രചന

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

Sunday, July 25, 2021

-ഹസ്സൻ തിക്കോടി

സഫാത്തിലെ സായാഹ്നങ്ങളും കുവൈറ്റിലെ മലയാളത്തനിമയും -10-

കുവൈറ്റിലെത്തുന്ന മലയാളികളുടെ വൈകുന്നേരങ്ങൾ ഊഷ്മളവും ഊർജസ്വലവുമാവുന്നതു സഫാത്തിലെ ഒത്തുചേരലിലാണ്. ഏകാന്തതയും വിരഹവും ആശയും നിരാശയും നിറഞ്ഞ അവരുടെ മരുവാസത്തിനു ഉണർവ്വും ഉന്മേഷവും പകരുന്നതിനായി മിക്ക ദിവസവും അവർ സഫാത്തിൽ എത്തും, പ്രത്യകിച്ചും വെള്ളിയാഴ്ച. പൊതുഅവധിയും ഗാർഹിക ജോലിക്കാർക്ക് ഒഴിവുകിട്ടുന്ന ദിവസംകൂടിയാണ് യൗമുൽ ജുമുഅ.

ഇവിടെ കണ്ടുമുട്ടുന്നവർക്ക് തമ്മിൽ പറയാൻ ഏറെയുണ്ട്. ഒഴിവു ദിവസത്തിന്റെ ആഹ്ലാദം പലരുടെയും മുഖത്തുണ്ടാവില്ല, പകരം അവരുടെ സ്ഥായിയായ ഭാവം സമ്മർദ്ദവും വിഷാദവുമാണ്. വിരഹത്തിന്റെയും വേർപാടിന്റെയും സമ്മിശ്ര വികാരം പലരുടെയും മുഖത്ത് കാണാം. ചിരിയെന്ന മഹാസിദ്ദി മറന്നുപോവാതിരിക്കാനായി അവർ ആർക്കോവേണ്ടി ചിരിക്കുന്നു.

പലരും അവർ ഇഷ്ടപ്പെടാത്ത ജോലിയാണ് ചെയ്യുന്നത്. അവർ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കുടുംബം പോറ്റി വളർത്താനുള്ള തത്രപ്പാടിൽ ശരീരത്തിനാവശ്യമായ വ്യായാമം പോലും അവർ മാറ്റിവെക്കുന്നു. അവർ കഴിക്കുന്ന ഭക്ഷണത്തിന് അടുക്കും ചിട്ടയുമില്ല. ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കാനോ പ്രോട്ടീനുകളുള്ള പച്ചക്കറികളോ പഴവർഗങ്ങളോ തെരെഞ്ഞെടുത്തു കഴിക്കാനോ അവർക്കാവുന്നില്ല.

ഒരു ശരാശരി ഗൾഫ്കാരന്റെ അദ്ധ്വാനം പണ സമ്പാദനത്തിനു വേണ്ടിയാണു. ഇഷ്ട്ടമുള്ള കാര്യങ്ങൾ തൊഴിലായി ചെയ്യാൻ അവർക്കാവുന്നില്ല. അതുകൊണ്ടുതന്നെ മാനസിക പിരിമുറുക്കം അവരുടെ ആയുസ്സിന്റെ നല്ലൊരു ഭാഗം കവർന്നെടുക്കുന്നു. ഗൃഹാതുരതയുടെ ഓർമ്മക്കാലം അവരെ കൊണ്ടുപോന്നുത് ബാല്യകൗമാരത്തിലെ ചങ്ങാതിമാരിലേക്കാണ്. പ്രവാസം മണ്ണിട്ടുമൂടിയ ആ പഴയ ഇടവഴികളിലേക്ക് ഇനി ഒരിക്കലും മടങ്ങി പോവാനാവാത്തതിന്റെ സങ്കടം പേറിയാണ് അവരിവിടെ ജീവിക്കുന്നത്. കൂട്ടുകാരോടുള്ള ആശയ വിനിമയവും മനസ്സ് പങ്കുവെക്കലും പ്രവാസത്തിലൂടെ അവർക്കു നഷ്ടമാവുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ച നാളുകൾ അന്യമാവുന്നതോടെ മനസ്സിലെ ഊർജവും ശരീരത്തിന്റെ ശേഷിയും ശോഷിച്ചുപോകുന്നു. അതോടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ മടുപ്പു അനുഭവിക്കുന്നു. മറ്റാരെയോ തൃപ്തിപ്പെടുത്താനുള്ള വെമ്പൽ സദാ വരിഞ്ഞുമുറുകുന്നു. ഈ ഭൂമിയിൽ ഒറ്റ ജീവിതമേയുള്ളൂ, പക്ഷെ അത് മരുഭൂമിയിൽ മാത്രം ഹോമിക്കപ്പെടുന്നതാവരുത്. ആരോഗ്യമുള്ള ശരീരത്തോടെ ജന്മനാട്ടിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പോടെയാവണം ഗൾഫിൽ ജീവിക്കേണ്ടത് അവർ മനസ്സിലാക്കുന്നില്ല.

