Advertisment

വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്ന കാരണത്താല്‍ മകനെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി ഒരച്ഛന്‍

New Update

publive-image

Advertisment

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പല രാജ്യങ്ങളും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണനിലയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് തന്നെ വാക്‌സിന്‍ എന്ന ഏക ആശ്വാസത്തിലാണ്.

തൊഴില്‍ മേഖലയോ, വിദ്യാഭ്യാസ മേഖലയോ, ബിസിനസ് മേഖലയോ ഏതുമാകട്ടെ, വാക്‌സിന്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ആളുകള്‍ക്ക് സജീവമാകാന്‍ സാധിക്കൂ. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോകുന്നത്. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്.

ഇതിനിടെ വാക്‌സിനോട് വിമുഖത കാണിക്കുന്നവരുമുണ്ട്. ഇവര്‍ മറ്റുള്ളവരുടെ ഭാവിയെ കൂടിയാണ് വെല്ലുവിളിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് പല തൊഴില്‍ സ്ഥാപനങ്ങളും. സമാനമായൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്ന കാരണത്താല്‍ മകനെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് ഒരച്ഛന്‍. 50 വര്‍ഷമായി കണ്‍സഷന്‍ സ്ഥാപനം നടത്തിവരികയാണ് പീറ്റര്‍ വിഷാര്‍ട്ട്. ഇതേ സ്ഥാപനത്തിലെ ജനറല്‍ മാനേജരായിരുന്നു മകനായ ഡാനിയേല്‍.

വാക്‌സിന്‍ സ്വീകരിക്കാന്‍ ഡാനിയേല്‍ വിസമ്മതിച്ചതിന തെുടര്‍ന്ന് മകനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് പീറ്റര്‍. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലാണ് മെല്‍ബണ്‍ അടക്കം ഓസ്‌ട്രേലിയയിലെ പലയിടങ്ങളും. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെതിരെ കാര്യമായ പ്രതിഷേധങ്ങളും ഇവിടങ്ങളില്‍ നടന്നുവരികയാണ്.

ഏവരും കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടരണമെന്നും എങ്കില്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നുമാണ് ഈ സാഹചര്യത്തില്‍ പീറ്റര്‍ പറയുന്നത്. തനിക്ക് വിരമിക്കാന്‍ ഇനി അധികം ബാക്കിയില്ലെന്നും നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കപ്പെടുന്ന സാഹചര്യത്തില്‍ ഡാനിയേലിനെ തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏതായാലും വാക്‌സിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അച്ഛന്‍ തന്നെ മകനെ കമ്പനിയില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയിയലും മറ്റും ശ്രദ്ധ നേടുന്നത്.

Health
Advertisment