ഹസ്സന്‍ തിക്കോടിയുടെ ‘കോവിഡ് കാലത്തെ അമേരിക്കന്‍ ഓര്‍മ്മകള്‍’ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നു

Monday, November 2, 2020

സ്സന്‍ തിക്കോടി എഴുതിയ ‘കോവിഡ് കാലത്തെ അമേരിക്കന്‍ ഓര്‍മകള്‍’ എന്ന പുസ്തകം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ ഏഴിന് വൈകിട്ട് ആറിനും 6-30നും ഇടയില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിദ്ദീനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

പുസ്തകത്തെക്കുറിച്ച് ഹസന്‍ തിക്കോടി…

കൊറോണ !! ചിരിയോ, കരച്ചിലോ ??

അമേരിക്കയിൽ ഞാൻ എത്തിയത് കൊറോണക്കാലത്തെ വാർത്തകളും സംഭവങ്ങളും കാണാനോ പഠിക്കാനൊ ഏഴുതാണോ വേണ്ടിയായിരുന്നില്ല. തികച്ചും സ്വകാര്യമായ ഒരു കുടുംബ സന്ദർശനമായിരുന്നു. പക്ഷേ, കൊറോണ എന്ന മഹാമാരി പൊടുന്നനെ വന്നുപെട്ടതിനാൽ എനിക്കീയവസരം ഒരു നിമിത്തമായി. ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഏകദേശം ഒന്നേമുക്കൽകോടി മനുഷ്യരിൽ കോവിഡ്-19 രോഗം ബാധിക്കുകയും ഏഴു ലക്ഷം പേർക്ക് ജീവൻ നഷട്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

അതിലുപരി 760 കോടി ലോകജനതയെ നേരിട്ടോ അല്ലാതെയോ മാനസികമായും, സാമ്പത്തികമായും ഒരുകേവല വൈറസ് കീഴ്പെടുത്തിയിരിക്കുന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. അവരുടെ തേങ്ങലും, കണ്ണീരും കരച്ചിലും, ആധിയും വ്യാധിയും ഭാവിയുടെ അനിശ്ചിതാവസ്ഥയും ഇഴുകിച്ചേർന്നതാണിതിലെ വരികൾക്കിടയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥകൾ വാക്കുകളായി രൂപം പ്രാപിക്കുമ്പോൾ അതിനെ “ചിരിക്കുന്ന കൊറോണ”ക്കാലമെന്നൊക്കെ പറയാം.

കാരണം ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ സകല സൌഭാഗ്യങ്ങളെയും നോക്കുകൂത്തിയാക്കി ഒരു സൂക്ഷ്മാൽസൂക്ഷമജീവി ഈ ലോകത്തെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നു: “ഹേ മനുഷ്യാ, നീ ഇതേവരെ സ്വരൂപിച്ച മൂലധനവും, സാങ്കേതികവിദ്യകളും, പ്രകൃതിവിഭവങ്ങളും കേവലം മിഥ്യമാത്രമാണ്, അതിർത്തികളിൽ മതിൽകെട്ടിയും സൈന്യങ്ങളെ വിന്യസിപ്പിച്ചും, ആയുധങ്ങൾ വികസിപ്പിച്ചും, ആണവശക്തിയിൽ പരസ്പരം മത്സരിച്ചും യുദ്ധകാഹളംമുഴക്കിയതൊക്കെയും നിഷപ്രഭമാക്കാൻ ഞൊടിയിടയിൽ എനിക്കു സാധിച്ചു. ആരുടെയും സമ്മതമില്ലാതെ, രാജ്യങ്ങളുടെ അതിർവരമ്പുകളോ, വലുപ്പചെറുപ്പമോ, സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകളോ, കറുപ്പെന്നോ വെളുപ്പെന്നോ നോക്കാതെ സമത്വസുന്ദരമായി എല്ലാവരിലും ഇതിനകം ഞാൻ എത്തിചേർന്നിട്ടുണ്ട്.