സഫാത്തിലെ വൈകുന്നേരങ്ങളിൽ ഞാൻ കണ്ട മുഖങ്ങളിൽ പലതിലും വേവലാതിയും വിഷമവും നിരീക്ഷിക്കാമായിരുന്നു. ധൂർത്തമല്ലാത്ത അവരുടെ ജീവിതത്തിനു വെറുപ്പിന്റെയും, അമർശത്തിന്റെയും പോരാട്ടമുണ്ടായിരുന്നു.

സഫാത്തിലെ വർത്തമാനങ്ങൾ:

കുവൈറ്റിലെ ഏറ്റവും വലിയ പോസ്റ്റാഫീസ് സഫാത്തിലാണ്. പോസ്റ്റ് ഓഫിസ് കെട്ടിടത്തോട് ചേർന്നുനിൽക്കുന്ന പബ്ലിക് ട്രാൻസ്പോർട് കമ്പനിയുടെ അതി വിശാലമായ ബസ് സ്റ്റേഷനും ഇവിടെയാണ്. കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബസ് പുറപ്പെടുക ഇവിടുന്നാണ്. മലയാളികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന മലയാളിയുടെതന്നെ “അൽ-ഇക്ളാ” ബുക്ഷോപ്പുണ്ടിവിടെ. മാഹിക്കാരനും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനും വാഗ്മിയും നിരവധി മലയാളി സംഘനടനകളുടെ സാരഥിയുമായ റഹീംക്കയുടെ നേതൃത്വത്തിലായിരുന്നു ബുക്ക് ഷോപ് നടന്നിരുന്നത്. ബുക്ഷോപ്പിനു മുമ്പിലെ ഇരിപ്പടത്തിൽ വർത്തമാനം പറഞ്ഞിരിക്കുന്ന ഇന്ത്യക്കാരുടെ ഒരു വലിയ നിരതന്നെയുണ്ടാവും. വെള്ളിയാഴ്ചകൾ അവരുടെ ലോകമാണ്.

സഫാത്തിലെ പോലെ വലുതല്ലെങ്കിലും ചെറിയ ചെറിയ കൂടിച്ചേരലുകൾ കുവൈറ്റിലെ “മാലിയാ”യിലും ഹെഡ് പോസ്റ്റാഫീസ് പരിസരത്തും തൊട്ടടുത്ത “കനീസ” (ചർച്ച്) യിലും ഉണ്ടാവുന്നത് വെള്ളിയാഴ്ചയിലെ പ്രകടമായ കാഴ്ചയാണ്. കനീസ പരിസരത്തിൽ ഓത്തുചേരുന്ന ഗാർഹിക ജോലിക്കാരുടെ പശ്ചാത്തലത്തിൽ മുമ്പൊരിക്കൽ “യൗമുൽ ആയ” എന്ന ചെറുകഥ ഞാൻ എഴുതിയിരുന്നു. ക്രിസ്തുമസ് രാവിൽ വ്യത്യസ്ത സമയങ്ങളിലാണ് ഖുർബാന നടക്കുക. മലയാളികളുടെ ബേക്കറി വണ്ടികളിൽ ആയിരക്കണക്കിന് ക്രിസ്തുമസ് കെയ്ക്കുകൾ അന്നവിടെ വിറ്റഴിക്കപ്പെടുന്നു.

(കുവൈറ്റ് സിറ്റിയിലെ ചർച്ചും പരിസരവും)

മലയാളമുഖരിതമാവുന്ന സായാഹ്നം:

നാട്ടിൽ അച്ചടിക്കുന്ന എല്ലാ പത്രമാസികളും റഹീംക്കയുടെ ബുക്ഷോപ്പിൽ കിട്ടുമായിരുന്നു. നാട്ടിലെ ഓരോ ചലനങ്ങളും വാർത്തകളും വർത്തമാനങ്ങളും കൃത്യമായി വിലയിരുത്തുകയും നിരൂപിക്കുകയും ചെയ്യുന്ന മലയാളികളുടെ വേദികൂടിയാണ് സാഫാത്ത്. വിവിധങ്ങളായ രാക്ഷ്ട്രീയ സമവാക്യങ്ങളുടെ സമ്മേളന നഗരി എന്നപോലെ ചർച്ചകളും വാക് തർക്കങ്ങഉം ഈ വൈകുന്നേരത്തെ സജീവമാക്കുന്നു.

