ഉമ്മുക്കുൽസുവിന്റെയും ഇംഗ്ലീഷ് പോപ്പ് ഗായകൻ എങ്കിൾബെർട് ഹംബെർഡിൻക്കിന്റെയുമൊക്കെ പാട്ടുമായി ഇണങ്ങി ചേർന്നത്. സംഗീതത്തിന്റെയും സംഗീതജ്ഞരുടെയും ഒരു മായാ പ്രപഞ്ചമായിരുന്നു എനിക്കുമുമ്പിൽ തുറന്നു കിട്ടിയത്.

അവിടെ വരുന്ന കാസ്റ്റമേഴ്സ്ആവട്ടെ സമൂഹത്തിലെ ഉന്നതരായ അറബികളും യൂറോപ്യൻസും അമേരിക്കൻസുമായിരുന്നു. കുവൈറ്റ് യൂണിവേസിറ്റിയിൽ പഠിക്കുന്ന യുവതീയുവാക്കളും സംഗീതത്തിന്റെ ലഹരി തേടി ഷോപ്പിലെത്തി. മൂന്നു നിലകളുള്ള ആ വലിയ കടയിൽ സംഗീതത്തിന്റെ ഈണത്തിനും താളത്തിനുമൊത്തു അവർ നൃത്തമാടികൊണ്ടു പാട്ടുകളാസ്വദിച്ചു, പശ്ച്യാത്യ വേഷമായിരുന്നു പെൺകുട്ടികളിൽ കൂടുതലും ധരിച്ചിരുന്നത്.

(അറബിക് ഗായിക)

എന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഈ സംഗീതക്കടയായിരുന്നു. ഇവിടെ വെച്ചാണ് ഞാൻ ആദ്യമായി ഇംഗ്ലീഷ് കവിതകൾ എഴുതിത്തുടങ്ങിയത്. സാൽമിയ ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപകനായ തോമസ് മാഷിന്റെ ശിഷ്യത്വം എന്റെ തുടർപഠനത്തിനും എഴുത്തിനും സഹായകമായി. ദിവസവും പലതവണയായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകളുടെ ഈരടികൾ എങ്ങനെയോ എന്റെ മനസ്സിനെ സ്വാധീനിച്ചു.

എന്റെ തീഷ്ണമായ അനുഭവങ്ങളിൽ ഭാവനയുടെ അക്ഷരങ്ങൾ ചേർന്നതോടെ അവ കവിതകളയായി രൂപം പ്രാപിച്ചു. ഒരുപാട് തവണ വെട്ടിത്തിരുത്തിയ ആ വരികളിൽ കവിതയുണ്ടോ എന്നെനിക്കറിയില്ലായിരുന്നു. കുവൈറ്റിൽ അന്ന് രണ്ടു ഇംഗ്ളീഷ് പത്രമുണ്ടായിരുന്നു.”അറബ് ടൈമ്സും” “കുവൈറ്റ് ടൈമ്സും”. എന്റെ കവിതകൾ പത്രങ്ങൾക്കയച്ചു കൊടുത്തു. അവരുടെ വീക്കെൻഡറിൽ കവിതകൾ അച്ചടിച്ച് വന്നു. അതോടൊപ്പം നാട്ടിലെ പത്രങ്ങൾക്കും ഞാൻ സ്ഥിരമായി ലേഖനങ്ങളും കഥകളൂം അയച്ചുകൊണ്ടിരുന്നു. 1977 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “ഡോളർ വിളയുന്ന കുവൈറ്റ്” തുടർന്ന് “ബദു മണലാരണ്യത്തിൽ” എന്നീ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

(ഇംഗ്ലീഷ് പോപ്പ് ഗായകൻ എംഗിൾബെർട് )

സാൽമിയയിൽ ഞാൻ താമസിച്ചിരുന്നത് തലശ്ശേരിക്കാരനായ മമ്മൂട്ടി എന്ന ഒരു ഫാർമസിസ്റ്റിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഒരു റൂംമേറ്റിനുണ്ടാവേണ്ട അച്ചടക്കവും ഷെയറിങ് രീതിയും ഞാൻ മനസ്സിലേക്കിയത്. റൂമും, ഭക്ഷണവും, അലക്കും, കൊടുക്കൽ വാങ്ങലുകളും എല്ലാം കൃത്യമായി എഴുതിവെച്ചു മാസാവസാനം ഓരോരുത്തരുടെയും വിഹിതം പറയുമ്പോൾ ഞാൻ ആദ്യമൊക്കെ അമ്പരിന്നിരുന്നു.

