ശരീരത്തില്‍ കാല്‍സ്യം കുറയുന്നത് പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. ശക്തമായ അസ്ഥികള്‍ നിലനിര്‍ത്തുന്നതിനും ശരിയായ ശാരീരിക പ്രവര്‍ത്തനത്തിനും ആവശ്യമുള്ള സുപ്രധാന ധാതുവാണ് കാല്‍സ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍സ്യത്തിന്റെ അപര്യാപ്തത നമ്മുടെ ശരീരത്തില്‍ വളരെ മോശമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും എല്ലുകളുടേയും പല്ലുകളുടേയും അസ്വസ്ഥതകളും പ്രശ്‌നങ്ങളും വരെ കാല്‍സ്യം കുറവിന്റെ ഫലമായി ഉണ്ടാവുന്നതാണ്. കാല്‍സ്യത്തിന്റെ കുറവ് പലപ്പോഴും ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
അസ്ഥികള്‍ പൊട്ടുന്നതും നഖങ്ങള്‍ പൊട്ടുന്നതും പല്ലിന്റെ അനാരോഗ്യവുമെല്ലാം കാല്‍സ്യത്തിന്റെ അഭാവം മൂലം സംഭവിക്കുന്നതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം. ആരോഗ്യമുള്ള എല്ലുകളും പല്ലുകളും നിലനിര്‍ത്തുന്നതിനും പേശികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ആവശ്യമായ ഒരു അവശ്യ ധാതുവാണ് കാല്‍സ്യം എന്നറിയപ്പെടുന്നത്. ഇതിന്റെ നല്ലൊരു ശതമാനവും സംഭരിച്ച് വെക്കുന്നത് എപ്പോഴും എല്ലുകളിലും പല്ലുകളിലുമാണ്.
കാല്‍സ്യത്തിന്റെ കുറവിനെ എപ്രകാരം മനസ്സിലാക്കാം, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യം നശിക്കുന്നത് തന്നെയാണ് ആദ്യത്തെ ലക്ഷണം. അതിന്റെ ഫലമായി നമ്മുടെ പല്ലുകളുടെ ബലം കുറയുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു. കൂടാതെ മോണരോഗത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം കാല്‍സ്യത്തിന്റെ അഭാവം നിങ്ങളില്‍ ഹൃദയതാളത്തെ പ്രശ്‌നത്തിലാക്കുന്നു.
ക്ഷീണം ശ്രദ്ധിക്കാവുന്നതാണ്, കാരണം കാല്‍സ്യം കുറയുന്നത് പലപ്പോഴും ആദ്യത്തെ ലക്ഷണമായി കണക്കാക്കുന്നത് ക്ഷീണം തന്നെയാണ്. കോശങ്ങള്‍ക്ക് പോഷകാഹാരം ലഭിക്കാത്ത അവസ്ഥയിലാണ് ക്ഷീണം സംഭവിക്കുന്നത്. ഇത് ശരീര വേദനയിലേക്കും നിങ്ങളെ നയിക്കുന്നു. കൂടാതെ പേശിവേദനയും അതോടനുബന്ധിച്ച് വരുന്ന രോഗാവസ്ഥയും ശ്രദ്ധിക്കണം. ആശയക്കുഴപ്പം, അതോടൊപ്പം തലകറക്കം തുടങ്ങിയ പ്രതിസന്ധികളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
കൈകാലുകളില്‍ മരവിപ്പ് വര്‍ദ്ധിക്കുന്നത് കാല്‍സ്യത്തിന്റെ കുറവ് മൂലമാണ്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വിരലുകള്‍, കൈകള്‍, കാലുകള്‍, കാല്‍വിരലുകള്‍ എന്നിവയില്‍ മരവിപ്പും ഇക്കിളിയും ഉണ്ടാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ടാവുന്നു. കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതയും വരണ്ട ചര്‍മ്മവും നഖം പൊട്ടുന്നതും എല്ലാം ഇത്തരത്തില്‍ കാല്‍സ്യം കുറവ് മൂലം സംഭവിക്കുന്നതാണ്.