വൈവിധ്യമുള്ള മനുഷ്യവികാരങ്ങളും സ്നേഹവും, സങ്കടവും, ചിന്തകളും ചേർന്ന അപൂർവ സംഗമമാണിവിടെ നടക്കുന്നതു. മലയാളികളുടെ സാംസകാരിക പ്രവർത്തനങ്ങൾക്ക് ജീവനുണ്ടാവുന്നതും ഇവിടെനിന്നാണ്. ഗൾഫിലെത്തുന്ന മലയാളികൾക്കുള്ള രാക്ഷ്ട്രീയ പ്രബുദ്ധത ഒരു പക്ഷെ നാട്ടിലെ സാധാരണ സിന്ദാബാദ് വിളിക്കുന്ന രാക്ഷ്ട്രീയക്കാർക്കില്ലെന്ന അറിവ് എന്നിൽ ഉണ്ടായതു സഫാത്തിലെ സംവാദങ്ങളിൽ ശ്രദ്ധിച്ചപ്പോഴാണ്.

എന്റെ ആദ്യകാല കുവൈറ്റ് ജീവിതത്തിനു തുടക്കംകുറിച്ചത് സഫാത്തിൽ നിന്നാണ്. സഫാത്തിലെ റോഡിനപ്പുറത്തുള്ള “അൽ-മദീന” റെസ്റ്ററന്റിന്റെ ടെറസിനു മുകളിലായിരുന്നു എന്റെയും ഉപ്പയുടെയും വാസസ്ഥലം. അക്കാലത്തു ഫ്രിഡ്ജും എസിയുമൊക്കെ വളരെ ചുരുക്കമായിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ടെലിവിഷൻ കാണണമെങ്കിൽ തൊട്ടടുത്ത അറബിയുടെ റെസ്റ്റോറന്റിന്റെ പുറത്തു പോയി നിൽക്കണം. എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞു കുവൈറ്റ് ടെലിവിഷൻ പ്രദർശിപ്പിക്കുന്ന ഹിന്ദി സിനിമയും ഗുസ്തി മത്സരവും ഇന്ത്യക്കാർക്കു ഹരംപകരുന്ന പരിപാടിയാണ്. അത് കാണാൻ മാത്രമായി അറബിയുടെ പീടിക മുറ്റത്തു ധാരാളം ഇന്ത്യക്കാർ എത്തും.

സാഫാത്ത് പോസ്റ്റാഫീസിന്റെ നേരെ എതിർവശത്താണ് കണ്ണൂർക്കാരൻ ആലിഹാജിയുടെ “റഹ്മാനിയ” റെസ്റ്റോറന്റ്. എന്നും അസർ നിസ്കാരം കഴിഞ്ഞു വരുന്ന ആലിഹാജിയെ കാത്തിരിക്കുക എന്റെ പതിവാണ്. വെറ്റിലമുറുക്കുന്ന ഉയരംകുറഞ്ഞ ആലിഹാജി വന്നയുടനെ പോസ്റ്റ് ബോക്സിന്റെ ചാവി വാങ്ങി പോസ്റ്റാഫീസ് ബിൽഡിങ്ങിന്റെ അണ്ടർഗ്രൗണ്ടിലുള്ള പെട്ടി തുറക്കാൻപോകും. അക്കാലത്തു സ്വന്തമായി ഒരു “കത്തുപെട്ടി”യുള്ളതു റഹ്മാനിയയുടെ ഉടമ ആലിഹാജിക്കായിരുന്നു. ഇന്ത്യക്കാരിൽ പലരുടെയും പ്രത്യകിച്ചു മലയാളികളുടെ കത്തുകൾ വരുന്നത് ആലിഹാജിയുടെ പെട്ടിയിലേക്കായിരിക്കും.

