Advertisment

സന്ദര്‍ശക വിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; നിയമം കടുപ്പിച്ച് ഖത്തര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഖത്തര്‍ ; ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇന്‍ഷുറന്‍സ് എടുക്കാത്തവർക്ക് വിസിറ്റ് വിസ ലഭിക്കില്ലെന്നാണ് അറിയിപ്പ്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. ആദ്യമായി വിസ എടുക്കുമ്പോഴും ഖത്തറിലെത്തിയ ശേഷം അത് പുതുക്കുന്നതിനും വെവ്വേറെ ഫീസ് നല്‍കണം. പൊതു ജനാരോഗ്യത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വഴി സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് പോളിസി തിരഞ്ഞെടുക്കാം.

സന്ദര്‍ശക വിസ നീട്ടുമ്പോഴും ഇതേ നടപടിക്രമം ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ സന്ദര്‍ശകരും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമില്‍ പരിരക്ഷിക്കപ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ നിയമം (22) അനുസരിച്ചാണ് പുതിയ പദ്ധതി.

Advertisment