/sathyam/media/media_files/2025/10/20/images-1280-x-960-px424-2025-10-20-08-48-05.jpg)
വിവിധ രുചികള്‍ തേടുന്നവരാണ് മലയാളികള്‍. നഗരങ്ങളില്‍ കൊണ്ടാടുന്ന എക്‌സിബിഷനുകളില്‍ ഭക്ഷണശാലകളും സജീവമായിരിക്കും. കേരളത്തിലെ ഗോത്രവര്‍ഗവിഭവങ്ങളും ഇത്തരം മേളകളില്‍ ധാരാളമായി എത്താറുണ്ട്. ചില ഗോത്രവിഭവങ്ങള്‍ നോക്കാം.
1. കുരുമുളകുകഞ്ഞി
മുളകുകഞ്ഞിയെന്ന് അറിയപ്പെടുന്ന കുരുമുളകു കഞ്ഞി പ്രധാനപ്പെട്ട ഗോത്രവിഭവമാണ്. സാധാരണ പ്രസവിച്ച സ്ത്രീകള്‍ക്ക് മൂന്നാംനാള്‍ മുതല്‍ ഒരു മാസം കൊടുക്കുന്ന മരുന്നുകഞ്ഞിയാണിത്. സ്വാദും ഗുണവും ഒരുപോലെ ചേരുന്നതാണ് കുരുമുളകു കഞ്ഞി.
ആവശ്യമായ സാധനങ്ങള്‍
കുരുമുളക് പൊടി
ജീരകപ്പൊടി
അയ്‌മോദകം
ചതച്ച വെളുത്തുളളി
തേങ്ങാപ്പാല്‍
കുത്തരി, ഉപ്പ്.
തയാറാക്കുന്ന വിധം
വലിയ മണ്‍പാത്രത്തില്‍ വെള്ളം ചൂടാക്കി അരി ഒഴിച്ചുളള ചേരുവകളെല്ലാം ചേര്‍ത്തു തിളപ്പിക്കുക. തിളച്ച ശേഷം അരി കൂടി ഇട്ട് അര മണിക്കൂര്‍ വേവിക്കുക.
2. താള്‍ കറി
ചേമ്പിന്റെയും ചേനയുടെയും ഇളം തണ്ട് കൊണ്ടുള്ള കറി കേരളീയ ഗൃഹാതുരതകളില്‍ ഒന്നാണ്. ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കര്‍ക്കിടക മാസത്തില്‍ മലയാളി വീടുകളിലെ പതിവു കറികളില്‍ ഒന്നായിരുന്നു താള്‍ കറി.
ആവശ്യമായ സാധനങ്ങള്‍
ചേനയുടെയോ, ചേമ്പിന്റെയോ തണ്ട് മുറിച്ചത്
പച്ചമുളക്
ഇഞ്ചി
വെളുത്തുളളി
ജീരകം
കുരുമുളക്
മല്ലിപ്പൊടി
മഞ്ഞള്‍പ്പൊടി
പുളി പിഴിഞ്ഞത്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
തയാറാക്കുന്ന വിധം
താള്‍ മുറിച്ചത് ഒരു മണ്‍പാത്രത്തില്‍ എടുത്ത് മഞ്ഞള്‍പ്പൊടിയിട്ട് വെളളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മറ്റൊരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്കു ജീരകം, മല്ലിപ്പൊടി, കറിവേപ്പില എന്നിവയും ചേര്‍ക്കാം. ഇതിലേക്കു വെന്ത താള്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. പുളിവെളളമൊഴിച്ച് തിളപ്പിച്ച ശേഷം വാങ്ങി വെയ്ക്കാം.
3. പൊന്നാങ്കണ്ണി - ഇലക്കറി
പൊന്നാങ്കണ്ണി അഥവാ കൊയിപ്പച്ചപ്പ് എന്നറിയപ്പെടുന്ന ചീര വളരെ പോഷകഗുണമുളള ഇലക്കറിയാണ്.
ആവശ്യമായ സാധനങ്ങള്‍
പൊന്നാങ്കണ്ണി
പച്ചമുളക്
സവാള
വെളുത്തുളളി
ജീരകം പൊടിച്ചത്
മഞ്ഞള്‍പ്പൊടി
വെളിച്ചെണ്ണ
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയില്‍ സവാളയും വെളുത്തുളളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക. ഉളളി വാടിക്കഴിയുമ്പോള്‍ അരിഞ്ഞ ചീര ഇട്ട് ഉപ്പും ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മൂടിവെച്ച് അഞ്ചുമിനിറ്റോളം വേവിക്കണം.