ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം ഇന്ന്. കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാനങ്ങളിലെ സാഹചര്യം യോഗം കൃത്യമായി വിലയിരുത്തും. സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ക്രിസ്തുമസ്, ന്യൂയർ ആഘോഷങ്ങൾ വരുന്ന പശ്ചാത്തലത്തിൽ ജാഗ്രത വേണം എന്ന നിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു.