/sathyam/media/media_files/2025/09/23/91885a05-5408-4dfe-b8fd-ac955e3cb0b8-1-2025-09-23-15-04-11.jpg)
നമ്മുടെ കുട്ടികള്‍ വാശി പിടിച്ചു കരയാറുണ്ട്. ചെറിയ കുട്ടികളില്‍ അസുഖം ഉള്ളപ്പോള്‍, അസുഖം ഭേദപ്പെട്ടു വരുമ്പോള്‍, ക്ഷീണം ഉള്ളപ്പോള്‍, വിശന്നിരിക്കുമ്പോള്‍ ഒക്കെ ഇങ്ങനെ വാശി പിടിച്ച് കരയാം. എന്നാല്‍ കൂടുതലും വാശി കാണിക്കുന്നത് അവര്‍ വിചാരിച്ച കാര്യങ്ങള്‍ നടന്നു കിട്ടാനും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി ആയിരിക്കും.
ഇങ്ങനെയുള്ള, വാശിയോടു കൂടിയുള്ള കരച്ചിലിനെ ടെമ്പര്‍ ടാന്‍ഡ്രം എന്ന് വിളിക്കുന്നു. രണ്ടു വയസ്സിനു മുമ്പേ ഉള്ള കുട്ടികള്‍ ഇത്തരത്തിലുള്ള ടെമ്പര്‍ ടാന്‍ഡ്രം കാണിക്കുന്നത് സാധാരണയാണ്. എന്നാല്‍ വളരുന്നതിനനുസരിച്ചു ഇത് വളരെ പക്വതയോടെ രക്ഷിതാക്കള്‍ കൈകാര്യം ചെയ്യണം.
കുട്ടി ഒരു കാര്യത്തിന് വല്ലാതെ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ എന്തും ചെയ്തുകൊടുക്കും. എന്നാല്‍ ഇത് പാടില്ല. കുട്ടി നിര്‍ബന്ധിക്കുന്ന ആവശ്യം അംഗീകരിക്കാവുന്നത് അല്ലെങ്കില്‍ അനുവദിച്ചു കൊടുക്കാതെ അവഗണിക്കണം.
ഇത്തരം ശീലം സമചിത്തതയോടെ നേരിടണം. ബുദ്ധിപൂര്‍വ്വം നല്ല ശ്രദ്ധയോടെയായിരിക്കണം ഇത്. കടുത്ത ദുശ്ശാഠ്യം കാട്ടുമ്പോള്‍ കുട്ടിയെ തനിയെ വിട്ടിട്ട് മാറി പോകണം. കുട്ടിയെ തനിച്ചാക്കി മാറി പോകുമ്പോള്‍ കുട്ടി സ്വാഭാവികമായും കരച്ചിലും വാശിയും മെല്ലെ മെല്ലെ നിര്‍ത്തും.
സന്ദര്‍ഭത്തിനനുസരിച്ച് ഇപ്രകാരം പ്രതികരിക്കാനുള്ള മാതാപിതാക്കളുടെ ഉറപ്പും കഴിവും കൊണ്ട് മാത്രമേ അവരുടെ വാശി മാറ്റിയെടുക്കാനാകൂ. വാശി മാറി കുട്ടി ശാന്തമാകുമ്പോള്‍ രക്ഷിതാക്കള്‍ ചിരിച്ചും സന്തോഷിപ്പിച്ചും എന്തിനാണ് വാശി കാണിച്ചതെന്നും ഇനി അങ്ങനെ കാണിക്കരുതെന്നും സ്‌നേഹത്തോടെ ഉപദേശിക്കണം.
തിരിച്ച് നമ്മള്‍ ദേഷ്യം വരികയും തിരിച്ച് വാശി കാണിക്കുകയും ചെയ്‌തേക്കും. ഇത് പാടില്ല. ഈ സമയത്ത് ശാസിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏതെങ്കിലും കാര്യങ്ങളില്‍ നിന്നു രക്ഷപ്പെടാനോ അത് ഒഴിവാക്കി കിട്ടാനോ ആണ് വാശി കാണിക്കുന്നതെങ്കില്‍ അത് ചെയ്ത് തീര്‍ക്കാതെ നമ്മള്‍ ഒഴിവാക്കികൊടുക്കരുത്.
ദേഷ്യം പിടിക്കാതെ തന്നെ മുഴുവന്‍ ചെയ്തു തീര്‍ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. അതു മുഴുവന്‍ ചെയ്തു തീര്‍ത്തതിന് അവര്‍ക്ക് പ്രോസാഹന സമ്മാനങ്ങളും നല്‍കണം. വാശി സമ്മതിച്ച് കൊടുക്കുന്നില്ലെങ്കിലും കുട്ടിയോട് സ്‌നേഹം നന്നായി പ്രകടിപ്പിക്കുകയും വേണം.
കുട്ടി ആവശ്യപ്പെടുന്നത് ഒന്നും തന്നെ ചെയ്തു കൊടുക്കാതിരിക്കുന്നത് ഗുണം ചെയ്യില്ല. എനിക്ക് ആവശ്യമുള്ള, ഗുണമുള്ള കാര്യങ്ങള്‍ മാത്രം അതാത് സമയത്തു സാധിച്ചു തരും എന്ന വിശ്വാസമാണ് കുട്ടിയില്‍ ഉണ്ടാകേണ്ടത്.