ആധുനിക നഗരജീവിതം മനുഷ്യന്റെ പ്രത്യുത്പാദനശേഷിക്കു ദോഷകരമെന്ന് ഗവേഷകര്‍

New Update
nagara jeevitham

ലണ്ടന്‍: ആധുനിക നഗരജീവിതം മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.

Advertisment

ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ! 

ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ  അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.

ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോട് പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്'  എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!

ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്ന് ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുപകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍ നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു..

നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും, ഉറക്കം തടസപ്പെടുന്നതിനും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുന്നതിനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്‌നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍  പറയുന്നു.

Advertisment