തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

മരുന്നിലൂടെയും അതുപോലെ തന്നെ ജീവിതരീതികളിലെ നിയന്ത്രണത്തിലൂടെയുമെല്ലാമാണ് ഈ അവസ്ഥകളെ തരണം ചെയ്യാൻ നമുക്ക് സാധിക്കുക

author-image
ആതിര പി
Updated On
New Update
hypothyroidism

തിരുവനന്തപുരം: തൈറോയ്ഡ് ഒരു ഗ്രന്ഥിയുടെ പേരാണ്. നമ്മുടെ ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം. അതിനാല്‍ തന്നെ തൈറോയ്ഡ് ഗ്രന്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് സ്വാഭാവികമായും ആരോഗ്യത്തെ പല രീതിയിലും ബാധിക്കപ്പെടാം.

Advertisment

പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥിയെ പിടികൂടാറ്. ഒന്ന്- ഹൈപ്പര്‍ തൈറോയ്ഡിസം ( ഹോര്‍മോൺ ഉത്പാദനം കൂടുന്ന അവസ്ഥ), രണ്ട് - ഹൈപ്പോ തൈറോയ്ഡിസം (ഹോര്‍മോണ്‍ ഉത്പാദനം കുറയുന്ന അവസ്ഥ). രണ്ട് ഘട്ടത്തിനും നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. 

മരുന്നിലൂടെയും അതുപോലെ തന്നെ ജീവിതരീതികളിലെ നിയന്ത്രണത്തിലൂടെയുമെല്ലാമാണ് ഈ അവസ്ഥകളെ തരണം ചെയ്യാൻ നമുക്ക് സാധിക്കുക. ഇതില്‍ ഹൈപ്പോ തൈറോയ്ഡിസമുള്ളവര്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ക്യാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി, ചീര പോലുള്ള പച്ചക്കറികള്‍ ഹൈപ്പോ തൈറോയ്ഡിസമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ വീണ്ടും തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയ്ക്കും. ഇനി ഇവ കഴിക്കണമെന്ന് അതിയായ ആഗ്രഹം തോന്നുന്നപക്ഷം വളരെ മിതമായ അളവില്‍ ഇടയ്ക്ക് മാത്രം കഴിക്കാം. 

രണ്ട്...

സോയയും സോയ ഉത്പന്നങ്ങളുമാണ് അടുത്തതായി ഹൈപ്പോ തൈറോയ്ഡിസമുള്ളവര്‍ ഒഴിവാക്കേണ്ട മറ്റൊന്ന്. സോയയിലുള്ള 'ഈസ്ട്രജൻ', 'ഐസോ ഫ്ളേവോണ്‍സ്' എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ശരീരത്തെ വിലക്കും.

മൂന്ന്...

മില്ലെറ്റ് അഥവാ ചാമയും ഹൈപ്പോ തൈറോയ്ഡിസമുള്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മില്ലെറ്റിലുള്ള 'ആപിജെനിൻ' തൈറോയ്ഡ് ഹോര്‍മോണിന്‍റെ പ്രവര്‍ത്തനത്തെ പ്രശ്നത്തിലാക്കുമെന്നതിനാലാണിത്. 

നാല്...

കഫീൻ ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന മറ്റൊന്ന്. നമുക്കറിയാം കാപ്പി പോലുള്ള ചില പാനീയങ്ങളിലും, ചില ഭക്ഷണസാധനങ്ങളിലുമെല്ലാമാണ് കഫീൻ അടങ്ങിയിട്ടുള്ളത്. കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണമെന്നല്ല, മറിച്ച് തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നാലെ കഫീൻ കഴിക്കരുത്. കാരണം ഇത് മരുന്നിന്‍റെ ഫലത്തെ ബാധിക്കും. മറ്റേതെങ്കിലും സമയത്ത് കഫീൻ കഴിക്കാവുന്നതാണ്. എന്നാലും മിതമായ അളവിലേ കഫീൻ കഴിക്കാവൂ. 

അഞ്ച്...

മദ്യമാണ് ഹൈപ്പോതൈറോയ്ഡിസമുള്ളവര്‍ ഒഴിവാക്കേണ്ട മറ്റൊന്ന്. ആരോഗ്യത്തെ പല രീതിയില്‍ ദോഷകരമായി ബാധിക്കുന്ന മദ്യം തൈറോയ്ഡ് പ്രശ്നങ്ങളെയും കൂട്ടും.

thyroid
Advertisment