പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയര്‍ന്നത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതേസമയം അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകര്‍ അറിയിച്ചു. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎന്‍വണ്ണിനെ ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ജെഎന്‍ വണ്‍. പകര്‍ച്ചാശേഷി കൂടുതലായതിനാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ ഈ വകഭേദം കാരണമായേക്കും. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനതലത്തിലെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറല്ല. അതിനാല്‍ ആള്‍ക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാന്‍ സാഹചര്യം ഒരുക്കുന്നുണ്ട്. ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാന്‍ ചില ആശുപത്രികള്‍ മടിക്കുന്നതായും പരാതിയുണ്ട്.
അതിനിടെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 12,000-ത്തിലധികം പേര്‍ ദിവസവും ചികിത്സതേടുന്നതായാണ് കണക്ക്. കാലാവസ്ഥാമാറ്റമാണ് പകര്‍ച്ചപ്പനി പടരാന്‍ കാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം മാത്രം 5412 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 172 പേര്‍ എലിപ്പനിക്കും ചികിത്സതേടി. ഈ മാസം പത്തുപേര്‍ക്ക് എലിപ്പനികൊണ്ട് ജീവന്‍ നഷ്ടപ്പെട്ടു. 54 പേര്‍ക്ക് എച്ച്1 എന്‍1-ഉം 52 പേര്‍ക്ക് ചെള്ളുപനിയും ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.