തിരുവനന്തപുരം: രക്തം അതിനെ വഹിച്ചു കൊണ്ടു പോകുന്ന ധമനികളില് ചെലുത്തുന്ന സമ്മര്ദമാണ് രക്തസമ്മര്ദ്ധം. 140/90 എംഎം എച്ച്‌ജിയാണ് ഒരു മനുഷ്യനിലെ സാധാരണ രക്തസമ്മര്ദം. രക്തസമ്മര്ദം ഇതിലും ഉയരുന്നതും കുറയുന്നതും അപടകമാണ്. ലോകത്തിലെ മുതിര്ന്നവരില് മൂന്നിലൊരാളെ എന്ന കണക്കില് ബാധിക്കുന്ന രക്താതിസമ്മര്ദം(ഹൈപ്പര്ടെന്ഷന്) പക്ഷേ ശരിയായ തോതില് പലപ്പോഴും ചികിത്സിക്കപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഹൈപ്പര്ടെന്ഷന് ബാധിച്ച അഞ്ചില് നാലു പേര്ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. കൂടുതല് പേരിലേക്ക് ചികിത്സ എത്തിക്കാന് സാധിച്ചാല് 2023നും 2050നും ഇടയില് ഹൈപ്പര്ടെന്ഷന് മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന് സാധിക്കുമെന്നും ഡബ്യുഎച്ച്‌ഒ റിപ്പോര്ട്ടുകള് പറയുന്നു.
1990നും 2019നും ഇടയില് ഹൈപ്പര്ടെന്ഷന് ബാധിച്ചവരുടെ എണ്ണം ലോകത്തില് 650 ദശലക്ഷത്തില് നിന്ന് 130 കോടിയിലേക്ക് വളര്ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്. ഇത് ബാധിക്കപ്പെട്ടവരില് പകുതി പേര്ക്കും തങ്ങള്ക്ക് അമിത രക്തസമ്മര്ദം ഉണ്ടെന്ന് തന്നെ അറിയില്ല എന്നതാണ് സത്യം. അമിത രക്തസമ്മര്ദത്തിന്റെ പ്രത്യാഘാതങ്ങള് ശരീരത്തില് പ്രത്യക്ഷമാകാന് ദശാബ്ദങ്ങള് തന്നെ എടുത്തേക്കാമെന്ന് ന്യൂയോര്ക്ക് യൂണിവേഴ്‌സിറ്റി ലാംഗോണ് ഹാര്ട്ടിലെ കാര്ഡിയോളജിസ്‌റ്റ് ഡോ. ഗ്രിഗറി ക്യാറ്റ്‌സ് പറയുന്നു.
ഹൃദയാഘാതമോ പക്ഷാഘാതമോ പോലുള്ള പ്രശ്‌നങ്ങള് ഉണ്ടാകുമ്പോഴാണ് പലരും തങ്ങളുടെ രക്തസമ്മര്ദം ഉയര്ന്ന തോതിലാണെന്ന് അറിയുന്നതുതന്നെ. നേരത്തെയുള്ള രോഗനിര്ണയം രക്തസമ്മര്ദത്തെ നേരിടുന്നതില് വലിയ മാറ്റങ്ങള് ഉണ്ടാക്കുമെന്നും ഡബ്യുഎച്ച്‌ഒ വിദഗ്‌ധര് പറയുന്നു. കുറഞ്ഞ ചെലവില് കാര്യക്ഷമമായി രക്തസമ്മര്ദത്തെ നിയന്ത്രിക്കാന് ആദ്യ കാലത്ത് സാധിക്കും.
ഭക്ഷണത്തിലെ ഉപ്പ് കുറയ്‌ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്ദവും ടെന്ഷനും കുറയ്‌ക്കുക, ദിവസവും വ്യായാമം ചെയ്യുക പോലുള്ള ജീവിതശൈലി മാറ്റങ്ങളും ഇക്കാര്യത്തില് സഹായകമാണ്. ഇടയ്‌ക്കിടെ രക്തസമ്മര്ദം പരിശോധിക്കേണ്ടതും മാറ്റമില്ലാതെ ഉയര്ന്നു നില്ക്കുന്ന പക്ഷം ഡോക്ടറര്മാരുടെ നിര്ദ്ദേശപ്രകാരം മരുന്നുകള് കഴിക്കേണ്ടതുമാണ്.