മുതിർന്ന പൗരന്മാർക്ക് ഭക്ഷണം കുറയുന്നതുമൂലം പോഷണത്തിൽ കുറവു വരാം. ഇതു പരിഹരിക്കാൻ ഭക്ഷണക്രമീകരണം ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, തളർച്ച, ശേഷിക്കുറവ് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. ശരീരബലം കുറയുന്നതുകൊണ്ടു വ്യായാമം കുറയാം. അതിനാൽ, ശരീരത്തിന് വേണ്ടത്ര ഊർജവും പോഷണവും നൽകുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ.
പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ, മിനറൽസ്, കാർബോഹൈഡ്രേറ്റ്സ് എന്നിവയുടെ ശരിയായ അളവ് നിശ്ചയിച്ചു കഴിക്കണം. മത്സ്യം, മാംസം, പയറിനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാം. കാൽസ്യം ലഭിക്കാൻ പാലും പാലുൽപന്നങ്ങളും ഉൾപ്പെടുത്താം.
മിനറൽസിനായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. വൈറ്റമിനുകൾ ലഭിക്കാൻ പഴങ്ങൾ കഴിക്കുക. ദിവസത്തിൽ ഒന്നര ലീറ്റർ മുതൽ രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കുക. വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം രോഗങ്ങൾക്ക് അനുസൃതമായി ആഹാരങ്ങളുടെ അനുപാതത്തിൽ മാറ്റം വരുത്തുക. ശരിയായ ഭക്ഷണത്തിനൊപ്പം വ്യായാമവും ഉണ്ടായാൽ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ട.