ഒരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയായ വാതം മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളെ സാരമായി ബാധിക്കുന്ന ഒരു വാതമാണ് ജുവനൈൽ ആർത്രൈറ്റിസ്. പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ സന്ധിവാതമാണ് ജുവനൈൽ ആർത്രൈറ്റിസ്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. ഇന്ത്യയിൽ ആയിരത്തിൽ ഒന്ന് എന്ന വിധത്തിൽ കുട്ടികളെ ബാധിക്കുന്നു.
വിട്ടുമാറാത്ത വേദന, സന്ധികളിൽ കാഠിന്യം, വളർച്ചക്കുറവ്, ചലനശേഷി കുറയൽ തുടങ്ങി നിരവധി വെല്ലുവിളികൾ ഇത്തരം കുട്ടികൾ നേരിടുന്നു. ഇത് കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. നേരത്തെ തന്നെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ജ്യുവനൈൽ ആർത്രൈറ്റിസ് ചികിത്സയിൽ ഏറ്റവും പ്രധാനം. നേരത്തെ രോഗം കണ്ടെത്തി, സമയബന്ധിതമായി ചികിത്സ ആരംഭിക്കുന്നത് ദീർഘകാലവൈകല്യങ്ങൾ, സന്ധികളുടെ ക്ഷതം എന്നിവ സാരമായി കുറയ്ക്കും.
നേരത്തെ രോഗനിർണ്ണയം നടത്തുന്നത് വഴി കൃത്യമായ ചികിത്‌സാരീതികൾ ,മരുന്നുകൾ, തെറാപ്പി, ജീവിതശൈലി മാറ്റങ്ങൾ എന്നിവ വരുത്തി ഉചിതമായ മാർഗ്ഗം സ്വീകരിക്കാൻ കഴിയും. സന്ധികളിൽ വേദന, വീക്കം,അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം. ഇത് ചലിക്കുന്നതിനും കുട്ടികൾക്ക് കളിക്കുന്നതിനും ഊർജ്ജസ്വലരായി കാര്യങ്ങൾ ചെയ്യുന്നതിനും ഭംഗം വരുത്തുന്നു. വാതം പല തരത്തിലുണ്ട്. ഓരോ തരം വാതത്തിന്റെയും ലക്ഷണങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള മരുന്നുകളും തെറാപ്പിയും വ്യത്യസ്തമായിരിക്കും.
ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികൾ വിട്ടുമാറാത്ത വേദന, സന്ധികളിൽ കാഠിന്യം, ചലനശേഷി കുറയൽ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നു, ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെയും സ്‌കൂളിലെ കളികളെയും എല്ലാം സാരമായി ബാധിക്കും. രോഗം മൂലമുണ്ടാകുന്ന ശാരീരിക പരിമിതികൾ കാരണം , നടക്കുന്നതിനും വസ്തുക്കളെ മുറുകെ പിടിക്കുന്നതിനും കൂട്ടുകാരുമായി കളിക്കുന്നതിനുമെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
കൂടാതെ, അവർക്ക് വൈകാരികമായ വിഷമതകളും,സമ്മർദ്ദവും, സാമൂഹിക ഒറ്റപ്പെടലും അനുഭവപ്പെട്ടേക്കാം. കൂടാതെ, ജുവനൈൽ ആർത്രൈറ്റിസ് കണ്ണ്, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിങ്ങനെ വിവിധ ശരീരഭാഗങ്ങളെ ബാധിക്കും. അതിനാൽ ശ്രദ്ധാപൂർവമായ നിരീക്ഷണവും ചികിത്സയും ഇത്തരം കുട്ടികൾക്ക് അത്യാവശ്യമാണ്. സന്ധികളുടെ ആരോഗ്യം നിലനിർത്തുന്നതിനായി കൃത്യമായ വ്യായാമം അത്യാവശ്യമാണ്. പേശികളെയും സന്ധികളെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനായി അതികഠിനമല്ലാത്ത വിധത്തിൽ പല വ്യായാമങ്ങളും ചെയ്യണം.