/sathyam/media/media_files/2025/09/28/actor-vijay-waqf-amendment-act_1744557330895_1744557331190-2025-09-28-13-28-23.webp)
കോട്ടയം: കരൂര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. കഷ്ടിച്ച് പതിനായിരം പേര്‍ക്കു നില്‍ക്കാവുന്ന ഒരിടത്ത് തടിച്ചുകൂടിയത് ഒരുലക്ഷത്തിലധികം പേരാണ്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ പിടഞ്ഞു വീണു. രാവിലെ 10 മുതല്‍ ആരംഭിച്ച തിരക്ക് രാത്രി ഏഴിന് വിജയ് വരും വരെ നീണ്ടു.
പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. അത്രയും തിരക്കുള്ള അവിടേക്ക് പോകരുതെന്നു ചിന്തിക്കാനുള്ള ശേഷി അന്ന് ജനങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു. വിജയുടെ ആരാധകരാണ് അവിടെ വലിയ രീതിയില്‍ തടിച്ചു കൂടിയത്. ഇത്തരം താരാരാധന ഉള്ളവരില്‍ ബുദ്ധിശക്തി കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും അവരുടെ ദൈനംദിന കാര്യങ്ങളെയും അന്ധമായി പിന്തുടരുന്നവര്‍ക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് 2021 അവസാനം ബി.എം.സി. സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. താരാധാന അമിതമായവര്‍ മായാലോകത്തായിരിക്കും എപ്പോഴും ജീവിക്കുക. സംഭവിക്കുന്നതിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് മനസിലാക്കാന്‍ അവര്‍ ശ്രമിക്കാറുമില്ല.
അവരുടെ മുഴുവന്‍ ചിന്തയും സമയവുമെല്ലാം ആരാധനാമൂര്‍ത്തികള്‍ക്ക് വേണ്ടി പണയം വയ്ക്കുകയും ചെയ്യുന്നു. സെലിബ്രിറ്റികളോട് കൂടുതല്‍ ആരാധനയുള്ളവര്‍ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളില്‍ താഴ്ന്ന പ്രകടനമാണ് കാണിച്ചത്. മറ്റുള്ളവര്‍ താരതമ്യേന ഉയര്‍ന്ന പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു. താരാധാന മൂത്തവരുടെ തലച്ചോറില്‍ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ സെലിബ്രിറ്റികളുടെ ജീവിതത്തെയും അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തെക്കുറിച്ചും ധാരണയുള്ളവര്‍ ഇത്തരം അന്ധമായ താരാരാധന കാണിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അവരുടെ തലച്ചോര്‍ കൂടുതല്‍ കാര്യങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് യഥാര്‍ഥ അറിവും ബോധവുമുണ്ടാകും.
എന്നാല്‍ താരാധാന അമിതമായവര്‍ മായാലോകത്തായിരിക്കും എപ്പോഴും ജീവിക്കുക. എന്നിരുന്നാലും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ശാസ്ത്രീയമായി പറയാന്‍ ഗവേഷകര്‍ക്കായിട്ടില്ല. സെലിബ്രിറ്റി ആരാധന മാത്രമാണോ ഒരാളുടെ വൈജ്ഞാനിക കഴിവുകള്‍ കുറക്കുന്നതിന് കാരണം എന്നതിനെക്കുറിച്ച് കൃത്യമായി പഠനം പറയുന്നില്ല.
1,763 ഹംഗേറിയന്‍ പൗരന്മാരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവയാണ് ഇവരില്‍ നടത്തിയത്. സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയില്‍ ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്നതാണ് അളന്നത്.