ശരീരത്തിൽ ആരോഗ്യകരമായ അളവിന് അപ്പുറമായാൽ എന്തും ശരീരത്തിന് ദോഷമാകും. ഇപ്പോഴിതാ വൈറ്റമിൻ ഡി അമിതമായതിനേത്തുടർന്ന് മരിച്ച ഡേവിഡ് മിച്നർ എന്ന എൺപത്തിയൊമ്പതുകാരന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ശരീരത്തിൽ വൈറ്റമിൻ ഡി അധികരിച്ച് ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയായാണ് യു.കെ. സ്വദേശിയായ ഡേവിഡ് മരണപ്പെട്ടത്.
ഡേവിഡിന്റെ മരണത്തിനുപിന്നാലെ വൈറ്റമിൻ ഡി-യുടെ അമിതോപയോഗം ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ഒമ്പതുമാസമായി ഡേവിഡ് വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടായിരുന്നു എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
കാൽസിഫെറോൾ എന്നുകൂടി അറിയപ്പെടുന്ന വൈറ്റമിൻ ഡി ചിലഭക്ഷണങ്ങളിലൂടെയും ശരീരത്തിന് ലഭ്യമാകും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ആഗിരണത്തിനുൾപ്പെടെയുള്ള പല പ്രവർത്തനങ്ങളും വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കാക്കുന്നതിനും പ്രതിരോധശക്തിക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനുമൊക്കെ വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിലൂടെയാണ് വൈറ്റമിൻ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത്.
എന്നാൽ വൈറ്റമിൻ ഡി കുറയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നം പോലെ തന്നെ പ്രധാനമാണ് കൂടുന്നതും. അപൂർവമായാണെങ്കിലും വൈറ്റമിൻ ഡി കൂടുന്നതും ഗൗരവമായി കാണേണ്ട സാഹചര്യമാണ്. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കൂടുതൽ കഴിക്കുക വഴി വൈറ്റമിൻ ഡി ടോക്സിസിറ്റി എന്ന സ്ഥിതിവിശേഷമുണ്ടാകും. രക്തത്തിൽ കാൽസ്യത്തിന്റെ നില ഉയരുന്ന ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയുമുണ്ടാകും. ഇത് ഛർദി, ഓക്കാനം, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരിൽ അൽപംകൂടി ഗുരുതരമാവുകയും വൃക്കയിലെ കല്ല്, തകരാറുകൾ തുടങ്ങിയവയിലേക്കും നയിക്കാം.
ദീർഘനാളായുള്ള വൈറ്റമിൻ ഡിയുടെ അമിതോപയോഗം മൂലം കാൽസ്യം അമിതമാകുന്നത് ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും രക്തധമനികളിലും കാൽസ്യം അടിയാനിടയാക്കും. ഇത് ഹൃദ്രോഗങ്ങൾ, വൃക്കയിലെ തകരാറുകൾ തുടങ്ങിയവയുമുണ്ടാക്കാം.