രണ്ടാഴ്ചയിലൊരിക്കൽ ഒരുമിച്ചു സിനിമക്ക് പോയപ്പോഴുള്ള ടിക്കറ്റിന്റെ പകുതികാശും അവിടുന്ന് കുടിച്ച പെപ്സിയുടെ വിലയും പകുതി എന്റേതായി എഴുതിച്ചേർത്തതു ശരിയാണോ എന്നെനിക്കു ചോദിക്കാൻ തോന്നും മുമ്പേ അയാൾ പറഞ്ഞു. “കണക്കുകൾ എല്ലാം കൃത്യമായിരിക്കണം, ഹസ്സൻ മറ്റൊരാളുടെ കൂടെ താമസിച്ചാലും ഇതൊക്കെ എഴുതുന്ന ശീലമുണ്ടാവണം, പലരും ഒടുവിൽ തെറ്റിപ്പിരിയുന്നതു ഇത്തരം കൃത്യനിഷ്ട ഇല്ലാത്തതുകൊണ്ടാണ്.” ഗൾഫിലെ കിടപ്പറകൾ പങ്കുവെക്കുന്നതിലെ പാഠങ്ങൾ ഇങ്ങനെയൊക്കെയാണ്.

ആയിടക്കാണ് കാസറ്റ് വാങ്ങാൻ വന്ന ബെഡ്ഗുഡ് എന്ന ഇംഗ്ളീഷുകാരനെ പരിചയപ്പെടുന്നതും എന്റെ അച്ചടിച്ചുവന്ന ഒരു കവിത അയാൾ കാണാൻ ഇടയായതും. മേശപ്പുറത്തെ പത്രത്തിലെ കവിത എഴുതിയ ആൾ ഞാനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ പ്രോത്സാഹിപ്പികമാത്രമല്ല എന്റെ കവിത ഏതെങ്കിലും നല്ലൊരു ഇന്റർനാഷണൽ പോയട്രി മത്സരത്തിന് അയക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ വർഷങ്ങൾക്കുശേഷം ഇന്റർനാഷണൽ പോയട്രി മത്സരത്തിന്നയച്ച കവിതക്കു “എഡിറ്റേഴ്സ് ചോയ്സ് അവാർഡും” ലഭിച്ചു. 2001-ൽ അവർ പ്രസിദ്ധീകരിച്ച “visions of tomorrow” (The international Libraray of Poetry) എന്ന ലോക കവിതാ സമാഹാരത്തിൽ എന്റെ “My own World” എന്ന കവിതയും ഉൾപ്പെടുത്തിയിരുന്നു.

കുവൈറ്റ് എയർഫോഴ്സിലെ ഉദ്യോഗസ്ഥനായ ആ മധ്യവയസ്കൻ എന്നെ ഒരുപാട് സഹായിച്ചു. എന്റെ തുച്ഛമായ ശമ്പളംകൂടി കേട്ടതോടെ അയാളുടെ മനസ്സലിഞ്ഞു. അടുത്ത ദിവസം എന്റെ സർട്ടിഫിക്കറ്റും ബയോ-ഡാറ്റയും കൊണ്ടുവരാൻ പറഞ്ഞു. രണ്ടു മൂന്നും ദിവസം കഴിഞ്ഞപ്പോൾ ഷുയൂഖിലുള്ള അവരുടെ എംപ്ലായ്മെന്റ് ഓഫീസിൽ ചെല്ലാൻ പറഞ്ഞു.

മിലിട്ടറി യൂണിഫോമിൽ ആജാനബാഹുവായിരിക്കുന്ന ഒരു കുവൈറ്റിയുടെ മുന്നിൽ വിറയലോടെ ഇരുന്നു. കേണൽ ഗാസി എന്നെഴുതിയ നെയിംപ്ലേറ്റ് അയാളുടെ ഇടതുഭാഗത്തെ കീശയിൽ പതിച്ചിരുന്നു. അയാളുടെ ചോദ്യങ്ങൾക്കുത്തരം പറയുമ്പോൾ ഞാനാകെ വിയർത്തു വിറച്ചു. ഒരു പട്ടാളക്കാരന്റെ ഗൗരവവും ഗാംഭീര്യവുമുള്ള ശബ്ദം. അയാളുടെ റൂമിനു പുറകിലെ മൈതാനത്തു മിലിട്ടറി പരേഡ് തുടങ്ങിയിരുന്നു. ഇടയ്ക്കിടെ കണ്ണാടിച്ചില്ലിലൂടെ അയാൾ ആ പരേഡ് ശ്രദ്ധിക്കുന്നുണ്ട്. എനിക്കാകെ ഭയം തോന്നി. ഒരു പക്ഷെ ഈ പട്ടാളക്യാമ്പിലായിരിക്കും ഞാനും ജോലി ചെയ്യേണ്ടതു.

ഒടുവിൽ ടൈപിങ്പൂളിലേക്കു ടൈപ്പിംഗ് ടെസ്റ്റിന് പോവാൻ പറഞ്ഞു. ആ വലിയ ഹാളിൽ ഇരിക്കുന്നവരെല്ലാം യൂണിഫോമിട്ട അറബികൾ. ആരെയും ശ്രദ്ധിക്കാതെ അരമണിക്കൂറോളം ടൈപ്പിംഗ് പരീക്ഷ. ഒടുവിൽ മറ്റൊരു ക്യാപ്റ്റന്റെ മുറിയിൽ പോയിരിക്കാൻ പറഞ്ഞു. അൻവർ അൽ-താക്കി എന്ന പേര് യൂണിഫോമിൽ നിന്നും വായിച്ചെടുത്തു. എല്ലാം നോക്കിയശേഷം അയാൾ പറഞ്ഞു: “കം ആൻഡ് സീ മി നെക്സ്റ്റ് വീക്ക് അറ്റ് 7 ഇൻ ദി മോർണിംഗ്”

ക്യാപ്റ്റൻ അൻവർ അൽ-താക്കിയെ വീണ്ടും കണ്ടു. കറുത്ത മീശയും കനത്ത കണ്ണടയും വെച്ച അയാൾ മന്ദഹാസത്തോടെ ഒരു കവർ എനിക്ക് തന്നുകൊണ്ടു പറഞ്ഞു. “കംപ്ലീറ്റ് യുവർ ഫോർമാലിറ്റീസ് ആൻഡ് റിപ്പോർട്ട് ടു കുവൈറ്റ് എയർഫോഴ്സ് ഓഫീസ്”.

രണ്ടായ്ഴ്ചക്കു ശേഷം എനിക്ക് ബെഡ്ഗുഡിന്റെ സിക്രട്ടറിയായി നിയമന ഉത്തരവ് ലഭിച്ചു. ഡിഫെൻസ് മിനിസ്ട്രിയിൽ “ജൂന്തി മെഹ്നി” (Non-Military) സ്റ്റാഫായി ബെഡ്ഗുഡിന്റെ കൂടെ രണ്ടുവർഷം. ആദ്യത്തെ ഔദ്യോഗിക ജീവിതത്തിനാരംഭം കുറിച്ചു. പട്ടാള വേഷമണിഞ്ഞ മനുഷ്യരുടെ കൂടെ ജോലികിട്ടിയതു “വാസ്തയോ” അനുകമ്പയോ എന്നൊന്നും എനിക്കറിയില്ല. എയർഫോഴ്സിന്റെ ഫൈറ്റർ ജെറ്റുകൾ നിരനിരയായി നിർത്തിയിട്ട റൺവേയുടെ ഒരറ്റത്തായിരുന്നു വലിയ ഹാങ്ങറുകൾ. അതിനുള്ളിലാണ് ബെഡ്ഗുഡിന്റെ ഓഫീസ്. അതിരാവിലെ പരേഡുകൾ കഴിഞ്ഞാണ് ബെഡ്ഗുഡ് ഓഫിസിൽ എത്തുന്നത്.