സ്ഥലത്തില്ലാത്തവരുടെ കത്തുകൾ സൂക്ഷിക്കുന്ന മറ്റൊരു പെട്ടി റഹ്മാനിയയിലുണ്ട്. കത്തുവായനയും കത്തെഴുത്തും സഫാത്തിലെ സ്ഥിരം കാഴ്ചയാണ്. നാട്ടിലെ ജീവിതത്തിന്റെ സങ്കടങ്ങൾ പറയുന്ന അക്ഷരങ്ങളാണ് ഓരോ കത്തിലും. കത്തുകൾ വായിച്ചുള്ള ദീർഘനിശ്വാസത്തിനു മരുഭൂമിയുടെ ചൂടുണ്ട്. അതിൽ പ്രത്യാശയുടെ അഗ്നിസ്പുലിംഗങ്ങൾ ആകാശത്തേക്ക് ചുരുളുകളായി ഉയരുന്നതായി എനിക്കുതോന്നി.

പ്രവാസ സാഹിത്യം:

നാട്ടിലെ എല്ലാ പത്ര/വരിക/മാസികകളും വാർത്തകളും വളരെ വൈകിമാത്രമേ കുവൈറ്റിൽ എത്തുമായിരുന്നുള്ളൂ. ഇന്നത്തെ പോലെ വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ, ബോംബയിൽ നിന്നും ആഴ്ചയിൽ നാലോഅഞ്ചോ തവണ വരുന്ന വിമാനത്തിലാണ് പത്രങ്ങൾ എത്തുക. മിനിസ്ട്രി ഓഫ് ഇൻഫർമേഷനു കീഴിലുള്ള സെൻസർ ഓഫിസിൽ നിന്നും ക്ലിയറൻസ് കിട്ടിയശേഷമേ വിതരണം പാടുള്ളൂ. അപ്പോഴേക്കും വാർത്തകൾക്ക് രണ്ടുംമൂന്നും ദിവസം പഴക്കമുണ്ടാവും. വാർത്താ ചാനലുകളോ, ദൂരദർശൻ ടി.വി.യോ അന്നൊന്നും ഇവിടെ ലഭ്യമായിരുന്നില്ല.

പ്രഭാതത്തിൽ ചുടു ചായയോടൊപ്പം പത്രം വായിച്ചുശീലിച്ച മലയാളിയുടെ മനസ്സുവായിച്ചപ്പോൾ ആ ശൂന്യത പരിഹരിക്കണമെന്ന ചിന്ത അന്നുമുതലെ എന്റെ മനസ്സിൽ വിത്തുപാകിയിരുന്നു. ഒരിക്കൽ എന്റെ ആഗ്രഹം സുഹൃത്തും ഇടതുപക്ഷ ചിന്തകനുമായ കെ.വി. ജോൺസണുമായി പങ്കിട്ടു. എന്നെങ്കിലുമൊരിക്കൽ ആ സ്വപ്നം സാക്ഷാൽകരിക്കുമെന്ന ശുഭാപ്തി വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു.

പ്രവാസത്തിന്റെ നൊമ്പരങ്ങൾ കുത്തിക്കുറിക്കുന്ന ധാരാളം എഴുത്തുകാർ ഗൾഫിൽ ഉണ്ടെങ്കിലും അവരെയൊന്നും മുഖവിലക്കെടുക്കാൻ നാട്ടിലെ മുഖ്യധാരാ പത്രമാസികകൾ മിനക്കെടാറില്ല. “പ്രവാസ സാഹിത്യം” മലയാളത്തിന്റെ ഒരു ശാഖയായി കാണാൻ കേരള സാഹിത്യ അക്കാദമിയോ സർക്കാരോ തയ്യാറാകുന്നില്ല. കുങ്കുമം നോവൽ രചനാ മാത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കുവൈറ്റിലെ കെ.ആർ.പ്രസാദിന്റെ നോവൽ പോലും അത്രയധികം ശ്രദ്ധിക്കാതെപോയതു അതുകൊണ്ടാണ്.

ഗൾഫിലെ എഴുത്തുകാരുടെ സൃഷ്ടികൾ ഇപ്പോഴും ഗൾഫ് പേജിൽ മാത്രമൊതുക്കുന്നു. ആ പേജാവട്ടെ നാട്ടിൽ ലഭ്യമല്ലാതാനും. ഈ അവഗണമൂലം പല നല്ല സൃഷ്ടികളും അറിയപ്പെടാതെ പോവുന്നു. “മാധ്യമം” ദിനപത്രം ഗൾഫ് എഡിഷൻ തുടങ്ങിയതോടെ ഒരു പരിധിവരെ ഗൾഫിലെ എഴുത്തുകാർക്ക് അവർ സ്പേസ് കൊടുക്കുകയും അതോടെ പ്രവാസി എഴുത്തുകാർക്ക് ഇത്തിരി ആശ്വാസവും അംഗീകാരവും വന്നുചേരുകയും ചെയ്തു.

