ഡല്‍ഹി: മദ്യം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതര ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഐ.സി.എം.ആര്‍. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ആഹാര ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നല്‍കിയ പതിനേഴിന മാര്‍ഗനിര്‍ദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്.
ബിയറില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ, വൈനില്‍ എട്ടു മുതല്‍ പത്തു ശതമാനം വരെ, ബ്രാന്‍ഡി, റം, വിസ്‌കി എന്നിവയില്‍ മുപ്പതു മുതല്‍ നാല്‍പതു ശതമാനം വരെ എന്നിങ്ങനെയാണ് ഇതിന്റെ അളവുള്ളത്. മദ്യത്തിലൂടെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തി ഇത് അടിവയറില്‍ കൊഴുപ്പടിയാന്‍ കാരണമാകുമെന്ന് ഐ.സി.എം.ആര്‍. പറയുന്നു.
മദ്യപാനത്തിന്റെ അളവ് കൂടുന്നതിനൊപ്പം വിശപ്പ് കുറയുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്നു. ഇത് രോഗ്യ പ്രശ്‌നത്തിന് വഴി തെളിക്കുമെന്ന് ഐ.സി.എം. ആര്‍. ചൂണ്ടിക്കാണിക്കുന്നു. മദ്യോപയോഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈല്‍ ആല്‍ക്കഹോള്‍ കൂടുതലെത്തുന്നത് ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും.
വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികള്‍ ക്ഷയിക്കാനും ഫാറ്റി ലിവര്‍ ഉണ്ടാകാനും ലിവര്‍ സിറോസിസിനും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐ.സി.എം.ആര്‍. പറയുന്നു.
മദ്യപാനം ആഴ്ചയില്‍ ഒരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചയില്‍ കുറേശെയായി മദ്യപിക്കുന്നതിനേക്കാള്‍ ആപത്താണ് ആഴ്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുന്നതെന്ന് പഠനത്തില്‍ പറഞ്ഞിരുന്നു.