രചന

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

Tuesday, July 6, 2021

-ഹസ്സൻ തിക്കോടി-

ചിറകില്ലാതെ പറക്കാം……(7)

തലേദിവസത്തെ അതിശക്തമായ പൊടിക്കറ്റിൽ ഫഹാഹീൽ നഗരം മൂടപ്പെട്ടിരിക്കുകയാണ്. ടിപ്പ് ടോപ് റെസ്റ്റോറന്റിന്റെ മുകളിൽ നിന്ന് നോക്കിയാൽ കാണുന്ന അത്രയൊന്നും അകലത്തിലെല്ലാത്ത “ഷൈബ” റിഫൈനറിയിൽ നിന്നും എപ്പോഴും ആളി കത്തിക്കൊണ്ടിരിക്കുന്ന തീ നാളങ്ങൾ പൊടിക്കാറ്റിന്റെ രൂക്ഷതയിൽ മാഞ്ഞുപോയതുപോലെ. ആകാശത്തിൽ ഉദിച്ചുയരുന്ന സൂര്യന്റെ രക്തവർണം പോലും കാണാനാവുന്നില്ല. മരുഭൂമിയിലെ പൊടിക്കാറ്റ് അടയാളങ്ങളെയും സമയത്തെയും മായ്ചുകളയും. വിശാലമായ ഭൂപരപ്പിൽ മൺകൂനകളും മണൽത്തിട്ടകളും രൂപപ്പെത്തും.

ചിലപ്പോൾ ഏറെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പൊടിക്കാറ്റിൽ ചെറിയ ചെറിയ മൺകൂനകൾ പതുക്കെ പതുക്കെ ചെറു കുന്നുകളായിത്തീരും. മരുഭൂമിയുടെ ഭാവപ്പകർച്ചകൾ മാറിമറിയുന്നത് വളരെ പെട്ടെന്നാണ്. പഴയകാല അറബിയുടെ സ്വഭാവമാറ്റങ്ങളെ മരുഭൂമിയുടെ പൊടുന്നനെയുള്ള ഭാവപ്പകർച്ചയുമായി ഉപമിക്കാറുണ്ട്. ചിലപ്പോഴൊക്കെ മരുഭൂമി നിർദ്ദയമായി മനുഷ്യനോട് പെരുമാറുന്നു. മരുഭൂമിയുടെ സ്വഭാവം എന്നും വ്യത്യസ്തമാണ്.

വിദ്യാർത്ഥിയായിരുന്ന കാലത്ത് മരുഭൂമിയെകുറിച്ചും അവിടങ്ങളിലെ പൊടിക്കാറ്റിനെക്കുറിച്ചും പഠിച്ചിരുന്നു. അന്നൊക്കെ മനസ്സിൽ രൂപപ്പെടുത്തിയ “സഹാറ” മരുഭൂമിയുട വിശാലമായ ചിത്രവും മരുഭൂമിയിലെ മനുഷ്യരുടെ ജീവിതവും ഇന്ന് എന്റെ അനുഭവ ദൃശ്യങ്ങളായി മാറിയിരിക്കുന്നു.

സഹാറ മരുഭൂമിയാണ് പൊടിയുണ്ടാക്കുന്നതിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടം. ശക്തമായ പൊടിക്കാറ്റിൽ സഹാറയിൽ നിന്നുയരുന്ന മണൽക്കാറ്റ് അറ്റ്ലാന്റിക് സമുദ്രം കടന്നു തെക്കേ അമേരിക്കയിൽ എത്താറുണ്ട്. യൂറോപ്പിലും കാറ്റിന്റെ ഗതി വഴിമാറിയെത്തുക പതിവാണ്.

