ഡല്‍ഹി: കോവിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെങ്കിപ്പനിക്ക് ജീവന്‍ അപകടത്തിലാക്കും വിധം ഹൃദയത്തില്‍ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.
എന്‍ടിയു സിംഗപ്പൂരിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഡെങ്കിപ്പനിക്ക് ജീവന്‍ അപകടത്തിലാക്കുംവിധം ഹൃദയത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് പഠനം കണ്ടെത്തി.
കോവിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ സങ്കീര്‍ണകള്‍ക്കുള്ള സാധ്യത കൂടുതലാണ്.
ഡെങ്കിപ്പനി ബാധിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം അധികമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഗവേഷകര്‍ സങ്കീര്‍ണത വിഭാഗത്തില്‍ നിരീക്ഷിച്ചത്. ഈ സങ്കീര്‍ണതകള്‍ കോവിഡ് രോഗികളിലും കാണപ്പെടുന്നുണ്ടെന്ന് ജേണല്‍ ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
സിംഗപ്പൂരില്‍ 2021 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെ കോവിഡ് ബാധിച്ച 1.248.326 വ്യക്തികള്‍ക്കൊപ്പം ഡെങ്കിപ്പനി ബാധിതരായ 11,707 വ്യക്തികളെയും പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചു. അണുബാധയ്ക്കുശേഷം 300 ദിവസംവരെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് നിരീക്ഷണ വിധേയമാക്കിയത്.