വീണ്ടും വഴിത്തിരിവുകൾ:

അന്നൊക്കെ കുവൈറ്റ് എയർഫോഴ്സും കുവൈറ്റ് എയർവെയ്സും ഉപയോഗിച്ചിരുന്നത് ഒറ്റ റൺവേയായിരുന്നു. വളരെ കുറച്ചേ കൊമേർഷ്യൽ വിമാനങ്ങൾ അന്നുണ്ടായിരുന്നുള്ളൂ. എയർഫോഴ്സ് ബേസിനെ വേർതിരിക്കുന്നിടത്തു വലിയ ഗെയ്റ്റും പട്ടാളത്തിന്റെ കാവൽക്കാരുമുണ്ടാവും. കൊമേർഷ്യൽ വിമാനങ്ങൾ വരുമ്പോഴും പറന്നുയരുമ്പോഴും ഈ ഗെയ്റ്റ് അടച്ചിടും. (എയർഫോഴ്സ് ബെയ്സ് 1985 -ലാണ് മറ്റൊരിടത്തേക്ക് മാറ്റിയത്)

എയർഫോഴ്സ് ടെക്നിക്കൽ വിഭാഗം തലവനായ ബെഡ്ഗുഡ് കുവൈറ്റ് എയർവെയ്സ് ടെക്നിക്കൽ വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ജോലിയിൽ കൂടുതൽ പരിചയംവന്നതോടെ രണ്ടു ഓഫിസുകളുമായുള്ള എന്റെ ബന്ധം കൂടിവന്നു. കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പ്രാപ്തിനേടിയതിനാൽ കുവൈറ്റ് എയർവേസ് ടെക്നിക്കൽ ഡിപ്പാർട്മെന്റുമായി ഞാൻ കൂടുതൽ ഇടപെട്ടു. അവിടത്തെ മാനേജർ അബ്ദുൾകരീമിന്റെ സെക്രട്ടറി മലയാളിയായ തോമസായിരുന്നു.

ഒരെഴുത്തുകാരന്റെ ആവരണമുള്ള എന്നെ പത്തനംതിട്ടക്കാരനായ അച്ചായൻ ഏറെ ഇഷ്ട്ടപ്പെട്ടു. എന്റെ കവിതകളും മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന ലേഖനങ്ങളുടെയും നല്ലൊരു വായനക്കാരൻ കൂടിയായിരുന്നു തോമസ്. രണ്ടാം വർഷത്തിന്റെ അവസാനം തോമസ് പറഞ്ഞു അവരുടെ ഡിപ്പാർട്മെന്റിൽ ടെക്നിക്കൽ ക്ലർക്കിന്റെ ഒരു വേക്കന്സി ഉണ്ടെന്നും ഒന്ന് ശ്രമിച്ചാൽ കിട്ടുമെന്നും. “തന്റെ ബോസ് അബ്ൾകരീമിനോട് സംസാരിച്ചാൽ തീർച്ചയായും കിട്ടും. ഇവിടത്തെ ബാക്കി കാര്യങ്ങൾ ഞാൻ ഏറ്റു.” അച്ചായന്റെ ശുഭാപ്തി വിശ്വാസം തരുന്ന വാക്കുകൾ എനിക്ക് ആത്മവിശ്വാസം നൽകി.

എന്തുകൊണ്ടും കുവൈറ്റ് എയർവെയ്സിലെ ജോലി അഭിമാനകരമാണ്. ഒരു പാട് ആനുകൂല്യങ്ങൾ. യാത്ര ചെയ്യാനുള്ള ഫ്രീ ടിക്കറ്റ്സ്. പ്രിസ്റ്റേജ്. എന്റെ സ്വപ്നത്തിനു വിമാനത്തിന്റെ ചിറകുകളെക്കാൾ വേഗതയായിരുന്നു. വിഷയം ആദ്യം ബോസിനെ ധരിപ്പിച്ചു. നല്ലവനായ ആ മനഷ്യൻ പിതൃവാത്സല്യത്തോടെ എന്നെ പോവാൻ അനുവദിച്ചു.