ഒറ്റനോട്ടത്തിൽ അതീവ ശല്യക്കാരനായ ഈ പൊടിക്കറ്റാണ് ആമസോൺ മഴക്കാടുകളിലേക്കു വളം എത്തിക്കുന്നതും അവിടെ കാടുകൾ തഴച്ചു വളരാൻ സഹായിക്കുന്നതും. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനായി ദൈവം വസ്തുതകളെ സൃഷ്ടിച്ചപ്പോൾ അവക്കെല്ലാം പങ്കാളികളെയും കണ്ടെത്തിക്കൊടുത്തിരുന്നു.

പണ്ട് നാലായിരം വർഷങ്ങൾക്കുമുമ്പ് സഹാറയുടെ തീരങ്ങളിൽ പച്ചപ്പുണ്ടായിരുന്നതായി ശാസ്ത്രം കണ്ടെത്തിയിരുന്നു. അകലങ്ങളിലെവിടെയോ മരുപ്പച്ചയുണ്ടെന്നറിഞ്ഞാൽ അറബികൾ ഒറ്റയായും കൂട്ടമായും ഒട്ടകപ്പുറത്തു പോയി വെള്ളം ശേകരിക്കുക പതിവായിരുന്നു. ഗോത്രവർഗക്കാരായ ബദുക്കളുടെ ജീവിതമാർഗം തേടിയുള്ള കച്ചവട യാത്രകൾ സഹാറ മരുഭൂമി മുറിച്ചു കടന്നുകൊണ്ടായിരുന്നു.

അവർ അക്കാലത്തു അടിമകച്ചവടവും സ്വർണ്ണ കള്ളക്കടത്തും നടത്തിയിരുന്നത് സഹാറയിലൂടെയായിരുന്നു. ഉഷ്ണരാശിയിലെ അറബികൾ വെള്ളവും ഭക്ഷണവും തേടി പലദിക്കുകളിലും പോയിതാമസിച്ചു. ഒരിടത്തും സ്ഥിരമായി നിൽക്കുന്ന പതിവ് അന്നത്തെ അറബികൾക്കില്ലായിരുന്നു.

“മരുഭൂമി നിന്നെ പോറ്റിവളർത്തിക്കോളും” എന്നത് ദൈവം കൊടുത്ത അനുഗ്രഹമായിരുന്നു. യഹോവ മറ്റൊന്നുകൂടി അരുൾചെയ്തു. “നീയും നിന്റെ സഹോദരനും എന്നും വൈരികളായിരിക്കും”. അതുകൊണ്ടായിരിക്കാം ഒരിക്കലും അവസാനിക്കാത്ത അശാന്തതയിൽ അവർ ജീവിക്കുന്നത്.

(മരുഭൂമിയിലെ മണൽകൂമ്പാരം)

ജോലിയിൽ ഒരു വഴിത്തിരിവുണ്ടായത്:

റെസ്റ്റോറന്റിലെ ജോലി എന്നെ തളർത്തിയില്ല, പകരം കൂടുതൽ ഊർജ്ജവും സന്തോഷവും കിട്ടിത്തുടങ്ങി. അവിടെ വന്നുകൊണ്ടിരുന്ന വിവിധ നാട്ടുകാരായ കസ്റ്റമേഴ്നിനെ പരിചയപ്പെടുന്നതുത്തന്നെ മനസ്സിന് കുളിർമ്മയും കരുത്തും നൽകി. നിരന്തരം വന്നു കയറിയ ഒരുപാടു സൗഹൃദങ്ങൾ എന്നെ വരിഞ്ഞുമുറുക്കി കൊണ്ടിരുന്നു.