ഗൾഫ് മലയാളിയുടെ ദു:ഖവും സങ്കടവും ഒപ്പം പരിഹാസ്യ കഥാപാത്രങ്ങളേയും വിറ്റു കാശാക്കുന്ന ചലചിത്രങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ഗൾഫിലെ എഴുത്തുകാരുടേതായിരുന്നില്ല. ആടുജീവിതം ഒരുപക്ഷെ അതിനൊരപവാദമായേക്കാം, പക്ഷെ അതിൽ വരച്ചുകാണിക്കുന്നതു ക്രൂരനായ കാട്ടറബിയുടെ രൂപമാണെങ്കിൽ അതിനു യാഥാർഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ആ നോവൽപോലും അറബികളെ മോശമായി അവതരിപ്പിച്ച കേവലം ഭാവനാ സൃഷ്ടി മാത്രമായിരുന്നു.

സാംസ്കാരിക സായാഹ്നം:

കുവൈറ്റിൽ ഒരു സാംസ്കാരിക സായാഹ്നത്തിന് തുടക്കം കുറിച്ചത് ഇന്ത്യൻ ആർട്സ് സർക്കിളിൽ നടത്തിയ “കഥാവായന” യിലൂടെയാണ്. കുവൈറ്റിലുണ്ടായിരുന്ന സാഹിത്യകാരന്മാരായ കെ.ആർ പ്രസാദ്, കരുണാകരൻ, സാം പൈനുംമൂട്, ഹരീഷ്, കെ.വി.ജോൺസൺ കൂടെ ഞാനും ആ സാഹിത്യ സായാഹ്നങ്ങളിൽ പങ്കെടുത്തു. അതിന്റെ തുടർച്ചയെന്നോണം മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയായിലും അത്തരം സാഹിത്യ സദസ്സുകൾ ജന്മമെടുത്തു. കവിതകൾ എഴുതുന്ന ലിസ്സി കുര്യാക്കോസ് ആ വേദിയെ സമ്പന്നമാക്കിയിരുന്നു. ഇനിയും കുറേപേരുണ്ട്, പേരെടുത്തു പറയേണ്ടതാണെങ്കിലും അവരുടെയൊക്കെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയതായിരുന്നു കുവൈറ്റിലെ സാംസ്കാരിക വേദികൾ.

പിന്നീട് കുവൈറ്റിലെത്തിയ മേതിൽ രാധാകൃഷ്ണനും കെ.എൽ.മോഹനവർമയും, കെ.പി.മോഹനനും മറ്റും ഇതിന്റെ ഭാവക്കായി. ഐ.ടി അബൂബക്കർ എന്ന മറ്റൊരു സാഹിത്യകാരനെ അവിചാരിതമായി സഫാത്തിൽ നിന്നും ഞാൻ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ചുരുക്ക കഥകൾ വായിക്കാൻ എറേ കൗതുകമുള്ളതാണ്. ഇപ്പോഴും കരുവാരച്ചുണ്ടിൽനിന്നും ഐ.ടി.യുടെ കഥകൾ മുടങ്ങാതെ വായിക്കുന്നു.

തപസ്യയുടെ മുഖചിത്രം:

അക്കാലത്തായിരുന്നു കുവൈറ്റിൽ നിന്നും ആദ്യമായി “തപസ്യ” എന്ന ഒരു മലയാള സാഹിത്യ പുസ്തകം ഞാൻ ഇറക്കിയത്, പല പ്രമുഖ സാഹിത്യകാരന്മാരുടെയും സൃഷ്ടികൾ അതിൽ ഉൾക്കൊള്ളിച്ചിരുന്നു. തപസ്യയുടെ മുഖചിത്രം കുവൈറ്റിലെ “ദഇയ്യാ അബുദുള്ള മുബാറകിലെ” പ്ലാസ്റ്റിക് മിനാരമുള്ള പള്ളിയായിരുന്നു. അതിമനോഹരമായ കോണാകൃതിയിലുള്ള വാസ്തുവിദ്യയിൽ തീർത്ത പള്ളിയുടെ അകം പൗരാണിക ഇസ്ലാമിക് കലാരൂപങ്ങളുടെ ഒരപൂർവ ദൃശ്യസുഖം നൽകും വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. തികച്ചും അനന്യമായ കാഴ്ചയാണ് ഫാത്തിമ പള്ളി. പ്ലാസ്റ്റിക്കിന്റെയും കറുത്ത ഗ്ലാസിന്റെയും സമ്മിശ്രത്തിൽ തീർത്ത മിനാരത്തിനിടയിൽ മരത്തിന്റെ കൊത്തുപണിയിൽ ഖുർആനിക സൂകത്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. വർണ്ണാഭമായ രാത്രീ വെളിച്ചത്തിൽ പ്രത്യകിച്ചും റമദാനിൽ മിന്നിത്തിളങ്ങുന്ന ഈ പള്ളി മികച്ച വാസ്തു കലാ രൂപം തന്നെയാണ്. കുവൈറ്റിലെത്തുന്ന സന്ദർശകരുടെ വിസ്മയ കാഴ്ചയാണ് ഈ പ്ലാസ്റ്റിക് പള്ളി. റമദാനിലെ തറാവീഹ് നമസ്കാരത്തിന് പലപ്പോഴും ആ പള്ളിയിൽ ഞാൻ പോയിട്ടുണ്ട്. അവിടത്തെ ഇമാമിന്റെ ഖുർആൻ പറയണം അത്രമേൽ ഹൃദ്യമായ ഒരനുഭവമായിരുന്നു.

