അസിഡിറ്റിയോ ഹാര്‍ട്ട് അറ്റാക്കോ? തിരിച്ചറിയാം ലക്ഷണങ്ങള്‍...

ദഹനപ്രശ്നങ്ങളുള്ളവരില്‍ മിക്കപ്പോഴും കാണാൻ സാധ്യതയുള്ളൊരു പ്രശ്നമാണ് അസിഡിറ്റി

author-image
ആതിര പി
Updated On
New Update
heart-attack

തിരുവനന്തപുരം: ദഹനപ്രശ്നങ്ങളുള്ളവരില്‍ മിക്കപ്പോഴും കാണാൻ സാധ്യതയുള്ളൊരു പ്രശ്നമാണ് അസിഡിറ്റി. ദഹനരസം കൂടുതലായി, അത് തികട്ടി വരുന്ന അവസ്ഥയാണിത്. നെഞ്ചെരിച്ചില്‍- പുളിച്ചുതികട്ടല്‍ എല്ലാം അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

Advertisment

അതേസമയം പലപ്പോഴും ഗ്യാസിന്‍റേതായ ഇത്തരം ബുദ്ധിമുട്ടുകളും ഹാര്‍ട്ട് അറ്റാക്കും (ഹൃദയാഘാതം) വേര്‍തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥകളുണ്ടാകാറുണ്ട്. പലരും ഇത്തരത്തില്‍ ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദനയെ ഗ്യാസിന്‍റെ പ്രശ്നമായി മനസിലാക്കി, സമയത്തിന് ചികിത്സയെടുക്കാതിരിക്കുന്നത് ജീവന് തന്നെ ഭീഷണിയാകാറുണ്ടെന്നും, ഈ രീതിയില്‍ മരണത്തിലേക്ക് വരെയെത്തുന്നവരും കുറവല്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇക്കാരണം കൊണ്ട് തന്നെ അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഹൃദയാഘാതവും എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ച് ഏവര്‍ക്കും അവബോധമുണ്ടാകേണ്ടതുണ്ട്. 

അസിഡിറ്റിയും ഹൃദയാഘാതവും...

അസിഡിറ്റി നേരത്തെ പറഞ്ഞതുപോലെ നെഞ്ചിലേക്ക് എരിച്ചിലും പുളിച്ചുതികട്ടലും വരുന്നതാണ്. ഹൃദയാഘാതത്തിലും ഏറെക്കുറെ സമാനമായ എരിച്ചിലും വേദനയും അനുഭവപ്പെടാം. എന്നാല്‍ നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടാണ് ഇത് അനുഭവപ്പെടുന്നതെങ്കില്‍ ഗ്യാസ് ആകണമെന്നില്ലെന്ന് മനസിലാക്കുക.

മാത്രമല്ല ഹൃദയാഘാതത്തിന്‍റെ വേദന നെഞ്ചില്‍ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപിക്കുക. കൈകള്‍, കഴുത്ത്, കീഴ്ത്താടി, മുതുക്, തോള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന വ്യാപിക്കാം. ഒപ്പം തന്നെ അസാധാരണമായി വിയര്‍ക്കല്‍, ശ്വാസതടസം, തളര്‍ച്ച, നെഞ്ചില്‍ ഭാരം വച്ചതുപോലുള്ള സമ്മര്‍ദ്ദം, വയറുവേദന, തലകറക്കം പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ മുഴുവനായും ഒരു രോഗിയില്‍ കാണണമെന്നില്ല. 

അതേസമയം അസിഡിറ്റിയാണെങ്കില്‍ വയറ്റില്‍ നിന്നാണ് എരിച്ചിലുണ്ടാവുക. വയറിന്‍റെ മുകള്‍ഭാഗത്ത് നിന്ന് നെഞ്ചിലേക്ക് എരിച്ചില്‍ വ്യാപിക്കും. അതോടൊപ്പം തന്നെ വായില്‍ പുളിപ്പോ ചെറിയ കയ്പുരസമോ അനുഭവപ്പെടാം.

ആശയക്കുഴപ്പമുണ്ടായാല്‍...

ചിലര്‍ക്ക് നെഞ്ചുവേദനയോ എരിച്ചിലോ എല്ലാം അനുഭവപ്പെടുന്നപക്ഷം ഇത് ഗ്യാസാണോ അതോ ഹൃദയാഘാതമാണോ എന്ന സംശയമുണ്ടാകാറുണ്ട്. ഇങ്ങനെ സംശയം തോന്നുന്നുവെങ്കില്‍ ആശുപത്രിയില്‍ ഉടനെ എത്തുന്നതാണ് ഉചിതം. മുകളില്‍ സൂചിപ്പിച്ച മറ്റ് ലക്ഷണങ്ങള്‍ കൂടി പെട്ടെന്ന് തന്നെ നിരീക്ഷിക്കുകയുമാവാം. 

acidity heart attack
Advertisment