മണൽക്കറ്റടിച്ചാൽ അടുത്ത ദിവസങ്ങളിൽ പണി ഇരട്ടിക്കും. എത്ര ഭദ്രമായി അടച്ചിട്ടാലും അതി സൂക്ഷമമായ സുഷിരങ്ങളിലൂടെ പൊടിക്കാറ്റ് അകത്തെത്തിയിരിക്കും. അവയൊക്കെ തുടച്ചു വൃത്തിയാക്കുക ഇത്തിരി പ്രയാസമുള്ള പണിയാണ്. പൊടിക്കറ്റുകൾ മരുഭൂമിയുടെ ശാപമാണെന്നാണ് പറയപ്പെട്ടിരുന്നത്, പക്ഷെ അറബികൾ അതൊരനുഗ്രഹമായി കരുതുന്നു. കാരണം ഈ മണൽകുന്നുകൾക്കടിയിലാണല്ലോ എണ്ണയുടെ ഉറവിടം!

അതിശക്തമായ മണൽക്കാറ്റ് കെട്ടടങ്ങിയ ആ പുലരിയിൽ ആവിയുള്ള ചൂട് ചായ മൊത്തിക്കുടിക്കുന്നിടയിൽ പതിവുകാരനായ കാസ്സിം അൽ-ഹിന്ദാൽ കയറിവന്നത് ഞാനറിഞ്ഞിരുന്നില്ല. പൊടിക്കാറ്റിന്റെ രൂക്ഷതയിൽ നിന്നും രക്ഷപ്പെടാനായി ശിരോവസ്ത്രം കൊണ്ട് മുഖം മൂടിയാണ് അയാൾ കയറിവന്നത്. മണൽക്കാറ്റടങ്ങിയതോടെ പുറത്തും നിരത്തിലും മണൽ കൂമ്പാരങ്ങൾ ചെറു കുന്നുപോലെ കൂടിക്കിടന്നിരുന്നു. ക്യാഷിൽ എന്നെ കാണാതായതോടെ കാസ്സിം ആരോടെന്നില്ലാതെ ചോദിച്ചു.

“ഓയിൻ ഹസ്സൻ” (ഹസ്സൻ എവിടെ). കാസ്സിമിന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ടതോടെ ഞാൻ താഴേക്കിറങ്ങി വന്നു.

പതിവ് പാർസൽ അതിനകം ഓർഡർ കൊടുത്തിരുന്നു. കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലിചെയ്യുന്ന കാസ്സിം എന്നും രാവിലെ ചൂടുള്ള “പൊറാട്ടയും കീമയും” (സാധാരണ അറബികൾക്ക് മലയാളിയുടെ കീമയും ചപ്പാത്തിയും ഏറെ ഇഷ്ടമാണ്.) ധാരാളമായി വാങ്ങും. അവന്റെയും കൂട്ടുകാരുടെയും പ്രാതലിനുള്ളതായിരുന്നു മുടങ്ങാതെയുള്ള പാർസൽ. എന്നെ കണ്ടതോടെ അവൻ മുഖംമൂടി മാറ്റികൊണ്ട് പറഞ്ഞു.

“യാ ഹസ്സൻ താഅൽ മായി” (ഹസ്സൻ,എന്നോടൊപ്പം വരൂ)

കാറിൽ അയാളോടൊപ്പം ഇരുന്നു. മുഖവുരയില്ലാതെയാണ് അയാൾ തുടങ്ങിയത്. ഫഹാഹീലിൽ അയാൾക്കൊരു ട്രാവൽ ഏജൻസി തുടങ്ങണമെന്നും ഞാൻ അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും. ശമ്പളം കൂടാതെ ഒരു ഷെയറും തരാമെന്നു പറഞ്ഞു. ഞാൻ അല്പനേരം അന്തംവിട്ടിരുന്നു.

ഇടക്കൊക്കെ നാട്ടിലേക്കു പോവുന്ന മലയാളി സുഹൃത്തുക്കൾക്ക് ടിക്കറ്റ് ബുക്കുചെയ്യുകയും സിറ്റിയിലുള്ള “അൽ-അഡ്വാനി” ട്രാവൽസിന്റെ ഉടമയായ ചാണ്ടി സാറിൽ നിന്നും ടിക്കട്റ്റ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്നെല്ലാതെ ഈ രംഗത്തു എന്റെ പരിചയുവും വിവരവും വട്ട പൂജ്യമായിരുന്നു. ഒരു താൽക്കാലിക ഫ്രീലാൻസ് ഏജന്റിൽനിന്നും ഒരു ഫുൾഫ്ലഡ്ജ് ഏജൻസിയാവാനുള്ള പരിചയക്കുറവു എന്നെ വല്ലാതെ അലട്ടി.