പുതിയ ആകാശത്തിലേക്കുള്ള പാത:

കുവൈറ്റ് എയർവേസിലേക്കുള്ള യാത്ര വളരെ എളുപ്പമായിരുന്നു. അച്ചായൻ അകമഴിഞ്ഞ് സഹായിച്ചു. കടലാസുപണികൾ എളുപ്പമാക്കാനുള്ള കുറുക്കുവഴികൾ അയാൾ തന്നെ പറഞ്ഞുതന്നു. ഇന്റർവ്യൂ കഴിഞ്ഞു. HR ഡിപ്പാർട്മെന്റിൽ പാസ്പോർട്ടും എയർഫോഴ്സിലെ റിലീസ് പേപ്പറും ഏൽപ്പിച്ചതോടെ എനിക്ക് ഓഫർ ലെറ്റർ കിട്ടി. മെഡിക്കൽ പരിശോധനയും കഴിഞ്ഞു. ഇനി എയർഫോഴ്സിലെ “ഇക്കാമ” ക്യാൻസൽ ചെയ്താൽ ഒരു മാസത്തിനകം കുവൈറ്റ് എയർവെയ്സ് പുതിയ “ഇക്കാമ” (Residence permit) അടിക്കും. അതോടെ ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ ലഭിക്കും. ഒരു അന്താരാഷട്ര വിമാനക്കമ്പനിയുടെ ഭാഗമായി മാറുകയാണ് ഞാൻ. എന്റെ ആഹ്ലാദങ്ങൾക്കു അതിരില്ലായിരുന്നു.

മനസ്സിൽ സന്തോഷവും സംതൃപ്തിയും ഓരോ ദിവസവും കൂടി വന്നു. ഇവിടെയും “വാസ്ത”യാണോ അതോ വഴികാട്ടിയായ അച്ചായന്റെ സ്നേഹമാണോ എന്നെനിക്കറിയില്ല അധികം കടമ്പകളില്ലാതെ ഒരു ലോകോത്തര വിമാനകമ്പനിയിൽ നിനച്ചിരിക്കാതെ വന്നുചേർന്ന സൗഭാഗ്യം എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോവുന്നു.

പക്ഷെ ആ ആഹ്ലാദത്തിനു അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ചുണ്ടിനും കപ്പിനുമിടയിൽ നിന്നും എന്തോ നഷ്ടമായ പ്രതീതി. HR -ൽ നിന്നും വിളിച്ചപ്പോൾ അപ്പോയ്ന്റ്മെന്റ് ഓർഡർ വാങ്ങാനാണെന്നാണ് വിചാരിച്ചതു. ആവേശത്തോടെ അവിടെ എത്തിയപ്പോൾ HR-മാനേജർ വിസ്തതരിച്ചതു മറ്റൊന്നായിരുന്നു.

പാസ്പോർട്ട് ഓഫീസ് എന്റെ “ഇക്കാമ” റിജക്ട് ചെയ്തിരിക്കുന്നു. കാരണം ഡിഫൻസ് ഇക്കാമയിൽ നിന്നും രാജിവെച്ചൊഴിഞ്ഞാൽ ഒരു വർഷത്തെ ഗ്യാപ്പില്ലാതെ മറ്റൊരു ഗെവെർമെൻറ് – സെമിഗെവെർമെൻറ് സ്ഥാപനത്തിൽ ഇക്കാമ അടിക്കാൻ പാടില്ല. എനിക്ക് സങ്കടവും കരച്ചിലും വന്നു. വിതുമ്പലോടെ എല്ലാം കേട്ടിരുന്നു. ഏറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ എന്നെ സമാധാനിപ്പിക്കാനായി ഒരു പോംവഴി നിർദ്ദേശിച്ചതു. “ഈ നിയമം മറികടക്കാൻ ഒരാൾ വിചാരിക്കണം. സാക്ഷാൽ “കുവൈറ്റ് അമീർ”. അദ്ദേഹത്തിന് മാത്രമേ ഒരു നൊ ഒബ്ജക്ഷൻ ലെറ്റർ (NOC) താരനുള്ള അധികാരമുള്ളൂ.”

