മഴയെത്തി, ഒപ്പം മഴക്കാലരോഗങ്ങളും.. പ്രതിരോധിക്കാം ഇങ്ങനെ ..

ഹെല്‍ത്ത് ഡസ്ക്
Thursday, June 13, 2019

ഴക്കാലമെത്തിയാല്‍ മഴക്കാല രോഗങ്ങളുമെത്താനുള്ള സാധ്യത വളരെയേറെയാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങള്‍ വരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം.

ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. കൊതുകുകളെ അകറ്റുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം.

മഴക്കാലരോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക ജലദോഷവും പനിയുമാണ്. സാധാരണയായി കണ്ടുവരുന്ന വൈറല്‍ പനി മുതല്‍ എലിപ്പനി, ഡെങ്കിപ്പനി മുതലായ മാരകമായ വകഭേദങ്ങളും പനിക്കുണ്ട്.

മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, പനി, വിശപ്പില്ലായ്മ അഥവാ വായ്ക്ക് അരുചി, ക്ഷീണം എന്നിവയൊക്കെയാണ് വൈറല്‍ പനിയുടെ പൊതുവിലുള്ള ലക്ഷണങ്ങള്‍. രോഗാണു വൈറസ് ആയതിനാല്‍ ഇത് വളരെ വേഗം മറ്റുള്ളവരിലേക്ക് പകരും.

സാധാരണ പ്രത്യേകം മരുന്നുകള്‍ ഒന്നും കൂടാതെ ഒരാഴ്ചകൊണ്ട് ഈ അവസ്ഥകള്‍ മാറുന്നതാണ്. പൂര്‍ണവിശ്രമം എടുക്കുക, ആവിപിടിക്കുക, പനിയുള്ളപ്പോള്‍ നെറ്റിയില്‍ തുണി നനച്ചിടുക, നനഞ്ഞ തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക, തണുപ്പടിക്കാതെ സൂക്ഷിക്കുക എന്നിവയാണ് പനിയും ജലദോഷവും വന്നാല്‍ ചെയ്യേണ്ടത്.

മഴക്കാല രോഗങ്ങളെ തടയാന്‍ പരിസര ശുചിത്വം അത്യാവശ്യമാണ്. കിണറുകളിലെയും മറ്റും വെള്ളം കക്കൂസ്, ഓടകള്‍, മറ്റ് മലിനജലസ്രോതസുകള്‍ എന്നിവയില്‍നിന്നുള്ള വെള്ളം അരിച്ചിറങ്ങി മലിനമാകുന്നതും, പഴകി തുരുമ്പിച്ച പൈപ്പുകളിലെ ചെറിയ സുഷിരത്തില്‍ക്കൂടി മലിനജലം പൈപ്പുവെള്ളത്തില്‍ കലരുന്നതും രോഗാണുക്കളെ മനുഷ്യശരീരത്തിലേക്ക് വളരെ വേഗം ആവാഹിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

 

×