ഇത്തിരിനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“ഇൻശാഅള്ളാ….അന മാഅക്ക്” (ദൈവം സഹായിച്ചാൽ ഞാൻ നിന്നോടൊപ്പമുണ്ട്).

ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും നല്ല അറബിയാണ് കാസിമെന്ന് മനസ്സിൽ കുറിച്ചിട്ടു. യൂറോപ്പിലെവിടയോ പഠിച്ച വിവരവും വിവേകവുമുള്ള കാസ്സിം കാണാൻ സുന്ദരനായിരുന്നു. നിനച്ചിരിക്കാതെ വന്നുകയറിയ ഒരു ഭാഗ്യമായി ഞാനീ ഓഫർ സ്വീകരിച്ചു. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ വന്നു ചേരുന്ന ചില സൗഭാഗ്യങ്ങൾ മധുരോദാരമാംവിധം ഏറ്റെടുക്കുന്നത് ഒരു വെല്ലുവിളിയായി ഞാൻ കരുതി.

ഷെയ്ക്ക് ഹാൻഡ് ചെയ്തു കാറിൽനിറങ്ങിയതോടെ എന്റെ മനസ്സ് ഒരു “ട്രാവൽ ഏജൻസി”യുടെ നിർമ്മാണത്തിനായുള്ള പണിപ്പുരയിലായിരുന്നു. നീണ്ടുപരന്നു കിടക്കുന്ന ഊഷര ഭൂമിയിൽ നോക്കെത്താദൂരത്തു കണ്ടെത്തിയ മരുപ്പച്ചയിൽ എന്റെ മോഹങ്ങൾക്ക് ദാഹശമനം ലഭിച്ചുതുടങ്ങി. സ്നേഹത്തിന്റെയും പരിലാളനയുടെയും ഏതോ അദൃശ്യശക്തികൾ എന്നെ വിളിച്ചുണർത്തുന്നുണ്ടായിരുന്നു.

മരുഭൂമിയുടെ കാരുണ്യവും അനുകമ്പയും പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. നിരവധി തമാശകളും അത്ഭുതങ്ങളും നിറഞ്ഞതാണീ മരുഭൂമിയെന്ന് ഉപ്പ പറഞ്ഞുതന്ന അറബിക്കഥകളിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ പേർഷ്യയിലെ ധനികനായ വ്യപാരിയുടെ പുത്രന്മാരായ കാസിമിന്റെയും ആലിബാബയുടെയും കഥയുമുണ്ടായിരുന്നു. (ആലിബാബയും നാൽപത് കള്ളന്മാരും) രസകരമായ നാടോടിക്കഥകൾ ഉണ്ടാക്കിപറയുക അറബികളുടെ സാംസ്കാരിക ഔന്യത്വത്തിന്റെ മേന്മയായിരുന്നു. ആ അറബിക്കഥയിലെ കാസ്സിമാണോ എന്നെ കച്ചവടത്തിന് ക്ഷണിച്ച എന്റെ പുതിയ സ്പോൺസർ!

ട്രാവൽ ഓഫീസ് എങ്ങനെ തുടങ്ങാം :

അന്നുവൈകുന്നേരം തന്നെ ചാണ്ടിസാറിനെ കാണാനായി ഞാൻ പോയി. വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം കുപിതനായികൊണ്ടു പറഞ്ഞു:

“നീ എന്റെ കഞ്ഞികുടി മുട്ടിക്കാനുള്ള പുറപ്പാടിലാണോ?”