നടക്കാത്ത കാര്യം. ഒരു വിദേശി ഇന്ത്യക്കാരനുവേണ്ടി അതും ഒരു ടെക്നിക്കൽ ക്ലർക്കിന്റെ ജോലിക്കുവേണ്ടി കുവൈറ്റ് അമീർ നോ ഒബ്ജക്ഷൻ ലെറ്റർ തരിക!! അമീറിനെ സമീപിച്ചു ഇത്തരം കാര്യങ്ങൾ നേടിയെടുത്തവരാരുംതന്നെ ഇവിടെ ഉണ്ടാവില്ല. അവിടെ എത്തിച്ചേരണമെങ്കിൽതന്നെ എത്ര വലിയ “വാസ്ത”കൾ വേണ്ടിവരും?

അത്ര വലിയ “വാസ്ത”ക്കാരെയൊന്നും എനിക്കറിയില്ലായിരുന്നു. പിടിച്ചതിനെയും വിട്ട് പറന്നതിന്റെ പുറകെ പോയവന്റെ ഗതി. ഞാൻ പാസ്സ്പോർട്ടുമായി എന്റെ സ്വപ്ന സ്ഥാപനമായ കുവൈറ്റ് എയർവെയ്സിന്റെ പടികളിറങ്ങി. അടക്കാനാവാത്ത വേദനയോടെ.

തിരിച്ചു ബെഡ്ഗുഡിന്റെ അടുത്തേക്ക് പോവാനും തോന്നിയില്ല, കാരണം എനിക്ക് പകരക്കാരനായി മറ്റൊരാളെ ഞാൻ തന്നെ അയാളുടെ സിക്രട്ടറിയായി കൊടുത്തിരുന്നു. എന്റെ നാട്ടുകാരനും ചിരകാല സുഹൃത്തുമായ കൂട്ടുംമുഖത്ത് സിദ്ദിഖ്. ഞാൻ അവിടെ പോയാൽ എന്റെ സുഹൃത്തുകൂടിയായ അദ്ദേഹത്തിന് ഒരു പക്ഷെ ജോലി നഷ്ടപ്പെടും. തൽക്കാലം വിവരം സിദീഖ് അറിയണ്ട. എന്റെ സങ്കടം മനസ്സിലൊതുക്കി.

വിവരങ്ങളൊക്കെ ആത്മ സുഹൃത്തായ മഹ്മൂദിനെ ധരിപ്പിക്കാനായി അവന്റെ റൂമിലെത്തി. പക്ഷെ അയാൾ മറ്റൊരു സങ്കടക്കടലിലായിരുന്നു. അയാളുടെ നാട്ടുകാരനും ഉറ്റ ചങ്ങാതിയും കോളേജധ്യാപകനും വാഗ്മിയും കവിയുമായിരുന്ന കോയ തലേ ദിവസം ആത്മഹത്യ ചെയ്തു. ഏതോ പറഞ്ഞു തീർക്കാൻ പറ്റാത്ത വിഷാദ ചിന്തകൾ കോയയെ കുറേക്കാലമായി അലട്ടുന്നുണ്ടായിരുന്നുപോലും. സർഗാത്മകതയുടെ പളുങ്കുപാത്രമായി ആ വിഷാദം അയാളുടെ കവിതകളിൽ മഹമൂദ് വായിച്ചെടുത്തിരുന്നു. അലോസരപ്പെടുത്തുന്ന ഓർമ്മകൾ അയാളെ വേട്ടയാടുന്നുണ്ടെന്ന് മഹമൂദ് പലപ്പോഴും സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു കോയയെ കുവൈറ്റിൽ കൊണ്ടുവരാനുള്ള കടുത്ത ആഗ്രഹം മഹ്മൂദിനുണ്ടായിരുന്നു. അതിനുള്ള ശ്രമത്തിലായിരുന്നു മഹമൂദ്.