(തപസ്യയുടെ മുഖചിത്രം, കുവൈറ്റിലെ ഫാത്തിമാ പള്ളി – പ്ലാസ്റ്റിക് മിനാരത്തിലുള്ള വിശാലമായ ഒറ്റനിലപള്ളി.)

മലയാള ദിനപ്പത്രത്തിന്റെ തുടക്കം:

ഏറെനാളത്തെ ഗൃഹപാഠത്തിനും ചിന്തകൾക്കും ശേഷം ഒരു വൈകുന്നേരം ഞാനും ജോൺസണും ഒരു പ്രൊപ്പോസലുമായി അറബ് ടൈമ്സ് എന്ന കുവൈറ്റിലെ ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ഓഫിസിൽ കയറിച്ചെന്നു. എഡിറ്ററും പുബ്ലിഷറുമായ അഹമ്മദ് അൽ-ജാറള്ളയെ കാണുകയായിരുന്നു ഉദ്ദേശം. നേരെത്തെ അപ്പോയ്ന്റ്മെന്റ് ഇല്ലാത്തതിനാൽ റിസപ്ഷനിറ്റ് കാണാൻ അനുവതിച്ചില്ല.

ഞങ്ങൾ നിരാശരായി മടങ്ങവേ ഇടനാഴിയിൽ നിൽക്കുന്ന കുവൈറ്റി വേഷധാരി ഞങ്ങളെ കണ്ടു. സൗമ്യഭാവത്തിൽ “ആരെയാണ് കാണേണ്ടതെന്നു” തിരക്കി. എഡിറ്ററുടെ പേരുപറഞ്ഞതോടെ അദ്ദേഹം മറ്റൊരു മുറിയിൽ ഞങ്ങളെ കൂട്ടികൊണ്ടുപോയി. അവിടെ ഒഴിഞ്ഞ വലിയ കസേരയിൽ ഞങ്ങൾക്കഭിമുഖമായി അയാളിരുന്നു. “ടെൽ മി അയാം അഹ്മദ് ജാറള്ള” എന്ന് പറഞ്ഞതോടെ ഞങ്ങൾ അന്തംവിട്ടുനിന്നു.

നേരെത്തെ തയ്യാറാക്കിയ ഒരു പ്രൊപ്പോസൽ അദ്ദേഹത്തെ ഏല്പിച്ചുകൊണ്ടു കാര്യങ്ങൾ വിശദീകരിച്ചു. ഒരുലക്ഷത്തിലേറെ വരുന്ന മലയാളികളുടെ പ്രഭാത പത്രവായനക്ക് താങ്കൾ നൽകുന്ന ഏറ്റവും മഹത്തര സേവനമായിരിക്കും ഇവിടെനിന്നും പ്രിന്റ് ആൻഡ് പബ്ലിഷ് ചെയ്യുന്ന ഒരു മലയാള ദിനപത്രം. പ്രൊപോസൽ നല്ലതാണെങ്കിലും ഒരു അന്യഭാഷയിലുള്ള പത്രം പുറത്തിറക്കുന്നതിന്റെ കടമ്പകൾ ഏറെയാണെന്നും ഇൻഫർമേഷൻ മിനിസ്ട്രിയിൽനിന്നും അനുവാദം നേടിയെടുക്കൽ എളുപ്പമല്ലെന്നും ഞങ്ങളെ ധരിപ്പിച്ചു. അദ്ദേഹം ശ്രമിക്കാം എന്നുപറഞ്ഞുവെച്ചു ഞങ്ങളെ സ്നേഹപൂർവ്വം യാത്രയാക്കി.