ഇതൊന്നും അഹങ്കാരിയായ നിന്നെ പഠിപ്പിക്കാൻ മതിയാവില്ലെന്ന് എനിക്കറിയാം, ഇതിനുമുമ്പ് പ്ലേഗായും, സ്പാനിഷ്ഫ്ലുആയും സാർസ്, മാർസ്, നിപ്പാ എന്നീ പേരുകളിലും പലയിടത്തും വന്നിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അതിവേഗമുളള യാത്രാസൌകര്യങ്ങൾ നിങ്ങൾതന്നെ ഒരുക്കിത്തന്നതിനാൽ സഞ്ചാരം അതിവേഗത്തിലായി. എനിക്കറിയാം ഇതിൽനിന്നൊന്നും നിങ്ങളാരും യാതൊരു പാഠവും പഠിച്ചിട്ടില്ലെന്ന്, അതുകൊണ്ടു ഞാൻ മറ്റൊരുപേരിൽ ഇതാ വീണ്ടും വന്നിരിക്കുന്നു, കോവിഡ്19, നിന്റെ അഹന്തയെനോക്കി ഞാൻ ചിരിക്കയല്ലാതെ മറ്റെന്തുചെയ്യാൻ! ഇത്രയൊക്കെ പ്രഹരമേറ്റിട്ടും നീ മാറുന്നില്ലല്ലോ എന്ന വേദനമാത്രമേ എന്നിക്കുള്ളൂ.

ഓരോ ദുരന്തങ്ങൾ വരുമ്പോഴും നീ അതിനെ മറികടക്കാൻ പെടാപ്പാടുപെടും, അതിൽനിന്നു പാഠമുൾകൊള്ളാനാവാതെ കലഹവും, പോരും, അസൂയ്യയും, അഹംഭാവവും, വീണ്ടും വന്നുചേരും. വാക്സിനുകൾ കച്ചവടം ചെയ്തു ലാഭമുണ്ടാക്കും. എന്നെ പിടിച്ചുകെട്ടാനുള്ള എല്ലാശ്രമവും നീ നടത്തുമ്പോഴും നിന്റെ നിസ്സഹായതയെഓർത്തു ഞാനനെന്ന വൈറസ് ചിരിക്കുന്നുണ്ടാവും

അവതാരിക (കെ.എല്‍. മോഹനവര്‍മ്മ)

മലയാളത്തിൻറെ പ്രവാസി സാഹിത്യകാരന്മാരിലെ സമുന്നതരിൽ രചനകളുടെ ഉൾക്കാഴ്ച കൊണ്ടും സംവേദനക്ഷമത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതിഭാധനനാണ് ഹസ്സൻ തിക്കോടി. ചരിത്രവും ഭൂമിശാസ്ത്രവും ആധുനിക ടെക്നോളജിയും അതോടൊപ്പം സംഘർഷങ്ങളും ഒരു ഔട്ട്സൈഡറുടെ കാഴ്ചപ്പാടോടെ തൻറെ അനുഭവ കഥയായി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവ് ഒരു അപൂർവ സിദ്ധിയാണ്.

പ്രവാസി സാഹിത്യകാരന്മാർ ഗൾഫിലെ മണ്ണുമായി ബന്ധപ്പെട്ട നാടൻ മലയാളി മനസ്സും അമേരിക്കൻ ജീവിതശൈലിയുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന മലയാളി മനസ്സും . രണ്ടു കൂട്ടരുണ്ട്. ഇവിടെയാണ് ഹസ്സൻ തിക്കോടി ഈ രണ്ടുതരം കാഴ്ചപ്പാടുകളെയും കൂട്ടിയിണക്കി കോവിഡ് കാലത്തെ രാഷ്ട്രീയ-സാമൂഹ്യ സാമ്പത്തിക മേഖലകളിലുള്ള സുനാമിയെ നാം എങ്ങനെ നേരിടുന്നു എന്ന വസ്തുത ഒരു കഥാകൃത്തിൻറെ എല്ലാ പാടവവും ഉപയോഗിച്ചു വിനോദവും വിജ്ഞാനവും ഒപ്പം നെഞ്ചിടിപ്പും നൽകുന്ന വിഭവങ്ങളായി നമുക്ക് ഇവിടെ നൽകിയിരിക്കുന്നത് ഇവയുടെ രുചിയും മണവും നിറവും ഒഴുകും താളവും നമുക്ക്ആ സ്വദിക്കാം .

×