വാക്സിൻ പാസ്പോർട്ട് – ഹസ്സൻ തിക്കോടി

സത്യം ഡെസ്ക്
Saturday, April 10, 2021

-ഹസ്സൻ തിക്കോടി

ഇന്ന് ജീവിക്കുന്ന മനുഷ്യരെല്ലാം “ന്യൂ നോർമൽ” ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതം കോവിഡിനൊപ്പമാണെന്ന തോന്നൽ എല്ലാവരിലും വന്നു ചേർന്നതോടെ ജീവിതം സാധാരണ മട്ടിലായപോലെയാണ് നാമെല്ലാവരും. ഭപ്പെട്ടും ഭയപ്പെടുത്തിയും ജീവിക്കാനാ വില്ലന്ന തിരിച്ചറിവുകൾ നിലനിൽക്കുമ്പോളും കൊറോണ വൈറസിന്റെ വകഭേദം വന്ന പുതിയ വൈറസുകൾ നമുക്ക് ചുറ്റിലും കറങ്ങി നടക്കുന്നു.

കൊറോണ കുടുംബത്തിലെ വൈറസുകൾക്കു അതിവേഗം മാറ്റങ്ങൾ വരുന്നതിനാൽ ശാസ്ത്രലോകം പോലും അങ്കലാപ്പിലാണ്. SARS-CoV-2 എന്ന ജനിതക വൈറസിൽ നിന്നും പുതുതായി മൂന്നു തരക്കാർ കൂടി വന്നു ചേർന്നതോടെ ലോകം മറ്റൊരു ലോക്‌ഡോണിന്റെ അരികിലെത്തിയിരിക്കുകയാണ്. VOI, VOC, VOHC എന്നിങ്ങനെ തരം തിരിച്ച പുതിയ വൈറസിനെ B.1.1.7, B1.35.1, B.1.427/429 എന്നീ ശാസ്ത്ര നാമത്തിലാണറിയപ്പെടുന്ന ജനിതമാറ്റ വൈറസുകൾ ഒരല്പം അപകടകാരിയാവാനുള്ള സാധ്യതകൾ ശാസ്ത്രലോകം തള്ളിക്കളയുന്നില്ല.

കോവിഡ് വാക്സിൻ

ഫലപ്രദമെന്ന് വിശ്വസിക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ വ്യാപകമായതോടെ ലോക സാമ്പത്തിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും അതിവേഗം ശുഭസൂചകമായ ചലനങ്ങൾ ഉണ്ടായേക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും. അതിന്റെ ആദ്യ പടിയായി വാക്‌സിൻ ലഭിച്ചവരെയും ലഭിക്കാത്തവരെയും വേർതിരിക്കുന്ന പ്രകൃയക്കു രൂപം കൊടുക്കുകയാണ് യൂറോപ്പിലെ ചില സർക്കാരുകൾ. പക്ഷെ അമേരിക്ക അവരുടെ പൗരന്മാരെ രണ്ടു തരക്കാരായി വേർതിരിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന കാര്യം ഇതിനകം അറിയിച്ചു കഴിഞ്ഞു.

അമേരിക്കയടക്കം ലോക രാജ്യങ്ങൾ എല്ലാം വാക്സിൻ നിർമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അതിന്റെ ഫലപ്രാപ്‌തി എത്രത്തോളം എന്നതിന്റെ തെളിവുകൾ ഇതേവരെ ലഭ്യമല്ല. പ്രത്യേകിച്ച് ഈ വർഷം മുതൽ കണ്ടു തുടങ്ങിയ ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ നൽകി വരുന്ന വാക്സിനുകൾ മതിയാവുമോ? എന്നാൽ ഇന്ത്യയിൽ നിർമിച്ച കോവിഷിൽഡ്, കോവാക്സിൻ വാക്സിനുകൾ പുതിയ ജനിതകമാറ്റം വന്ന വൈറസുകളെ ഉൾകൊള്ളാൻ കല്പുള്ളതാണെന്നു ചില പഠനങ്ങൾ സാധൂകരിക്കുന്നുണ്ട്.

എന്താണ് വാക്സിൻ പാസ്പോർട്ട് ?

രണ്ടു ഡോസ് കോവിഡ് വാക്സിൻ ലഭിച്ചവർക്ക് അതതു സർക്കാരുകൾ ഒരു ഡിജിറ്റൽ “വാക്‌സിൻ പാസ്പോർട്ട്” നൽകാനുള്ള അണിയറ ചർച്ചകൾ നടക്കുമ്പോൾത്തന്നെ എതിർപ്പുകൾ കൂടി വരികയാണ്. മുൻ കാലങ്ങളിൽ ആഫ്രിക്കയിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെങ്കിൽ വാക്സിൻ എടുത്ത മഞ്ഞ കാർഡ് (Yellow Card) യാത്രയോടൊപ്പം കൈയ്യിൽ സൂക്ഷിക്കണമായിരുന്നു. അക്കാലത്തു ആഫ്രിക്കയിൽ വ്യപകമായ “യെല്ലോഫീവർ” എന്ന പകർച്ചപ്പനി പടരാതിരിക്കാനുള്ള മുൻകരുതലായി ലോകരൊഗ്യ സംഘടന കൊണ്ടുവന്ന ഒരു നിയമമായിരുന്നു അത്.

