/sathyam/media/media_files/2025/09/13/e930932a-f4a2-47ce-a78a-b3178d2dc538-2025-09-13-17-16-58.jpg)
ചങ്ങലംപരണ്ടയുടെ പ്രധാന ഉപയോഗങ്ങള്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുക, ഒടിവുകള്‍ക്കും ചതവുകള്‍ക്കും പരിഹാരമുണ്ടാക്കുക, ആര്‍ത്തവ ക്രമീകരണം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നിവയാണ്.
ഇതിന്റെ നീര് ചെവിയിലെ വേദനയും പഴുപ്പും ശമിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ചമ്മന്തിയായും കഞ്ഞിയുടെ ഒരു ചേരുവയായും ഉപയോഗിക്കാം.
ഒടിവുകളും ചതവുകളും
ചങ്ങലംപരണ്ടയുടെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീരില്‍ നല്ലെണ്ണയും ചേര്‍ത്ത് മെഴുകുപാകത്തില്‍ കാച്ചിയെടുക്കുന്ന എണ്ണ ഒടിവിനും ചതവിനും പുറമെ പുരട്ടുന്നത് ഗുണകരമാണ്.
ആര്‍ത്തവ ക്രമീകരണം
ഇതിന്റെ നീരും സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാനും അമിത രക്തസ്രാവം (അത്യാര്‍ത്തവം) ശമിപ്പിക്കാനും സഹായിക്കും.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍
തണലില്‍ ഉണക്കിപ്പൊടിച്ച ഇലയും തണ്ടും മോരില്‍ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
ചെവി വേദന
വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവിയിലെ പഴുപ്പ്, നീര്, വേദന എന്നിവ ശമിക്കും.
അസ്ഥിഭ്രംശങ്ങള്‍
കളരിമുറകളിലും മറ്റും അസ്ഥിഭ്രംശത്തിന് ചങ്ങലംപരണ്ടയുടെ തണ്ട് ചതച്ച് വച്ചുകെട്ടുന്നതും എള്ളെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതും പതിവാണ്.
കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാനും ചങ്ങലംപരണ്ട ഉത്തമമാണെന്ന് പറയപ്പെടുന്നു. കാത്സ്യത്തിന്റെ കലവറയായതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.
ചമ്മന്തി തയ്യാറാക്കാനും ഇത് ഉപയോഗിക്കാം. ഇതിനായി എണ്ണയില്‍ ഉഴുന്ന്, കടുക്, വറ്റല്‍മുളക് എന്നിവ മൂപ്പിച്ച്, തൊലി കളഞ്ഞ് ചതച്ച ചങ്ങലംപരണ്ടയും ചേര്‍ത്ത് വഴറ്റി, പുളി, ഉപ്പ്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് അരച്ചെടുക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട്.