എന്റെ സങ്കടത്തിന്റെ ഭണ്ഡാരം ഞാൻ പിന്നെ തുറന്നില്ല. അതുകൂടി താങ്ങാനുള്ള കെൽപ് ഒരുപക്ഷെ മഹ്മൂദിനുണ്ടാകുമായിരുന്നില്ല. ഒരുമാസത്തിന്നകം പുതിയ ഇക്കാമ അടിക്കണം, അല്ലെങ്കിൽ നാട്ടിലേക്കു യാത്രതിരിക്കണം. മറ്റൊരു ജോലി കണ്ടുപിടിക്കൽ അത്ര എളുപ്പമായിരുന്നില്ല. ഒരു മാസത്തെ താൽക്കാലിക “ഇക്കാമ” തീരുംമുമ്പേ മറ്റൊരു ഇക്കാമ അടിച്ചില്ലെങ്കിൽ ഞാൻ ഈ നാട്ടിൽ “അനധികൃതനായി” താമസിക്കണം. പിടിക്കപ്പെട്ടാൽ ഭീമമായ തുക ഫൈൻ കെട്ടണം, ചിലപ്പോൾ നാടുകടത്തലും. ആരോടാണിതൊക്കെ പറയുക, ആരാണിതിനൊരു പരിഹാരം കാണിച്ചു തരിക. എത്തും പിടിയും കിട്ടാതെ നഷ്ടബോധത്തോടെ ഞാൻ എന്റെ റൂമിലേക്ക് തിരിച്ചു. തെരുവിന്റെ വർണ്ണാഭമായ കാഴ്ചകളൊന്നും എന്റെ കണ്ണുകൾക്ക് കുളുർമ്മ നൽകിയില്ല. തണൽ നൽകുന്ന ഒരു മനുഷ്യ സ്നേഹിയെ തേടുകയായിരുന്നു എന്റെ മനസ്സ്.

രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷമാണു ഞാൻ മഹ്മൂദിനെ തിരക്കി വീണ്ടും ആസാദ് ഹോട്ടലിലെ ഏണിക്കൂട്ടിലെ മുറിയിൽ പോയത്. മുറി ആരോ വലിയ താഴിട്ടു പൂട്ടിയിരുന്നു. ഞാൻ ഹോട്ടലിന്റെ ക്യാഷിലിരിക്കുന്ന പാക്കിസ്ഥാനിയോട് ചോദിച്ചു. അയാളുടെ മറുപടി എന്നെ ആകെ തളർത്തി.

“മഹ്മൂദ് നാട്ടിൽ പോയി, കൂടെ താമസിച്ച സുഹൃത്തു അവന്റെ കമ്പനി എക്കൊമൊഡേഷനിലേക്കു മാറി.”

അയാൾ പറഞ്ഞു നിർത്തി. ഒരു ദീർഘ നിശ്വാസത്തിനു ശേഷം അയാൾ തുടർന്നു ….

”എല്ലാം അല്ലാഹുവിന്റെ വിധിയാണ്. മഹമൂദ് വളരെ നല്ലൊരു മനുഷ്യനായിരുന്നു.”

ഞാൻ അയാളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി . അയാൾ തുടർന്നു.….

”നീ ഒന്നും അറിഞ്ഞില്ലേ, തും കോ കൂച്ചു നഹിം മാലൂം?” ഞാൻ ഇല്ലന്ന് തലയാട്ടി.. അയാൾ വിതുമ്പികൊണ്ടു പറഞ്ഞു:

“മഹമൂദ് മരിച്ചു, ഹാർട് അറ്റാക്കായിരുന്നു…..” അയാളെന്റെ കൈയിൽ അമർത്തിപ്പിടിച്ചു. ഞാൻ നിർന്നിമേഷനായിരുന്നുപോയി. എന്റെ മുമ്പിൽ നിരർത്ഥകതയുടെ ഏതോ വാതായനങ്ങൾ അടയുന്നതായി തോന്നി. നടന്നതൊന്നും എനിക്ക് വിശ്വസിക്കാനായില്ല. സുഹൃത്തിന്റെ ആത്മഹത്യ മഹ്മൂദിന് താങ്ങാവുന്നതിലും അധികമായിരുന്നു. വിങ്ങുന്ന ഹൃദയവുമായാണ് മഹമൂദ് പെട്ടെന്ന് നാട്ടിലേക്കു പോയിട്ടുണ്ടാവുക. ഒരു പക്ഷെ ആ ഹൃദയത്തിൽ കോയയുടെ അകാല മരണം സൃഷ്ടിച്ച ആഘാതം ചില്ലറയൊന്നുമായിരിക്കില്ല. ഉറവ വറ്റാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമകൂടിയായിരുന്നു എന്റെ പ്രിയ സുഹൃത്തു മഹമൂദ്. (തുടരും)