ആയിടക്കാണ് മാതൃഭൂമിയുടെ പാലക്കാട് ബ്യുറോ ചീഫ് കെ.പി.മോഹൻ കുവൈറ്റിൽ വരുന്നതും മറ്റൊരു ദിനപത്രമായ “കുവൈറ്റ് ടൈമ്സിൽ” ബിസിനസ് എഡിറ്റർ ആയി ജോലി ചെയ്യാനും തുടങ്ങിയത്. ഞാനും ജോൺസണും ഇടക്കൊക്കെ ഈ പത്രത്തിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബോംബെ കാരനായ എഡിറ്റർ “ദാരാ കഡുവാ” ഞങ്ങളുടെ സുഹൃത്തായിരുന്നു.

പക്ഷെ മോഹനനെ കാര്യങ്ങൾ ധരിപ്പിക്കുന്നതായിരിക്കും കൂടുതൽ ഉചിതം എന്ന് കരുതി ഞങ്ങൾ മോഹനനെ സമീപിച്ചു. അങ്ങനെയാണ് മോഹൻ കുവൈറ്റ് ടൈമ്സിന്റെ ചീഫ് എഡിറ്റർ യൂസഫ് സാലിഹ് അൽ-അലയാനെ വിവരം ധരിപ്പിച്ചത്. അദ്ദേഹത്തിന്റെകൂടി പരിശ്രമഫലമായി 1982-ൽ രണ്ടുപേജ് മലയാള ദിനപത്രം കുവൈറ്റ് ടൈമ്സിന്റെ കൂടെ പുറത്തിറക്കാനായി. ആദ്യഘട്ടത്തിൽ കൈകൊണ്ടെഴുതി പത്രരൂപത്തിൽ പ്രിന്റ് ചെയ്യുകയായിരുന്നു. സാവകാശത്തിൽ ആധുനിക പ്രിന്റിങ് ടെക്നോളജിയുടെ സഹായത്തോടെ നാലു പേജ് ദിനപ്പത്രമായി രൂപം പ്രാപിച്ചു. ആദ്യം കെ.പി. മോഹനനും തുടർന്ന് മൂസക്കോയയും സുധാകരനും മലയാള വിഭാഗത്തിന്റെ എഡിറ്റോറിയൽ കൈകാര്യം ചെയ്തു.

(കൈകൊണ്ടെഴുതിയ ഗൾഫിലെ ആദ്യ മലയാള ദിനപത്രം)

(കൈകൊണ്ടെഴുതിയ ഗൾഫിലെ ആദ്യ മലയാള ദിനപ്പത്രം)

(കുവൈറ്റ് ടൈമ്സിന്റെ പുതിയ രൂപം, ആധുനിക പ്രിന്റിങ് സാങ്കേതികതയിലൂടെ )

“കല”കുവൈറ്റ് മലയാളം പഠിപ്പിക്കുന്നു:

സി.പി.എം.ന്റെ കുവൈറ്റിലെ പോഷകസംഘടനയാണ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ എന്ന “കല”. കുവൈറ്റിൽ അധിവസിക്കുന്ന മലയാളി കുട്ടികളിൽ മാതൃഭാഷ എത്തിക്കുകയെന്ന സദുദ്ദേശത്തോടെ കല ആരംഭിച്ച ഭാഷാ പഠന പദ്ധതിയാണ് “മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക” എന്ന ശീർഷകം. 1990-മുതൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. അവധി ദിവസങ്ങളിൽ കുട്ടികൾക്ക് മലയാളത്തിന്റെ “ഹരിശ്രീ” പറഞ്ഞുകൊടുക്കാനായി കലയുടെ പ്രവർത്തകരും മാതൃഭാഷാ സ്നേഹികളും പൊതുസമൂഹവുമായി സമ്പർക്കം പുലർത്തി.