ഫഹാഹീലിൽ ഇന്ത്യക്കാരുടെ ട്രാവൽ ഏജൻസികൾ അക്കാലത്തുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ഉള്ളതുതന്നെ അറബികൾ നടത്തുന്നതാണ്. അൽ-ഗാനിം ട്രാവെൽസും അൽ-സവാനുമായിരുന്നു അത്. അവിടത്തെ ജോലിക്കാരും അറബികളായിരുന്നു.

ടിക്കറ്റ് കച്ചവടത്തിന്റെ ആദ്യപാഠം ഓതിത്തന്ന ചാണ്ടിസാറിന് ഞാനൊരു പാരയാവില്ലന്നു അദ്ദേഹത്തെ ധരിപ്പിക്കാൻ ഏറെ സമയമെടുത്തെങ്കിലും ഒടുവിൽ മനമില്ലാമനസ്സോടെ അദ്ദേഹം എല്ലാം ചെയ്തുതരാമെന്നുറപ്പുതന്നു. അയാട്ടയുടെ പരീക്ഷയെഴുതാനുള്ള അപേക്ഷ അപ്പോൾ തന്നെ ഞാൻ പൂരിപ്പിച്ചു നൽകി. ടിക്കറ്റ് വില്പനയുടെ “ഹരിശ്രീ” എഴുതാനുള്ള ആദ്യശ്രമം.

എല്ലാദിവസവും അവിടെ പോയി ചാണ്ടിസാറിന്റെ ശിഷ്യനായി പണികൾ ഓരോന്നായി പഠിച്ചു തുടങ്ങി. റിസെർവഷനും ബുക്കിങ്ങും അതോടൊപ്പം കൈകാര്യം ചെയ്തു. സമാന്തരമായി കാസിമിനോടൊപ്പം ഓഫീസിന്റെ പണിയും തുടങ്ങി. കൊമേർഷ്യൽ ലൈസൻസ്, ട്രാവൽ ഏജൻസി ലൈസൻസ് പർച്ചെയ്സിങ് മുതലായവ സമയനിബിഡമായി ചെയ്തു.

അങ്ങനെ മൂന്നാലു മാസത്തിനുള്ളിൽ “അൽ-ഹിന്ദാൽ ട്രാവൽ ആൻഡ് ടൂറിസം” ഓഫീസ് ഫഹാഹീലിൽ തുടങ്ങി. ഫഹാഹീലിലെ ആദ്യമലയാളി ട്രാവൽ ഏജൻസി എന്ന പെരുമയും മഹിമയും അൽ-ഹിന്ദാലിനുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ ടിക്കറ്റ് കച്ചവടം തകൃതിയായി നടന്നു. റിസേർവേഷനും ടിക്കറ്റിങ്ങും എല്ലാം മാന്വലായിരുന്നു. വിവിധ എയർലൈൻസിന്റെ ടിക്കറ്റുകൾ സ്റ്റോക്ക് ചെയ്തുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയതുതന്നെ. എന്നാലും ചാണ്ടിസാറിന്റെ അൽ-അഡ്വാനി ട്രാവെൽസിൽനിന്നും അത്യാവശ്യ ടിക്കറ്റുകൾ വാങ്ങുക ഞാൻ പതിവാക്കി. എന്റെ വഴികാട്ടിയെ ഞാനൊരിക്കലും നോവിക്കുകയോ മറക്കുകയോ ചെയ്തില്ല.