ഇന്ത്യയും ഒരു കാലത്തു യെല്ലോഫീവർ കാർഡ് നൽകിയിരുന്നു. അതുപോലെ ഹജ്ജിനു പോകുന്നവർക്കും സൗദി സർക്കാർ ചില പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കിയിരുന്നു. അപ്പോഴൊക്കെ യാത്രാ രേഖകകൾക്കൊപ്പം ഇത്തരം സർട്ടിഫിക്കറ്റുകൾ കൂടി കരുതണം.

പക്ഷെ ഇപ്പോൾ കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകത്താകമാനം പടർന്നു പിടിച്ച സാഹചര്യത്തിൽ, എല്ലാ രാജ്യങ്ങളും അവരുടെ അതിർത്തികൾ കടക്കണമെങ്കിൽ കോവിഡ് രോഗ മുക്ത സെർട്ടിഫികറ്റുകൾ കരുതാനുള്ള നീക്കം കടുപ്പിക്കുകയും അതോടെ യാത്രകൾ ദുഷ്കരമാവുകയും ചെയ്തു. അങ്ങനെ യാത്രകൾ പൂർണമായും നിലച്ചതോടെ തൊണ്ണൂറു ശതമാനം വിമാന കമ്പനികളും അവരുടെ വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യപ്പെടുകയും ടൂറിസം മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഉണരുന്ന ടൂറിസം വിപണികൾ 

ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന ടൂറിസം വിപണിയെ ഉത്തേജിപ്പിക്കാൻ “വാക്സിൻ പാസ്പോർട്ടി”നു സാധിക്കും എന്ന പ്രതീക്ഷയിലാണ് അയാട്ടയും (IATA) യും ലോക സാമ്പത്തിക സംഘടനയും. അതിന്റെ മുന്നോടിയായി WEF (world Ecnomic Forum) പുറത്തിറക്കാനുദ്ദേശിക്കുന്ന CommonPass യാത്രക്കാരുടെ കോവിഡ് രോഗ വിവരങ്ങൾ അടങ്ങിയ രേഖ മാത്രമായിരിക്കും. പ്രവേശിക്കുന്ന രാജ്യങ്ങൾക്കു യാത്രക്കാരൻ കോവിഡ് മുക്തനാണെന്നു സാക്ഷ്യപെടുത്തുകയും രണ്ടു പേരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുമായി ലോകാരോഗ്യ സംഘടനയുടെയും അയാട്ടയുടെയും അറിവോടെയുമാണ് ഈ സംരഭം ആരംഭിക്കുന്നത്.

വാക്സിൻ പാസ്പോർട്ട് ലോകത്താദ്യമായി നൽകി തുടങ്ങിയത് ഇസ്രായേലാണ്. രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു ആഭ്യന്തര യാത്രകൾ സുഗമമാക്കാനും, ക്ളബുകളിലും ബാറുകളിലും, കളിസ്ഥലങ്ങളിലും യഥേഷ്ട്ടം കൂടിച്ചേരാനുമുള്ള ഒരു അനുമതി പത്രമായി കഴിഞ്ഞ മാസം മുതലാണ് ഇസ്രായേൽ വിതരണം ചെയ്തുതുടങ്ങിയത്. തുടർന്ന് ഡെൻമാർക്ക്‌, ഹംഗറി, ഐസ് ലാൻഡ് എന്നീ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് രണ്ടു ഡോസുകൾക്കു ശേഷം ഗ്രീൻ പാസ്പോര്ട്ട് എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ നൽകിതുടങ്ങി.

ഇപ്പോഴതാ യൂറോപ്പിലെ മറ്റു ചില ബയോമെട്രിക് കമ്പനികൾ ഡിജിറ്റൽ വാക്സിൻ പാസ്പോർട്ടുകളുടെ പണിപ്പുരയിലാണ്. iProov, Mvine എന്നീ കമ്പനികൾ ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയവുമായി ഡിജിറ്റൽ പാസ്പോർട്ട് നൽകാനുള്ള ചർച്ചയിലാണ്. ഇത്തരം ഡിജിറ്റൽ പാസ്സ്പോർട്ടിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണുണ്ടാവുക എന്ന് അതിന്റെ സി.ഇ.ഒ ആൻഡ്രോ ബഡ് പറയുന്നു.

(1) ഈ വ്യക്തി കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ?
(2) ഈ വ്യക്തി കാഴ്ച്ചയിൽ ആരോഗ്യവാനാണോ?

വാക്സിൻ പാസ്പോർട്ട് എടുക്കാനായി ആരെയും നിർബന്ധിക്കില്ല, എന്നാൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യണമെങ്കിലോ, മറ്റു പബ്ലിക് സ്ഥലങ്ങളിൽ കൂടിച്ചേരണമെങ്കിലോ കോവിഡ് മുക്ത സെർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. പലപ്പോഴും അത്തരം സെർട്ടിഫിക്കറ്റുകളുടെ കാലാവധി 72 മണിക്കൂർ മാത്രമായിരിക്കും.

