/sathyam/media/media_files/2025/10/16/e350de57-943a-438c-a3e3-c974f1ae5185-2025-10-16-10-12-13.jpg)
ആടലോടകം പ്രധാനമായും ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതിന്റെ ഇല പിഴിഞ്ഞ് തേന്‍ ചേര്‍ത്തും കഷായം വച്ചും ഇല ഉണക്കിപ്പൊടിച്ച് മറ്റു ചേരുവകള്‍ക്കൊപ്പം കഴിച്ചുമെല്ലാം ഉപയോഗിക്കാം. കൂടാതെ രക്തപിത്തം, ക്ഷയം, വയറുവേദന, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും ഇത് ഔഷധമാണ്.
ആടലോടക ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയും കഫക്കെട്ടും കുറയ്ക്കും. ആടലോടക നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കുന്നത് കഫം ഇല്ലാതാക്കും. ഇല ഉണക്കിപ്പൊടിച്ച് അരി വറുത്തത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കാം.
ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ആടലോടകത്തിന്റെ ഇല ഫലപ്രദമാണ്. ഇല ഉണക്കി ചുരുട്ടാക്കി പുകവലിക്കുന്നത് ആസ്ത്മയ്ക്ക് ആശ്വാസം നല്‍കും.
ആടലോടകം, ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി എന്നിവ ചേര്‍ത്തുള്ള കഷായം ശ്വാസതടസത്തിന് നല്ലതാണ്. രോമകൂപങ്ങളിലൂടെ രക്തം വരുന്നതിന് ആടലോടക ഇലയും ചന്ദനവും അരച്ച് കഴിക്കാം.
ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കില്‍ ഇലയുടെ നീരും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ക്ഷയരോഗത്തിന്റെ ആദ്യ ഘട്ടത്തിലെ ചുമയ്ക്ക് ഇലനീര് കഴിക്കാം. വയറുവേദനയ്ക്കും വയറിലെ കൃമികള്‍ക്കും ഇത് ഔഷധമാണ്. നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് കണ്ണില്‍ ഒഴിക്കാം.
ചെറിയ ഇലകളുള്ള ചിറ്റാടലോടകത്തിനാണ് കൂടുതല്‍ ഔഷധഗുണം എന്ന് പറയപ്പെടുന്നു. ഇലകളും വേരുകളും ആണ് പ്രധാനമായും ഔഷധത്തിനായി ഉപയോഗിക്കുന്നത്. പലതരം ആയുര്‍വേദ മരുന്നുകളില്‍ ആടലോടകം ഒരു പ്രധാന ചേരുവയാണ്.