More News

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക് ഹൈദരാബാദിലെ ആറാമത് ഡീലർഷിപ് ഉദ്‌ഘാടനം ചെയ്‌തു. കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹീറോയുടെ നീക്കം. ഉപഭോക്താക്കൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന ഓട്ടോമൊബൈൽ ഹബ്ബിലാണ് പുതിയ ഡീലർഷിപ് തുറന്നിരിക്കുന്നത്. ഹീറോ ഇലക്ട്രിക് വിദഗ്‌ധരുടെ പ്രത്യേക മേൽനോട്ടവും ഇവിടെയുണ്ടാകും. സെയിൽസും സർവീസുമടക്കം ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനുള്ള എല്ലാ […]

ന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ നടപടി തുടങ്ങി പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവരുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ നേരത്തേ പോലീസ് മേധാവിക്ക് വിവരം നൽകിയിരുന്നു. രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് […]

വൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു. ഇതനുസരിച്ച് വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളെ കുറിച്ച് മികച്ചൊരു ഐഡിയ ലഭ്യമാകും. ഇയർബഡുകൾ 11 എംഎം, 6 എംഎം ഡ്യുവൽ ഓഡിയോ ഡ്രൈവറുകൾ അവതരിപ്പിക്കും. കൂടാതെ അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള (ANC)  സപ്പോർട്ടോടെ വരികയും ചെയ്യും. ഇതുവരെയുള്ള പ്രീമിയം TWS ഇയർഫോണുകളായി കമ്പനി  വൺപ്ലസ് ബഡ്‌സ് പ്രോ 2021 ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു. ടിപ്സ്റ്റര്‌‍ സ്റ്റീവ് ഹെമ്മർസ്റ്റ ഓഫർ  (Twitter @OnLeaks) ആണ് പ്രൈസ്ബാബയുമായി സഹകരിച്ച് വൺപ്ലസ് […]

എറണാകുളം: വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് […]

‘പൊന്നിയിൻ സെല്‍വൻ’ തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. സെപ്‍തംബര്‍ 30ന് റിലീസ് ചെയ്‍ത പൊന്നിയിൻ സെല്‍വൻ തമിഴ്‍നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്.  ‘പൊന്നിയിൻ […]

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ”വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ ഏറെ വേദനാജനകമായിരുന്നു. പരിക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകന്റെയും മറ്റു യാത്രക്കാരുടെയും വേർപാടിൽ അതിയായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.” ആദരാഞ്ജലികൾ. മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

 വളരെ പണ്ട് കാലം മുതല്‍ മുടി വളര്‍ച്ചക്കും താരനകറ്റാനും നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയായിരുന്നു. ഇന്ന് ചെമ്പരത്തിയുടെ ഗുണം മനസിലാക്കിയ പുതു തലമുറയും  ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മുടിയ്ക്ക് ഏറ്റവും ഉത്തമമാണ് ചെമ്പരത്തി. മുടിയുടെ ആരോഗ്യത്തിനും മുടി വൃത്തിയാക്കാനും ചെമ്പരത്തി താളി ഏറ്റവും ഉത്തമമാണ്.  ഇന്ന് ഏറെ പേര്‍ കെമിക്കല്‍സ്  അടങ്ങിയ ഷാമ്പൂ ഉപേക്ഷിച്ച് ചെമ്പരത്തി താളി  ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാന്‍ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും […]

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതൽ ചോദ്യ൦ ചെയ്യൽ തുടങ്ങിയത്. ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യ൦ ചെയ്യൽ. തന്‍റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു. ഈ കേസിൽ ആദ്യമായാണ് […]

error: Content is protected !!