മാതൃഭാഷാ പഠനത്തിനുപരിയായി മറുനാടൻ കുട്ടികളിൽ അന്യമായിക്കൊണ്ടിരിക്കുന്ന മലയാളത്തനിമയും കേരളത്തിന്റെ തനതു സംസ്കാരവും അവർക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു കലയുടെ ലക്ഷ്യം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നോർക്കയുമായി ചേർന്ന് മലയാള ഭാഷാ പഠന പദ്ധതി ഇന്നും കുവൈറ്റിൽ തുടർന്നുകൊണ്ടിരിക്കുന്നു. “എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം” എന്ന 2016-ലെ കേരള സർക്കാരിന്റെ പുതിയ സമീപനം ഒരുവേള കലയുടെ ഭാഷാ പഠന പദ്ധതിയെ ഉത്തരോത്തരം ഉയരത്തിൽ എത്തിക്കാൻ കഴിഞ്ഞു. കുവൈറ്റ് മലയാളി സമൂഹത്തിന്റെ വലിയ നേട്ടമാണ് മലയാള ഭാഷ പഠന പദ്ധതിയും കുവൈറ്റിൽ നിന്നിറങ്ങുന്ന നാല് പേജ് മലയാള ദിനപത്രവും.

മലയാള ഭാഷാ പഠനം തുടങ്ങുന്നതിനും എത്രയോ മുമ്പേ “മതപഠന” ക്ലാസ്സുകൾ കുവൈറ്റിൽ ആരംഭച്ചിരുന്നു. കുവൈറ്റ് മലയാളി മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അവ നടത്തിയത്. “ഫ്രെയ്ഡെഫോറം”, കെ.ഐ.ജി., ഇസ്ലാഹി സെന്റർ മുതലായ
സംഘടനകൾ അവരവരുടേതായ സിലബസ്സിൽ കുട്ടികൾക്ക് മതപഠനം ഉറപ്പു വരുത്തി, കൂടെ മുതിർന്നവർക്ക് ഖുർആൻ ക്ലാസ്സുകളും.

ക്രിസ്ത്യൻ സമൂഹം അവരുടെ സൺഡേ ക്ലാസ്സുകൾ നടത്തിയിരുന്നത് ഫ്രെയ്ഡേകളിലായിരുന്നു. കുട്ടികളുടെ ഒഴിവുദിനം വെള്ളിയാഴ്ച ആയതിനാൽ പേരിൽ മാറ്റമില്ലാതെ സൺഡേ ക്ലാസ്സ് എന്ന് വിളിച്ചുപോന്നു. അവർ ഞാറാഴ്ച കുർബാനകൾ നടത്തിയതും വെള്ളിയാഴ്ചകളിലാണ്. എല്ലാ മതക്കാർക്കും അവരുടേതായ ആരാധനാ സ്വാതന്ത്യം ഭരണകൂടം അനുവദിച്ചുപോന്നു. ഇസ്ലാം മത വിശ്വാസവും അതുൾക്കൊള്ളുന്ന മതത്തിന്റെ നിയമവലികളും മുറുകെപിടിച്ചുകൊണ്ടു മതേതരത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടോടെ അന്യനാട്ടുകാരെ ചേർത്തുപിടിക്കുന്ന സമീപനമാണ് കുവൈറ്റിന്റെതു.

മലയാളികളുടെ സംഘടനകളുടെ എണ്ണം നാൾക്കുനാൾ കൂടിവന്നു. സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ശക്തിയും അനുദിനം വർധിച്ചു. പരസഹായവും മെഡിക്കൽ ക്യാമ്പും മലയാളിയുടെ സാമൂഹിക പ്രതിബന്ധതയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി.

ഇതൊക്കെ മാറിനിന്നു വീക്ഷിക്കുന്ന കുവൈറ്റ് ഭരണകൂടത്തിന്റെ നിർലോഭമായ സഹകരണവും മൗന സമ്മതവും അഭിനന്ദിക്കേണ്ടതാണ്. അനുവദനീയമായ നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് സാമൂഹ്യസേവനത്തിനും ദാനധർമ്മങ്ങൾക്കും അവരുടെ കയ്യൊപ്പുണ്ടായിരുന്നു. ഭരണകൂടത്തോടുള്ള നന്ദിയും കടപ്പാടും എത്ര എഴുതിയാലും മതിയാവില്ല. അത്രമേൽ സൗഹൃദത്തോടെയും സ്നേഹത്തോടെയുമാണ് കുവൈറ്റികൾ ഇന്ത്യക്കാരരോട് പ്രത്യേകിച്ച് മലയാളി സമൂഹത്തോട് പെരുമാറിയിരുന്നത്. കുവൈറ്റിലെ പ്രവാസലോകം അവരെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ ബാധ്യസഥരാണ്. (തുടരും)

ഹസ്സൻ തിക്കോടി , Ph:9747883300 email:hassanbatha@gmail.com – 25/07/2021.

×