(ട്രാവൽ ഏജൻസി ഓഫീസിൽ സെയിൽസിനു വരുന്ന ബ്രിടീഷ് എയർവേഴ് ഓഫീസർമാർ)

എല്ലാ ലോകോത്തര വിമാനക്കമ്പനികളും അൽ-ഹിന്ദാലിൽ അവരവരുടെ കച്ചവട ഷെയർ ഉറപ്പിക്കാനായി വന്നുതുടങ്ങി. കുവൈറ്റിന്റെ പതാകവാഹിനിയായ കുവൈറ്റ് എയർവേഴ്സ് ഞങ്ങളുടെ അതിപ്രധാനമായ പങ്കാളിയായി. കുവൈറ്റ് എയർവേഴ്സ് സെയിൽസ് മാനേജർ ഫലസ്തീൻകാരനായ “ഇമാദ് ആഖിൽ” എന്റെ സ്ഥിരം സന്ദർശകനായി. അൽ-ഹിന്ദാലിന്റെ ബിസിനസ് ഷെയർ കൂടിക്കൂടിവന്നു. കുവൈറ്റ് എയർവേഴ്സിന് അക്കാലത്തു സിറ്റിയിൽ ഒരു മെയിൻ സെയിൽസ് ഓഫീസ് മാത്രമാണുണ്ടായിരുന്നത്. നൂറിലധികം കിലോമീറ്ററുകൾക്കപ്പുറത്തുള്ള ഓഫിസിൽ ദിവസവും എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു.

മാസങ്ങൾ ഏറെ കടന്നുപോയി. വിപുലവും വിശാലവുമായ ധാരാളം വ്യകതി ബന്ധങ്ങളുണ്ടായിതുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. സുന്ദരിയായ ലബനാനി പെൺകുട്ടിയായിരുന്നു അറബികളുടെ കച്ചവടം നോക്കിയിരുന്നത്. കൂടെ മറ്റൊരു ഈജിപ്ഷ്യൻ പെൺകുട്ടിയും വന്നതോടെ അറബ് ടീച്ചേഴ്സിന്റെ ബുക്കിംഗും ധാരാളമായി കിട്ടിത്തുടങ്ങി. ഇന്ത്യക്കാർക്കും മലയാളികൾക്കുമായി വേറൊരു സെൿഷൻ, അവിടെ മാഹി സ്വദേശി പ്രേമൻ കൈകാര്യം ചെയ്തു.

ആയിടക്കാണ് “ഇമാദ് ആഖിൽ” കുവൈറ്റ് എയർവേഴ്സ് ബ്രാഞ്ച് ഓഫീസ് ഫഹാഹീലിൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. പതാകവാഹിനിയുടെ സ്വന്തം ബ്രാൻഡഡ് ഓഫീസ് തുറക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കുമെന്നും വിവിധങ്ങളായ പ്രശനങ്ങൾ താമസംവിനാ പരിഹരിക്കാൻ അതുമൂലം സാധിക്കുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതോടൊപ്പം അദ്ദേഹം മറ്റൊന്നുകൂടി എന്നോടാവശ്യപ്പെട്ടു.

“വി നീഡ് കപ്പിൾ ഓഫ് സീനിയർ ടിക്കറ്റിങ് സ്റ്റാഫ്, ക്യാൻ യു ഹെൽപ് മി ടു ഗെറ്റ് സം വൺ ഫ്രം ദിസ് ഏരിയ?”

ഇമാദും ഞാനുമായുള്ള പരിചയത്തിന്റെ സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ടു തന്നെ ഞാൻ ചോദിച്ചു.

“വൈ നോട്ട് മി”.

അദ്ദേഹം എന്നെ കളിയാക്കിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

“ആർ യു ട്രെയിങ് ടു ഫൂൾ മി….”

ഞാൻ അദ്ദേഹത്തോട് ചേർന്നിരുന്നുകൊണ്ടു പറഞ്ഞു:

“നോ, മിസ്റ്റർ ഇമാദ് , ആം സീരിയസ്….ഇഫ് യു ഫീൽ ഐആം കേപ്പബിൽ…..ആം റെഡി ടു ജോയിൻ വിത്ത് യു…..”