ഇന്ത്യയിൽ വാക്സിൻ പാസ്പോർട്ട്

ഇന്ത്യയിൽ ഇതുവരെ വാക്സിൻ പാസ്പോർട്ട് നൽകാനുള്ള തീരുമാനായിട്ടില്ല. എന്നാൽ ആദ്യഡോസ് വാക്സിൻ ലഭിച്ചവർക്ക് വാക്സിൻ സെർട്ടിഫിക്കറ്റും രണ്ടാം ഡോസ് ലഭിച്ചർക്കു മറ്റൊരു സെർട്ടിഫിക്കറ്റും ലഭിക്കും. ഇത്തരം സർട്ടിഫിക്കറ്റുകൾ അന്താരാഷട്ര യാത്രകൾക്ക് സ്വീകാര്യമാണോ എന്ന കാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. അയാട്ടയും, വേൾഡ് എക്കണോമിക് ഫോറവും രൂപം കൊടുക്കുന്ന “ട്രാവൽ പാസ്സ്”, “കോമൺ പാസ്സ് “ എന്നിവയുമായി ഇന്ത്യ ചർച്ച നടത്തി വരികയാണ്.

അവർ തയ്യാറാക്കുന്ന “ട്രാവൽ ആപ്പ്” എന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ ആയിരിക്കും ഇന്ത്യയുടെ വാക്സിൻ പാസ്പോർട്ട് നൽകിത്തുടങ്ങുക. ഇത്തരം സംവിധാനങ്ങൾ വരുന്നതോടെ ഇന്ത്യയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകൾ എളുപ്പമാവുകയും ടൂറിസം മേഖലക്ക് അത് ഉത്തേജനം നൽകുകയും ചെയ്യും. അതോടെ യാത്രക്ക് ശേഷമുള്ള ക്വാറന്റൈൻ പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും. ഇന്ത്യയിൽ ഒരു പക്ഷെ അയാട്ടയുമായി ചേർന്ന് “ട്രാവൽ പാസ്സ് ആപ്പ്” നൽകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. അയാട്ടയുടെ ഏഷ്യാ-പസിഫിക് റീജിണൽ ഡയറക്‌ടർ വിനൂപ് ഗോയിൽ ഇന്ത്യൻ അധികൃതരുമായി ഇത്തരം ഒരു ആപ്പ് കൊണ്ടുവരാനുള്ള ചർച്ചകൾ നടത്തി വരികയാണ്.

വാക്സിൻ പാസ്‌പോർട്ടിന്റെ മറുവശം

ലോകത്തിൽ എണ്ണൂറു കോടി ജനങ്ങളിൽ വളരെ എളുപ്പത്തിൽ പ്രതിരോധ കുത്തി വെപ്പുകൾ നടത്തണമെങ്കിൽ വർഷങ്ങൾ എമ്പാടും വേണം. ക്ഷിപ്രസാദ്യ്രമായ വാക്സിൻ പ്രക്രിയ മന്ദഗതിയിലാവുന്നതോടെ മനുഷ്യ ജീവിതം ദു:സ്സഹവും യാതനാ പൂർണവുമായിരിക്കും. ഓരോ രാജ്യവും രണ്ടു തരം പൗരന്മാരെ പരിഗണിക്കേണ്ടി വരും. വാക്സിൻ ലഭിക്കാത്തവർക്കു യാത്രാ സൗകര്യങ്ങൾ നിഷേധിക്കുന്ന, അവർക്കു പബ്ലിക് കൂടിച്ചേരലുകളിൽ പങ്കെടുക്കാനാവാതെ വിവേചനം നേരിടേണ്ടി വരുന്ന അവസ്ഥകൾ ഉണ്ടാവും. ഇത് ഓരോ രാജ്യത്തിന്റെയും മൗലികാവകാശ ലങ്കനമായിരിക്കും.

അന്താരാഷട്ര തലത്തിൽ ഇത്തരം ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇത്തരം വിവേചനത്തെ ഡെമോക്രാറ്റിനു നേരെയുള്ള ആയുധമാക്കിയിരിക്കുന്നു. കോവിഡ് മൂലം വന്നു ചേരുന്ന ഇത്തരം പൗര വിവേചനം നിയമപരമായി എങ്ങനെ നേരിടാം എന്നാണ് പാശ്ച്യാത്യ രാജ്യങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ സംവാദങ്ങൾ. ഈ വിവേചനത്തിന്റെ ഏറ്റവും വലിയ ഇരകൾ യുവാക്കളായിരിക്കും. അവരാണല്ലോ കോവിഡ് വാക്സിൻ ലഭിക്കുന്ന അവസാനത്തെ പൗരന്മാർ. ഇനിയും എത്രയോ വർഷങ്ങൾ അവർ കാത്തിരിക്കേണ്ടി വരും.

-ഹസ്സൻ തിക്കോടി
phone: 9747883300, email: hassanbatha@gmail.com

×