സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകര്‍ അറിയിച്ചിരുന്നു

New Update
677888

സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇയാള്‍. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കണ്ണൂര്‍ പാനൂരില്‍ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാനൂര്‍ പാലക്കണ്ടിയിലെ എണ്‍പതുകാരനാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

Advertisment

അതിനിടെ അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎന്‍വണ്ണിനെ ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ജെഎന്‍ വണ്‍. പകര്‍ച്ചാശേഷി കൂടുതലായതിനാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ ഈ വകഭേദം കാരണമായേക്കും. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദ?ഗ്ധരുടെ അഭിപ്രായം. 

പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയര്‍ന്നത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

kozhikkode
Advertisment