“ഹസ്സൻ ഹിയർ യു ആർ ദ ബോസ്”

അയാൾ വീണ്ടും എന്നെനോക്കി തെല്ല് ഗൗരവത്തോടെ പറഞ്ഞു.

ഇമാദിന് എന്റെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു. ഏറ്റവും നന്നായി നടക്കുന്ന ഒരു ട്രാവൽ ഏജൻസിയുടെ മാനേജർ/പാർട്ണർ എങ്ങനെ മറ്റൊരു വിമാനകമ്പനിയിൽ കേവലമൊരു സ്റ്റാഫായി ജോലിചെയ്യും….അയാൾ വീണ്ടും ചോദിച്ചു.

“ഹസ്സൻ ആർ യു റിയലി സീരിയസ്?”

“യെസ് മിസ്റ്റർ ഇമാദ്, ഇറ്റ് ഈസ് മൈ എംബിഷൻ….ടു വർക് വിത്ത് ആൻ ഇന്റർനാഷണൽ എയർലൈൻ……”

ഫഹാഹീലിലെ കടൽത്തീരത്തുള്ള “കനാരി” അറബിക് റെസ്റ്റോറന്റിൽ നിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ചു പിരിയുമ്പോൾ അദ്ദേഹം എനിക്കുറപ്പുതന്നു

“യു വിൽ ബി വിത്ത് അസ് ..ഇൻശാ അള്ളാ…..”

ഒരിക്കൽ എന്റേതല്ലാത്ത കുറ്റംകൊണ്ടു കുവൈറ്റ് എയർവേഴ്സിന്റെ HR ഓഫിസിൽ നിന്നും പടിയിറങ്ങിയ സങ്കടം ഇന്നും എന്റെ മനസ്സിന്റെ നിറമില്ലാത്ത കോണിൽ തങ്ങിക്കിടപ്പുണ്ട്. മരുഭൂമിയിൽ വന്നശേഷം ഞാൻ ഏറ്റുവാങ്ങിയ ഏറ്റവും വലിയ സങ്കടത്തിനൊരു പരിഹാരമായി ദൈവം മറ്റൊരു അജ്ഞാത കാരങ്ങളിലൂടെ എന്നെ സഹായിക്കുന്നതായിരിക്കും.

അന്ന് ടെക്ക്നിക്കൽ ക്ലാർക്കിന്റെ സസ്തികയിൽ ചേരാതിരുന്നതും ദൈവത്തിന്റെ മഹത്തായ കടാക്ഷം എന്നോടൊപ്പമുള്ളതു കൊണ്ടാണെന്നു ഞാനിപ്പോൾ മനസിലാക്കുന്നു. വിമാനകമ്പനിയിലെ മോഹിപ്പിക്കുന്ന സസ്തികയിലൊന്നാണ് “സെയിൽസ് ആൻഡ് മാർക്കറ്റിങ്” വിഭാഗം. ലോകോത്തര ബന്ധങ്ങൾ കെട്ടിപ്പെടുത്താനും വളർച്ചയുടെ അത്യുന്നതങ്ങളിൽ വിരാചിക്കാനും സാധിക്കുന്ന ഏറ്റവും മുന്തിയ സ്ഥലം. അവിടേക്ക് ചിറകില്ലാതെ പറക്കാൻ എന്നെ സഹായിച്ച മിസ്റ്റർ ഇമാദിനോട് ഞാനെന്നും കടപ്പെട്ടിരിക്കും. അവിചാരിതമായ ചില സംഭാഷണങ്ങൾ നിരവധി സങ്കീർണമായ ഔന്നത്വത്തിലേക്കു പലരെയും ചെന്നെത്തിക്കാറുണ്ട്. ഒരുപക്ഷെ “ഇമാദ് അഖിൽ” അതിനൊരു നിമിത്തമായതായിരിക്കാം. (തുടരും)

ഹസ്സൻ തിക്കോടി :F-9747883300, email: hassanbatha@gmail.com

×